സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിക്കുന്ന ശിവകുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നടന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു.
മാളിൽ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് തൊട്ടരികിൽ സെൽഫി എടുത്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ മൊബൈൽ ശിവകുമാർ തട്ടിക്കളഞ്ഞത്. നടന്റെ പെരുമാറ്റത്തിൽ ചെറുപ്പക്കാരനും ഞെട്ടി.
സൂര്യയുടെ അച്ഛനായ ശിവകുമാറിൽ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്നും മാപ്പുപറയണമെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചത്. തുടർന്ന് താരത്തിനെ ട്രോൾ ആക്രമണവും ഉണ്ടായി.
ഇതോടെ വിശദീകരണവുമായി ശിവകുമാർ തന്നെ എത്തി. സെൽഫി എടുക്കുക എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും എന്നാൽ ഇരുന്നൂറ് മുന്നൂറ് ആളുകൾ ഒന്നിച്ച് കൂടുന്ന സ്ഥലത്ത് ഇതുപോലെ െചയ്യുന്നത് ബുദ്ധിമുട്ട് ആണെന്ന് ശിവകുമാർ പറയുന്നു. താൻ കാറിൽ നിന്നും ഇറങ്ങിയ സമയം മുതൽ ഇരുപത്തിയഞ്ചോളം യുവാക്കൾ സെൽഫി എടുക്കാൻ ഓടി നടക്കുകയായിരുന്നുവെന്നും അവർ കാരണം വോളന്റിയേർസും സുരക്ഷാ ഉദ്യോഗസ്ഥരും ഒരുപാട് ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
‘ഫോട്ടോ എടുക്കുന്ന കാര്യത്തിൽ യാതൊരു പ്രശ്നവും ഇല്ലാത്ത ആളാണ് ഞാൻ. വിമാനത്താവളത്തിലോ അല്ലെങ്കിൽ ആയിരംപേര്‍ കൂടുന്ന ചടങ്ങിലോ എത്ര ഫോട്ടോയ്ക്ക് വേണമെങ്കിലും ഞാൻ നിന്നും തരും. പക്ഷേ അതിന് എന്റെ കയ്യിൽ നിന്നും അനുവാദം ചോദിക്കണമെന്നത് സാധാരണ മര്യാദയാണ്. സെലിബ്രിറ്റി ആരുടെയും പൊതുസ്വത്തല്ല.’–ശിവകുമാർ പറഞ്ഞു.
‘എന്റെ പ്രവർത്തി ഒരുപാട് പേരെ സങ്കടപ്പെടുത്തി എന്ന് അറിയാന്‍ കഴിഞ്ഞു. ഞാൻ െതറ്റു ചെയ്തു എന്നു തന്നെയാണ് അവർ വിശ്വസിക്കുന്നത്. ഞാൻ മാപ്പുപറയാൻ തയാറാണ്. എന്നോട് ക്ഷമിക്കണം.’–ശിവകുമാർ പറഞ്ഞു.