രാം ലക്ഷ്മണും ആ പാട്ടുകളും ഓർമയായി: വിജയ് പാട്ടീൽ ഇനിയില്ല
രാം ലക്ഷ്മൺ എന്ന പേരിൽ നിത്യഹരിത മെലഡികൾ സമ്മാനിച്ച ബോളിവുഡ് സംഗീത സംവിധായകൻ വിജയ് പാട്ടീൽ (78) ഇനി ഓർമ. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹം ഈണം നൽകിയ ഇമ്പമാർന്ന ഗാനങ്ങൾ ഇനി ആ സ്മരണ നിലനിർത്തും. മലയാളികളും ഏറെ ആസ്വദിച്ച ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിരുന്നു.
1994 ഓഗസ്റ്റിൽ റിലീസ് ചെയ്ത, മാധുരി ദീക്ഷിതും സൽമാൻ ഖാനും നായികാ നായകന്മാരായ ഹം ആപ്‌കെ ഹൈ കോൻ എന്ന ഹിന്ദി ചിത്രം അപൂർവമായ റെക്കോർഡുമായാണ് തീയറ്ററുകളിലെത്തിയത്. മൂന്നു മണിക്കൂർ 13 മിനിറ്റ് ദൈർഘ്യമുള്ള ആ ചിത്രത്തിൽ 14 ഗാനങ്ങൾ ഉണ്ടായിരുന്നു. രാം ലക്ഷ്മൺ എന്ന സംഗീത സംവിധായകനാണ് ആ ഗാനങ്ങൾക്ക് ഈണമിട്ടത്. റിലീസ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷം ചിത്രത്തിനു ദൈർഘ്യം കൂടുതലാണെന്ന പരാതിയെ തുടർന്ന് രണ്ട് ഗാനങ്ങൾ സംവിധായകൻ കുറച്ചു. പിന്നീട് വിതരണക്കാരുടെ വർധിച്ച ആവശ്യത്തെ തുടർന്ന് ചിത്രത്തിന്റെ കൂടുതൽ പ്രിന്റുകൾ പുറത്തിറക്കേണ്ടി വന്നു. ഗാനരംഗങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു. കട്ട് ചെയ്ത ഗാനങ്ങൾ കൂടി വീണ്ടും ഉൾപ്പെടുത്താനും ആവശ്യമുയർന്നു. ഹിന്ദി സിനിമാ ലോകത്ത് 100 കോടി കലക്ഷൻ നേടുന്ന ആദ്യ ചിത്രമായി ആ സിനിമ മാറി. ആ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്.
എസ്.പി.ബാലസുബ്രഹ്മണ്യവും ലതാ മങ്കേഷ്കറും ഡ്യൂയറ്റ് പാടിയ ദിദി തേരാ ദേവർ ദിവാന എന്ന ഗാനം ഹിന്ദിയിലെ എക്കാലത്തെയും ഹിറ്റുകളുടെ പട്ടികയിലുണ്ട്. ആ സിനിമയുടെ സംവിധായകൻ സൂരജ് ഭർജാത്യയുമായി രാം ലക്ഷ്മൺ നടത്തിയ അൻപതോളം ചർച്ചകൾക്കു ശേഷമാണ് ഗാനങ്ങൾ ഇതൾവിരിഞ്ഞതത്രെ. ഹം ആപ്‌കെ ഹൈ കോൻ സിനിമയുടെ ഗാനങ്ങളുടെ 1.2 കോടി കാസറ്റുകളാണ് വിറ്റുപോയത്. 1994ലെ ഹിന്ദി ഗാനങ്ങളിൽ വിൽപനയിൽ ഒന്നാം സ്ഥാനത്ത്. എക്കാലത്തെയും ഹിന്ദി ഗാനങ്ങളുടെ കാസറ്റ് വിൽപനയിൽ 29–ാം സ്ഥാനവുമുണ്ട്.
1989ൽ സൂരജ് ഭർജാത്യ തന്നെ സംവിധാനം ചെയ്ത മേനേ പ്യാർ കിയ എന്ന സിനിമയാണ് സൽമാൻ ഖാന്റെ ഹിന്ദി സിനിമയിലെ ആദ്യ മെഗാ ഹിറ്റ്. അതിൽ എസ്.പി.ബാലസുബ്രഹ്മണ്യമാണ് സൽമാനു വേണ്ടി പാടിയത്. രാം ലക്ഷ്മൺ ഈണമിട്ട അതിലെ ഗാനങ്ങൾ ഹിന്ദിയിൽ എസ്പിബിക്ക് ആദ്യ ഫിലിം ഫെയർ അവാർഡും സമ്മാനിച്ചു. ദിൽ ദീവാന, കപൂതർ ജാ ജാ ജാ തുടങ്ങിയ ഗാനങ്ങൾ അനശ്വരമാണ്. പിന്നീട് സാജൻ ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിൽ സൽമാൻ ഖാനു വേണ്ടി എസ്പിബി പാടിയത് മേനേ പ്യാർകിയയിലെ ഗാനങ്ങളുടെ അഭൂതപൂർവമായ സ്വീകാര്യതയെ തുടർന്നായിരുന്നു.
രാം ലക്ഷ്മൺ എന്ന പേരിൽ ഈ ഗാനങ്ങളൊക്കെയും ഒരുക്കിയത് വിജയ് പാട്ടീൽ എന്ന ഒറ്റയാളായിരുന്നു. രാം ലക്ഷ്മൺ എന്ന പേരിനു പിന്നിലും സൗഹൃദം തളിരണിഞ്ഞുനിൽക്കുന്ന ഒരു ജീവിതകഥയുണ്ട്. രാം എന്ന പേരിൽ സുരേന്ദ്രയും ലക്ഷ്മൺ എന്ന പേരിൽ വിജയ് പാട്ടീലും ഒരുമിച്ചായിരുന്നു സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ചത്. മറാഠി ചിത്രങ്ങൾക്കായി സംഗീതം ചെയ്യുമ്പോൾ ഇരുവരും ഒന്നിച്ചു ചേർന്ന് രാം ലക്ഷ്മൺ എന്ന പേരു സ്വീകരിച്ചു. ആദ്യമായി ഹിന്ദിയിൽ സംഗീതം ചെയ്യാൻ അവർക്ക് അവസരം ലഭിച്ചത് 1976ലാണ്. ഏജന്റ് വിനോദ് എന്ന ചിത്രത്തിന് അഡ്വാൻസ് സ്വീകരിച്ച് പാട്ടുകൾ ചെയ്യവേ സുരേന്ദ്ര മരിച്ചു. അകാലത്തിൽ വേർപിരിഞ്ഞ സുഹൃത്തിന്റെ സ്മരണ നിലനിർത്തി വിജയ് പാട്ടീൽ രാം ലക്ഷ്മൺ എന്ന പേര് തുടരാൻ തീരുമാനിച്ചു. 1977ൽ ഏജന്റ് വിനോദ് റിലീസ് ചെയ്തപ്പോൾ മുതൽ രാം ലക്ഷ്മൺ എന്ന പേരിലാണ് മരണം വരെയും വിജയ് പാട്ടീൽ സംഗീത സംവിധാനം നിർവഹിച്ചത്. 1999ൽ റിലീസ് ചെയ്ത ഹം സാത് സാത് ഹെ എന്ന സിനിമയാണ് രാം ലക്ഷ്മൺ സംഗീതം ചെയ്ത മറ്റൊരു സൂപ്പർ ഹിറ്റ്.
10 വർഷം മുമ്പ് മസ്തിഷ്കാഘാതം ബാധിച്ച് വിശ്രമജീവിതത്തിലായിരുന്ന രാം ലക്ഷ്മൺ മേയ് 22ന് ഹൃദയസ്തംഭനത്തെ തുടർന്നാണ് നാഗ്പുരിലെ വസതിയിൽ അന്തരിച്ചത്. മറാഠി, ഭോജ്പുരി, ഹിന്ദി ഭാഷകളിലായി 150 സിനിമകൾക്ക് സംഗീതം നിർവഹിച്ചു. പരമ്പരാഗതമായ ഇന്ത്യൻ സംഗീത വഴിയിൽ ചെയ്ത അദ്ദേഹത്തിന്റെ മെലഡികൾ അനശ്വരമായി നിലനിൽക്കുന്നു. ലതാ മങ്കേഷ്കറും സൽമാൻ ഖാനും ആ സൂപ്പർ ഹിറ്റ് സംഗീത സംവിധായകന്റെ വേർപാടിൽ ട്വിറ്ററിലൂടെ അനുശോചനം പങ്കിട്ട് ഓർമകൾ പങ്കുവച്ചിരുന്നു.