മാപ്പിളപ്പാട്ടുകളും കാവുതീണ്ടൽപാട്ടുകളും കേട്ടുവളർന്ന പി.ഭാസ്കരനിൽ ചെറുപ്പം മുതൽ സംഗീതം തംബുരു മീട്ടിയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നന്തിയേലത്ത്  പത്മനാഭമേനോൻ സാഹിത്യത്തിലും പാട്ടിലും കമ്പമുള്ള ആളുമായിരുന്നു. സംഗീതമധുരമായിരുന്നു ഗൃഹാന്തരീക്ഷം. അച്ഛൻ വാങ്ങിയ ഗ്രാമഫോണിലൂടെ പങ്കജ് മല്ലിക്കിന്റെയും സൈഗാളിന്റെയും പാട്ടുകൾ ഒഴുകും. എന്നിലെ കവിതയും  സംഗീതവും  രാഷ്ട്രീയവുമെല്ലാം അച്ഛന്റെ സംഭാവനയാണെന്നു പി.ഭാസ്കരൻ ആത്മകഥയിൽ പറയുന്നുണ്ട്. പിതാവിന്റെ മരണം പി.ഭാസ്കരന്റെ മനസ്സിൽ ഏൽപിച്ച പരുക്ക് വലുതായിരുന്നുവെങ്കിലും എല്ലാം മറന്ന് കവിതയുടെ സ്വർലോക ഗംഗയിൽ മുഴുകാനും  അതിലൂടെ പ്രശസ്തിയുടെ പടവുകൾ കയറാനും അദ്ദേഹത്തിനു കഴിഞ്ഞു. കവിതയിൽ അടക്കം രണ്ട് ആത്മകഥ എഴുതിയ ആളാണ് പ്രശസ്ത കവിയും ഗാനരചയിതാവും സിനിമാസംവിധായകനുമായിരുന്ന പി.ഭാസ്കരൻ. ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന ആത്മകഥാകാവ്യത്തിന് 1981–ലെ ഓടക്കുഴൽ അവാർഡും  കേരള സാഹിത്യഅക്കാദമി അവാർഡും ലഭിച്ചു.  ജീവിത സ്മരണകൾ, കടാറുമാസം  എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഗദ്യത്തിലുള്ള ആത്മകഥ.

ഫോർത്ത് ഫോമിൽ പഠിക്കുമ്പോൾ സ്കൂളിലെ കൈയെഴുത്തു മാസികയിലാണ് ഭാസ്കരന്റെ ആദ്യ കവിത വെളിച്ചം കാണുന്നത്. ഏഴിൽ പഠിക്കുമ്പോൾ മാതൃഭൂമി ബാലപംക്തിയിൽ ആദ്യ കഥയും പ്രസിദ്ധപ്പെടുത്തി. 1949–ൽ അപൂർവസഹോദരർകൾ എന്ന തമിഴ് സിനിമയ്ക്ക്  പാട്ട് എഴുതിയാണ് പി.ഭാസ്കരൻ ഗാനരചനാ ലോകത്ത് എത്തുന്നത്. നീലക്കുയിൽ എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം എഴുതിയ ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ’ എന്നു തുടങ്ങുന്ന പാട്ടിന്റെ മധുരം ആറരപതിറ്റാണ്ട് പഴകിയിട്ടും മലയാളികളുടെ ചുണ്ടിൽ നിന്നു മാഞ്ഞുപോയിട്ടില്ല. രാമുകാര്യാട്ടും പി.ഭാസ്കരനും ചേർന്നു സംവിധാനം ചെയ്തു1954–ൽ പുറത്തിറങ്ങിയ നീലക്കുയിൽ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാള സിനിമയെന്ന കീർത്തിയും സ്വന്തമാക്കി. അതിൽ പോസ്റ്റ്മാനായി വേഷമിട്ടതും ഭാസ്കരനായിരുന്നു. മുന്നൂറിലേറെ ചിത്രങ്ങൾക്കായി ആയിരത്തിയഞ്ഞൂറിലേറെ പാട്ടുകൾ എഴുതിയ അദ്ദേഹം 1970, 1985,1992 വർഷങ്ങളിൽ ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. അല്ലിയാമ്പൽ കടവിൽ, കദളിവാഴ കയ്യിലിരുന്ന്,മാമലകൾക്കപ്പുറത്ത് തുടങ്ങി എത്രയെത്ര മനോഹര ഗാനങ്ങളാണ് പി.ഭാസ്കരന്റെ തൂലിക അനശ്വരമാക്കിയത്! രാഷ്ട്രീയത്തിൽ ആവേശം മൂത്ത് പി.ഭാസ്കരൻ ഖദറും ഗാന്ധിത്തൊപ്പിയും അണിഞ്ഞാണ് മിക്കപ്പോഴും  സ്കൂളിൽ പോയിരുന്നത്. കമ്യുണിസ്റ്റ് സഹയാത്രികനും  വിദ്യാർഥി ഫെഡറേഷനിൽ അംഗവുമായിരുന്ന അദ്ദേഹം പഠനത്തിൽ ഉഴപ്പിയതുകാരണം ബിരുദപരീക്ഷ എഴുതാനാകാതെ കോളജിൽ നിന്നു പുറത്തായി.  

കൊടുങ്ങല്ലൂർ ഗവ.ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ദേശാഭിമാനി, ജയകേരളം  എന്നിവയിൽ പത്രാധിപസമിതി അംഗമായും  ദീപിക ആഴ്ചപ്പതിപ്പ് പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള  സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി, ചെയർമാൻ സ്ഥാനങ്ങളും കെഎസ്എഫ്ഡിസി ആദ്യ ചെയർമാൻ, ഏഷ്യാനെറ്റ് സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു. കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്റായി ചേർന്നെങ്കിലും  കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച് പുറത്താക്കപ്പെട്ടു. 

   

1942–ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ  പങ്കെടുത്തതിന് അറസ്റ്റിലായി 6മാസം കഠിന തടവിന് ശിക്ഷിക്കപ്പെട്ടു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോഴുണ്ടായ സംഭവബഹുലമായ അനുഭവങ്ങൾ കാടാറുമാസത്തിൽ വായിക്കാം. കൊച്ചിയിൽ ഒളിവിൽ കഴിയുന്ന നേതാക്കൾക്കുവേണ്ടി പണം പിരിക്കാൻ പോകവേ കോട്ടയത്തുവച്ച് പൊലീസ് പിടിയിലായ അദ്ദേഹത്തിന് 16ദിവസം പൊലീസ് മർദനത്തിനിരയാകേണ്ടിയും വന്നു.തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളും  നാടക, വിപ്ലവഗാന രചനയും നടത്തിയ അദ്ദേഹം  വയലാർ വെടിവയ്പ്പിനെക്കുറിച്ച്  എഴുതിയ ‘വയലാർ ഗർജിക്കുന്നു’ എന്ന  കവിതാ സമാഹാരം ദിവാൻ  സി.പി.രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. ചങ്ങമ്പുഴ,വൈക്കം മുഹമ്മദ് ബഷീർ, ഗായകൻ എം.എസ്.ബാബുരാജ്,കെ.രാഘവൻ, ഉദയഭാനു, പ്രേംനസീർ, എംടി, ശോഭന പരമേശ്വരൻ,  തോപ്പിൽഭാസി തുടങ്ങിയവരുമായുള്ള ഉറ്റബന്ധങ്ങളും ആത്മകഥാ വിഷയങ്ങളാണ്.

പി.ഭാസ്കരൻ

ജനനം: 1924 ഏപ്രിൽ 21ന് കൊടുങ്ങല്ലൂരിൽ

പിതാവ്: പത്മനാഭമേനോൻ

മാതാവ്: അമ്മാളു അമ്മ

ഭാര്യ: ഇന്ദിര

മക്കൾ: രാധിക, രാജീവൻ, വിനയൻ, അജിതൻ

മരണം: 2007 ഫെബ്രുവരി 25

പ്രധാനകൃതികൾ : ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു, വയലാർ ഗർജിക്കുന്നു, ഒസ്യത്ത്, പാടും  മണൽത്തരികൾ, ഓടക്കുഴലും  ലാത്തിയും.

പുരസ്കാരങ്ങൾ: ഓടക്കുഴൽ അവാർഡ്,   കേരള സാഹിത്യഅക്കാദമി അവാർഡ്, വള്ളത്തോൾ അവാർഡ്. പി.ഭാസ്കരൻ സംവിധാനം ചെയ്ത നായരുപിടിച്ച പുലിവാല്, ആദ്യകിരണങ്ങൾ, തുറക്കാത്ത വാതിൽ‌, ഇരുട്ടിന്റെ ആത്മാവ്  എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി.ഡാനിയൽ അവാർഡ്.