ബാബുരാജിന്റെ പാട്ടുകളൊക്കെ പാടുന്ന ജാനകിയമ്മ എന്തേ ചേട്ടത്തിയിലെ ആ താരാട്ടുപാട്ടു മാത്രം പാടാതെ പോകുന്നു? പ്രേമയുടെ ചോദ്യത്തിന് ഒരു ഞെട്ടലായിരുന്നു ജാനകിയുടെ മറുപടി. പാട്ടുപോലെ തിളക്കമുള്ള ആ കണ്ണുകള്‍ എന്തോ തിരഞ്ഞുകൊണ്ടിരുന്നു. എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ലല്ലോ.. ജാനകിയമ്മ ഓര്‍മകളില്‍  പൊടി തട്ടിയ പഴയ പാട്ടിന്റെ റീലുകള്‍ തിരഞ്ഞു, ഏതായിരുന്നു ആ ഗാനം? 

'കണ്ണനാമുണ്ണിയുറങ്ങൂ കണ്ണനാമുണ്ണിയുറങ്ങൂ

കായാമ്പൂവര്‍ണ്ണനുറങ്ങൂ

കൈവിരലുണ്ട് കിനാവുംകണ്ട്

കണ്‍മണിക്കുട്ടനുറങ്ങൂ....'

ജാനകിയമ്മയുടെ ഓര്‍മകളെ ഉണര്‍ത്താനെന്നവണ്ണം പ്രേമ ആ പാട്ടു പാടി. മറവിയുടെ മറ നീക്കി ആ താരാട്ട് പതിയെ ജാനകിയമ്മയെ തൊട്ടിലാട്ടി. പ്രേമ... ബാക്കികൂടി പാടൂ.... കഴിഞ്ഞുപോയ കാലത്തിനെ പ്രേമയുടെ ശബ്ദസൗന്ദര്യത്തില്‍ തിരികെ വിളിക്കുമ്പോള്‍ ജാനകിയമ്മയ്ക്ക് പറയാന്‍ വാക്കുകളില്ല. ഒരാലിംഗനത്തില്‍ ജാനകിയമ്മ പറയാതെ എല്ലാം പറഞ്ഞു. എങ്കിലും പ്രേമ എങ്ങനെ ഈ ഗാനം ഓര്‍ത്തിരുന്നു? പോകും മുന്നേ ജാനകിയമ്മയുടെ ചോദ്യത്തിന് പ്രേമയുടെ പുഞ്ചിരി കലര്‍ന്ന മറുപടി വന്നു, ചേട്ടത്തിയില്‍ ഞാനും ഒരു ഗാനം പാടിയിരുന്നു.... പ്രേമ... മലയാളിയുടെ മറവികളുടെ വഴിയോരത്ത് എവിടെയോ തങ്ങി നില്‍ക്കുന്ന പരിചിതമായ പേര്.

പത്തൊന്‍പതാം വയസ്സില്‍ ആദ്യ സിനിമാഗാനം പാടിയ പ്രേമയെ പുതിയ തലമുറയ്ക്ക് അത്ര പരിചയം പോരാ. പഴയ തലമുറയ്ക്കാകട്ടെ ഓര്‍മ പുതുക്കി നല്‍കുകയും വേണം. 1965ല്‍ പുറത്തിറങ്ങിയ ചേട്ടത്തിയിലെ പതിനാറുവയസ്സു കഴിഞ്ഞാല്‍ എന്ന ഗാനം യേശുദാസിനൊപ്പം പാടിയ പാട്ടുകാരിയെ തേടി തുടര്‍ന്നും അവസരങ്ങള്‍ വന്നെങ്കിലും കാലം കാത്തിരുന്നത് മറ്റൊന്നായിരുന്നു. കഴിവിനും അവസരങ്ങള്‍ക്കും മേല്‍ സാഹചര്യം വഴി മുടക്കി. അതോടെ സംഗീതം ഉള്ളിലെ നേര്‍ത്ത തേങ്ങലായി. കാലമിങ്ങനെ കടന്നു പോയപ്പോഴേക്കും ഗായികയേയും മറന്നു. ആ പാട്ടുകേട്ടവരൊക്കെ കൊതിച്ചിരുന്നു, പ്രേമ പിന്നെയും പാടിയിരുന്നെങ്കില്‍....

