മൂന്ന് വയസും രണ്ട് മാസവും കഴിഞ്ഞപ്പോള്‍ പെട്ടന്നെനിക്കു നാല് പല്ല് വന്നു, അത് തേക്കാന്‍ വേണ്ടി എന്റെയച്ഛൻ ആദ്യമായി വാങ്ങി തന്ന ബ്രഷാ കൊള്ളാമോ? തറവാട്ട് പറമ്പിന്റെ അതിരില്‍ തേന്‍ കിനിയുന്ന ഒരു മാവുണ്ടെന്ന് ഞാന്‍ സുധാകരേട്ടനോട് പറഞ്ഞിട്ടില്ലേ. ആ മാവിലെറിഞ്ഞ കല്ലാ ഇത്... കല്യാണത്തിന് സ്വന്തം വീട്ടില്‍ നിന്നും കൊണ്ടു വന്ന 'വിലപിടിപ്പുള്ള സാധനങ്ങള്‍' നിറഞ്ഞ ആ പതിനൊന്നാമത്തെ പെട്ടിയും കണ്ടെടുത്ത ആശ്വാസത്തില്‍ പുതുപെണ്ണിന്റെ നിഷ്‌കളങ്കമായ ആ ചോദ്യം. കടിഞ്ഞൂല്‍ക്കല്യാണത്തിലെ ഇത്തിരി വട്ടുള്ള നായിക ഹൃദയകുമാരി.

ഉര്‍വ്വശി നിറയുന്നൊരു പാട്ട് സീന്‍ വന്നാല്‍ ചാനല്‍ മാറ്റാൻ മറന്ന് ഒരേയൊരിരുപ്പല്ലേ നമ്മൾ? സ്‌ക്രീനില്‍ സഹതാരങ്ങളെ നിഷ്പ്രഭരാക്കുന്ന ആ ഉര്‍വ്വശി മാജിക് എത്ര കണ്ടാലും മടുക്കുന്നതെങ്ങനെ? പെണ്ണിന്റെ സകലഭാവങ്ങളും ആ മുഖത്തു വിരിയും. അടിമുടി കഥാപാത്രമായി വിസ്മയിപ്പിക്കുന്ന നടി.  കാഞ്ചനയും സുലോചനയും വനജയും സ്വര്‍ണലതയുമൊക്കെ അപ്പുറത്തെ വീട്ടിലുണ്ടെന്നു വിശ്വസിപ്പിച്ച നമ്മുടെ സ്വന്തം ഉര്‍വശി.

സ്‌നേഹവും ഇത്തിരി കുശുമ്പും  ഒരു പൊടിക്ക് വട്ടുമൊക്കെയുളള പെണ്ണാവാന്‍ ഉര്‍വ്വശിയെ കഴിഞ്ഞേ ആരുമുള്ളൂ എന്നു പറഞ്ഞ കഥാപാത്രങ്ങള്‍.  പ്രസരിപ്പുള്ള ആ പാട്ടുകള്‍ കാണുമ്പോള്‍ മനസിനെന്ത് ഉന്മേഷമാണ്. താന്‍ ഒരു നായകന്റെയും നായികയായിരുന്നില്ല, സംവിധായകന്റെ നായികയായിരുന്നു എന്നു പറഞ്ഞ നടിയുടെ വാക്കുകളിലുണ്ട് തൊട്ടതെല്ലാം പൊന്നായതിന്റെ രഹസ്യം. അതെ മലയാള സിനിമ ഉര്‍വശി എന്ന നടിക്കു മാത്രമായി കഥാപാത്രങ്ങളൊരുക്കിയിരുന്നു ഒരു കാലത്ത്.  

ഞാറ്റു വേലക്കിളിയേ  നീ പാട്ടു പാടിവരുമോ

കൊന്ന പൂത്തവഴിയേ പൂവെളളു മൂത്ത വഴിയില്‍

കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍...

