'ഞാൻ ചെറുതായത് നീ വളരാൻ', മിൻമിനിക്കായി വഴിതെളിച്ചവര്‍

Minmini2
SHARE

ആലുവയ്ക്കടുത്ത് സദാ ഉറക്കംതൂങ്ങിനിന്നിരുന്ന ഒരു പാവം ഗ്രാമമുണ്ടായിരുന്നു– കീഴ്മാട്. ഇപ്പോൾ ഉറക്കമൊക്കെ വിട്ടുണർന്ന് പട്ടണത്തിലേയ്ക്ക് വളർന്നുകൊണ്ടിരിക്കുന്നു.അവിടെയൊരു അപ്പച്ചിയും അമ്മച്ചിയും നാല് പെൺമക്കളും.വല്യേച്ചി, കൊച്ചേച്ചി, കുഞ്ഞേച്ചി എന്നീ മൂന്നുചേച്ചിമാരും അവർ മോനേ എന്നു മാത്രം ഇന്നും വിളിക്കുന്ന കുഞ്ഞനിയത്തിയും. സംഗീതത്തെക്കുറിച്ചല്ലാതെ മറ്റൊന്നും സംസാരിക്കാനറിയാത്ത സ്നേഹം നിറഞ്ഞ ഒരു കുടുംബം. തൊട്ടടുത്തുള്ള ഇടവകപ്പള്ളിയിലെ ആരാധനക്രമങ്ങളിൽ  ആലപിച്ചിരുന്നത് അവരുടെ വിശ്വാസഗീതികളായിരുന്നു. ക്വയറിൽ നിന്നും സ്കൂൾ മത്സരങ്ങളിലൂടെ വളർന്ന് കലോത്സവങ്ങളിലൂടെ അവർ നാടറിയുന്ന പുരസ്കാര ജേതാക്കളായി. അവരിൽ നാലാമത്തെയാൾ ലോകമറിയുന്ന ഗായികയുമായി– മിൻമിനി എന്ന മിനി ജോസഫ്.

ഗ്രേസി, മേഴ്സി, ജാൻസി, മിനി (സ്കൂൾ രേഖകളിൽ പി ജെ റോസ്്ലി) .ഇവർ നാലുപേരിൽ സംഗീതം ശാസ്ത്രീയമായി പഠിച്ചത് ജാൻസി മാത്രം . 1976 ൽ  കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ അരുന്ധതിയും സുജാതയും ലളിത ഗാനത്തിന് യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയപ്പോൾ  മൂന്നാം സ്ഥാനം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത് ഗ്രേസി പി.ജെ എന്ന  കൊച്ചുഗായികയുടെ പ്രകടനം അവഗണിക്കപ്പെടാൻ ആവാത്തതുകൊണ്ടുമാത്രമായിരുന്നു. 1982 ൽ കണ്ണൂരിലെ സംസ്ഥാന സ്കൂൾ കലാമേളയിൽ എറണാകുളത്തെ പ്രതിനിധീകരിച്ചെത്തിയ ജാൻസി  ലളിതഗാനത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചുവെങ്കിലും 'സാങ്കേതികമായി' രണ്ടാം സ്ഥാനത്തെയ്ക്ക് പിന്തള്ളപ്പെട്ടു. പക്ഷേ 1986 ൽ തൃശൂരിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ  ചേച്ചിമാരുടെ  കുഞ്ഞനിയത്തി മിനി (റോസ്‌ലി  പി. ജെ)  'വലംപിരിശംഖിൽ തുളസീതീർഥം' ആലപിച്ച് ഒന്നാം  സ്ഥാനവും നേടിയിട്ടാണു വീട്ടിലേയ്ക്ക് മടങ്ങിയത്.

Singer Minmini (2)

ജാൻസി പിന്നീട് ഗാനഭൂഷണം പാസാകുകയും തൃശൂർ ആകാശവാണിയുടെ ഗ്രേഡ് ആർട്ടിസ്റ്റായി ലളിതഗാനങ്ങളും ഭക്തിഗാന കാസെറ്റുകളുമായി മുന്നോട്ടുനീങ്ങിയപ്പോൾ കുഞ്ഞേച്ചിയ്ക്ക് കൂട്ടുപോയിരുന്ന അനിയത്തി മാത്രമായിരുന്നു മിനി അക്കാലത്ത്. സംഗീതത്തിലും സംഗീതജ്ഞരിലുമുള്ള ആഴമേറിയ അറിവ് ജാൻസിയുടെ ആത്മവിശ്വാസത്തെ പിറകോട്ടുവലിച്ചു . പിൽക്കാലത്ത് സാക്ഷാൽ ഇളയരാജയോടും എ.ആർ. റഹ്മാനോടുമൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടും സ്വയം ഉൾവലിഞ്ഞ ചരിത്രമാണ് ജാൻസിയുടേത്.  എന്നിരുന്നാലും അനിയത്തിയോടൊപ്പം മൈ ഡിയർ മുത്തച്ഛൻ, വെൽക്കം ടു കൊടൈക്കനാൽ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്നിങ്ങനെ കുറേ ചിത്രങ്ങളിൽ ചില  വരികൾ പാടിയ ജാൻസിയാണ് 'യോദ്ധാ'യിലെ 'കുനുകുനെ ചെറു കുറുനിരകൾ' എന്ന ഗാനത്തിന്റെ ട്രാക്ക് ദിനേശിനൊപ്പം പാടിയത്.  

