തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണു കാത്തിരുന്ന ചിത്രമാണു പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന നടികർ തിലകം. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുവെന്നാണു ആദ്യ റിപ്പോർട്ടുകൾ. നടികർ തിലകമെന്ന പേരിൽ തമിഴിലും മഹാനടിയെന്ന പേരിൽ തെലുങ്കിലും ചിത്രം പ്രദർശനത്തിനെത്തുമ്പോൾ മലയാളത്തിനും അഭിമാനിക്കാനേറെ. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെയും ദുൽഖറിനെയും പ്രശംസിച്ച് രാജമൗലി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
തെലുങ്ക് സിനിമാപ്രവർത്തകരും ആരാധകരും ഇരുവരുടെയും അഭിനയത്തെ വാനോളം പ്രശംസിക്കുകയാണ്. തനിക്കിപ്പോഴും കണ്ണുകളാൽ വിശ്വസിക്കാനാകുന്നില്ലെന്നും ഇത് വളരെ വലുതാണെന്നും രാജമൗലിയുടെ അഭിപ്രായത്തിൽ കീർത്തി പ്രതികരിച്ചു.
സാവിത്രിയെന്ന പ്രതിഭയെ കീര്‍ത്തി സുരേഷ് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നുവെന്നും താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് മഹാനടിയില്‍ കീര്‍ത്തിയുടെതെന്നുമാണ് രാജമൗലി അഭിപ്രായപ്പെട്ടിരുന്നത്.
കീർത്തി സുരേഷ് സാവിത്രിയായി വേഷമിടുമ്പോൾ ജെമിനി ഗണേശനായി എത്തുന്നതു ദുൽക്കർ സൽമാനാണ്. തന്റെ അഭിനയ മികവു കൊണ്ടു ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ സാവിത്രി രാജ്യത്തെ എക്കാലത്തേയും മികച്ച നടികളിലൊരാളായാണു കണക്കാക്കപ്പെടുന്നത്. ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും അവർക്കുണ്ട്.
അർധാംഗി, മായാ ബസാർ, ഗംഗാ കി ലഹരേം, കളത്തൂർ കണ്ണമ്മ, കൈ കൊടുത്ത ദൈവം, പാസമലർ , പാവമനിപ്പ് , നവരാത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാവിത്രി ഹിന്ദിക്കൊപ്പം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 1973ൽ പുറത്തിറങ്ങിയ ചുഴിയിലാണ് സാവിത്രി അഭിനയിച്ചത്. നടി എന്നതിലുപരി ഗായികയും നർത്തകിയുമൊക്കെയായിരുന്നു സാവിത്രി.
മുൻപു മദ്രാസ് പ്രസിഡന്റസിയുടെ ഭാഗമായിരുന്ന ഗുണ്ടൂരിൽ (ഇപ്പോൾ ആന്ധ്രയിൽ) 1936ൽ ജനിച്ച സാവിത്രി 1952ലാണു ആദ്യ ചിത്രമായ പെല്ലി ചേസി ചൂഡു എന്ന തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. ജമിനി ഗണേശനെ വിവാഹം ചെയ്ത സാവിത്രിയുടെ കരിയർ ഗ്രാഫ് നടിയിൽ നിന്നും സംവിധായകയും നിർമാതാവുമൊക്കെയായി ഉയർന്നു. 45-ാം വയസിൽ 1981ലാണു സാവിത്രി മരിക്കുന്നത്.
ജമിനി ഗണേശനെ വിവാഹം കഴിക്കുമ്പോൾ 16 വയസായിരുന്നു സാവിത്രിക്ക്. സാവിത്രിയുടെ ജീവിതം സിനിമയാകുമ്പോൾ ആ ജീവിതത്തിലെ വിവാദങ്ങൾ സ്ക്രീനിലും പിന്തുടരുന്നുണ്ട്. . കീർത്തി സുരേഷിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ ഇതിനോടകം പിടിച്ചു പറ്റിയിട്ടുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമന്തയും ഭാനുപ്രിയയും പ്രധാന വേഷത്തിലുണ്ട്.