പത്താം ക്ലാസില്‍ മലയാളത്തിനു തോറ്റ ഒരു പാട്ടെഴുത്തുകാരനുണ്ട് നമുക്ക്. ത്രിസന്ധ്യയെഴുതിയ കവിതപോല്‍ മനോഹരമായ പാട്ടുകളെഴുതിയ ഒരാള്‍. മലയാളത്തിനു തോറ്റിട്ടും എങ്ങനെ പാട്ടെഴുത്തുകാരനായി എന്നു ചോദിച്ചാല്‍ അതൊരു നിയോഗമായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ ‘പല്ലവി’ എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ പിറന്ന ദേവീക്ഷേത്ര നടയില്‍ എന്ന ഒരൊറ്റ ഗാനം കൊണ്ടാണ് പരത്തുള്ളി രവീന്ദ്രനെന്ന പാട്ടെഴുത്തുകാരനെ മലയാളി ഓര്‍ത്തെടുക്കുന്നത്. പാട്ടിന്റെ പലതുള്ളിയാകാന്‍ കൊതിച്ചെങ്കിലും പരത്തുള്ളി രവീന്ദ്രന് സാധിച്ചില്ല. ദീപാരാധനപോലെ മലയാളിയെ ആര്‍ദ്രമാക്കിയ ദേവീക്ഷേത്രനടയില്‍ എന്ന ഗാനം മലയാളി ഇന്നും മൂളുന്നതു എന്നതുകൊണ്ടാകാം രവീന്ദ്രന് നിരാശ ലവലേശം ഇല്ല. സന്ദര്‍ഭത്തിന്റെ ആത്മാവറിഞ്ഞ് എഴുതുമ്പോള്‍ എഴുതിയ വരികളില്‍ പിന്നെയൊരു തിരുത്ത് അസാധ്യമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. അതോടെ പാട്ടെഴുത്തില്‍ തനിക്ക് അപ്രഖ്യാപിത വിലക്കുണ്ടായെന്ന് രവീന്ദ്രന്‍ തന്നെ പറയുന്നു. ഒരായിരം പാട്ടുകളിലൂടെ ഓര്‍ക്കേണ്ട രവീന്ദ്രനെ വിരലില്‍ എണ്ണാവുന്ന ഗാനങ്ങളിലൂടെ മാത്രം കാലവും ഓര്‍ത്തെടുക്കുന്നു. 

എടപ്പാള്‍ കാലടിത്തറയില്‍ പലത്തുള്ളി വീട്ടില്‍ ഗോവിന്ദമേനോന്റെയും കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായി ജനനം. അച്ഛന്റെ സംഗീതവാസന കുട്ടിക്കാലത്ത് തന്നെ രവീന്ദ്രനെയും വലംവച്ചു. പഠിക്കാന്‍ വളരെ പിന്നിലായിരുന്നെങ്കിലും അക്ഷരങ്ങളെ മുന്നില്‍ നിര്‍ത്തി. പാട്ടുപാടുന്നതും സ്വന്തമായി പാട്ടെഴുതുന്നതുമൊക്കെയാണ് രസങ്ങള്‍. പത്താം ക്ലാസിലെ പ്രതീക്ഷിച്ച തോല്‍വികൂടി വന്നതോടെ വീട്ടില്‍ നിന്നും നിയന്ത്രണങ്ങള്‍ കൂടിവന്നു. അതിനെയൊക്കെ അതിജീവിച്ചത് അക്ഷരങ്ങളിലുള്ള പ്രതീക്ഷ കൊണ്ടായിരുന്നു.  

നാടകങ്ങള്‍ എഴുതികൊണ്ടാണ് പരത്തുള്ളി രവീന്ദ്രനെന്ന പേര് ശ്രദ്ധ നേടുന്നത്. ഇക്കാലയളവില്‍ കവിയരങ്ങുകളിലും രവീന്ദ്രനെന്ന ചെറുപ്പക്കാരന്‍ സജീവ സാന്നിധ്യമായി. നാടകം എഴുതണോ കവിത എഴുതണോ എന്ന ചിന്ത കലശലായതോടെ ഗുരുനാഥനും അക്കിത്തത്തിന്റെ അടുത്ത സുഹൃത്തുമായ പി. എം. പള്ളിപ്പാടിനെ എഴുതിയതൊക്കെ വായിച്ചു കേള്‍പ്പിച്ചു. രണ്ടും എഴുതാം എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. രവീന്ദ്രന്റെ തിരിച്ചടി എന്ന നാടകം വായിച്ച് ഇഷ്ടം തോന്നിയ പള്ളിപ്പാട് ഇതൊന്ന് അക്കിത്തത്തിനെ വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം എഴുതി തന്ന കത്തുമായി രവീന്ദ്രന്‍ മഹാകവി അക്കിത്തത്തിന്റെ വീട്ടിലെത്തി. നാടകം ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്ത അക്കിത്തത്തിനും അത് ബോധിച്ചു. അങ്ങനെ അക്കിത്തം നിര്‍ദേശിച്ചതോടെ രവീന്ദ്രന്റെ ആദ്യ നാടകം ആകാശവാണിയിലും പ്രക്ഷേപണം ചെയ്തു. 

