പരിഹസിക്കാൻ എതിരാളികൾ കൂട്ടു പിടിച്ച സിനിമാപ്പാട്ട്; വരികൾ അസലെന്ന് ലീഡർ; ഏതു തിരഞ്ഞെടുപ്പിലും ഈ പാട്ടുകൾ ഹിറ്റ്
ആരെയും ഉദ്ദേശിച്ചല്ലെന്നു പറഞ്ഞാലും കൊള്ളേണ്ടിടത്തു കൊണ്ടപോലെയാണ് മലയാള സിനിമയിലൂടെ കേട്ടാസ്വാദിച്ച തിരഞ്ഞെടുപ്പു ഗാനങ്ങള്‍. വാഗ്ദാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ പൊള്ളത്തരങ്ങളുമൊക്കെ രസകരമായി അവതരിപ്പിച്ച ഗാനങ്ങളാണ് ഇവയില്‍ മിക്കതും. വ്യക്തമായ രാഷ്ട്രീയമുള്ള ഗാനരചയിതാക്കളും അപൂര്‍വമായി വീണുകിട്ടുന്ന ഇത്തരം ഗാനസന്ദര്‍ഭങ്ങളെ കൃത്യമായി വിനിയോഗിച്ചു. ഈ പാട്ട് എന്നെ ഉദ്ദേശിച്ചാണോ എന്നു തോന്നിയ നേതാക്കളും ഇത് ആ നേതാവിനെ ഉദ്ദേശിച്ചല്ലേ എന്നു തോന്നിയ പ്രവര്‍ത്തകരും ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്.
തിരഞ്ഞെടുപ്പുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നും ഇല്ലെങ്കിലും രാഷ്ട്രീയ വിവാദമുണ്ടാക്കിയ ഒരു ഗാനമുണ്ട്. ബിച്ചു തിരുമല രചിച്ച, ‘അങ്കക്കുറി’യിലെ ‘കാടുവിട്ടു നാടുകേറി കൂടുവിട്ടു കൂടുമാറി കുരങ്ങന്‍ മനുഷ്യനായി’ എന്ന ഗാനം. എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ യേശുദാസായിരുന്നു ഈ ഹാസ്യഗാനം ആലപിച്ചത്. ചാരായം കുടിച്ചിരിക്കുന്നതിനിടയില്‍ തന്റെ കുട്ടിക്കുരങ്ങനെ നോക്കി കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പാടുന്ന പാട്ട് അക്കാലത്ത് അപൂര്‍വമായ രാഷ്ട്രീയ സംഗീത വിവാദത്തിനാണ് തുടക്കമിട്ടത്. 1979 കാലഘട്ടം, കോണ്‍ഗ്രസില്‍ വലിയ കലാപങ്ങളുടെ കാലം കൂടിയായിരുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ വിവാദങ്ങളും എ. കെ. ആന്റണിയുമായുള്ള പോരുമൊക്കെയായി കെ. കരുണാകരനാണ് അക്കാലത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. പാട്ടിലെ പല വരികളും കെ. കരുണാകരനുമായി ചേര്‍ന്നു നില്‍ക്കുന്നു എന്ന ആരോപണം പലരും ഉന്നയിച്ചതോടെ എതിര്‍പക്ഷം പാട്ടിനെ ഏറ്റെടുത്തു. കരുണാകരനെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഈ ഗാനം പലരും കയ്യടിച്ച് കളിയാക്കി പാടി. എന്നാല്‍ ഈ ഗാനത്തില്‍ താനൊരു രാഷ്ട്രീയവും ഒളിപ്പിച്ചുവച്ചിട്ടില്ലെന്ന് ബിച്ചു തിരുമല പറയുന്നു. ‘അക്കാലത്ത് പലരും എന്നോട് ഇതേക്കുറിച്ചു ചോദിച്ചിട്ടുണ്ട്. സന്ദര്‍ഭത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ എഴുതി വന്നപ്പോള്‍ പലരും അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ് വിവാദങ്ങളുണ്ടാക്കിയത്. അക്കാലത്ത് വി.ജെ.ടി ഹാളില്‍ നടന്ന ഒരു പരിപാടിയില്‍ കെ. കരുണാകരനുമായി വേദി പങ്കിട്ടു. ആ പാട്ട് അസലായിരിക്കുന്നു, എനിക്കത് വലിയ ഇഷ്ടമാണെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്.’ ബിച്ചു തിരുമല പറയുന്നു.
രാഷ്ട്രീയ നാടകങ്ങള്‍ ഏറെയുള്ളതുകൊണ്ടു തന്നെയാകാം തിരഞ്ഞെടുപ്പ് ഗാനങ്ങളില്‍ പലതും ഹാസ്യാത്മകമാകുന്നത്. 1966 ല്‍ വയലാര്‍ - എല്‍.പി.ആര്‍ വര്‍മ കൂട്ടുകെട്ടില്‍ പിറന്ന, ‘സ്ഥാനാര്‍ത്ഥി സാറാമ്മ’യിലെ ഗാനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ‘കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്കോട്ടില്ല’ എന്ന ഗാനം ആലപിച്ചതാകട്ടെ അടൂര്‍ ഭാസിയും. പ്രകടനപത്രിക രൂപത്തിലുള്ള പാട്ടില്‍ അരിയുടെ കുന്നുകള്‍ നാടാകെ, നികുതി വകുപ്പ് പിരിച്ചുവിടും, തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും തുടങ്ങിയ വരികള്‍ മോഹനവാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ചൂണ്ടുവിരല്‍ കൂടിയായിരുന്നു. കുരുവിപ്പെട്ടി പാട്ടിറങ്ങിക്കഴിഞ്ഞ് ആലപ്പുഴയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ വയലാറിന്റെ ജീവിതത്തിലുണ്ടായ രസകരമായ സംഭവം ഓര്‍ത്തെടുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനും അന്ന് സഹയാത്രികനുമായിരുന്ന കെ. രാമകൃഷ്ണന്‍നായര്‍. യാത്രയ്ക്കിടയില്‍ കൊല്ലത്തുള്ള ഒരു രാഷ്ട്രീയ നേതാവ്
വയലാറിനെ കണ്ടതോടെ ഒപ്പംകൂടി. കുരുവിപ്പെട്ടി ഇത്തിരി കൂടിപ്പോയല്ലോ സാറേ എന്ന് വയലാറിനോടു പരാതി പറഞ്ഞു. വയലാര്‍ ഒരു ചിരിയില്‍ എല്ലാം ഒതുക്കിയെങ്കിലും നേതാവ് വിട്ടില്ല. അയാള്‍ പാട്ടിനെ അടിമുടി വിമര്‍ശിച്ചു. എല്ലാം കേട്ടിരുന്ന വയലാര്‍ ഒടുവില്‍ മൗനം വെടിഞ്ഞു, ക്ഷമിക്കണം. ഞാനിത് നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ല എഴുതിയതെന്ന് പറഞ്ഞതോടെ നേതാവിന്റെ പൊടിപോലും കണ്ടില്ലെന്നും രാമകൃഷ്ണന്‍ നായര്‍ ഓര്‍ക്കുന്നു.
ചിത്രത്തില്‍ അടൂര്‍ ഭാസിയും സംഘവും ആലപിച്ച പ്രകടനരൂപത്തിലുളള ‘സിന്ദാബാദ് സിന്ദാബാദ് കുരുവിപ്പാര്‍ട്ടി സിന്ദാബാദ്’ എന്ന ഗാനവും തിരഞ്ഞെടുപ്പ് ഓളവും ആവേശവുമൊക്കെ സൃഷ്ടിച്ചതാണ്. ഫലം വന്നതോടെ തോറ്റുപോയ കടുവപ്പാര്‍ട്ടിക്ക് അന്ത്യകൂദാശ കുറിക്കാനെന്നവണ്ണമുള്ള പാട്ടായിരുന്നു ഉത്തമനും സംഘവും ആലപിച്ച ‘തോറ്റുപോയ് തോറ്റുപോയ് കടുവാപ്പാര്‍ട്ടി തോറ്റുപോയ്’ എന്ന ഗാനം. വിജയാഘോഷത്തോടെ കടന്നു പോകുന്ന സംഘം എതിര്‍പാര്‍ട്ടിയെ പാട്ടിലൂടെ പരിഹസിക്കുന്നതാണ് സന്ദര്‍ഭം.
1985 ല്‍ പുറത്തിറങ്ങിയ ‘മാന്യമഹാജനങ്ങളേ’ എന്ന ചിത്രത്തില്‍ പൂവച്ചല്‍ ഖാദര്‍ എഴുതി ശ്യാം സംഗീതം നല്‍കിയ ‘മാന്യമഹാജനങ്ങളേ ആഴികള്‍പോലെ വീചിയുണര്‍ത്തും ജനങ്ങളെ’ എന്ന വോട്ടുപാട്ടും അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സ്വയം പുകഴ്ത്തലിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും തിരഞ്ഞെടുപ്പു കാലത്ത് അണിനിരക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങളെപ്പറ്റിയുള്ള ഗാനം കൂടിയായിരുന്നു ഇത്.
‘എല്ലാര്‍ക്കും കിട്ടിയ സമ്മാനം’ എന്നാണ് വോട്ടിനെക്കുറിച്ച് കാവാലം നാരായണപ്പണിക്കര്‍ ‘ആയിരപ്പറ’യിലെ ഗാനത്തിൽ പറയുന്നത്. രവീന്ദ്രന്റെ സംഗീതത്തില്‍ എം. ജി. ശ്രീകുമാറും അരുന്ധതിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ‘തോന്ന്യാസച്ചീട്ടല്ല’ അതെന്നും പാട്ടില്‍ കാവാലം എടുത്തു പറയുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വിലയുള്ള നോട്ടാണ് വോട്ടെന്ന് '‘ക്ലാസ്‌മേറ്റ്‌സി’ലൂടെ പറഞ്ഞത് വയലാര്‍ ശരത്ചന്ദ്രവര്‍മയാണ്. പുതിയ കാലത്തെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് ഗാനവും അലക്‌സ് പോള്‍ സംഗീതം നല്‍കിയ ‘വോട്ട്, ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്ത് വിലയുള്ള നോട്ട്’ എന്ന ഗാനമാണ്. കലാലയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഈ ഗാനം ആലപിച്ചത് എം. ജി. ശ്രീകുമാറും പ്രദീപ് പള്ളുരുത്തിയും ചേര്‍ന്നാണ്. ‘പാട്ടിലൂടെ ഒരു അടിവേണം, രസമുള്ളൊരു അടി. രാഷ്ട്രീയവും കളിയാക്കലുമൊക്കെ അതില്‍ ചേര്‍ന്നു നില്‍ക്കണ’മെന്ന് ലാല്‍ജോസ് സന്ദര്‍ഭം പറഞ്ഞതോടെ ശരത് എഴുതിയ ഗാനമാണിത്. ‘ഇതില്‍ എന്റെ രാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്ന് എന്നെ അറിയുന്ന പലരും പറഞ്ഞു. രസമുള്ള സന്ദര്‍ഭമായിരുന്നു അത്. സ്‌കൂള്‍ക്കാലം മുതല്‍ വ്യക്തമായ രാഷ്ട്രീയമുള്ള, അതിനെ അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ പാട്ടെഴുത്തും എളുപ്പമായിരുന്നു’– വയലാര്‍ ശരത്ചന്ദ്രവര്‍മ പറയുന്നു.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍, എങ്ങനെ നേതാവാകാം എന്നത് രസകരമായി അവതരിപ്പിച്ച ഗാനമാണ് ‘വാളെടുക്കണം, വലവിരിക്കണം...’. റഫീഖ് അഹമ്മദ് എഴുതി വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചത് ജി. ശ്രീറാം ആയിരുന്നു. ‘നേരാനേരത്ത് വാക്ക് മാറ്റണം’, ‘കാലുമാറണം ചോട് മാറ്റണം’ എന്നിങ്ങനെയുള്ള വരികള്‍, നഷ്ടപ്പെടുന്ന രാഷ്ട്രീയമൂല്യങ്ങളെക്കൂടി അടയാളപ്പെടുത്തുന്നു. ‘ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഞാനും വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുള്ളവരാണ്. രാഷ്ട്രീയക്കാര്‍ മുഴുവന്‍ പ്രശ്‌നക്കാരാണെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ല. രാഷ്ട്രീയത്തിലെ ചില പൊള്ളത്തരങ്ങളെ, തെറ്റായ പ്രവണതകളെയൊക്കെ തുറന്നു കാണിക്കാനാണ് ഇങ്ങനെയൊരു പാട്ടിലൂടെ ശ്രമിച്ചത്’.– റഫീഖ് അഹമ്മദ് പാട്ടനുഭവം പങ്കുവയ്ക്കുന്നു.
‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലെ രാഷ്ട്രീയ ഗാനവും ബഹുരസമാണ്. സന്തോഷ് വര്‍മ രചിച്ച ‘മാവേലിക്ക് ശേഷം നീയേയുള്ളെന്നോരോ മാലോരേയും തോന്നിപ്പിച്ചാല്‍ നീയേ നേതാവ്..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയത് ബിജിബാലാണ്. നജീം അർഷാദ് ആലപിച്ച ഗാനത്തില്‍ തിരഞ്ഞെടുപ്പും നേതാക്കളുടെ വാഗ്ദാന പ്രഹസനവുമൊക്കെയാണ് വിഷയം. ‘വളരെ പെട്ടെന്ന് എഴുതിയ ഗാനമായിരുന്നു അത്. രാഷ്ട്രീയത്തിന്റെ ചില മോശം വശങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ച ഗാനം’ – സന്തോഷ് വര്‍മ പാട്ടോര്‍മ പങ്കുവയ്ക്കുന്നു.
‘പഞ്ചവടിപ്പാല’ത്തില്‍ ചൊവ്വല്ലൂര്‍ - എ.ടി. ഉമ്മര്‍ കൂട്ടുകെട്ടില്‍ പിറന്ന ‘വിപ്ലവവീര്യം ഉണര്‍ന്നുയരട്ടെ’, ‘രാമലീല’യില്‍ ഹരിനാരായണന്‍ - ഗോപിസുന്ദര്‍ കൂട്ടുകെട്ടില്‍ പിറന്ന ‘സടകുടയണ നേതാവ്’ തുടങ്ങിയ ഗാനങ്ങളും തിരഞ്ഞെടുപ്പ് ആവേശം പകരുന്നതാണ്. രാഷ്ട്രീയ പശ്ചാത്തലമുള്ള, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘സന്ദേശം’. എന്നിട്ടും ഈ സത്യൻ അന്തിക്കാട് ചിത്രത്തിൽ തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് കൗതുകം. കൈതപ്രം - ജോൺസൺ കൂട്ടുകെട്ടിൽ പിറന്ന ‘തുമ്പപ്പൂ കോടിയുടുത്തു’ എന്ന ഗാനത്തിൽ ഒരു രാഷ്ട്രീയ ജാഥയുടെ ദൃശ്യം മാത്രമാണുള്ളത്.