വൈരക്കല്ലോ കുപ്പിച്ചീളോ? വിവാദങ്ങൾ ഒടുങ്ങാതെ വൈരമുത്തു
ബറോഡയുടെ ചരിത്രത്തിൽ അത്രയൊന്നും പരാമർശമില്ലാത്ത ഒൻപതാമത്തെ മഹാരാജാവായ ഗണപത്റാവു ഗായക് വാഡും കലാകാരന്മാരുടെ പരിരക്ഷകനായിരുന്നു. അവരിൽതന്നെ പഠാൻ വിഭാഗത്തിൽപ്പെട്ട ഒരു പരദേശി സംഗീതജ്ഞനുമായി അദ്ദേഹം വ്യക്തിബന്ധവും സൂക്ഷിച്ചു. ഈ ഗായകന്റെ അറുപതാംജന്മദിനത്തിൽ സ്വർണം കെട്ടിയതും നവരത്നങ്ങൾ പതിച്ചതുമായ ഒരു തമ്പുര മഹാരാജ സമ്മാനമായി നൽകി. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഹാരാജയുടെ സംരക്ഷണയിലുള്ള നർത്തകിയുടെ ദാസിയെ മേൽപ്പറഞ്ഞ സംഗീതജ്ഞൻ അപമാനിച്ചതായി വാർത്ത പുറത്തുവന്നു. മഹാരാജയുടെ നിർദ്ദേശപ്രകാരം, സമ്മാനം ലഭിച്ച തമ്പുരയോടുകൂടി സംഗീതജ്ഞൻ ദർബാറിൽ ഹാജരാക്കപ്പെട്ടു. തമ്പുര തിരികേ വാങ്ങിയ ഗണപത്റാവു അതിനെ കൊട്ടാരവളപ്പിലെ ആനയുടെ മുന്നിൽ എറിഞ്ഞുകൊടുത്തു. ആ വിലപിടിച്ച സംഗീതോപകരണത്തെ നിമിഷംകൊണ്ട് ആന തവിടുപൊടിയാക്കി! ആ ഗായകൻ പിന്നെ ബറോഡയിൽ നിന്നില്ല. അദ്ദേഹത്തിന്റെ പരമ്പര ഇന്നും ഗുജറാത്തിലെ പലഭാഗങ്ങളിൽ സംഗീതംകൊണ്ട് ജീവിക്കുന്നുണ്ട്. പ്രത്യേകതയെന്തെന്നാൽ ആ വംശാവലിയിലെ ഒരാൾപോലും ഇപ്പോഴും കച്ചേരിയിൽ തമ്പുര ഉപയോഗിക്കാറില്ല! ഗ്വാളിയർ ഘരാനയിലെ പണ്ഡിത് കാശിനാഥ് ശങ്കർ ബോഡാസ് പങ്കുവച്ച ഈ കഥ ഭാരതീയ പാരമ്പര്യത്തിൽ കലയും സദാചാരമൂല്യങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനുള്ള സൂചന നൽകുന്നു.
സമാനമായ മറ്റൊരു കഥ, പുരാതന ചൈനയിലെ സോങ് രാജവംശത്തിലെ ഷവ് ക്വൻഗയ്ൻ തായ്‌സിനെ സംബന്ധിച്ച പുരാവൃത്തങ്ങളിലും വായിച്ചിട്ടുണ്ട്. താരതമ്യേന പുരോഗമനവാദിയും കല-സാഹിത്യാദികളുടെ പ്രോത്സാഹകനുമായി അറിയപ്പെട്ടിരുന്ന തായ്‌സ് ചക്രവർത്തി, രാജാശ്രിതനായ മഹാകവിയെ പട്ടും പതക്കവും നൽകി ആദരിക്കാൻ നിശ്ചയിച്ചു. നിർഭാഗ്യവശാൽ, അദ്ദേഹത്തിനെതിരേ ഉയർന്ന കടുത്ത സദാചാരലംഘന ആരോപണം കാരണം, ആദരം ഏറ്റുവാങ്ങാൻ കവിക്കു സാധിച്ചില്ല. സമ്മാനദാനം നിശ്ചയിച്ച ദിവസം അദ്ദേഹം ശിരച്ഛേദത്തിനു വിധേയനായി. എങ്കിലും ചക്രവർത്തി നേരിട്ടുതന്നെ കവിയുടെ തലയറ്റ ശരീരത്തിൽ പട്ടു പുതപ്പിക്കുകയും നെഞ്ചിൽ പതക്കം അണിയിക്കുകയും ചെയ്തുപോലും!