Minmini 1
മിൻമിനിയും മനോഹരനും

റോജയിലൂടെ ഒന്നാംനിര ഗായികയായി ഉയർന്ന മിൻമിനിയുടെ സോളോ ആൽബങ്ങൾ ഏറെ  ജനപ്രീതി  നേടിയിരുന്നു.    മിനി പാടി 1993 ൽ  പുറത്തിറങ്ങിയ തമിഴ് ദേവി ഭക്തിഗാനങ്ങളായിരുന്ന 'ഓം ശക്തി ഗീതം'. മലയാളിയും പഴയകാല പിന്നണിഗായകനുമായിരുന്ന മനോഹരനായിരുന്നു ഈ പാട്ടുകളുടെ സംഗീത സംവിധായകൻ.   മനോഹരനെ സഹായിക്കുവാനായി പ്രതിഫലം വാങ്ങാതെയാണ് മിനി ഈ  ആൽബത്തിലെ പാട്ടുകളെല്ലാം പാടിയത്. (സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് ജീവിതം മുന്നോട്ടു നീക്കുന്ന മനോഹരനെ ഈയടുത്ത കാലത്ത് സോഷ്യൽ മീഡിയയിലൂടെ ആസ്വാദകർ തിരിച്ചറിയുകയും ഒട്ടേറെപ്പേർ സഹായഹസ്തവുമായി എത്തുകയും ചെയ്തിരുന്നു)

തമിഴ്നാട്ടിൽ സി സി ഓഡിയോസ് റിലീസ് ചെയ്ത  'ഓം ശക്തി ഗീതം'  കാസെറ്റ് വൻവിജയമായിരുന്നു.ശ്രീലങ്കൻ റേഡിയോ നിലയം തുടർച്ചയായി ഈ ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു.  ഓഡിയോ സിഡികൾ ഇന്ത്യയിൽ ഇറങ്ങിത്തുടങ്ങിയിട്ടില്ലാതിരുന്ന കാലത്ത് നാട്ടിൽ റിലീസ് ചെയ്തിരുന്ന സിനിമകളുടെയും ആൽബങ്ങളുടെയും ഓഡിയോ സിഡികൾ വിദേശത്ത് വലിയ തോതിൽ റിലീസ് ചെയ്തിരുന്നു. ഓഡിയോ കസെറ്റിന് 32 രൂപ വിലയുണ്ടായിരുന്ന അക്കാലത്ത്  ഇവിടെ ഒരു ഓഡിയോ സിഡി വാങ്ങണമെങ്കിൽ ചുരുങ്ങിയത് 650 രൂപയാകുമെന്നതിലൂടെ സിഡിയുടെ തുടക്കകാലം എത്രത്തോളം  വിലയേറിയതാണെന്ന് അനുമാനിക്കാം 

Minmini

1993 ൽ  കാനഡയിൽ  പുറത്തിറക്കിയ 'ഓം ശക്തിഗീത'ത്തിന്റെ ഓഡിയോ സിഡി ഈ അടുത്തകാലത്താണ് കാണാനിടവന്നത്. ദേവിയുടെ ചിത്രത്തോടൊപ്പം  പുഞ്ചിരിച്ചു നിൽക്കുന്ന ഗായിക മിൻമിനിയുടേതായി ചേർത്തിരിക്കുന്ന ഫോട്ടോ  സഹോദരി ജാൻസിയുടേതാണെന്നു കാൽ നൂറ്റാണ്ടിനിപ്പുറവും ആ കമ്പനിക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല!! സഹോദരിമാർ തമ്മിലുള്ള അസാമാന്യമായ രൂപസാദൃശ്യം ഡിസൈനറെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാവാം.2009 ൽ ജോണി സാഗരിക ഈ ആൽബത്തിന്റെ സിഡി കരുമാരി ഇന്ത്യയിൽ റിലീസ് ചെയ്തു.അതിൽ മിനിയുടെ ചിത്രം തന്നെയാണു ചേർത്തിട്ടുള്ളത്.

സ്വന്തം ചിത്രത്തിനു പകരം കുഞ്ഞേച്ചിയുടെ ചിത്രം സിഡിയുടെ കവറിൽകണ്ട മിൻമിനിയ്ക്ക് കൗതുകത്തേക്കാളേറെ സന്തോഷമാണുണ്ടായത്."എനിക്ക് ഇവിടെയൊരു സ്ഥാനമുണ്ടെങ്കിൽ അതിലുമേറെ മുകളിലായിരിക്കുമെന്ന് ഞാൻ കരുതിയതാണെന്റെ കുഞ്ഞേച്ചിയെ. കുഞ്ഞേച്ചി വലിയൊരു ഗായികയാകുന്നത് ഒരുപാട് സ്വപ്നം കണ്ടയാളാണു   ഞാൻ. ഇന്ന് സംഗീതാധ്യാപികയായി  സംതൃപ്തയായി ജീവിക്കുന്ന ചേച്ചിയുടെ ഫോട്ടോയെങ്കിലും ഇങ്ങനെ വന്നത് ആ കഴിവിനു കിട്ടിയ അംഗീകാരമായി ഞാൻ കാണുകയാണ്".

Singer Minmini

അപ്പച്ചിയുടെയും അമ്മച്ചിയുടെയും ഗാനവാൽസല്യങ്ങൾകൊണ്ടു തീർത്ത മേൽക്കൂരയ്ക്കു താഴെ സംഗീതത്തിന്റെ  നാലു ചുവരുകളായി മാറിയവരാണ് ഈ നാലു സഹോദരിമാരും... ഞാൻ ചെറുതായി നീ വളരാൻ മാത്രം ആശിച്ചവർ... ആ ആശകളുടെ അവസാനവാക്കാണ് ഇന്നും ചിന്ന ചിന്ന ആശൈകളായി എല്ലാ  കാതുകളിലും  ചിറകടിക്കുന്നത്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA