30 വര്‍ഷമായിട്ടും പുറത്തിറങ്ങാത്ത ചിത്രത്തിലെ ഹിറ്റ് പാട്ട്!

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയിൽ...

നിന്നെ പ്രതീക്ഷിച്ചു നിന്നു...

സംഗീതസാന്ദ്രമായ മനസ്സിൽ ചെന്ന് തൊടുകയും പ്രണയാർദ്രമാക്കുകയും ചെയ്യുന്ന ഗാനം. പറയാതെ നെഞ്ചിലൊളിപ്പിച്ച പ്രണയത്തെ തളിരണിയിക്കുകയും മറവിയിലാഴ്ന്ന പ്രണയനോവിനെ വീണ്ടുമോർപ്പിക്കുകയും ചെയ്യുന്ന ഗാനം.

പാട്ടുകൾ കൊണ്ടുമാത്രം അറിയപ്പെടുന്ന, പുറത്തിറങ്ങാതെ പോയ 'നീലക്കടമ്പ്', എന്ന ചിത്രത്തിനുവേണ്ടി കെ ജയകുമാർ എഴുതിയതാണ് നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ... എന്ന ഈ ഗാനം. സംഗീതം നൽകിയത് രവീന്ദ്രൻ. കെ എസ് ചിത്രയുടെ ആദ്യകാല ഗാനങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയതാണ്.

പുറത്തിറങ്ങാത്ത സിനിമയിലെ ഒരു പ്രണയഗാനം എങ്ങനെയാണ് മലയാളിക്ക് പ്രിയതരമായി മാറിയത്? കേരളത്തിൽ ദൂരദർശൻ സംപ്രേക്ഷണം വ്യാപകമല്ലാതിരുന്ന എൺപതുകളുടെ ആദ്യപാതിയിൽ ഈ ഗാനം ആകാശവാണിയിലൂടെ കേട്ട് കേട്ട് ഏറെ ജനപ്രീതി നേടി. 

നീലക്കടമ്പായിരുന്നു കെ ജയകുമാർ, രവീന്ദ്രൻ കൂട്ടുകെട്ടിൻറെ ആദ്യ ചിത്രം. സൗപർണ്ണികാമൃത വീചികള്‍ പാടും..(കിഴക്കുണരും പക്ഷി). ആഷാഢം പാടുമ്പോൾ... (മഴ), പാല്‍നിലാവിലെ.. (ബട്ടര്‍ഫ്ലൈസ്‌) തുടങ്ങി ആ കൂട്ടുകെട്ടു തീർത്ത ഒട്ടനവധി മികച്ച ഗാനങ്ങളിൽ ഒന്നായിരുന്നു നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ...

നീലക്കടമ്പിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി. ആകെ അഞ്ചു പാട്ടുകൾ. രേവതി രാഗത്തില്‍ ചിത്രതന്നെ ആലപിച്ച കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി... ചിത്രത്തിലെ മറ്റൊരു ഗാനം. ചിത്ര പാടിയതുകേട്ട് തനിക്കും ഈ ഗാനം പാടാൻ യേശുദാസ് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് യേശുദാസും ആ ഗാനം പാടിയത്‌. ഈ ചിത്രത്തിന്റെ ഓഡിയോ കാസറ്റായിരുന്നു 1985ല്‍ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്‌. ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി. കുടജാദ്രിയിൽ ... സർവകാല ഹിറ്റും.

വിരഹിണിയായ പ്രണയിനിയുടെ കാത്തിരിപ്പും പരിഭവവുമാണ് ഗാനത്തിന്റെ ഉള്ളടക്കം. നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ എന്നും കൃഷ്ണതുളസിക്കതിരുമായ് പ്രതീക്ഷയോടെ അവൾ കാത്തുനിന്നു. അവനതു കാണാതെ, ചൂടാതെ പോകരുതെന്നവൾ ആഗ്രഹിച്ചു. പ്രണയപരിഭവം പങ്കുവെച്ചു

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയിൽ

നിന്നെ പ്രതീക്ഷിച്ചു നിന്നു..

ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ 

എന്നും പ്രതീക്ഷിച്ചു നിന്നു..

നീയിതു കാണാതെ പോകയോ.. 

നീയിതു ചൂടാതെ പോകയോ...

ആഷാഢമാസ രാത്രിയിൽ വനസീമയിലൂടെ അവളെ തേടി അവൻ വന്നു. ആരും കാണാതെ, ആരും കേൾക്കാതെ, അവളുടെ മൺകുടിൽ തേടി... 

