വി.എം.കുട്ടി - മാപ്പിളപ്പാട്ടിന്റെ സുൽത്താൻ, ഇശൽപാട്ടുകാരുടെ സ്വന്തം ‘കുട്ടി മാഷ്’
ലക്ഷദ്വീപിലെ മാപ്പിളപ്പാട്ട് പരിപാടിക്കു പോകുന്ന സംഘത്തിലെ കൊച്ചുഗായിക സാജിതയ്ക്ക് അവിടെ പാടാൻ നല്ലൊരു പാട്ടു വേണം. കപ്പലിലെ ചർച്ചയ്ക്കൊടുവിൽ കവി ഒ.എം.കരുവാരകുണ്ട് ഒരു പാട്ടെഴുതി. സംഘത്തലവനായ ഗായകൻ ഹാർമോണിയം കട്ടകൾ തലോടി പാട്ടിന് ഈണം നൽകി. ‘പിരിശപ്പൂ പിതാവേ, അങ്ങുണരാതെ കിടപ്പതെന്തേ,
ലക്ഷദ്വീപിലെ മാപ്പിളപ്പാട്ട് പരിപാടിക്കു പോകുന്ന സംഘത്തിലെ കൊച്ചുഗായിക സാജിതയ്ക്ക് അവിടെ പാടാൻ നല്ലൊരു പാട്ടു വേണം. കപ്പലിലെ ചർച്ചയ്ക്കൊടുവിൽ കവി ഒ.എം.കരുവാരകുണ്ട് ഒരു പാട്ടെഴുതി. സംഘത്തലവനായ ഗായകൻ ഹാർമോണിയം കട്ടകൾ തലോടി പാട്ടിന് ഈണം നൽകി. ‘പിരിശപ്പൂ പിതാവേ, അങ്ങുണരാതെ കിടപ്പതെന്തേ,
ലക്ഷദ്വീപിലെ മാപ്പിളപ്പാട്ട് പരിപാടിക്കു പോകുന്ന സംഘത്തിലെ കൊച്ചുഗായിക സാജിതയ്ക്ക് അവിടെ പാടാൻ നല്ലൊരു പാട്ടു വേണം. കപ്പലിലെ ചർച്ചയ്ക്കൊടുവിൽ കവി ഒ.എം.കരുവാരകുണ്ട് ഒരു പാട്ടെഴുതി. സംഘത്തലവനായ ഗായകൻ ഹാർമോണിയം കട്ടകൾ തലോടി പാട്ടിന് ഈണം നൽകി. ‘പിരിശപ്പൂ പിതാവേ, അങ്ങുണരാതെ കിടപ്പതെന്തേ,
ലക്ഷദ്വീപിലെ മാപ്പിളപ്പാട്ട് പരിപാടിക്കു പോകുന്ന സംഘത്തിലെ കൊച്ചുഗായിക സാജിതയ്ക്ക് അവിടെ പാടാൻ നല്ലൊരു പാട്ടു വേണം. കപ്പലിലെ ചർച്ചയ്ക്കൊടുവിൽ കവി ഒ.എം.കരുവാരകുണ്ട് ഒരു പാട്ടെഴുതി. സംഘത്തലവനായ ഗായകൻ ഹാർമോണിയം കട്ടകൾ തലോടി പാട്ടിന് ഈണം നൽകി. ‘പിരിശപ്പൂ പിതാവേ, അങ്ങുണരാതെ കിടപ്പതെന്തേ, പുന്നാരപ്പൂമോളോട് പിണക്കമാണോ’ എന്നു തുടങ്ങുന്ന വരികൾ ദുഃഖസാന്ദ്രമായ സംഗീതത്തിന്റെ ഉപ്പിൽ നനഞ്ഞു.