മുകളിൽ ഉദ്ധരിച്ച രണ്ടു കഥകളും ഈയിടെ സമൂഹമാധ്യമങ്ങൾ സജീവമായി ചർച്ചചെയ്യുന്ന ഒരു വിവാദ വിഷയത്തിനുള്ള മുഖവുരയായി എഴുതിപ്പോയതാണ്. ഒ.എൻ.വിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം വൈരമുത്തുവിനു നൽകുന്നതിനെതിരേ ഉയർന്ന പ്രതിഷേധങ്ങളെ ഈ പശ്ചാത്തലത്തിൽ ഒന്നു വിലയിരുത്താൻ ഞാനും ആഗ്രഹിക്കുന്നു. കാരണം കലയും സദാചാരവും നമ്മുടെ സാംസ്കാരിക പൈതൃകത്തിൽ പലപ്പോഴും സംവാദത്തിനു വന്നിട്ടുണ്ട്. ചിലപ്പോൾ വൈകാരികമായും ചിലപ്പോൾ വസ്തുനിഷ്ഠമായും പ്രത്യക്ഷപ്പെടുന്ന കുറ്റാരോപണങ്ങളുടെ വേർതിരിവുകൾ ഏറെ ശ്രമകരമാണ്. അല്ലെങ്കിൽത്തന്നെ അതിനുള്ള അധികാരം സമൂഹം ആരെയെങ്കിലും ഏല്പിച്ചിട്ടുണ്ടോ?
വൈരമുത്തു വളരെയധികം ബഹുമാനിച്ചിരുന്ന കവിയായിരുന്നു ഒഎൻവി. ബ്ലെസ്സി സംവിധാനം നിർവഹിച്ച 'പ്രണയ'ത്തിലെ 'പാട്ടിൽ ഈ പാട്ടിൽ' എന്ന ഗാനത്തിനുള്ള ഫിലിം ഫെയർ അവാർഡ് സ്വീകരിക്കാൻ ചെന്നൈയിലെത്തിയ ഒഎൻവിയെ പരിചയപ്പെടുത്തിക്കൊടുക്കാൻവേണ്ടി വൈരമുത്തു പ്രധാന സംഘാടകനെ സമീപിച്ചു. ഒഎൻവി താമസിച്ചിരുന്ന ഹയാത് ഹോട്ടലിലെ മുറിയിലേക്കു തിരക്കിട്ടുപോയതിനും പ്രിയ കവിയെ നേരിൽ കണ്ടപ്പോൾ വൈരമുത്തുവിലുണ്ടായ ആഹ്‌ളാദിരേകത്തിനും വൈകാരിക സ്തോഭങ്ങൾക്കും സാക്ഷിയുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം ഒഎൻവി പുരസ്കാരം ഏറ്റുവാങ്ങാൻ വൈരമുത്തു അർഹനാകുന്നില്ല. രണ്ടു പ്രമുഖ കവികൾ ഉൾപ്പെട്ട അവാർഡ് നിർണയസമിതി പരിഗണിച്ചതും ഇവയൊന്നുമല്ലല്ലോ!
വൈരമുത്തുവിനെ കണ്ടുമുട്ടാനും ദീർഘമായി സംസാരിക്കാനും എനിക്കും സാഹചര്യം ലഭിച്ചിട്ടുണ്ട്,1996ൽ. അന്നത്തെ സംഭാഷണത്തിലുടനീളം അദ്ദേഹം പ്രകടിപ്പിക്കാൻ ശ്രമിച്ച ഒരു ആശയം ഇന്നിപ്പോൾ എന്നെ ആശ്ചര്യപ്പെടുത്തുന്നു. വർത്തമാനത്തിനിടയിൽ ‘ഭഗവദ്ഗീത’യിലെ കർമയോഗത്തെ വൈരമുത്തു ഖണ്ഡിക്കുകയും കർമത്തിനു മുകളിൽ വാക്കിന്റെ പ്രമാണിത്തം സ്ഥാപിക്കാൻ വാശികാട്ടുകയും ചെയ്തു. അതിൽനിന്നു ഞാൻ മനസ്സിലാക്കിയ വസ്തുത എന്തെന്നാൽ എഴുത്തുകാരുടെ വ്യക്തിജീവിതവും എഴുത്തുകാരുടെ സർഗാത്മക ജീവിതവും വേറേ വേറേയായി വൈരമുത്തു മനസിലാക്കുന്നു അഥവാ കരുതുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളിൽ ചില സത്യാംശങ്ങൾ കണ്ടേക്കാമെന്ന തോന്നൽ ചിലർക്കെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോഴും അതിനു വിപരീതമായി, എത്രയോ ഗാനങ്ങളിൽ, കവിതകളിൽ, വിദേശ രാജ്യങ്ങളിലടക്കം നിർവഹിച്ചിട്ടുള്ള നൂറു നൂറു പ്രഭാഷണങ്ങളിൽ, ടിവി പരിപാടികളിൽ സ്ത്രീത്വത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സ്ത്രീത്വത്തോടുള്ള, വിശേഷമായി, കാർഷികമേഖലകളിൽ പ്രവർത്തിക്കുന്ന. കൂലിവേലയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീജനങ്ങളോടുള്ള സഹാനുഭൂതിയും മമതയും വൈരമുത്തു പ്രകടിപ്പിച്ചിട്ടുള്ള കാര്യം ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇളയരാജയുമായി സഹകരിച്ച കാലങ്ങളിൽ വൈരമുത്തു എഴുതിയ നിരവധി ഗാനങ്ങളിൽ സ്ത്രീസൗഹൃദഭാവങ്ങൾ സമൃദ്ധമായി കടന്നുവരുന്നു.
ഇവയിൽനിന്നെല്ലാം വിഭിന്നമായ ഒരു വൈരമുത്തു ഇപ്പോൾ നവമാധ്യമങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു. ഈ അവസ്ഥ വന്നുഭവിച്ചത്തിൽ സംഘർഷം അനുഭവിക്കുന്ന പാട്ടുപ്രേമികൾ നിരവധിയാണ്. ഗാനരചയിതാക്കളെ സംബന്ധിച്ചിടത്തോളം ഈ ആന്തരിക സംഘട്ടനം പിന്നെയും തീവ്രമായിരിക്കുന്നു. അത്രമാത്രം, തെന്നിന്ത്യയിലെന്നല്ല, ഭാരതത്തിനു മുഴുവൻ അഭിമാനം കൊള്ളാൻ തക്കതരത്തിൽ വൈരമുത്തുവിന്റെ ഗാനരചനാവൈഭവം വികസിച്ചു കാണുന്നു. എങ്കിൽപോലും, ഏഴായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളും കവിതകളും രചിച്ച, പത്തു നോവലുകൾ എഴുതിയ, ഏഴ് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഇരുപതോളം അവാർഡുകൾ നേടിയ, രണ്ടു പത്മപുരസ്കാരങ്ങൾ ലഭിച്ച, മുന്നു ഡോക്ടറേറ്റുകളാൽ സമ്മാനിതനായ വൈരമുത്തുവിന്റെ വ്യക്തിത്വത്തിലെ വൈരത്തിളക്കം