ശബ്ദലോകത്തെ പൂക്കളാണ് പാട്ടുകൾ എന്നു പറയാറുണ്ട്. പ്രത്യേകിച്ച് സിനിമാ പാട്ടുകൾ. പക്ഷേ, സിനിമാ സംഗീതത്തിന്റെ പല്ലവി മുതൽ അനുപല്ലവി വരെയും ചരണം മുതൽ സഞ്ചയനം വരെയുമുള്ള മിക്കവാറും കാര്യങ്ങളെക്കുറിച്ച് പലരും ഇതിനോടകം എഴുതിക്കഴിഞ്ഞു. ദേവരാജൻമാഷ് ഈണമിട്ടുകൊണ്ടിരിക്കുമ്പോൾ വഴിയിലൂടെ കടലകൊറിച്ചുനടന്നവനെപ്പറ്റിപ്പോലും ആർഭാടവും വികാരനിർഭരവുമായ എഴുത്തുകളുണ്ടായി. പാട്ടുകളെക്കാൾ പാട്ടുനിരൂപകരുള്ള കാലമായതുകൊണ്ടുതന്നെ സസ്യശാസ്ത്രപരമായ സമീപനത്തോടെ പാട്ടിലെ പൂക്കളെക്കുറിച്ചാണ് ഈ കുറിപ്പ്. മലയാളത്തിലെ പ്രണയഗാനങ്ങളിൽ പൂമണമില്ലാത്ത വരികൾ താരതമ്യേന കുറവായിരിക്കും. പാട്ട് അറിയാമെങ്കിലും പാട്ടിൽ പറയുന്ന പൂവിനെക്കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. അറിയുന്നവർ ഭാഗ്യവാന്മാർ. ചില പ്രശസ്ത സിനിമാ ഗാനങ്ങളിൽ പറയുന്ന പൂക്കൾ ഏതൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്. ചിത്രങ്ങളായും വിശദവിവരങ്ങളായും സഹായിച്ച വി.സി.ബാലകൃഷ്ണന് പ്രത്യേക നന്ദി.

 

 

കായാമ്പൂ കണ്ണിൽ വിടരും

കമലദളം കവിളിൽ വിടരും

അനുരാഗവതീ നിൻ ചൊടികളിൽ

നിന്നാലിപ്പഴം പൊഴിയും

∙ വയലാറിന്റേതാണ് വരികൾ, കമലദളം എന്താണെന്ന് എല്ലാർക്കും അറിയാവുന്നതുകൊണ്ട് കായാമ്പൂവിനെക്കുറിച്ചു പറയാം. യഥാർഥത്തിൽ സംഗതി നല്ല മരുന്നാണ്. ശീതവീര്യമുള്ള ഇത് ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ നീലാഞ്ജനി എന്നാണു പേര്. മലയാളത്തിൽ കാശാവ്, കായാമ്പൂ, കനലി എന്നെല്ലാം വിളിക്കും. നല്ല നീല നിറത്തിലുള്ള പൂവുകളാണിതിന്. ശ്രീകൃഷ്ണന്റെ നിറത്തെ കാശാവ് പൂക്കളോടുമപിച്ച് കായാമ്പൂ വർണൻ എന്നു പറയുണ്ട്. വർഷത്തിലൊരിക്കൽ പൂക്കുന്ന ഈ ചെടി പത്ത് പന്ത്രണ്ട് അടി വരെ ഉയരം വയ്ക്കും. ദക്ഷിണേന്ത്യയിൽ മിക്കവാറും എല്ലായിടത്തും ശ്രീലങ്കയിലും കാണപ്പെടുന്നു. കശാവ് ചെടിയുടെ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കാനും ചെണ്ടക്കോലുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ‌‌ബോട്ടണി വിദ്യാർഥികൾക്കായി: കായാമ്പൂ (ശാസ്ത്രീയ നാമം Memecylon umbellatum)

താഴമ്പൂ മണമുള്ള 

തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന 

ചെറുപ്പക്കാരീ....

∙ തണുപ്പുള്ള രാത്രിയിൽ മാത്രമല്ല, വെയിലുള്ള പകലിലും ഗംഭീര സുഗന്ധം നൽകുന്നതാണ് താഴമ്പൂ അഥവാ കൈതപ്പൂ. പുഴയോരങ്ങളിലും തോട്ടുവരമ്പിലും കാണുന്ന കൈതയെ തഴ എന്നും വിളിക്കും. മുള്ളുള്ള ഇലകളോടു കൂടിയ ഈ ചെടിയിൽ പൂക്കുന്ന പൂവിനെയാണ് വയലാർ പാട്ടിലേക്കെടുത്ത് ഹിറ്റാക്കിയത്. നീണ്ടു നിൽക്കുന്ന സുഗന്ധമുള്ളതിനാൽ പണ്ടുകാലത്ത് തുണികൾ സൂക്ഷിക്കുന്ന പെട്ടിയിൽ താഴമ്പൂ വയ്ക്കുമായിരുന്നെന്നു പറയുന്നു. കൈനാറിപ്പൂവ് എന്ന് അത്ര സുഖമില്ലാത്ത ഒരു വിളിപ്പേരും ഇതിനുണ്ട്. ഈ ചെടിയുടെ ഓലകൊണ്ട് തഴപ്പായകൾ നിർമാക്കാറുണ്ട്. പക്ഷേ, പാട്ടുകളിൽ ഈ പായ വിരിച്ചിട്ടുള്ളതായി അറിവില്ല. കൈതത്തോട്, കൈതാരം, കൈതമുക്ക്, കൈതക്കുഴി എന്നിങ്ങനെയുള്ള സ്ഥലപ്പേരുകളുടെ പിന്നിലും കൈതയുടെ അദൃശ്യസുഗന്ധമുണ്ടെന്നു പറയുന്നു. കൈത എന്ന വിഭാഗത്തിൽത്തന്നെ എട്ടോളം വ്യത്യസ്ത ഇനങ്ങൾ കേരളത്തിൽ കണ്ടുവരുന്നു. കൈത (Pandanus odorifer)

പാരിജാതം തിരുമിഴി തുറന്നു

പവിഴമുന്തിരി പൂത്തുവിടർന്നു

∙ മുൻജന്മത്തിൽ വയലാർ ഒരു പൂന്തോട്ടക്കാരനായിരുന്നെന്നു തോന്നുന്നു. വെസ്റ്റ് ഇൻഡീസിൽ നിന്നു വന്ന് വയലാറിന്റെ വരികളിലൂടെ മലയാളിയുടെ പാട്ടുപെട്ടിയിൽ ഇടംപിടിച്ച പൂവാണ് പാരിജാതം. തിരുമിഴി കുറച്ചൊന്നും തുറന്നാൽപ്പോരാ നല്ല വൈഡ് ആംഗിളിൽ പിടിച്ചാലേ കാണാൻ പറ്റൂ. ഒറ്റയ്ക്കൊറ്റയ്ക്ക് അത്ര ചെറുതാണ്. വെളുത്തനിറമുള്ള ഈ പൂക്കൾ യഥാർഥത്തിൽ ചെടിയിലല്ല, മരത്തിലാണ് കായ്ക്കുന്നത്. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണിത് യഥാർഥത്തിൽ. ഇതിലുണ്ടാവുന്ന ഓറഞ്ച് മധുരമുള്ള പഴങ്ങളും പാട്ടുകേട്ടുകൊണ്ടുതന്നെ തിന്നാൻ കൊള്ളാവുന്നതാണ്. തേനീച്ചകളുടെ ഇഷ്ടപ്പെട്ട പൂവുകൂടിയാണ് പാരിജാതം. പാരിജാതം (Citharexylum spinosum)

കാട്ടുകുറുഞ്ഞിപ്പൂവും ചൂടി

സ്വപ്നം കണ്ട് മയങ്ങും പെണ്ണ്

∙ നീലക്കുറിഞ്ഞിയെത്തന്നെയായിരിക്കണം ദേവദാസെന്ന കവി ഉദ്ദേശിച്ചത്. പശ്ചിമഘട്ടത്തിന്റെ അഭിമാനവും ആഭരണവുമായ നീലക്കുറിഞ്ഞി 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്ന ഒന്നാണ്. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചതത്രെ. 2018 മേയിൽ നീലക്കുറിഞ്ഞിയുടെ വരവു പ്രതീക്ഷിച്ചെങ്കിലും മഴക്കൂടുതൽ മൂലം സെപ്റ്റംബറിലേക്ക് നീണ്ടെന്ന് വിക്കിപീഡിയ പറയുന്നു. ഇനി 2030 വരെ കാത്തിരിക്കണം കുറിഞ്ഞി വസന്തം കാണാൻ. പശ്ചിമഘട്ടത്തിനെ ലോകപൈതൃക പദവിയിലേക്ക് ഉയർത്തുന്നതിൽ നീലക്കുറിഞ്ഞികൾ സവിശേഷ പങ്കുവഹിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി (Strobilanthes kunthianus)

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം

പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

∙ പാരിജാതവും പവിഴമല്ലിയും ഒന്നല്ല. മുല്ലനേഴി മാഷെഴുതിയ പാട്ടിലെ ഈ ചെടി മുല്ല വർഗത്തിൽപ്പെടുന്നതാണ്. കോറൽ ജാസ്മിൻ എന്നും നൈറ്റ് ജാസ്മിൻ എന്നും ഇംഗ്ലിഷിൽ വിളിക്കാറുണ്ട്. ദക്ഷിണേഷ്യയിലാകെ കണ്ടുവരുന്നു. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ വൈകുന്നേരങ്ങളിൽ വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്ത് നേർത്ത ചുവപ്പുനിറമുണ്ടാകും. ഈ ചെടിയുടെ ഇല, വേര്, തൊലി എന്നിവ ഔഷധഗുണമുള്ളവയാണ്. പവിഴമല്ലി (Nyctanthes arbor-tristis)

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ

ശകുന്തളേ നിന്നെ ഓർമവരും

∙ ശകുന്തളയെ ഓർമവന്നില്ലെങ്കിലും വേണ്ടില്ല, പാട്ടെഴുതിയ വയലാറിനെ മറക്കാതിരുന്നാൽ മതി. നമ്മുടെ വേലിക്കരികിലും മറ്റും സമൃദ്ധമായി വളരുന്ന വള്ളിച്ചെടിയാണ് ശംഖുപുഷ്പം. നീല, വെള്ള നിറങ്ങളിൽ രണ്ടിനമുണ്ട്. അ‍ഞ്ചോ ഏഴോ ഇലകൾ ഒറ്റഞെട്ടിൽ കാണപ്പെടും. പൂവ് ഒറ്റയായും. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ് ഇവയുടെ ഉദ്ഭവമെന്ന് പറയുന്നു. ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണചേർത്ത് വെറും വയറ്റിൽ പതിവായി കഴിച്ചാൽ ബുദ്ധിശക്തി, ധാരണാ ശക്തി എന്നിവ കൂടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ അപരാജിത എന്നും ഇതിനു വിളിപ്പേരുണ്ട്. ശംഖുപുഷ്പം (Clitoria ternatea)

നിന്റെ മിഴിയിൽ നീലോൽപലം

നിന്നുടെ ചുണ്ടിൽ പൊന്നശോകം

നിൻ കവിളിണയിൽ കനകാംബരം

നീയൊരു നിത്യവസന്തം

∙ പി.ഭാസ്കരൻ മാഷ് ഒരു പൂക്കാലം തന്നെ വരികളിലൊരുക്കുകയായിരുന്നു ഈ പാട്ടിലൂടെ. കരിങ്കൂവളത്തെയാണ് നീലോൽപലമെന്നു പറയുന്നത്. ചുതുപ്പ് പ്രദേശങ്ങളിൽ കാണുന്ന ഔഷധസസ്യമാണിത്. നീലനിറത്തിലുള്ള പൂക്കളാണിതിന്. ഏറ്റവും ഔഷധഗുണമുള്ള ഭാഗം ഇലകളും വേരുകളുമാണ്. പിത്തം, പൊള്ളൽ, പനി എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

നിത്യഹരിത പൂമരമാണ് അശോകം. ദുഃഖത്തെ അകറ്റുന്നത് എന്ന അർഥത്തിൽ ശോകനാശം, വിശോകം എന്നെല്ലാം വിളിക്കാറുണ്ട്. വിരിയുമ്പോൾ കടുംഓറഞ്ചുനിറത്തിലുള്ള പുഷ്പങ്ങൾ ക്രമേണ കടുംചുവപ്പാകും. ഹൈന്ദവ പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള വൃക്ഷമാണ് അശോകം.