എഴുത്തുകൊണ്ടു ജീവിതം ജീവിതമാകില്ലെന്നു തോന്നിയതോടെ ലക്ഷ്യം തേടിയുള്ള യാത്രകളായിരുന്നു പിന്നീടങ്ങോട്ട്. അടയ്ക്കാകളത്തിലെ കണക്കെഴുത്തുകാരനില്‍ തുടങ്ങി പല ദേശങ്ങളില്‍ സഞ്ചരിച്ചു. ഇതിനിടയില്‍ എപ്പോഴോ സിനിമാപ്പാട്ടെഴുതണമെന്ന മോഹം വന്നുകൂടി. അതിനായി പലരേയും കണ്ടെങ്കിലും എല്ലാവരും നിരാശരാക്കി അയച്ചു. നിന്നെകൊണ്ടോ പറ്റുമോ എന്നും അതൊക്കെ പ്രയാസമാണെന്നും കണ്ടവരൊക്കെ പറഞ്ഞു. അതോടെ എങ്ങനെ എങ്കിലും സിനിമയില്‍ കയറികൂടാനായി പിന്നീടുള്ള ശ്രമങ്ങള്‍. സിനിമ എഴുതിയെങ്കില്‍ അങ്ങനെ....

ചിട്ടിഫണ്ടിലെ കണക്കെഴുത്തുകാരനായി ജോലി നോക്കുന്ന കാലം. കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നതോടെ കെ. സി മുഹമ്മദെന്ന കൂട്ടുകാരന്‍ രവീന്ദ്രനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കെ.സിയുടെ ഭാര്യ സൈനബയുടെ കാതിലെ ചിറ്റ് ഊരി നല്‍കി. നീ കാശില്ലാതെ വിഷമിക്കേണ്ട, നിന്റെ കാര്യം നടക്കട്ടെ എന്ന് കെ. സി പറയുമ്പോള്‍ നിറഞ്ഞത് രവീന്ദ്രന്റെ മനസ്സുകൂടിയായിരുന്നു. ഈ സംഭവത്തില്‍ നിന്നാണ് രവീന്ദ്രന്റെ ആദ്യ തിരക്കഥയായ പല്ലവിയും പിറക്കുന്നത്. 

എഴുതി പൂര്‍ത്തിയാക്കിയ കഥയുമായി അടുത്തൊരു സുഹൃത്തിനെ കണ്ടു. കഥ ഇഷ്ടപ്പെട്ട സുഹൃത്തും അയാളുടെ മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കാമെന്നേറ്റു. സംവിധായകനായി ബി. കെ. പൊറ്റക്കാടിനെയും നിശ്ചയിച്ചു. മദ്രാസിലെത്തി അദ്ദേഹത്തെ കണ്ടു. പൊറ്റക്കാടിനും കഥ ഇഷ്ടപ്പെട്ടതോടെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്യണമെന്ന് നിര്‍മാതാക്കളില്‍ ഒരാള്‍ നിബന്ധനവെച്ചതോടെ രവീന്ദ്രന്‍ അതിനെ എതിര്‍ത്തു. അതോടെ നിര്‍മാതാക്കള്‍ പിണങ്ങി നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഇത് സിനിമയാക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച ബി. കെ. പൊറ്റക്കാട് തന്നെ നിര്‍മാതാവായി ടി. പി. ഹരിദാസിനെ കണ്ടെത്തി.