കോഴിക്കോടിന്റെ സംഗീത പാരമ്പര്യം കേട്ടുവളര്‍ന്നതിനാല്‍ കുട്ടിക്കാലത്തുതന്നെ കുഞ്ഞിരാമന്‍ ഭാഗവതരില്‍ നിന്നും സംഗീതപഠനം ആരംഭിച്ചു. അത്യാവശ്യം മാത്രം പാടുന്ന അമ്മ അമ്മു അമ്മാളും മകളുടെ സംഗീതപഠനത്തെ പ്രോത്സാഹിപ്പിച്ചു. പാട്ടെഴുത്തും സംഗീതവുമായി കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ടവനായ കെ. ആര്‍. ബാലകൃഷ്ണന്‍ സഹോദരി ഭര്‍ത്താവായി എത്തിയതോടെ പ്രേമയെത്തേടി കൂടുതല്‍ അവസരങ്ങളെത്തി. സി. ഐ. അബൂബക്കറടക്കമുള്ള സംഗീതജ്ഞരുടെ ശിഷ്യത്വം സ്വീകരിച്ചു. പ്രേമയുടെ പാട്ടിലിഷ്ടം തോന്നിയ മാപ്പിളപ്പാട്ടു കലാകാരന്‍ എസ്. എം. കോയ എച്ച്.എം.വിയ്ക്കു വേണ്ടി ഇറക്കിയ മാപ്പിളപ്പാട്ടുകളില്‍ പാടാനും ആ പതിമൂന്നുകാരിക്ക് അവസരമൊരുക്കി. പ്രശസ്ത ഗിറ്റാറിസ്റ്റായ ആര്‍ച്ചി ഹട്ടന്‍, ഹട്ടന്‍ ഓര്‍ക്കസ്ട്ര തുടങ്ങിയപ്പോള്‍ അവിടുത്തെ ഏക പെണ്‍ശബ്ദവും പ്രേമയുടേതായി. മലയാളത്തിനൊപ്പം അന്യഭാഷാഗാനങ്ങളും പാടുന്ന പാട്ടുകാരി അതിവേഗത്തില്‍ ശ്രദ്ധേയയായി.

കുടുംബ സുഹൃത്തിന്റെ പിറന്നാളാഘോഷം നടക്കുന്ന വേദി. എം. എസ്. ബാബുരാജ്, കെ. പി. ഉമ്മര്‍, മുല്ലശേരി രാജു തുടങ്ങിയ പ്രമുഖരുടെ നിരതന്നെ അവിടെയുണ്ട്. പ്രേമയെ അവിടേക്കു കൂട്ടികൊണ്ടു വരുന്നത് സഹോദരനായ കെ. ആര്‍. ബാലകൃഷ്ണനാണ്. ബാബുരാജിനെ പരിചയപ്പെടുത്താമെന്നും അദ്ദേഹത്തിനു മുന്നില്‍ പാടാന്‍ ഒരവസരം ശരിയാക്കാമെന്നും ചേട്ടന്‍ പറഞ്ഞത് പ്രേമയുടെ മനസ്സിലുണ്ട്. ബാബുരാജും സംഘവും പാട്ടും പറച്ചിലുമായി അവിടെ തകര്‍ക്കുകയാണ്. ബാബുരാജിനെ പരിചയപ്പെട്ടതോടെ അദ്ദേഹം തന്നെ ഒരു ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. തളിരിട്ട കിനാക്കള്‍, തേടുന്നതാരെ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ ഒരു ഞെട്ടലോടെ പാടി അവസാനിപ്പിച്ചു. അതോടെ ബാബുരാജിന്റെ ചോദ്യം വന്നു, സിനിമയില്‍ പാടാന്‍ ഇഷ്ടമാണോ?  അതെന്തു ചോദ്യമാണ്, പാടിച്ചാല്‍ പാടും അല്ലേ എന്ന മറുപടി പറഞ്ഞത് കൂടെയുണ്ടായിരുന്ന കെ. പി. ഉമ്മറായിരുന്നു. അവിശ്വസനീയമായ ആ നിമിഷം എന്തു പറയണമെന്നറിയാതെ പ്രേമ കുഴഞ്ഞു.

