ADVERTISEMENT

പ്രായവ്യത്യാസത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. താനും ക്രിസും തമ്മിൽ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും ചീത്ത പറയുന്നവരുടെ നാവ് മൂടിക്കെട്ടാൻ നമുക്ക് ആകില്ലെന്നും ദിവ്യ പറയുന്നു.

‘‘നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോരെ പ്രശ്നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ െതറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതുകൊണ്ടാകും ആ രീതിയിൽ സംസാരിക്കുന്നത്.

വിവാഹ വേദിയിൽ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും
വിവാഹ വേദിയിൽ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും

ഇങ്ങനെയൊക്കെയുള്ള കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകൾ വരുമെന്ന് വിചാരിച്ചില്ല. സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്നു പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

സെക്സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്സ് ഇല്ലാതെയും ജീവിക്കാൻ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്സ്. 60 വയസ്സുള്ള ആൾ നാൽപതുകാരിയെ വിവാഹം ചെയ്തെന്നൊക്കെയാണ് വാർത്തകൾ. ഇദ്ദേഹത്തിന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാൻ 84ൽ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.

ഇനി 60 വയസ്സെന്നു പറയുന്നവർ പറഞ്ഞോട്ടെ. ഇവർ പച്ചയ്ക്കു പറയുന്നതുപോലെ അറുപതുകാരന്റെ കൂടെ നാൽപതോ അൻപതോ വയസ്സുള്ള ഞാൻ താമസിച്ചാൽ എന്താണ് പ്രശ്നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകൾക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാൻ പറ്റില്ല. നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല.’’–ദിവ്യ ശ്രീധറിന്റെ വാക്കുകൾ.

divya-sreedhar-wedding22

ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും ഇന്നലെയാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്, ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ഇപ്പോളിതാ ഇരുവരുടെയും പ്രണയ വിശേഷം തുറന്ന് പറയുകയാണ് ദിവ്യ. വിവാഹമോചനം കഴി‍‌ഞ്ഞ് ആകെ ബുദ്ധിമുട്ടി നില്‍ക്കുമ്പോളാണ് ക്രിസിനെ പരിചയപ്പെടുന്നത്. ‘ഏട്ടാ എനിക്ക് ലൈഫില്‍ മുന്നോട്ട് പോകാന്‍ ഒരു ക്ലാസ് എടുത്ത് തരുമോ’ എന്നാണ് ആദ്യം  ചോദിച്ച‌ത്. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആശ്വാസം കിട്ടിയെന്നും പിന്നീട് വിവാഹത്തിലേക്ക് എത്തിയതെന്നും ദിവ്യ പറയുന്നു.

പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഒരു റേഡിയോ ജോക്കിയായിരുന്നു. സീരിയലിലെ രംഹപ്രവേശത്തിന് മുന്നേ അനൗൺസറായും നിരവധി പരസ്യചിത്രങ്ങളുടെ ഗാഭീര്യം നിറഞ്ഞ ശബ്ദമായും എല്ലാം പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ക്രിസ്. ഡോക്ട്രേറ്റും എൽഎൽബിയും നേടിയ അദ്ദേഹത്തിന് റേഡിയോ, ടെലിവിഷൻ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുമുണ്ട്.

മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. സൈക്കോളജിയിൽ എംഎസ്എസി പൂർത്തിയാക്കിയതാണ്. ഡിജിറ്റൽ ഫിലിം മേക്കിങും പൂർത്തിയാക്കിയിട്ടുണ്ട്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളുമാണ് വിവാഹവാർത്തയിലെ വിമര്‍ശനത്തിന് കാരണമായി മാറിയത്. 

English Summary:

You Can't Silence Everyone": Actress Divya Sreedhar Claps Back at Trolls Over Age Gap With Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com