ഇന്ത്യൻ സിനിമാ സംഗീതലോകത്ത് ഇനിയാർക്കും തകർക്കാൻ പറ്റാത്തൊരു റെക്കോർഡുണ്ട്. 1990ൽ റിലീസ് ചെയ്ത ‘ആഷിക്വി’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് 2 കോടി കാസറ്റുകൾ വിറ്റ് വിൽപനയിൽ ചരിത്രമെഴുതിയത്. നദീം–ശ്രാവൺ എന്ന സൂപ്പർഹിറ്റ് സംഗീത സംവിധായക ജോഡി ബോളിവുഡ് ലോകത്ത് രാജകീയമായി ഇരിപ്പുറപ്പിച്ച ഗാനങ്ങൾ. പിന്നീട് ഒരു കോടി കാസറ്റുകൾ വിറ്റ സാജൻ, ഒരു കോടി 10 ലക്ഷം കാസറ്റുകൾ വിറ്റ രാജാ ഹിന്ദുസ്ഥാനി എന്നിവയും ഈ സൂപ്പർഹിറ്റ് സംഗീത സംവിധായകർ ഈണം നൽകിയ ഗാനങ്ങളായിരുന്നു. കാസറ്റുകൾ അന്യം നിന്നു പോയ ഇക്കാലത്ത് ഈ റെക്കോർഡുകൾ എന്നും നിലനിൽക്കുമെന്നുറപ്പ്.

 കോവിഡ് ശ്രാവൺ റാത്തോഡിന്റെ ജീവൻ കവർന്നപ്പോൾ സഹോദരനെ നഷ്ടമായെന്നാണു നദീം പ്രതികരിച്ചത്. സവിശേഷതകൾ ഏറെയുണ്ട് ഇരുവരും തമ്മിലുള്ള സൗഹൃദത്തിനും സംഗീത സംവിധായക കൂട്ടുകെട്ടിനും. 1954ൽ ആണ് ഇരുവരും ജനിച്ചത്. നദീം അക്തർ സെയ്ഫി എന്ന നദീം ഓഗസ്റ്റിലും ശ്രാവൺ കുമാർ റാത്തോഡ് എന്ന ശ്രാവൺ നവംബറിലും. 2021 ഏപ്രിൽ 22ന് കോവിഡ് ശ്രാവണിനെ തട്ടിയെടുത്തു. ഹിന്ദി സിനിമാ സംഗീത ലോകത്ത് ഇനി ശ്രാവൺ തീർത്ത മെലഡിയുടെ നിത്യവസന്തം സംഗീതപ്രേമികൾക്കു സ്വന്തം. 