'പതിനാറു വയസ്സു കഴിഞ്ഞാല്‍

പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍

പതിവായി പെണ്‍കൊടിമാരൊരു

മധുര സ്വപ്‌നം കാണും'

ബാബുരാജ് പറഞ്ഞ വാക്കു പാലിച്ചു. ഒരു മധുര സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു പ്രേമയ്ക്ക് ചേട്ടത്തിയിലെ ഈ ഗാനം. അമ്മയോടും  സഹോദരന്‍ ബബാകൃഷ്ണനും ഒപ്പം റെക്കോര്‍ഡിംഗിന്റെ തലേദിവസം മദ്രാസിലെ സ്വാമീസ് ലോഡ്ജിലെത്തി. യേശുദാസിന് ചേട്ടത്തിയിലെ തന്നെ ആദിയില്‍ വചനമുണ്ടായി എന്ന ഗാനം പറഞ്ഞുകൊണ്ടുക്കുന്ന തിരക്കിലാണ് ബാബുരാജ്. പാട്ടു മാത്രം നിറഞ്ഞ അന്തരീക്ഷം. എങ്കിലും ഇടയ്ക്കിത്തിരി നേരം കണ്ടെത്തി. ആദ്യത്തെ കുറച്ചു വരികള്‍ മൂളി നല്‍കിയ ബാബുരാജ് പ്രേമയുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആദ്യഗാനം പാടുന്നതിന്റെ ടെന്‍ഷന്‍ ഒന്നും ഇല്ലല്ലോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് പ്രേമയുടെ പുഞ്ചിരി മാത്രമായിരുന്നു മറുപടി. അടുത്ത ദിവസം രാവിലെ തന്നെ രേവതി സ്റ്റുഡിയോയില്‍ യേശുദാസുമൊത്ത് പാട്ടിന്റെ റിഹേഴ്‌സല്‍ ആരംഭിച്ചു. ഇതേ സമയം അകത്ത് മറ്റൊരു ഗാനത്തിന്റെ റെക്കോര്‍ഡിങ് നടക്കുകയാണ്. റീ ടേക്കുകള്‍ തുടര്‍ച്ചയായി വന്നതോടെ ആ പാട്ട് ഉദ്ദേശിച്ച സമയം കഴിഞ്ഞിട്ടും തീരാത്തതിലുള്ള അസ്വസ്ഥതയിലായിരുന്നു ബാബുരാജ്. അതോടെ ആദ്യ ടേക്കില്‍ തന്നെ നമുക്ക് ശരിയാക്കണമെന്ന വാശിയിലായിരുന്നു യേശുദാസ്.

അങ്ങനെ ഒരു തീരുമാനത്തോടെയാണ് ഞാനും റിക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്കു കയറിയത്. കയറുമ്പോള്‍ തന്നെ മുന്നിലതാ നില്‍ക്കുന്നു വയലാര്‍. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോഴും ആദ്യ ടേക്കില്‍ തന്നെ ഓക്കെയാക്കണമെന്ന് ദാസേട്ടന്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ആദ്യഗാനമല്ലേ, എങ്ങനെയായി തീരുമെന്ന് എനിക്കൊരു നിശ്ചയവുമില്ല, എന്തായാലും അത് പ്രതീക്ഷിച്ചതുപോലെ തന്നെ നടന്നു. ആദ്യ ടേക്കില്‍ തന്നെ ബാബുക്കയും സന്തോഷവാനായി. പ്രേമ പതിനാറു വയസ്സിനെ ഓര്‍ത്തെടുത്തു.

പാട്ടുപാടി പുറത്തേക്കിറങ്ങിയ പ്രേമ ബാബുരാജിന്റെ അടുത്തെത്തുമ്പോള്‍ ഒന്നു നോക്കുക മാത്രം ചെയ്തു. ഇനി തന്റെ പാട്ടിഷ്ടപ്പെട്ടില്ലേ എന്നു ചിന്തിച്ചു നില്‍ക്കുമ്പോഴേക്കും അദ്ദേഹം നാളെ വിജയവാഹിനി സ്റ്റുഡിയോയിലേക്കു വരാന്‍ നിര്‍ദേശിച്ചു. പാട്ടു തുടരാം, എന്ന് വയലാറും അവിടെ ഇരുന്ന് കമന്റ് പാസാക്കിയതോടെ പ്രേമയിലെ പാട്ടുകാരിക്ക് പുളകങ്ങള്‍ പൂത്തുവിരിഞ്ഞു.

'മരമായ മരമൊക്കെത്തളിരിട്ടും പൂവിട്ടു

മലയാളം പൊന്നോണപ്പൂവിട്ടു

വെള്ളാമ്പല്‍ പൊയ്കയിലും വെളളാരം കുന്നിലും

അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു'

1966ല്‍ പുറത്തിറങ്ങിയ പൂച്ചക്കണ്ണി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കു പിന്നില്‍ വയലാര്‍ - ബാബുരാജ് കൂട്ടുകെട്ടായിരുന്നു. ആദ്യഗാനത്തിന്റെ ആവേശം മാറുംമുന്നേ അടുത്ത ദിവസം തന്നെ പ്രേമ ഈ ഗാനം ആലപിക്കാനെത്തി.

സ്റ്റുഡിയോയിലെത്തി കഴിഞ്ഞപ്പോള്‍ കോറസ് പാടാനായി എത്തിയിരിക്കുന്ന കുറേ തമിഴത്തി പെണ്‍കുട്ടികളെ കണ്ടു. അവര്‍ക്കൊപ്പം ഞാനും ഇരുന്നു. അന്നു പാട്ടു റെക്കോര്‍ഡിങ്ങുകളുടെ വലിയ തിരക്കുള്ള ദിവസമാണ്. പി. സുശീലാമ്മ അവിടെ എത്തി. പതിനാറു വയസ്സു കഴിഞ്ഞാല്‍ എന്ന ഗാനത്തിന്റെ സോളോയും പൂച്ചക്കണ്ണിയിലെ ‘മുരളീ മുരളീ നിന്‍...’ എന്ന ഗാനവും പാടി. ഞാന്‍ എന്നെ വിളിക്കുന്നതും കാത്തിരിക്കുകയാണ്. സുശീലാമ്മ പോയതോടെ ബാബുക്ക പുറത്തേക്കിറങ്ങി ജാനകി എവിടെ എന്നു തിരക്കി. നോക്കുമ്പോഴതാ ഏറ്റവും പിന്നില്‍ നിന്ന് ജാനകിയമ്മ എഴുന്നേറ്റു വരുന്നു. അതുവരെ അവിടെയുണ്ടായിട്ട് ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. ചേട്ടത്തിയിലും പൂച്ചക്കണ്ണിയിലും ജാനകിയമ്മ പാടിയ പാട്ടുകളുടെയും റെക്കോര്‍ഡിംഗ് അന്നു തന്നെയായിരുന്നു. അതും കഴിഞ്ഞ് ഏറെ വൈകിയാണ് ഞാന്‍ പാടാന്‍ ചെല്ലുന്നത്. പ്രേമ ഇത്തിരി കാലം പിന്നിലേക്ക് സഞ്ചരിച്ചു.

'ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ

ഒന്നാം കടലില്‍ മുങ്ങാംകുഴിയിട്ടൊന്നാം തിരമാല'

പി. ജയചന്ദ്രന്‍ ഗായകനെന്ന നിലയില്‍ ശ്രദ്ധ നേടി തുടങ്ങുന്ന കാലമാണത്. 1967ല്‍ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കറിലെ ഈ ഗാനം പി. ജയചന്ദ്രനൊപ്പം ആലപിച്ചത് പ്രേമയാണ്. ജയചന്ദ്രന്റ ആദ്യ യുഗ്മഗാനമെന്ന നിലയിലും കാലം ഈ പാട്ടിനെ ഓര്‍ത്തെടുക്കുന്നു. പി. ഭാസ്‌ക്കരന്റെ വരികള്‍ക്ക് ബി. എ. ചിദംബരനാഥായിരുന്നു സംഗീതം.

മുല്ലപ്പൂ മണമുള്ള തന്റെ പാട്ടുവഴിയിലൂടെ പ്രേമ ഒരിക്കല്‍കൂടി സഞ്ചരിച്ചു. എന്തോ പതിവില്ലാത്ത ചില ആശങ്കകള്‍ എനിക്കീ പാട്ടുപാടുമ്പോഴുണ്ടായിരുന്നു. ജയചന്ദ്രനെ അന്നാണ് പരിചയപ്പെടുന്നതും. ഓരോ തവണ പാടുമ്പോഴും ഞങ്ങള്‍ മാറി മാറി തെറ്റിച്ചുകൊണ്ടിരുന്നു. കുറേ ടേക്കുകള്‍ക്ക് ഒടുവിലാണ് ആ പാട്ട് പാടി ശരിയാക്കിയത്, പ്രേമ പറയുന്നു.

തുടര്‍ന്ന് ബി. എ. ചിദംബരനാഥിന്റെ സംഗീതത്തില്‍ വിദ്യാര്‍ത്ഥിനി (ഹാര്‍ട്ട് വീക്ക്), കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ മിസ്റ്റര്‍ സുന്ദരി (ഹണിമൂണ്‍ നമുക്ക്, മാന്‍പേട) എന്നീ ചിത്രങ്ങളിലും പ്രേമ ആലപിച്ചു.

പിന്നെ ഞാന്‍ സിനിമയില്‍ പാടിയില്ല...

ബാബുരാജിന്റെ പാട്ടുപാടി മലയാള സിനിമ സംഗീതലോകത്തേക്കെത്തിയ പ്രേമയ്ക്ക് തുടക്കക്കാരിക്കു കിട്ടുന്ന ഏറ്റവും വലിയ സ്വീകരണം ലഭിച്ചു. എങ്കിലും കാലത്തിനു പ്രേമയെ പരിചയപ്പെടുത്തേണ്ട അവസ്ഥ എത്തിയത് ജീവിതാനുഭവങ്ങള്‍ പകര്‍ന്ന വേദനകൊണ്ടു മാത്രമാണ്. അവസരങ്ങള്‍ കിട്ടാതെ പോയതോ പാട്ടു മോശമായതോ അല്ല. പ്രേമയ്ക്ക് പാട്ടു പ്രേമം വളര്‍ന്നപ്പോഴേക്കും അമ്മ മരണത്തിനു കൂട്ടുപോയി. തന്നിലെ പാട്ടുകാരിയെ കണ്ടെത്തി വളര്‍ത്തിയതും പ്രോത്സാഹിപ്പിച്ചതും അമ്മയായിരുന്നു. സ്റ്റുഡിയോകളില്‍ നിന്നു സ്റ്റുഡിയോകളിലേക്ക് നീങ്ങുമ്പോഴും ധൈര്യം അമ്മമനസ്സായിരുന്നു. പ്രേമ ഹൃദയംകൊണ്ടു പാടുമ്പോഴും അതില്‍ കലര്‍ന്നതത്രയും അമ്മയുടെ പ്രാര്‍ത്ഥനയായിരുന്നു. കാലം അന്നതാണല്ലോ, മദ്രാസിലേക്ക് കൂട്ടുപോകാനും കൂട്ടിരിക്കാനും പ്രേമയ്ക്ക് ആരുമില്ലാതെ വന്നതോടെ അവസരങ്ങളെ വേണ്ടെന്നുവച്ചു. പിന്നെ പിന്നെ ആരും വിളിക്കാതെയായി. കുറേകഴിഞ്ഞതോടെ പലരും മറന്നുപോയി. സിനിമയില്‍ പാടാതെ മാറി നിന്നെങ്കിലും പ്രേമയുടെ ഉള്ളു നിറയെ സംഗീതമായിരുന്നു. ആരും കേള്‍ക്കാനില്ലെങ്കിലും പ്രേമ പാടി. പാട്ടില്ലാതെ എന്തു ജീവിതം. ശ്രുതിതാളലയങ്ങളേക്കാളേറെ ആ പാട്ടില്‍ ഉള്ളുനീറുന്നൊരു വേദനയുണ്ടായിരുന്നു. പാടണമെന്ന് ആഗ്രഹിച്ചിരുന്ന പാട്ടുകാരിയെ തിരിച്ചറിയുന്നവര്‍ വീണ്ടും പറയും, പ്രേമ ഒരിക്കല്‍കൂടി പാടിയിരുന്നെങ്കില്‍. 

ഒന്നാലോചിച്ചാല്‍ ഞാനൊരു ഭാഗ്യവതിയാണ്. പാടിയതത്രയും നല്ല പാട്ടുകള്‍. കൂടെ പാടിയവരും വലിയ ഗായകര്‍. വര്‍ഷങ്ങള്‍ക്കു ശേഷം ദാസേട്ടനേയും ജയചന്ദ്രനേയുമൊക്കെ കാണുമ്പോഴും ആവോളം ആ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞത് ഞാനവര്‍ക്കൊപ്പം പാടിയതുകൊണ്ടല്ലേ.... പ്രേമ പറയുന്നു.