"ദേവീക്ഷേത്രനടയില്‍

ദീപാരാധന വേളയില്‍  

ദീപസ്തംഭം തെളിയിച്ചു നില്‍ക്കും

ദേവികേ  നീയൊരു കവിത

തൃസന്ധ്യയെഴുതിയ കവിത"

തറവാടിനു സമീപത്തെ മണലിയാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ സന്ധ്യകള്‍ പരത്തുള്ളി രവീന്ദ്രന് ഏറെ പ്രിയപ്പെട്ടതാണ്. അസ്തമയ സൂര്യന്റെ ചുവപ്പുനിറയുന്നതോടെ മുഴങ്ങി കേള്‍ക്കുന്ന ദീപാരാധനയുടെ മണി മുഴക്കം. ദീപസ്തംഭങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന ആ വേളകള്‍ കവി മനസ്സില്‍ പകര്‍ന്ന കുറേ ബിംബങ്ങള്‍. ഉള്ളിലെ പ്രണയംകൂടി ചേര്‍ന്നതോടെ എപ്പോഴക്കയോ അതൊരു പാട്ടായി രവീന്ദ്രന്റെയുള്ളില്‍ രൂപപ്പെട്ടു. തന്റെ ആദ്യ സിനിമാഗാനമായി ഇതുവരണം എന്ന ആഗ്രഹംകൊണ്ട് തിരക്കഥയില്‍ ബോധപൂര്‍വം വരികള്‍ക്കനുസൃതമായ സന്ദര്‍ഭം സൃഷ്ട്ടിച്ചു. എഴുതി പൂര്‍ത്തിയാക്കിയ വരികള്‍ വായിച്ച ബി. കെ. പൊറ്റക്കാടനും വരികളെ അംഗീകരിച്ചു. കണ്ണൂര്‍ രാജന്റെ സംഗീതംകൂടി ചേര്‍ന്നതോടെ എക്കാലത്തേക്കുമായി ഒരു ഹിറ്റ് ഗാനം എല്ലാവരും ഉറപ്പിച്ചു.

'മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ യേശുദാസ് പാട്ടു പഠിച്ചിരിക്കുമ്പോഴാണ് ഞാനവിടേക്കു ചെല്ലുന്നത്. കണ്ണൂര്‍ രാജന്‍ പാടികൊടുക്കുന്നതിന് അനുസരിച്ച് അദ്ദേഹം എന്റെ പാട്ടു പാടുന്നത് ആകാംക്ഷയോടെ ഞാന്‍ കേട്ടുനിന്നു. രണ്ടുമൂന്നുവട്ടം പാട്ട് പാടി കഴിഞ്ഞ് ഒന്നു പുഞ്ചിരിച്ചു. സ്വന്തം കൈപ്പടയിലെഴുതിയ വരികളില്‍ ഒന്നു തലോടി, ഹൗ സ്വീറ്റ്... ഇത്ര ലളിതസുന്ദരമായ ഒരു കവിത അടുത്തൊന്നും ഞാന്‍ പാടിയിട്ടില്ല, ആരാണ് ഇത് എഴുതിയത് എന്ന് കണ്ണൂര്‍ രാജനോട് തിരക്കി. കേട്ടു നിന്ന എനിക്കത് വലിയൊരു അംഗീകാരമായിരുന്നു. തിരിച്ചറിഞ്ഞതോടെ സ്‌നേഹത്തോടെ എന്നെ അടുത്തിരുത്തി. ദേവീക്ഷേത്ര നടയില്‍ പാടി കഴിഞ്ഞ് മറ്റൊരു ചിത്രത്തിലെ ഗാനം ആലപിക്കാന്‍ തയാറായി വന്ന യേശുദാസ് പല്ലവിയിലെ ഞാന്‍ എഴുതിയ കിനാവിന്റെ കടവില്‍ എന്ന ഗാനവും പാടിയ ശേഷമാണ് മടങ്ങിയത്.' രവീന്ദ്രന്റെ ഉള്ളില്‍ ഓര്‍മകളുടെ ദീപാരാധന തെളിഞ്ഞു.  

"ആലിലത്തട്ടിലൊരായിരം പൂവുമായ്

ആരാധനയ്ക്കായ് വന്നവളേ

അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍

അറിയാതെ ഞാനനൊന്നണിയിക്കട്ടെ..."