ആഷാഢമാസ നിശീഥിനിതൻ വനസീമയിലൂടെ ഞാൻ

ആരും കാണാതെ.. കാറ്റും കേൾക്കാതെ..

എന്നെയും തേടി വരുന്നൂ എൻറെ മൺകുടിൽ തേടി വരുന്നൂ...

നീയിതു കാണാതെ പോകയോ...

നീയിതു ചൂടാതെ പോകയോ ...

ലാസ്യനിലാവിൻറെ ലാളനമേറ്റു അവൾ മയങ്ങുമ്പോൾ കാറ്റും കാണാതെ, കാടും ഉണരാതെ  അവനെത്തി. പ്രേമ നൈവേദ്യമണിഞ്ഞൂ..

ലാസ്യ നിലാവിൻറെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...

കാറ്റും കാണാതെ.... കാടും ഉണരാതെ...

എൻറെ ചാരത്തു വന്നൂ...

എൻറെ പ്രേമ നൈവേദ്യമണിഞ്ഞൂ...

നീയിതു കാണാതെ പോകയോ....

നീയിതു ചൂടാതെ പോകയോ...

കെ ജയകുമാര്‍ കുറഞ്ഞ വാക്കുകളിൽ തീർത്ത പ്രണയഗാന ശില്പത്തെ അതിലളിതവും ഭാവസന്ദ്രവുമായ സംഗീതാന്തരീക്ഷത്തിലേക്ക് രവീന്ദ്രൻ സന്നിവേശിപ്പിച്ചിരിക്കുന്നു. ദേശ് രാഗത്തിലാണ് രവീന്ദ്രൻ ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഈ പാട്ടു കേൾക്കുമ്പോൾ ജി ദേവരാജന്‍ ഇതേ രാഗത്തിൽ രണ്ടു ദശാബ്ദങ്ങൾക്കു മുമ്പുതീർത്ത ശകുന്തള (1965) എന്ന സിനിമയിലെ യേശുദാസ് പാടിയ ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍.. എന്ന ഗാനം അറിയാതെ ഓർമയിൽ പാടി ഉണരും. പി ഭാസ്കരന്‍ എഴുതി ബാബുരാജ്‌ ഈണമിട്ട പരീക്ഷ (1967) യിലെ ഒരു പുഷ്പം മാത്രമെന്‍... എന്ന യേശുദാസ് ഗാനമാണ് ഓർമ്മയിലെത്തുന്ന ഈ രാഗത്തിലുള്ള മറ്റൊരു ഗാനം.

ഈ പാട്ടിൻറെ വരികളിലൊളിച്ച ഈണത്തിനു പാട്ടിനുള്ളിലെ പ്രണയ, വിഷാദ ഭാവങ്ങൾക്കെന്നപോലെ ഒരു ലയഭംഗിയുണ്ട്‌. മന്ദ്രസ്ഥായിയിലുള്ള ശോകത്തിന്റെ ഏകാന്തഭാവം അനുഭവിപ്പിക്കുന്ന ഗാനം പ്രണയത്തിന്റെയും പ്രത്യാശയുടെയും അകംപൊരുള്‍ പകർന്നു തരുകയും ചെയ്യുന്നു. രവീന്ദ്രൻറെ ഈണത്തോടൊപ്പം ചിത്രയുടെ ആലാപനവും കൂടിയായപ്പോൾ പാട്ടിലെ പരിഭവവും വേദനയും ആസ്വാദകർക്കും നെഞ്ചിൻറെ നെരിപ്പോടിലെ സുഖമുള്ള നീറ്റലായി. 

ഗാനരചയിതാവായ കെ. ജയകുമാർ പറയുന്നു. "നീലക്കടമ്പ് എനിക്കു പാട്ടെഴുതാൻ വേണ്ടി മാത്രം തുടങ്ങിയ സിനിമയാണെന്നു തോന്നിപ്പോവുന്നു. പാട്ടു പുറത്തിറങ്ങി 30 വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും ലോകത്തിന്റെ ഏതു കോണിൽച്ചെന്നാലും മലയാളികൾ ഈ ഗാനത്തിന്റെ രചയിതാവായി എന്നെ തിരിച്ചറിയുന്നു."

ചിത്രം: നീലക്കടമ്പ് (1985)

ഗാനരചന:കെ ജയകുമാർ 

സംഗീതം:രവീന്ദ്രൻ 

ആലാപനം: കെ എസ് ചിത്ര 

സംവിധാനം: എസ് എസ് അംബികുമാർ, നിയതി ശ്രീകുമാർ