സന്യാസിനീ നിൻ പുണ്യാശ്രമത്തില്‍ ഞാൻ ...

സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ 

സന്ധ്യാപുഷ്‌പവുമായ് വന്നു

ആരും തുറക്കാത്ത പൂമുഖവാതിലിൽ 

അന്യനെപ്പോലെ ഞാൻ നിന്നു 

പ്രണയത്തിന്റെ വിവിധ മുഖങ്ങൾ കാഴ്ചയൊരുക്കുന്ന, വികാരത്തിന്റെ ശ്രുതിഭേദങ്ങൾ അനുഭവിപ്പിക്കുന്നതാണ് വയലാറിന്റെ വൈവിധ്യമാർന്ന പ്രണയ ഗാനപ്രപഞ്ചം. ഈ ഗാനം പ്രേമത്തിന്റെ നിർമലവിശുദ്ധിയും ഉദാത്തചാരുതയും വിഷാദവൈവശ്യവും പകരുന്നു.

  

ഒഎൻവിക്ക് ഏറെ പ്രിയപ്പെട്ട വയലാർ ഗാനം. ‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം’ എന്നാണ് വയലാർ കൃതികളുടെ അവതാരികയിൽ ഒഎൻവി കുറിച്ചത്.

ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം (1974) എന്ന സിനിമയിലെ സന്യാസിനീ നിൻ ... എന്ന ഗാനം മലയാളിയുടെ പാട്ടോർമയുടെ പുണ്യാശ്രമത്തിലെ പ്രണയിയുടെ സന്ധ്യാപുഷ്പങ്ങളാണ്.

വയലാർ രചിച്ച് ദേവരാജൻ ഈണമിട്ട് യേശുദാസിന്റെ ഭാവതീവ്രമായ ആലാപനത്തോടൊപ്പം പ്രേംനസീർ അഭിനയിച്ച ഗാനം എഴുപതുകളിലെ സമ്പന്നമായ പാട്ടുകാലത്തെ ഓർമിപ്പിക്കുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ മുൻനിരയിൽ ആയതിനാലാവാം ഈ പാട്ട് ഗാനമേളകളിൽ യേശുദാസ് ആവർത്തിച്ചു പാടിക്കൊണ്ടിരുന്നത്. റേഡിയോയിലും ഗാനമേളകളിലും നിന്നുള്ള കേൾവിയിലൂടെയാണ് മലയാളി ഈ പാട്ടിലെ പ്രണയവിഷാദത്തെ സ്വകാര്യതയിലെ കാഴ്ചകളാക്കി ഹൃദയത്തോടു ചേർത്തുവെച്ചത്.

പ്രണയികളുടെ വിരഹത്തിന്റെ ഈ രാപ്പാട്ടിൽ പ്രണയിനിയെ സന്യാസിനിയെന്നാണ് വിളിക്കുന്നത്. അവളെ തപസ്വിനി (വിദ്യാര്‍ഥി,1968), മാനസേശ്വരീ (അടിമകൾ, 1969 ), വസുമതി (ഗന്ധർവ്വക്ഷേത്രം, 1972), ചക്രവർത്തിനി (ചെമ്പരത്തി,1972 ), സീമന്തിനി (അതിഥി, 1975 ), ചാരുലതേ (റോമിയോ, 1976 ) ഇങ്ങനെയൊക്കെ വിളിച്ച വയലാറിന്റെ വ്യത്യസ്തമായ മറ്റൊരു സംബോധന. ഭാര്യ ഭാരതി തമ്പുരാട്ടിയുടെ ഈ ഇഷ്ടഗാനം അദ്ദേഹം തന്നെക്കുറിച്ച് എഴുതിയതാണെന്ന് അവർ വിശ്വസിക്കുന്നു.

കാപ്പി രാഗത്തിൽ ദേവരാജൻ ചിട്ടപ്പെടുത്തിയ സന്യാസിനീ... (1974) അതേ രാഗത്തിലുള്ള അദ്ദേഹത്തിന്റെ സുമംഗലി നീ ഓർമിക്കുമോ.. (വിവാഹിത, 1970) എന്ന ഗാനത്തിന്റെ വളർച്ചയാണ്. വിഷാദഭാവം ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയവതിയായ കാപ്പിരാഗം മാഷിനെന്നപോലെ മറ്റു സംഗീതകാരന്മാർക്കും എന്നും പ്രിയതരമായിരുന്നു. പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു ... (മനസ്വിനി, 1968, ബാബുരാജ്‌), ഹൃദയമുരുകി നീ കരയില്ലെങ്കിൽ ... (കറുത്ത പൗർണ്ണമി , 1968, എം കെ അർജ്ജുനൻ), പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ (ഞാന്‍ ഗന്ധർവ്വൻ , 1991, ജോൺസൻ ), ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം... (അനിയത്തിപ്രാവ്, 1997 , ഔസേപ്പച്ചൻ), എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ... (സമ്മർ ഇൻ ബെത്‌ലെഹേം, 1998, വിദ്യാസാഗര്‍),  പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ? ...  (പ്രണയം, 2011, എം ജയചന്ദ്രന്‍) ഇങ്ങനെ ഈ രാഗത്തിൽ പ്രണയ-വിഷാദഭാവങ്ങളിൽ എത്രയെത്ര പാട്ടുകൾ.