 ബോളിവുഡ് സിനിമ പോലെ തന്നെ നാടകീയതകൾ നിറഞ്ഞതാണ് നദീം–ശ്രാവൺ ജോ‍ഡിയുടെ ജീവിതവും. 1973ൽ ഒരു സംഗീത മത്സരവേദിയിലാണ് ഇരുവരും പരിചയപ്പെടുന്നത്. 1977ൽ റിലീസ് ചെയ്ത ഭോജ്പുരി ചിത്രം ദംഗൽ ആണ് ഇരുവരും ചേർന്ന് സംഗീതം നിർവഹിച്ച ആദ്യ സിനിമ. ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി ആ ചിത്രത്തിൽ പാടിയിട്ടുണ്ട്. 1981ൽ ആദ്യ ഹിന്ദി സിനിമ പുറത്തിറങ്ങി. 1990കൾ വരെ ഏതാനും ചിത്രങ്ങൾക്ക് ഇരുവരും ചേർന്ന് സംഗീതം നൽകിയെങ്കിലും ഹിറ്റുകൾ ഒന്നും പിറന്നില്ല. ലക്ഷ്മീകാന്ത്–പ്യാരേലാൽ, ആനന്ദ്–മിലിന്ദ് ജോഡികളായിരുന്നു അന്ന് ഹിന്ദി സിനിമാ സംഗീത സംവിധായകരിലെ അതികായർ. കാസറ്റ് രാജാവ് ഗുൽഷൻ കുമാറിന്റെ ടി സീരിസ് 1990ൽ പുറത്തിറക്കിയ ആഷിക്വി നദീം–ശ്രാവൺ ജോഡിയുടെ തലവര മാറ്റിയ ചിത്രമാണ്. പിന്നീട് വിജയപരമ്പര. സാജൻ (1991), ഫൂൽ ഔർ കാൺഡെ(1991), സടക് (1991), ദീവാന (1992), ദിൽവാലെ (1994), രാജ (1995), രാജാ ഹിന്ദുസ്ഥാനി (1996), ജീത് (1996), പർദേസ് (1997) എന്നിങ്ങനെ 1990കളിൽ മെലഡിയുടെ നിത്യവസന്തം തീർത്ത് ഒട്ടേറെ ഗാനങ്ങൾ. ഇന്നും ആസ്വാദകഹൃദയങ്ങളിൽ അലയടിക്കുന്ന ഗാനങ്ങൾ. കുമാർ സാനു, ഉദിത് നാരായൺ, അൽക്ക യാഗ്നിക്ക് എന്നിവരായിരുന്നു നദീം–ശ്രാവൺ ജോഡിയുടെ പ്രധാന ഗായകർ. ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ, അനുരാധ പാദ്‌വാൾ, കവിത കൃഷ്ണമൂർത്തി, സാദ്ന സർഗം, പൂർണിമ, കെ.എസ്.ചിത്ര, എസ്.പി.ബാലസുബ്രഹ്മണ്യം, ഹരിഹരൻ, പങ്കജ് ഉദാസ്, അഭിജിത്ത്, വിനോദ് റാത്തോഡ്, സോനു നിഗം തുടങ്ങിയ പ്രമുഖ ഗായകരെല്ലാം നദീം–ശ്രാവൺ ഈണം  നൽകിയ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഷാറുഖ് ഖാൻ ആദ്യമായി ഗാനരംഗത്ത് അഭിനയിക്കുന്നത് നദീം–ശ്രാവൺ ഈണം നൽകിയ ഗാനത്തിലാണ്–ദീവാന (1992).

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കെയാണ് 1997 ഓഗസ്റ്റ് 12ന് ടി സീരിസ് കാസറ്റ് കമ്പനി ഉടമ ഗുൽഷൻ കുമാർ കൊല്ലപ്പെടുന്നത്. ഡി കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന മുംബൈ അധോലോകവുമായി ഈ മരണത്തിന് ബന്ധമുണ്ടെന്നു മുംബൈ പൊലീസ് കണ്ടെത്തി. ഈ കേസിൽ നദീം പ്രതി ചേർക്കപ്പെട്ടു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമുമായി നദീം ദുബായിൽ വച്ച് സംഗീത നിശയ്ക്കിടെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. തുടർന്നു നദീം ഇന്ത്യ വിട്ട് ഇംഗ്ലണ്ടിലേക്കു പോയി. 2001ൽ ലണ്ടൻ കോടതിയും മുംബൈ കോടതിയും നദീമിനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കി. നദീം–ശ്രാവൺ ജോഡി പിന്നീട് ചില ചിത്രങ്ങൾ കൂടി ചെയ്തെങ്കിലും പഴയ പ്രഭാവം തിരിച്ചുപിടിക്കാനായില്ല. എ.ആർ.റഹ്മാൻ ഉൾപ്പെടെയുള്ളവർ ബോളിവുഡ് സംഗീത ലോകത്ത് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. 2005നു ശേഷം നദീം–ശ്രാവൺ ജോഡി വേർപിരിഞ്ഞു. നദീം ബ്രിട്ടീഷ് പൗരത്വം എടുക്കുകയും പിന്നീട് ദുബായിലേക്കു ചേക്കേറി പെർഫ്യൂം ബിസിനസ് തുടങ്ങുകയും ചെയ്തു. ശ്രാവൺ മക്കളായ സഞ്ജീവ്–ദർശൻ ജോഡിക്ക് സംഗീതലോകത്ത് വഴികാട്ടി ഒതുങ്ങിക്കൂടി. നദീം–ശ്രാവൺ ജോഡി വ്യക്തിപരമായി അകന്നെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും 2013ൽ ഒരു അഭിമുഖത്തിൽ നദീം അത് നിഷേധിച്ചിരുന്നു. ഇപ്പോൾ 66–ാം വയസിൽ ശ്രാവൺ വിടവാങ്ങുമ്പോൾ പാട്ടുകളുടെ അനശ്വരത ബാക്കി.