മാലകോർക്കുന്നതിനായി തമിഴ്നാട്ടിൽ ഉപയോഗിക്കുന്ന പുഷ്പമാണ് കനകാംബരം. ഒരുമീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിത ഉദ്യാനസസ്യമായ കനകാംബരം ഓറഞ്ചുനിറത്തിലാണ് പ്രധാനമായും കാണപ്പെടുന്നത് നീലനിറത്തിലുള്ള കനകാംബരവും നാട്ടിൻപുറങ്ങളിൽ കാണാറുണ്ട്.

കരിങ്കൂവളം (Monochoria vaginalis), അശോകം (Saraca asoca), കനകാംബരം (Crossandra infundibuliformis)

ചെമ്പകപ്പൂമൊട്ടിന്നുള്ളിൽ

വസന്തം വന്നൂ..

കനവിലെയിളംകൊമ്പിൽ

ചന്ദനക്കിളിയടക്കം ചൊല്ലീ.

∙ കൈതപ്രത്തിന്റേതാണ് വരികൾ. ഇതിലെ ചന്ദനക്കിളിയടക്കമുള്ള പാട്ടിലെ കിളികളെപ്പറ്റി പിന്നീട് പറയാൻ ഉദ്ദേശിക്കുന്നതുകൊണ്ട് ചെമ്പകപ്പൂവിനെക്കുറിച്ചുമാത്രമാണ് ഇപ്പോൾ വിശദീകരിക്കുന്നത്. മഞ്ഞനിറം, അകലെനിന്നേ അറിയാം സുഗന്ധം, മലയാളിയുടെ പ്രിയപ്പെട്ട ചെമ്പകത്തിന് വേറെ പരിചയപ്പെടുത്തലുകളൊന്നും വേണ്ടതില്ല. പുണ്യവൃക്ഷമായി കരുതപ്പെടുന്ന ചെമ്പകം വർഷം മുഴുവൻ പുഷ്പിക്കുന്ന ഒന്നാണ്. സ്വർണനിറത്തിൽ മാത്രമല്ല, ഓറഞ്ചു നിറത്തിലും വെള്ളനിറത്തിലും പൂക്കളുള്ള ഇനങ്ങളുണ്ട്. ചമ്പക, അതിഗന്ധ, ചാമ്പേയം, ഹേമപുഷ്പം എന്നൊക്കെയുള്ള വിളിപ്പേരുകളിൽ അറിയപ്പെടുന്നു. ചെമ്പകം (Magnolia champaca) 

കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും

കണ്ണാടി നോക്കും ചോലയിൽ

∙ ബിച്ചു തിരുമലയുടേതാണ് വരികൾ. കാട്ടുകുറിഞ്ഞിയെ നേരത്തേ പരിചയപ്പെടുത്തിയതിനാൽ കണ്ണാന്തളിയിലേക്ക് നേരെ പോകാം. പണ്ട് സുലഭമായി കാണാമായിരുന്നു. ഇപ്പോൾ വെറും കണ്ണാടിയല്ല, ഭൂതക്കണ്ണാടി ഉപയോഗിക്കേണ്ടത്ര അപൂർവം. ഓണക്കാലത്ത് പൂക്കുന്നതിനാൽ ഓണപ്പൂവ് എന്നും മലപ്പുറം ജില്ലയിൽ കാച്ചിപ്പൂ എന്നും അറിയപ്പെടുന്നു. മുസ്‌ലിം സ്ത്രകൾ പണ്ട് ഉപയോഗിച്ചിരുന്ന കാച്ചിമുണ്ടിന്റെ കരയുടെ നിറമുള്ളതിനാലാണ് കാച്ചിപ്പൂ എന്നു പറയുന്നത്. നേത്രരോഗങ്ങൾക്കുള്ള ഔഷധം കൂടിയാണിത്. ഈ സസ്യത്തിന്റെ സത്ത് കണ്ണിലൊഴിക്കുന്നതുകൊണ്ടാകണം കണ്ണാന്തളിയെന്ന് മലയാളത്തിലും അക്ഷിപുഷ്പിയെന്ന് സംസ്കൃതത്തിലും അറിയപ്പെടാൻ കാരണം. ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് പൂക്കാലം. വിരിഞ്ഞാൽ ഒരാഴ്ചയിലധികം കൊഴിയാതെ നിൽക്കും. കണ്ണാന്തളി (Exacum tetragonum) 