റെക്കോര്‍ഡിങ് വേളയില്‍ പാടി വന്നപ്പോള്‍ 'അണിയിക്കട്ടെ' എന്നത് 'അണിയ്ക്കാം' എന്നാക്കിയാലോ എന്നായി കണ്ണൂര്‍ രാജന്‍. ഏയ് അതുപറ്റില്ല, വാക്കിലൊരു മാറ്റവും പാടില്ല. പുതുമുഖമായ രവീന്ദ്രന്‍ തീര്‍ത്തു പറഞ്ഞു. അപ്രതീക്ഷിതമായ ആ വാചകം പലര്‍ക്കും അതിശയമായി. ഐ. വി. ശശി അടക്കമുള്ള പ്രതിഭകളും അവിടെയുണ്ടായിരുന്നു.

'അണിയ്ക്കാം' എന്നാക്കിയാല്‍ അതൊരു ബലം പ്രയോഗിക്കലാണ്. ഒരുതരം പീഡനം. അറിയാതെ ഞാനൊന്നണിയിക്കട്ടെ എന്ന പ്രയോഗത്തിലൊരു ആര്‍ദ്രത ഉണ്ട്, അതൊക്കെ നഷ്ടമാകും. ഈ സംഭവതത്തോടെ നിഷേധി എന്നു പലരും അടക്കം പറഞ്ഞു. ചിത്രീകരണ സമയത്തും എനിക്ക് പല വിയോജിപ്പുകളും ഉണ്ടായി. തിരക്കഥയോടെ പൂര്‍ണമായും നീതി പുലര്‍ത്തണം എന്ന് എനിക്കുണ്ടായിരുന്നു. അതൊക്കെ ഞാന്‍ പ്രകടമാക്കുകയും ചെയ്തു. ഒന്നും മിണ്ടാതെ കണ്ടു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ തന്നെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. സിനിമാക്കാര്‍ക്കിടയില്‍ ഇതൊരു സംസാരമായി. അതോടെ പലരും എന്നെ മാറ്റി നിര്‍ത്തി. ആര്‍ക്കുവേണ്ടിയും ഞാന്‍ കീഴടങ്ങിയിട്ടില്ല. ഒന്നിനുവേണ്ടിയും ഞാനെന്റെ വരികളെ വികലമാക്കിയിട്ടില്ല. അതിലെനിക്ക് അഭിമാനമുണ്ട്. ഇനി ഞാനന്ന് വരികള്‍ മാറ്റിയിരുന്നെങ്കിലും വലിയ അത്ഭുതങ്ങള്‍ എന്റെ ജീവത്തില്‍ സംഭവിക്കുമായിരുന്നുവെന്ന ചിന്തയും ഇല്ല. ഒരിക്കല്‍ ഒരു പ്രശസ്തനായ നിര്‍മാതാവിനെ കണ്ടപ്പോള്‍ പറഞ്ഞത് വയലാറിനെ കൊണ്ടാണ് ഞാന്‍ എന്റെ ചിത്രങ്ങളില്‍ പാട്ടെഴുതിക്കുന്നത്. അദ്ദേഹത്തിന് സമയമില്ലാതെ വന്നാല്‍ നിങ്ങളെ വിളിക്കാം എന്നാണ്. ഒരു പാട്ടിന്റെ പേരിലാണെങ്കിലും എന്നെ പുതിയതലമുറയും ഓര്‍ക്കുന്നു എന്നതിലാണ് എന്റെ സന്തോഷം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആദ്യം ഞാന്‍ തന്നെയാണ് രചിച്ചത്. ഗാനങ്ങളുടെ കച്ചവട സാധ്യതയ്ക്കുവേണ്ടി ഭാസ്‌ക്കരന്‍മാഷിനെകൊണ്ട് രണ്ടു ഗാനങ്ങളും രചിച്ചു. ദേവീക്ഷേത്രനടയിലും കിനാവിന്റെ കടവിലും മാഷ് രചിച്ചതെന്നാണ് അക്കാലത്ത് പലരും കരുതിയത്. മാഷ് രചിച്ച കണ്ണാലെ പാര് പുന്നാര മോനെ എന്ന ഗാനമാണ് ഞാന്‍ രചിച്ചതെന്നായിരുന്നു പലരുടെയും ധാരണ. കുട്ടികളൊക്കെ എന്റെ പിന്നാലെ നടന്ന് ഈ ഗാനം പാടുമായിരുന്നു,' പരത്തുള്ളി രവീന്ദ്രന്‍ പറയുന്നു.

തുടര്‍ന്ന്  കെ. പി. ഉദയഭാനുവിന്റെ സംഗീതത്തില്‍ 'ചുണകുട്ടികള്‍' എന്ന ചിത്രത്തിലും ഗാനങ്ങള്‍ രചിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT