വിജയ് ചിത്രത്തിൽ നിന്ന് ജ്യോതിക പിന്മാറാൻ കാരണം

തെരി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‌യും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയിൽ ജ്യോതിക അഭിനയിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. 2003ൽ പുറത്തിറങ്ങിയ തിരുമലൈ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എന്നാൽ ഇപ്പോള്‍ കേൾക്കുന്നത് ചിത്രത്തിൽ നിന്നും ജ്യോതിക പിന്മാറിയെന്നാണ്.

തിരക്കഥയിലെ ചില അഭിപ്രായവ്യത്യാങ്ങളാണത്രെ കാരണം. കഥ കേട്ട ശേഷം ചില മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനോട് ജ്യോതിക നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് നടിയുടെ പിന്മാറ്റമെന്നാണ് സൂചന. ചിത്രത്തില്‍ ജ്യോതികയ്ക്ക് പകരം പുതിയ നടിയെ തിരയുകയാണ്. ജ്യോതികയ്ക്ക് പകരം നിത്യ മേനോനെ തീരുമാനിച്ചെന്നും റിപ്പോർട്ട് ഉണ്ട്.

ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്. സമാന്ത, കാജല്‍ അഗര്‍വാള്‍, എസ് ജെ സൂര്യ, സത്യരാജ് തുടങ്ങിയവര്‍ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. എആര്‍ റഹ്മാനാണ് സംഗീത സംവിധാനം.