മിഥുനത്തില്‍ പാടത്തും പുഴയിലും ആടിപ്പാടുന്ന ഉര്‍വ്വശി. കാറ്റിലൊഴുകുന്ന പച്ചദാവണിയില്‍ പൂത്തുമ്പിയെപോലെ പാറിപ്പറന്ന പ്രണയിനി.  കല്യാണം കഴിഞ്ഞപ്പോള്‍ ചിരി മറന്ന സുലോചന. ഭര്‍ത്താവ് കാമുകനായിരുന്നപ്പോഴത്തെ കത്തുകള്‍ ഹാജരാക്കി തെളിവ് നിരത്തുന്നവള്‍. സേതുവേട്ടേന്റെ സ്വന്തം സുലു. ജീവിതത്തില്‍  എന്നെങ്കിലും ഒരിക്കല്‍ ആ സുലോചന തങ്ങളില്‍ നിന്നും പുറത്ത് ചാടിയിട്ടുണ്ടെന്നു  സമ്മതിക്കും പല പെണ്ണുങ്ങളും. പ്രണയത്തിനോ ദാമ്പത്യത്തിനോ കേട്പാട് പറ്റുന്നു എന്ന് ആവലാതിപ്പെടുന്നവര്‍. ഇപ്പോൾ ഇഷ്ടം തീരെയില്ല,  മുൻപ് ഇങ്ങനെയായിരുന്നില്ലല്ലോ എന്നു കണ്ണു നിറക്കുന്നവര്‍. എങ്ങനെയുണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചാല്‍ ഓ, മിഥുനത്തില്‍ ഉര്‍വശി പോയ പോലെന്ന് ചുണ്ടു കോട്ടുന്നവര്‍.

തങ്കത്തോണി തെന്‍മലയോരം  കണ്ടേ

പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ... 

 

മഴവില്‍ക്കാവടിയിലെ ആനന്ദവല്ലി, മെടഞ്ഞിട്ട മുടിയില്‍ കനകാംബരപ്പൂ ചൂടിയ തമിഴത്തി പെണ്ണ്, മൂക്കുത്തിയും ദാവണിച്ചേലുമായി അടിമുടി പ്രേമത്തില്‍ മുങ്ങിയൊരുവള്‍. കൈതപ്രത്തിന്റെ വരികളും ജോണ്‍സന്റെ സംഗീതവും ചേരുന്ന മാസ്മരികതയില്‍ പതഞ്ഞൊഴുകിയ പാട്ടിനൊപ്പം ഒഴുകി നടന്നവള്‍.  എന്തൊരഴകായിരുന്നു കണ്ണും മൂക്കുമില്ലാത്ത ആ പ്രേമത്തിന്.

കസ്തൂരി എന്റെ കസ്തൂരി

അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ

മച്ചാനെ പൊന്നു മച്ചാനെ

നിന്‍ വിരിമാറത്ത് പടരാന്‍ മോഹം.

വിഷ്ണു ലോകത്തില്‍ നാടോടിപെണ്ണായി നൃത്തമാടി മനം മയക്കിയ ഉര്‍വ്വശി. തെരുവ് സര്‍ക്കസ് കളിച്ചു നടക്കുന്ന കഥാപാത്രങ്ങളായി മോഹന്‍ലാലും ഉര്‍വ്വശിയും മതിമറന്നാടിയ പാട്ട്. കാണികളില്‍ രോമാഞ്ചം പടര്‍ത്തിയ ആ നൃത്തരംഗത്തിനു വര്‍ഷമിത്ര കഴിഞ്ഞിട്ടും പ്രിയം കുറയുന്നേയില്ലല്ലോ.  

മായപ്പൊന്‍മാനേ നിന്നെ തേടി ഞാന്‍

വര്‍ണപ്പൂമെയ്യില്‍ തലോടാന്‍ മാത്രം

നീല കണ്‍കോണില്‍ നിലാവോ

നിന്നുള്ളില്‍ തുളുമ്പും നൂറായിരം

ആശയേകും ഹിമസാഗരമോ  ...

അമ്മയും കുടുംബിനിയുമായ ആഡംബരപ്രേമിയായ പെണ്ണിനെ വരച്ചു കാട്ടിയ പാട്ടില്‍ ഉര്‍വ്വശിയില്ല, കാഞ്ചനയെ മാത്രമേ കാണാനാവൂ. അല്ലെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളിലൊന്നും തന്നെ കാണാനാവില്ല, കഥാപാത്രം വേറെ താന്‍ വേറെ എന്നു പറഞ്ഞിട്ടുണ്ടവര്‍. അഭിനയം കണ്ടിരിക്കുന്നവര്‍ക്കാവട്ടെ, ഓരോ തവണയും ഇതാണ് ഉര്‍വ്വശി ഇതു മാത്രമാണ് ഉർവ്വശി എന്നു തോന്നിപ്പിക്കാനും താരത്തിന് കഴിഞ്ഞു. തലയണമന്ത്രത്തില്‍ പൊങ്ങച്ച കൊച്ചമ്മയാവാന്‍ വെപ്രാളപ്പെടുന്ന കാഞ്ചനയുണ്ടാക്കുന്ന കോലാഹലങ്ങള്‍ ഇന്നും ചിരിയടക്കാതെ കാണാനാവില്ല നമുക്ക്.

സ്വര്‍ഗങ്ങള്‍ സ്വപ്‌നം കാണും മണ്ണിന്‍ മടിയില്‍

വിടരുന്നേതോ ഋതു ഭാവങ്ങള്‍...

മാളൂട്ടിയിലെ മനോഹരമായ ഗാനം. സ്‌നേഹമയിയായ അമ്മയും കുടുംബിനിയുമായി ഉര്‍വശി നിറയുന്ന ഗാനരംഗം. കണ്ടിരുന്നാല്‍ മടുക്കില്ല ആ ചിരിയും പ്രസരിപ്പും. മനോഹരമായ പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും പ്രണയം അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് തനിക്കെന്ന് ഉര്‍വശി പറയും. സംവിധായകന്‍ പറയുന്നതു പോലെ തലകുനിച്ച് പ്രത്യേക നോട്ടമിട്ട് ബുദ്ധിമുട്ടി നാണമൊക്കെ വരുത്തി ഒപ്പിച്ചെടുക്കുകയാണ് പതിവത്രേ. മാത്രമല്ല കെട്ടിപ്പിടിക്കുന്ന രംഗങ്ങളൊക്കെ അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടായതിനാല്‍ നഖമൊക്കെ നീട്ടി വളര്‍ത്തി ക്രൂരമായി ആക്രമിക്കുമായിരുന്നു എന്നും താരം പറയുന്നു.

സ്ഫടികത്തില്‍ ആടുതോമയെ നന്നാക്കാന്‍ ശ്രമിക്കുന്ന പഴയ കളിക്കൂട്ടുകാരിയായ തുളസി. തോമ ബലമായി കുടിപ്പിച്ച കള്ളിന്റെ വീര്യത്തില്‍ ആടിയും പാടിയും നടക്കുന്ന ആ തുളസി ടീച്ചറെ മറക്കാനാവുമോ? ‘പരുമലച്ചെരുവിലെ പടിപ്പുര വിട്ടീല്‍ പതിനെട്ടാം പട്ട തെങ്ങു വച്ചൂ’, ഓടുന്ന ലോറിയില്‍ പാട്ടിനു താളമിട്ടു മുഖമുയര്‍ത്തുന്ന ആ രംഗം. ദാവണി ഊരിയെറിഞ്ഞ് ലഹരിയിൽ ആടിപ്പാടുന്ന രംഗം മാദക നൃത്തമായി നമുക്കു തോന്നാഞ്ഞതും ഉര്‍വ്വശിയുടെ കുസൃതി നിറഞ്ഞ ഭാവങ്ങൾ കൊണ്ടാണ്.

പത്ത് വെളുപ്പിന് മുറ്റത്ത് നില്‍ക്കണ 

കസ്തൂരി മുല്ലയ്ക്ക് കാത് കുത്ത്

എന്റെ കസ്തൂരി മുല്ലയ്ക്ക് കാത് കുത്ത്...

വെങ്കലത്തിലെ  അതിപ്രശസ്തമായ ഗാനം. മനോഹരമായി ചിത്രീകരിച്ച ആ ഗാനത്തില്‍ മിന്നിമറയുന്ന ഉര്‍വശീ ഭാവങ്ങള്‍ എത്ര സൂക്ഷ്മമായാണ് ഭരതന്‍ ഒപ്പിയെടുത്തിരിക്കുന്നത്. വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിനു കല്ലടിക്കോട്ട്ന്ന് ഉള്ള കല്ല്യാണം കാണാന്‍ എന്തൊരു ചേലാണ്. കല്യാണവും ആദ്യ രാത്രിയും വിരുന്നുമെല്ലാം കടന്ന് വരുന്ന ആ പാട്ടിൽ എന്തു മനോഹരിയാണ് ഉർവ്വശി. നായികയുടെ മുഖത്തും കഴുത്തിലും തലോടുന്ന മൂശാരിയായ നായകന്റെ കരങ്ങൾ നേരെ പ്രതിമയിലേക്കു നീട്ടി സംവിധായകൻ ആ പ്രണയ രംഗത്തിൽ നിന്ന് തന്നെ രക്ഷിച്ചുവെന്നും ഉർവ്വശി പറയും.