പ്രണയാരംഭത്തിൽ ആലപിക്കുന്ന ഗാനമല്ലെങ്കിലും ശോകമാണ് ഭാവമെങ്കിലും പ്രണയം തന്നെയാണ് ഈ ഗാനത്തിലെ അന്തര്യാമിയായ വികാരമെന്നാണ് കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന്റെ നിരീക്ഷണം. പ്രണയിനിക്കു മുന്നിൽ അന്യനെപ്പോലെ നിൽക്കുന്ന പ്രണയിയാണ് ആഖ്യാതാവ്. അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം പ്രണയത്തിൽ അന്യനാവുന്നതിന്റെ നീറ്റൽ.  

അവളുടെ ദുഃഖത്തിന്റെ ആർദ്രവും മൂകവുമായ അശ്രുധാരയിൽ അലിഞ്ഞ അവന്റെ സ്വപ്നങ്ങളും ഗദ്ഗദത്തോടെ മരിച്ച മോഹങ്ങളും. അവളുടെ മനസ്സിന്റെ തീക്കനല്‍ക്കണ്ണിൽ വീണുകരിഞ്ഞ പൂക്കൾ.

നിന്റെ ദുഃഖാര്‍ദ്രമാം മൂകാശ്രുധാരയിൽ

എന്റെ സ്വപ്നങ്ങള്‍ അലിഞ്ഞു... സഗദ്ഗദം

എന്റെ മോഹങ്ങള്‍ മരിച്ചൂ... 

നിന്റെ മനസ്സിന്റെ തീക്കനല്‍കണ്ണിൽ വീ-

ണെന്റെയീ പൂക്കള്‍ കരിഞ്ഞൂ

ഓര്‍മകളുടെ ഏകാന്തവഴികളിൽ എന്നെങ്കിലും അവൾ തന്റെ കാല്‍പ്പാടുകൾ തിരിച്ചറിയുമെന്നും അപ്പോഴും തന്റെ ആത്മാവ് ‘നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു’ എന്ന് അവളോടു മന്ത്രിക്കുമെന്നുമുള്ളത് പ്രണയിയുടെ വിശുദ്ധമായ പ്രണയത്തിന്റെ പ്രഖ്യാപനമാണ്. ഇത് പ്രണയത്തിന്റെ കഠിനമായ വേദനാവാക്യമെന്നു വി. ആർ. സുധീഷ്. പ്രണയഭംഗം വന്ന കാമുകഹൃദയം വിഷാദവിവശമായി പിരിഞ്ഞു പോയവളെ ഓർക്കുന്നു. ആനന്ദിക്കുന്നു. ഓര്‍മിപ്പിക്കുന്നു...

നിന്റെ ഏകാന്തമാം ഓർമതന്‍ വീഥിയിൽ

എന്നെ എന്നെങ്കിലും കാണും

ഒരിക്കല്‍ നീ എന്റെ കാൽപാടുകൾ കാണും ...

അന്നുമെന്‍ ആത്മാവ് നിന്നോടു മന്ത്രിക്കും

നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...

രാത്രി പകലിനോടെന്നപോലെ യാത്ര ചോദിച്ച്‌ പിരിഞ്ഞു പോകുന്ന കാമുകചിത്രമാണ് ഗാനം ബാക്കിവെക്കുക. ഇവിടെയാണ് സന്യാസിനീ എന്ന അനന്യമായ വയലാർ സംബോധനയുടെ സർഗ്ഗസാംഗത്യം. സുമംഗലീ നീ ഓർമിക്കുമോ എന്ന വയലാർ ഗാനത്തിലുമുണ്ട് സമാനമായ പ്രതീക്ഷാകിരണം. 

പിരിയുന്ന കാമുകിക്ക് ഭാവുകങ്ങൾ നേരുന്നതു നിസ്സഹായനല്ലാത്ത കാമുകന്റെ വിശ്വാസ പ്രഖ്യാപനമാണ്. മസോക്കിസ്റ്റിനെപ്പോലെ പ്രണയനൊമ്പര സുഖം ഏറ്റുവാങ്ങുന്ന പ്രണയിയുടെ തേങ്ങലാണ് ഗാനം പകരുന്നത്. പ്രണയത്തിലൂടെയുള്ള നവീകരണം, വിശുദ്ധീകരണം.

ചിത്രം: രാജഹംസം (1974)

ഗാനരചന: വയലാർ രാമവർമ

സംഗീതം: ജി. ദേവരാജൻ 

ആലാപനം: കെ.ജെ. യേശുദാസ്

സംവിധാനം: ഹരിഹരൻ