പാതിരാവായി നേരം...മലയാളത്തില്‍ കേട്ട ഏറ്റവും വ്യത്യസ്തമായ മെലഡികളിലൊന്നായിരുന്നുവെന്നു നിസ്സംശയം പറയാം. ഇരുവശവും മുടി പിന്നിയിട്ട ഒരു കുസൃതിപ്പെണ്ണ്, ഒരാളുടെ ഉറക്കം കളയാന്‍ വേണ്ടി പാടിയ പാതിരാ പാട്ട് എല്ലാ നേരങ്ങളേയും കീഴടക്കി ഇന്നും കാതിലങ്ങനെ തന്നെയുണ്ട്. ചിത്രയാണ് പാടിയത്, അതല്ല സുജാതയാണെന്ന് പലവട്ടം പലരും പറഞ്ഞു കേട്ട പാട്ട്. ജോണ്‍സണ്‍ മാസ്റ്ററുടേതാണെന്നു തെറ്റിദ്ധരിച്ച ഗാനം. പാട്ടിന്‍ സ്വരം മിന്‍മിനിയുടേതാണ്. എ.ആര്‍.റഹ്മാന്റെ ആദ്യ ഗാനം, ചിന്ന ചിന്ന ആശ പാടി തെന്നിന്ത്യയുടെ മനസ്സിലെ അവിസ്മരണീയമായി മാറിയ സ്വരം. പാതിരാവായി നേരം...തീര്‍ത്ത സ്രഷ്ടാവ് എസ്.ബാലകൃഷ്ണന്‍ അനശ്വരതയിലേക്കു നടക്കുമ്പോള്‍ ആ പാട്ടിനേയും ആ സംഗീത സംവിധായകനേയും ഓര്‍ത്തെടുക്കുകയാണ് മിന്‍മിനി.
ഒന്നും പറയാന്‍ തോന്നുന്നേയില്ല ഈ നേരം. എന്തു പറയാനാണ് ഞാന്‍ സാറിനെ കുറിച്ച്...മിന്‍മിനി പറഞ്ഞു തുടങ്ങി. ഒരു സാധു മനുഷ്യന്‍ എന്നേ എനിക്കു പറയാനുള്ളൂ. ഇപ്പോള്‍ ടിവിയില്‍ കേട്ടതാണ് അദ്ദേഹം വേണ്ടവിധത്തിലുള്ള അംഗീകാരങ്ങള്‍ കിട്ടാത്ത കലാകാരനാണ്, വേണ്ടപോലെ തിരിച്ചറിഞ്ഞില്ല, അവസരങ്ങള്‍ കിട്ടിയില്ല എന്നൊക്കെ. അതെല്ലാം ശരിയാണ്. അതില്‍ അതിയായ സങ്കടവുമുണ്ട്. പക്ഷേ ഒരുവിധത്തിലുള്ള മാര്‍ക്കറ്റിങും അറിയാത്ത മനുഷ്യനാണ്. ചെന്നൈയിലായിരുന്നു പാതിരാവായി നേരം റെക്കോഡ് ചെയ്തത്. ഏതു പാട്ടും പോലെ ചെന്നു പഠിച്ചു പാടുകയായിരുന്നു. റെക്കോഡിങ് ഒന്നും വലിയ പ്രത്യേകതയുള്ളതായിരുന്നില്ല. അദ്ദേഹം പറഞ്ഞു തന്ന പോലെ പാടി അത്രതന്നെ. പക്ഷേ പാടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. അതെന്നോടു പറയുകയും ചെയ്തു. മനസ്സില്‍ കരുതിയ പോലെ പാടി, സന്തോഷമുണ്ട് എന്ന്. അങ്ങനെയൊരു വാക്ക് അപൂര്‍വമായേ സംഗീത സംവിധായകരില്‍ നിന്നും കേള്‍ക്കാനാകൂ. സര്‍ അത് തുറന്നുപറഞ്ഞു. ഇന്നും മറക്കുകയേയില്ല, ആ ചിരിയും ആ വര്‍ത്തമാനവും. വര്‍ഷങ്ങള്‍ക്കിപ്പുറം അടുത്തിടെ അദ്ദേഹത്തെ ഒന്നു കാണാനായി. വലിയ തിരക്കായിരുന്നതിനാല്‍ ഒന്നും സംസാരിക്കാനായില്ല. ഒന്നു നമസ്‌കരിച്ചു, ചിരിച്ചു അത്രതന്നെ. ഇനി ആ ഓര്‍മ്മകള്‍ മാത്രം....മിന്‍മിനി പറഞ്ഞു.
ചില മരണങ്ങള്‍ ഇങ്ങനെയാണ്. അന്നേരം അത് വലിയൊരു ശൂന്യത മാത്രമല്ല, ഓര്‍മകളുടെ കുത്തൊഴുക്കിലേക്കുള്ള യാത്രയും മാത്രമാകുന്നില്ല, അത് ചില നേരം അസഹനീയമായ കുറ്റബോധമാകും മനസ്സില്‍ നിറയ്ക്കുക. ഒറ്റയ്ക്കിരിക്കുന്ന വേളകളില്‍ ഒറ്റയാന്‍ യാത്രകളില്‍, ഏകാന്തമായ സായന്തനങ്ങളിലൊക്കെ കടന്നുവരുന്ന ചില വിങ്ങലുകള്‍ പോലെ മനസ്സ് കുത്തിനോവിക്കും. ഒരിക്കല്‍ പോലും നേരിട്ടു കാണാത്ത മനുഷ്യരായിരിക്കും അവര്‍. ഒരു അഭിമുഖമോ ലേഖനമോ പ്രസംഗമോ ഒന്നും അറിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ അവരുടെ സൃഷ്ടികള്‍ പലപ്പോഴും നമുക്ക് കൂട്ടുവന്നിട്ടുണ്ട്. അങ്ങനെയുള്ളൊരു സൃഷ്ടിയായിരുന്നു പാതിരാവായി നേരം...എന്ന പാട്ട്. എസ്.ബാലകൃഷ്ണന്‍ എന്ന അതിന്റെ സ്രഷ്ടാവ് ഈ ഭൂമുഖം കടന്നുപോയപ്പോള്‍ മനസ്സില്‍ നിറഞ്ഞത് അങ്ങനെയൊരു വികാരവായ്പാണ്. ആ പാട്ടും സന്തോഷം മാത്രമുള്ള കുറേ പിന്നണി ഈണങ്ങളും മനസ്സില്‍ നിറയുന്നു. ഒരു കാലാകാരന്റെ മരണത്തിലൂടെ മാത്രം അവരും അവരുടെ സൃഷ്ടിയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷം അപൂര്‍വമൊന്നുമില്ല. അനേകമാളുകളുണ്ട് ആ നിരയില്‍. ആ നീതികേട് ഇനിയും ആവര്‍ത്തിക്കപ്പെടുമെന്നുറപ്പുള്ളതു കൊണ്ട് ആ വിഷയത്തെപ്പറ്റിയൊരു കുറിപ്പിനു തന്നെ പ്രസക്തിയില്ലാതാകുന്നു.