അച്ചുവിന്റെ അമ്മയിലെ എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന പാട്ട് രംഗത്ത് മിന്നിപ്പൊലിയുന്ന കുസൃതി നിറഞ്ഞ അമ്മച്ചന്തം. സുഹൃത്തുക്കളായ അമ്മയും മകളുമായി മീരാ ജാസ്മിനും ഉർവ്വശിയും തകർത്തഭിനയിച്ച സിനിമയിലെ രംഗങ്ങളും മടുക്കാതെ എത്ര വേണെമെങ്കിലും കണ്ടിരിക്കാനാവും നമുക്ക്.

ടൊവിനോ തോമസിനൊപ്പം ചെയ്ത 'എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമയിലെ അമ്മ വേഷവും ആ കുസൃതി ഭാവങ്ങൾ കൊണ്ടു കണ്ണെടുക്കാതെ കണ്ടിരുന്നു നാം. സ്വന്തം ഉമ്മയെ തിരക്കി ഇറങ്ങുന്ന മകനോടൊപ്പം ഞാൻ തന്നെ അന്റുമ്മാ എന്ന് പെട്ടെന്ന് വേഷം മാറിയിറങ്ങുന്ന ആ ഉമ്മയെ ചിരിയടക്കാതെ കണ്ടിരിക്കുന്നെതെങ്ങെനെ?

ഉമ്മ വേഷം കെട്ടി കളിപ്പിച്ചെങ്കിലും ഉള്ളിന്റെയുള്ളില്‍ ആ സ്‌നേഹം കാക്കുന്ന വെറളിയുമ്മ എന്ന് വട്ടപ്പേരുള്ള ആയിഷ എന്ന കഥാപാത്രം. സ്വന്തം ഉമ്മയെ തിരഞ്ഞിറങ്ങുന്ന മകനോടൊപ്പം ചേരുന്ന ആ ഉമ്മയുടെ സാമര്‍ത്ഥ്യവും കുസൃതിയും ഒക്കെ വെളിപ്പെടുന്നുണ്ട് സഞ്ചാരമായ് സഞ്ചാരമായ് സഞ്ചാരമായ് ജീവിതം എന്ന പാട്ടില്‍. നാട് ചുറ്റിക്കാണാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ കൊതിയുള്ള തനി നാട്ടുമ്പുറത്തുകാരിയായി മാറുന്നു ഉര്‍വശി. മറ്റാരും  ചെയ്താലൊക്കില്ലല്ലോ എന്നു തോന്നിപ്പിക്കുന്ന മറ്റൊരു കഥാപാത്രം.

അതെ കണ്ടിരിക്കുന്നവരിലേക്കു പകരുന്ന ഒരു ഊർജപ്രവാഹമുണ്ട് ഓരോ ഉര്‍വ്വശി പാട്ടിലും. വീണ്ടും കാണാൻ ഒരിഷ്ടം ബാക്കിയാക്കുന്നു ഓരോ കഥാപാത്രവും. ഏതെങ്കിലും ഒരു നടന്റെ നായികയായല്ല, സംവിധായകന്റെ നായികയായാണ് താന്‍ അഭിനയിച്ചത് എന്ന് പറയാറുണ്ട്  ഈ അഭിനേത്രി. ഉര്‍വ്വശി എന്ന നടി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി ഒരു സാമ്യവും തനിക്കില്ലെന്നും അവര്‍ പറയും. നായകനാരാ എന്നുള്ള ചോദ്യങ്ങളില്ലാതെ വ്യത്യസ്തമായ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാനുളള ആ അര്‍പ്പണബോധം തന്നെ ഉർവ്വശിയെ എന്നും മററുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നതും.