ആ സംഗീതസംവിധായകന്റെ പേരാണ് വി.എം.കുട്ടി. വിശദമായിപ്പറഞ്ഞാൽ വടക്കാങ്ങര മുഹമ്മദ് കുട്ടി. പരിമിതമായ വേദികളിൽ നിന്ന് കേരളത്തിനകത്തും പുറത്തുമുള്ള ആസ്വാദകസമുദ്രത്തിനിടയിലേക്കു മാപ്പിളപ്പാട്ടുമായി കപ്പലോട്ടം നടത്തിയ സുൽത്താൻ. കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം ‘ദാറുസ്സലാം’ എന്ന പാട്ടുവീട്ടിൽനിന്ന് വി.എം.കുട്ടി യാത്രയായെങ്കിലും പതിനായിരത്തിലധികം പാട്ടുകൾ പാടുകയും എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അദ്ദേഹം മലയാളികളുടെ കാതിൽ എക്കാലവും പാട്ടായി മുഴങ്ങിക്കൊണ്ടിരിക്കും.
വടക്കാങ്ങര മുഹമ്മദ് കുട്ടിയെ ‘വി.എം.കുട്ടി’ ആക്കിയത് മുൻമുഖ്യമന്ത്രിയും ലീഗ് നേതാവുമായ സി.എച്ച്.മുഹമ്മദ് കോയയാണ്. ചന്ദ്രികയിലേക്ക് വി.എം.കുട്ടിയെ സിഎച്ച് ക്ഷണിച്ചിരുന്നു. എക്കാലത്തും ഇടതുസഹയാത്രികനായി നടക്കാനായിരുന്നു കുട്ടിക്കിഷ്ടം.
∙ സായാഹ്ന സദസ്സുകൾ
കുടുംബസദസ്സുകളിൽ, പ്രത്യേകിച്ചും സത്രീകളുടെ ഒത്തുചേരലുകളിൽ ‘സബീനകൾ’ എന്ന പ്രകീർത്തന– പ്രാർഥനാ ഗാനാലാപനം നടത്തുന്ന പതിവ് മലബാറിലെ മുസ്‌ലിം വീടുകളിലുണ്ടായിരുന്നു. മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് പായ വിരിച്ച് വീട്ടിലുള്ളവരും വിരുന്നെത്തിയവരുമായ സ്ത്രീകൾ സബീനകൾക്കു പുറമേ, തനതുമാപ്പിളപ്പാട്ടിന്റെ ആദ്യരൂപമായ പടപ്പാട്ടും പക്ഷിപ്പാട്ടുമെലല്ലാം പാടും.
അതു കേൾക്കാൻ കാതുകൂർപ്പിച്ചിരുന്ന ബാലനാണ് പിന്നീട് മാപ്പിളകലാപ്രേമികൾ കാത്തിരുന്ന ശബ്ദത്തിന്റെ ഉടമയായി വളർന്നത്. ഉണ്ണീൻ മുസല്യാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനെ മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് വിളിച്ചത് കുടുംബസദസ്സുകളിലെ പാട്ടുകൾക്ക് നേതൃത്വം കൊടുത്തിരുന്ന ബന്ധു പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമക്കുട്ടിയുടെ ശബ്ദമാണ്. വി.എം.കുട്ടിയുടെ പ്രിയപ്പെട്ട അമ്മായി. നാട്ടിലെ കല്യാണവീടുകളിലൊക്കെ കൈകൊട്ടിപ്പാടുമായിരുന്നു ഫാത്തിമക്കുട്ടി.
∙ വേദിയിൽ മുഹമ്മദ് കുട്ടി...