ആവാരം പൂവിന്മേൽ അമ്പുതൊടുക്കും

മണിമാരാ, നെഞ്ചിലൊരുത്തി

നിനക്കുണ്ടേ, കണ്ടാലഴകുണ്ടേ

∙ തമിഴ്നാട്ടിൽ അറിയപ്പെടുന്ന പേരാണ് ആവാരംപൂ. കമ്പം തേനി എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഈ പൂവിനെ ചുരം കടത്തി മലയാള സിനിമാ ഗാനത്തിലേക്കു കൊണ്ടുവന്നത് എസ്.രമേശൻനായരാണ്. കേരളത്തിൽ ഇടുക്കി, പാലക്കാട് ജില്ലകളിലെ വരണ്ട പ്രദേശങ്ങളിലും ഈ പൂവ് കാണപ്പെടുന്നു. ഏകദേശം ഒന്നരമീറ്റർ ഉയരം വയ്ക്കുന്ന കുറ്റിച്ചെടിയാണിത്. സ്വർണനിറമുള്ള പൂക്കൾ ചെറുകുലകളായി കാണപ്പെടും. ഈ പൂവ് ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിന് 160 രൂപ വിലവരുമത്രെ. ശരീരത്തിന് സ്വർണനിറം കിട്ടും എന്നാണ് വാഗ്ദാനം. പൂവും ഇലയും വേരും വേരിൻ തൊലിയുമെല്ലാം ത്വക്‌രോഗം, പ്രമേഹം എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. ഭരതന്റെ ചിത്രമായ തകരയുടെ തമിഴ് റീമേക്കിനിട്ട പേര് ആവാരം പൂ എന്നാണ്. ആവാരംപൂ (Senna auriculata) 

വാകപ്പൂ മരം ചൂടും വാരിളം

പൂങ്കുലയ്ക്കുള്ളിൽ

വാടകയ്ക്കൊരു മുറിയെടുത്തൂ

വടക്കൻ തെന്നൽ

∙ബിച്ചു തിരുമലയുടേതാണ് വരികൾ. വാകയും ഗുൽമോഹറും ഒന്നാണെന്നു കരുതുന്നവരുണ്ടെങ്കിലും സംഗതി അങ്ങനെയല്ല. രണ്ടും ഒരേ സസ്യകുടുംബത്തിൽ (Fabaceae)  പെടുന്നതാണെങ്കിലും രണ്ടു ജനുസ്സാണ്.  Albizia ജനുസ്സാണ് വാക. നെന്മേനി വാക എന്നു വിളിക്കും. ഇളം മഞ്ഞനിറമുള്ളതാണു പൂക്കൾ. ശാസ്ത്രനാമം Albizia lebbeck. ചുവന്ന പൂങ്കുലകളുള്ള ഗുൽമോഹറിനെയും നമ്മുടെ നാട്ടിൽ വാകയെന്നു വിളിച്ചു കാണാറുണ്ട്. പൂത്താൽ ഒരു അരങ്ങുതന്നെയാണ് ഗുൽമോഹർ.  ചുവപ്പു പരവതാനി വിരിച്ച വഴികളെ സൃഷ്ടിച്ച് റോഡരികിൽ പ്രണയം പറഞ്ഞങ്ങനെ നിൽക്കും. മദിരാശി മരം എന്നും വിളിപ്പേരുണ്ട്. വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇലപൊഴിക്കുകയും ചെയ്യുന്ന വൃക്ഷമാണ് ഈ മഡഗാസ്കർ സ്വദേശി. ഇപ്പോൾ വഴിവക്കിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വാകയുടെയും ഗുൽമോഹറിന്റെയും പ്രധാന ശത്രുക്കൾ ദേശീയ പാത അതോറിറ്റി, മരാമത്ത് വകുപ്പ് എന്നിവയാണ്. റോഡ് വികസനത്തിന്റെ പേരിൽ മരം വെട്ടലാണല്ലോ പ്രധാന പണി. ഗുൽമോഹർ (Delonix regia) 

ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു

ഇന്ദ്രിയങ്ങളിൽ അതു പടരുന്നു

∙ ഉന്മാദത്തിന്റെ മണം തന്നെയാണ് ഇലഞ്ഞിപ്പൂവിന്. ഇന്ദ്രിയങ്ങളിൽ പടരാതിരിക്കാൻ സാധ്യത വളരെക്കുറവ്. ഇലഞ്ഞിത്തറ മേളം കണക്കെ പതികാലത്തിൽ തുടങ്ങി കൊട്ടിക്കയറുന്ന ലഹരി ശ്രീകുമാരൻ തമ്പി പാട്ടിലൂടെ തരികയും ചെയ്തു. എരഞ്ഞി, ഇലന്നി എന്നെല്ലാം തരം പോലെ വിളിക്കുന്ന ഇലഞ്ഞി മരത്തിന്റെ പൂവ് തന്നെയാണ് ഇവിടെ പ്രതിപാദ്യം. ഇളം മഞ്ഞനിറത്തിലുള്ള പൂക്കളാണ് തടിക്കനമുള്ള ഈ വൃക്ഷത്തിന്. ഇലഞ്ഞിയുടെ പൂവിനും കായ്ക്കും കഫ,പിത്തങ്ങളെ ശമിപ്പിക്കുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതിനും ശേഷിയുണ്ടെന്നു പറയുന്നു. ഇലഞ്ഞി (Mimosops Elengi) 

ഏഴിലം പാല പൂത്തു

പൂമരങ്ങൾ കുട പിടിച്ചു

∙ ഏഴ് ഇതളുകൾ ഉള്ള ഇലകളായതിനാലാണ് ഏഴിലംപാല എന്ന പേര്. അതിസുഗന്ധമുള്ള പൂക്കൾ പക്ഷേ, തലവേദനയുള്ളവർക്ക് അസഹ്യമാകും. പൂത്താൽ നാടുമൊത്തമറിയും. അത്രയ്ക്കാണു ഗന്ധം.  യക്ഷികളുടെ സ്ഥിരം അപാർട്മെന്റായി മാന്ത്രിക നോവലുകളിൽ പറയാറുള്ള വൃക്ഷം കൂടിയാണ് ഏഴിലം പാല. ഇംഗ്ലിഷിൽ പോലും ഡെവിൾ ട്രീ എന്നാണു പേര്. യക്ഷിപ്പാല, ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല എന്നൊക്കെ മലയാളത്തിലും പല വിളിപ്പേരുകളുണ്ട്. ഈ മരത്തിന്റെ തൊലി. പാലക്കറ എന്നിവ ഔഷധഗുണമുള്ളവയാണ്. ഏഴിലംപാല (Alstonia scholaris)

ഇനിയുമുണ്ടേറെ

ചെത്തി, മന്ദാരം, തുളസി പിച്ചക മാലകൾ ചാർത്തി, തുമ്പയും തുളസിയും കുടമുല്ലപ്പൂവും എന്നിങ്ങനെ പൂക്കളെ വരികളാക്കി പാട്ടുകൾ ഇനിയുമുണ്ടേറെ. ഇതിൽ പലതും നമുക്ക് ചിരപരിചതമായതിനാൽ വിശദീകരിക്കുന്നില്ല. പാട്ടിലെ പൂക്കളെ സംബന്ധിച്ച് വായനക്കാർക്ക് കൂടുതൽ കൂട്ടിച്ചേർക്കലുകളാകാം.

∙ ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്: വി.സി.ബാലകൃഷണൻ, വിക്കിപീഡിയ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT