രണ്ടാം വരവിൽ ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് കാട്രിൻ മൊഴി. വിദ്യ ബാലൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് ചിത്രം തുമാരി സുലുവിന്റെ റീമേയ്ക്ക് ആണ് കാട്രിൻ മൊഴി. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ ട്രെയിലറിന് വൻ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. താരങ്ങളുടെ അതിനാടകീയതയാണ് പ്രധാനകാരണം.
ചിത്രത്തിൽ ചിമ്പു അതിഥിവേഷത്തിൽ എത്തുന്നുണ്ട്. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളുമായി അമ്പരിപ്പിക്കുന്ന ജ്യോതികയാണ് കാട്രിൻ മൊഴിയില്‍ നായികയായി എത്തുന്നത്. 36 വയതിനിലെ , മകളീർ മട്ടും തുടങ്ങിയ സിനിമകളിലെ വിജയം കാട്രിൻ മൊഴിയിലും ആവര്‍ത്തിക്കാനാണ് ജ്യോതികയുടെ ശ്രമം.
വിജയലക്ഷ്‍മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്ന് ട്രെയിലറില്‍ പറയുന്നു. മൊഴിയിലൂടെ ജ്യോതികയ്‍ക്ക് വൻ ഹിറ്റ് നേടിക്കൊടുത്ത രാധാ മോഹനാണ് കാട്രിൻ മൊഴിയും ഒരുക്കുന്നത്.
ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാര്‍ഥ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വഷത്തില്‍ എത്തും. ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ.എച്ച്. കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.