പുളിക്കൽ സ്കൂൾ വിട്ട് കൊണ്ടോട്ടിയിലെ സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നപ്പോൾ അധ്യാപകരായ ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം. അവിടെവച്ചാണ് ബീഡിതെറുപ്പുകാരുടെ പാട്ടുകേൾക്കുന്നത്. ബീഡി തെറുക്കുന്നതിനൊപ്പം അവർ പഴയ മാപ്പിളപ്പാട്ടുകൾ പാടും. തെറുപ്പിന്റെ താളത്തിൽ പാട്ടുകൾ ഇഴയുകയും കുതിക്കുകയും ചിലപ്പോൾ വൈകും വരെ നീണ്ടുപോവുകയും ചെയ്യും. കേട്ട ഈരടികൾ മൂളിക്കൊണ്ടു നടന്നു. ഫറോക്ക് ഗണപത് ഹൈസ്കൂളിൽ ചേർന്ന്, അവിടെ സ്കൂൾ വാർഷികത്തിനാണ് വി.എം.കുട്ടി ആദ്യമായി സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാടുന്നത്. അതുവരെ കോൽക്കളിക്കും ദഫ്മുട്ടിനും അറബനമുട്ടിനും പാടിയിരുന്നതൊഴിച്ചാൽ മറ്റു സംഗീതോപകരണങ്ങൾ മാപ്പിളപ്പാട്ടിനൊപ്പമുണ്ടായിരുന്നില്ല. അതൊരു തുടക്കമായിരുന്നു.
∙ പാട്ടുവീടും കൂട്ടുകാരും
രാമനാട്ടുകര സേവാമന്ദിരത്തിൽ ടിടിസി പൂർത്തിയാക്കി 20–ാം വയസ്സിൽ കരിപ്പൂർ കുളത്തൂർ യുപി സ്കൂളിൽ പ്രധാനാധ്യപകനായി. അതിനിടയ്ക്ക് ആകാശവാണിയിൽ ‘നാട്ടിൻപുറം’ പരിപാടിയിൽ പാടിയതോടെ പുറംലോകം വി.എം.കുട്ടിയുടെ കൂടുതൽ പാട്ടുകൾക്കു കാതോർത്തു. തിരക്കുള്ള ഗായകനായി വളർന്നതോടെ ഉച്ചയ്ക്ക് ആകാശവാണിയിൽ ഇത്തരമൊരു ആമുഖം പതിവായിരുന്നു, ‘...ഇനി മാപ്പിളപ്പാട്ടുകൾ. വി.എം.കുട്ടി, വിളയിൽ ഫസീല എന്നിവർ പാടിയത്... റെക്കോർഡ്.’ പാട്ടുകാരുടെ പ്രധാനാധ്യാപകനായി വളർന്നപ്പോൾ പാട്ടുകാർക്കിടയിൽ അദ്ദേഹം ‘കുട്ടി മാഷ്’ ആയി. നാട്ടിലെ പാട്ടുകാരെക്കൂട്ടി മാപ്പിളപ്പാട്ട് സംഘത്തിനു തുടക്കമിട്ടു. വടക്കാങ്ങര വീട് അങ്ങനെ പാട്ടുകാരുടെ കേന്ദ്രമായി. ബാബുരാജ്, കോഴിക്കോട് അബൂബക്കർ, ചാന്ദ്പാഷ, കൃഷ്ണദാസ് തുടങ്ങി അക്കാലത്ത് അറിയപ്പെടുന്നവരെല്ലാം വീട്ടിൽ വന്നു താമസിക്കുകയും പാട്ടെഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.
∙ കടൽകടന്ന് മാപ്പിളപ്പാട്ട്
മലപ്പുറം കോട്ടപ്പടി മൈതാനത്തെ ഒരു എക്സിബിഷനിടെ അരമണിക്കൂർ സമയത്തെ ഇടവേളയിൽ വി.എം.കുട്ടിയും സംഘവും ചേർന്ന് അഞ്ചോ ആറോ മാപ്പിളപ്പാട്ടുകൾ പാടി. ‘മാപ്പിളഗാനമേള’ എന്ന ആദ്യത്തെ പരിപാടി അതായിരുന്നു. പരിപാടി വീണ്ടും സംഘടിപ്പിക്കാൻ ആളുകൾ തേടിയെത്തി. സാങ്കേതികവിദ്യയ്ക്കും മാറുന്ന സംഗീതസൗകര്യങ്ങൾക്കുമൊപ്പം വി.എം.കുട്ടി അതിവേഗം സഞ്ചരിച്ചു. പുതിയ പാട്ടുകാരെ കൂടെക്കൂട്ടി. പഴയ പാട്ടുകൾക്ക് പുതുജീവൻ നൽകി. റെക്കോർഡ് മാറി ഓഡിയോ കസെറ്റുകൾ വന്നപ്പോൾ മാപ്പിളപ്പാട്ട് തരംഗം മലബാറിലും ഗൾഫ് കുടിയേറ്റം ശക്തി പ്രാപിച്ച കാലമായതിനാൽ ഗൾഫിലും ആഞ്ഞടിച്ചു. കലാസ്നേഹികൾ മാപ്പിളപ്പാട്ടുകാരെ ഗൾഫിലെ വേദികളിലേക്കു ക്ഷണിച്ചു. പ്രവാസികൾക്കു വേണ്ടി കത്തുപാട്ടുകൾ പിറന്നു. ഭാര്യയും കുട്ടികളും മറുപടി നൽകുന്ന തരത്തിൽ കുട്ടികളും ഗായികമാരും മറുപടിപ്പാട്ടുകൾ പാടി. ആകാശവാണിയിലെ പാട്ടവസരങ്ങൾ കൂടി ആയതോടെ മാപ്പിളപ്പാട്ടിന്റെ ജീവിതം പുതിയ ഘട്ടത്തിലേക്കു കടക്കുകയായിരുന്നു. സിനിമാപിന്നണി ഗായകർ മാപ്പിളപ്പാട്ടുകൾ പാടി. മാപ്പിളപ്പാട്ടുകാർ സിനിമയിലെ പാട്ടുകളുടെ ഭാഗമായി.
∙ മുൻഗാമികൾ, പിൻഗാമികൾ
തനിക്കു മുൻപേ പോയവരും പിറകേ വന്നവരുമായി ഏറെപ്പേരുടെ വരികൾക്ക് വി.എം.കുട്ടി ശബ്ദമേകി. മോയിൻകുട്ടി വൈദ്യർ, നടുത്തോപ്പിൽ അബ്ദുല്ല, വാഴപ്പാടി മുഹമ്മദ്, പി.ടി.അബ്ദുറഹിമാൻ, ബാപ്പു വെളിപറമ്പ്, ഒ.എം.കരുവാരകുണ്ട് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. മാപ്പിളപ്പാട്ടുകളുടെ വേരുകൾ അന്വേഷിച്ചുപോകുന്ന ശീലം അദ്ദേഹത്തെ ഗവേഷകനാക്കി. പഠനഗ്രന്ഥങ്ങൾ പുറത്തിറക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ സദസ്സുകൾക്കു മുൻപിൽ പോലും ഹാർമോണിയത്തിൽ വിരലുകളോടിച്ച് പാട്ടുപാടി. മാപ്പിളപ്പാട്ടിന്റെ ജനകീയതയ്ക്കു വേണ്ടി നിലകൊണ്ടപ്പോൾ തന്നെ, മാപ്പിളപ്പാട്ടിന്റെ ചിട്ടവട്ടങ്ങൾ പാലിക്കാത്ത പാട്ടുകളെ ആ ഗണത്തിൽപെടുത്താനാവില്ലെന്ന് നിലപാടെടുത്തു. ചിലപ്പോഴെങ്കിലും പിണങ്ങി. ഖവ്വാലിയും ഗസലും മാപ്പിളപ്പാട്ടല്ലെന്നു വ്യക്തമാക്കി, വിധിനിർണയത്തിൽ നിന്ന് ഒരിക്കൽ അദ്ദേഹം വിട്ടുനിന്നു. പുളിക്കലിൽ നിന്ന് ഏറെ അകലെയല്ലാതെ കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിൽ ഇപ്പോഴും കാണാം, വി.എംകുട്ടിയുടെ പാട്ടുകൾ പഠിക്കുന്ന കുട്ടികളെ. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തി അദ്ദേഹത്തിന് മലയാള സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചത് ഈ വർഷമാദ്യമാണ്.
∙ എണ്ണമില്ലാത്ത ഹിറ്റുകൾ
‘സംകൃത പമഗിരി തങ്കത്തുംഗത്തധിംഗിണ, തിംകൃത ധിമികിട മേളം, തക ധംധരി സരിഗമ തക്കിടകത്ത തിങ്കിങ്കിണ, ധിംതിമി താളംകൃത താളം’ – വി.എം.കുട്ടി ഏറ്റവും കൂടുതൽ വേദികളിൽ പാടിയത് വാഴപ്പാടി മുഹമ്മദിന്റെ ഈ വരികളാണ്. ഒരു പാടു ഹിറ്റുകളിൽ ഏതാനും ചിലത് പറയുക പ്രയാസമാണെങ്കിലും മാപ്പിളപ്പാട്ടു പ്രേമികൾ എക്കാലവും ഓർക്കുന്ന ചില പാട്ടുകൾ ഇവയായിരിക്കും; ‘ആദി പെരിയവന്റേകൽ അടയാളം...’, ‘കേട്ടുകൊൾവിൻ കാളപൂട്ടെന്നാഘോഷത്തിൻ...’, ‘യാ ഇലാഹീ ഇരുകരം നീട്ടി...’, ‘ഹക്കാന കോനമറാൽ...’, ‘മൈലാഞ്ചിക്കൊമ്പെ...’, ‘അന്നിരുപത്തൊന്നിൽ...’, ‘അധിപതിയായ റസൂലുല്ല...’, ‘കൈതപ്പൂ മണത്താലും...’
∙ പടപ്പുകൾ ചെയ്യുന്ന തെറ്റ്
അവസാനകാലത്ത് പങ്കെടുത്ത ചടങ്ങുകളിലത്രയും അദ്ദേഹം ഓർമിച്ചത് ജീവിതം എന്ന സംഗീതത്തെക്കുറിച്ചാണ്. പല വരികളും പാടുന്നുവെങ്കിലും മനുഷ്യത്വത്തിന്റെ താളം കൊണ്ട് എല്ലാവരും ഒന്നാണെന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിച്ചു. പാടിയ ആയിരക്കണക്കിന് പാട്ടുകളിൽ ഏറ്റവും ഇഷ്ടം ഏതു പാട്ടിനോടാണെന്ന ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് ആ നിലപാട്; ‘പടപ്പുകൾ ചെയ്യണ തെറ്റ്, പടച്ചോന്റെ പേരു ചൊല്ലി...’. ഗായകനായില്ലായിരുന്നെങ്കിൽ വി.എം.കുട്ടി അറിയപ്പെടുന്നൊരു ചിത്രകാരനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയും. ‘ദാറുസ്സലാമി’ൽ ബാക്കിയായ ചിത്രങ്ങൾ അത് ശരിവയ്ക്കുന്നു. മാപ്പിളപ്പാട്ടിന്റെ തിരക്കിൽ അലിയാൻ അധ്യാപകജോലി രാജിവയ്ക്കുമ്പോൾ അഞ്ചുവർഷം കൂടി സർവീസ് ബാക്കിയുണ്ടായിരുന്നു. എത്രയോ വർഷങ്ങളിലേക്കു ബാക്കിനിൽക്കുന്ന പാട്ടുകൾ പാടിയാണ് ജീവിതത്തിൽ നിന്ന് അദ്ദേഹം ഒഴിയുന്നത്; വരുംകാലത്തും കുട്ടികൾ പോലും ഓർക്കുന്ന വി.എം.കുട്ടിയായി.