ഈ വിവാദത്തോടെ ഒട്ടൊന്നു മങ്ങിപ്പോയോ എന്ന സംശയം സമൂഹത്തിൽ കാണുന്നു. പാശ്ചാത്യരാജ്യങ്ങളിലെ പ്രമുഖ ഗായകരും ഗാനരചയിതാക്കളുമായ വുഡീ ഗഫ്രീ, ഹാങ്ക് വില്യംസ്, പോൾ സൈമൺ എന്നിവരുടെ രചനാരീതികളോടു താരതമ്യപ്പെടുത്താൻ യോഗ്യതയുള്ള വൈരമുത്തു കേരളത്തിലെങ്കിലും കടുത്ത സാമൂഹികവിമർശനങ്ങൾക്കു വിധേയമായിക്കഴിഞ്ഞു. ഇനി ഈ വിഷയത്തിൽ അന്തിമ തീരുമാനം പറയാനുള്ള ഉത്തരവാദിത്വം നിയമവ്യവ്യവസ്ഥകളും നീതിപീഠങ്ങളും ഏറ്റെടുക്കണം. ഈ വിവാദത്തെ ഇതിലേറേ നീട്ടിക്കൊണ്ടുപോകുന്നതിൽ ആർക്കുംതന്നെ വിശേഷാൽ ലാഭമുണ്ടായിരിക്കുന്നില്ല. ഇതിനിടെ ഒഎൻവി പുരസ്കാരം വൈരമുത്തു നൽകാനുള്ള തീരുമാനം ഇപ്പോൾ പുനഃപരിശോധനയിൽ ഇരിക്കുന്നതായി ഔദ്യോഗിക വിജ്ഞാപനവും വന്നു. ഇതിനർഥം സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ ഉയർന്ന കൊടുങ്കാറ്റിൽ ഉത്തരവാദിത്വപ്പെട്ടവർ ഉലഞ്ഞു എന്നുതന്നെ മനസ്സിലാക്കണം. ഉചിതമായ തീരുമാനം സംഘാടകരിൽനിന്നും ഉണ്ടാകുന്നതുവരെ ഈ ചർച്ച തീർച്ചയായും പുകഞ്ഞുനിൽക്കും.
പുതിയ കാലഘട്ടത്തെപ്പറ്റി പഠിക്കുന്നവർ വർത്തമാന സമൂഹത്തിന്റെ മൂല്യബോധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന 'വീഴ്ച'കളെച്ചൊല്ലി വല്ലാതെ വിലപിക്കുന്നുണ്ട്. സ്വാർഥരെന്നും അലസരെന്നും വായനയില്ലാത്തവരെന്നും മുദ്രകുത്തി വിദ്യാർഥികളെയും യുവതലമുറയെയും പൂർണമായും എഴുതിത്തള്ളുന്ന ഒരു സമീപനവും അത്തരത്തിലുള്ള അക്കാദമിക അഭ്യാസങ്ങളിൽ കണ്ടുവരുന്നു. കാര്യങ്ങൾ പക്ഷേ മറിച്ചാണെന്നു വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതിനു പ്രധാനമായും ഞാൻ കാണുന്ന കാരണം സമൂഹത്തിൽ ഈയിടെ തളിർത്തു വളർന്നുവന്നിട്ടുള്ള രാഷ്ട്രീയബോധവും അതു നൽകുന്ന ജാഗ്രതയുമാണ്. ജനാധിപത്യസംവിധാനത്തിൽ തിരുത്തലുകൾ വരുത്തുന്നതിനായി പൗരബോധത്തെയും ജനാധിപത്യബോധത്തെയും അവ തുറന്നവതരിപ്പിക്കാൻവേണ്ട സൗകര്യം ഒരുക്കിത്തരുന്ന നവമാധ്യമങ്ങളെയും ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്ന ജനതയും കേരളത്തിലാണല്ലോ. വ്യക്തികളുടെ അഭിപ്രായങ്ങളെ, അവയുടെ നിരവാരങ്ങളിലെ ഏറ്റക്കുറച്ചിലുകളോടുകൂടിത്തന്നെ, ഇടനിലക്കാരുടെ സഹായമില്ലാതെ പ്രകടിപ്പിക്കാനുള്ള സാധ്യത തരുന്ന നവമാധ്യമങ്ങളിലൂടെ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പയിനുകൾ പലപ്പോഴും ലക്‌ഷ്യം കാണുന്നുണ്ട്. ഇപ്പോൾ വൈരമുത്തു വിഷയത്തിൽ സംഭവിച്ചതും മറ്റൊന്നല്ല.
ഒഎൻവി പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുറത്തുവന്നിട്ടുള്ള പ്രധാന പ്രതികരണങ്ങളിൽ മിക്കവയും ഞാൻ ശ്രദ്ധിച്ചുനോക്കി. അവയൊന്നും വൈരമുത്തുവിന്റെ സർഗാത്മകതയെ സംശയിക്കുന്നില്ല. പ്രാചീന തമിഴ് കൃതികളിലെ ആശയങ്ങളെ സമകാലീന ജീവിതസന്ദർഭങ്ങളിൽ പുനർനിർമിക്കാനുള്ള വൈരമുത്തുവിന്റെ സിദ്ധികളെ അത്തരം വിമർശനങ്ങൾ ചോദ്യം ചെയ്യുന്നുമില്ല. അദ്ദേഹം എഴുതിയ 'കരുവാച്ചികാവ്യം' എന്ന സ്ത്രീപക്ഷ നോവലിനെ വിമർശകർ അംഗീകരിക്കാതിരിക്കുന്നില്ല. സ്ത്രീകളുടെ സർവതോമുഖമായ ഉയർത്തെഴുന്നേൽപ്പിനായി അഹ്വാനംചെയ്യുന്ന ആദ്യ കവിതാ സമാഹാരമായ 'വൈകരൈ മേഗങ്കളു'ടെ സാമൂഹിക വീക്ഷണത്തെയും അവർ അവഗണിക്കുന്നില്ല. മറ്റൊരു യാനിയോ കെന്നി ജിയോ ശഹ്ർദാദ് റൂഹാനീയോ, ജോൺ ടെഷോ ആയി മാറിപ്പോകുമായിരുന്ന ഏ.ആർ. റഹ്‌മാനെ ചലച്ചിത്രസംഗീതത്തിൽ വേരാഴ്ത്തി നിർത്തുവാൻ നിർണായകസഹായം നൽകിയ ഭാവനാസമ്പന്നതയെയും ആരും ചോദ്യം ചെയ്യുന്നില്ല. കഴിഞ്ഞതവണ നേരിൽ കണ്ടപ്പോൾ. ചിന്മയിയുടെ പോരാട്ടത്തിനെപ്പറ്റി കൗതുകത്തോടെ ചോദിച്ചവേളയിൽ അവർ പറഞ്ഞ, ഏതാണ്ടിത്തരത്തിലുള്ള ഒരു വാക്യം ഉള്ളിൽ മങ്ങിക്കിടക്കുന്നു, ‘അന്ത ആൾക്ക് നെറയെ അറിവ് ഇരുക്ക്, വാർത്തയിൽ മട്ടും താൻ ഇരുക്ക്. വാഴ്‌കൈയിൽ ഇല്ലൈ.’
സത്യത്തിൽ ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് എന്തെങ്കിലും എഴുതാൻ ഞാൻ നിശ്ചയിച്ചതല്ല. എന്നാൽ ഞാൻ ഉൾപ്പെടുന്ന ഗാനരചയിതാക്കളുടെ, സംഗീതനിരൂപകരുടെ വിഭാഗങ്ങളിൽനിന്നും എന്തെങ്കിലും തരത്തിലുള്ള പ്രതികരണം ഇവിടെ ഉണരേണ്ടതുണ്ട് എന്ന തോന്നൽ ഉണ്ടായതുകൊണ്ടുമാത്രം ഇങ്ങനെ ചില വരികൾ എഴുതുന്നു. അതിനെന്നെ ശക്തമായി പ്രേരിപ്പിച്ച വസ്തുത നവമാധ്യമങ്ങളിലൂടെ ഉയർത്തെഴുന്നേൽക്കുന്ന പുതിയ സാംസ്കാരിക മൂല്യബോധമാണ്. വില്യം ഷേക്സ്പിയറുടെ ‘ഒഥല്ലോ’യിലെ പ്രധാന കഥാപാത്രമായ ഇയാഗോവിനെപ്പറ്റിയുള്ള മനഃശാസ്ത്ര പഠനത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു നിരീക്ഷണം ഇപ്പോൾ മനസിൽ ഉയർന്നുവരുന്നു- 'ചില വ്യക്തികൾ അവരുടെ അസാധാരണവും അസാമാന്യവുമായ കൽപ്പനകളിലൂടെ സ്വന്തം വ്യക്തിത്വത്തെ വികൃതമാക്കും. അങ്ങനെ രൂപംകൊള്ളുന്ന നവവ്യക്തിത്വം അവരെ പിന്നെയും അതിനേക്കാൾ അസാധാരണക്കാരും അസാമാന്യരുമാക്കി മാറ്റും.'
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )