‘തുറക്കാത്ത വാതിൽ’ തുറന്നുകൊടുത്തു; സിനിമയുടെയും സംഗീതത്തിന്റെയും ലോകം
1970ൽ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയുടെ പാട്ടു റിക്കോർഡിങ്. പി.ഭാസ്കരന്റെ വരികൾക്ക് ഈണമിടുന്നത് കെ.രാഘവൻ. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്നതിനിടയിൽ രാഘവൻ മാഷ് പറഞ്ഞു: ‘ഈ പാട്ടിൽ വായിക്കാൻ ഒരു ബുൾ ബുൾ കിട്ടിയാൽ കൊള്ളാമായിരുന്നു.’ വേറൊരാൾ
1970ൽ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയുടെ പാട്ടു റിക്കോർഡിങ്. പി.ഭാസ്കരന്റെ വരികൾക്ക് ഈണമിടുന്നത് കെ.രാഘവൻ. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്നതിനിടയിൽ രാഘവൻ മാഷ് പറഞ്ഞു: ‘ഈ പാട്ടിൽ വായിക്കാൻ ഒരു ബുൾ ബുൾ കിട്ടിയാൽ കൊള്ളാമായിരുന്നു.’ വേറൊരാൾ
1970ൽ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയുടെ പാട്ടു റിക്കോർഡിങ്. പി.ഭാസ്കരന്റെ വരികൾക്ക് ഈണമിടുന്നത് കെ.രാഘവൻ. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്നതിനിടയിൽ രാഘവൻ മാഷ് പറഞ്ഞു: ‘ഈ പാട്ടിൽ വായിക്കാൻ ഒരു ബുൾ ബുൾ കിട്ടിയാൽ കൊള്ളാമായിരുന്നു.’ വേറൊരാൾ
1970ൽ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയുടെ പാട്ടു റിക്കോർഡിങ്. പി.ഭാസ്കരന്റെ വരികൾക്ക് ഈണമിടുന്നത് കെ.രാഘവൻ. ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന പാട്ട് ചിട്ടപ്പെടുത്തുന്നതിനിടയിൽ രാഘവൻ മാഷ് പറഞ്ഞു: ‘ഈ പാട്ടിൽ വായിക്കാൻ ഒരു ബുൾ ബുൾ കിട്ടിയാൽ കൊള്ളാമായിരുന്നു.’
വേറൊരാൾ ചോദിച്ചു: ‘കിട്ടിയാലും പക്ഷേ, ആരു വായിക്കും?’
അപൂർവമായ ആ സംഗീതോപകരണം വായിക്കാൻ അക്കാലത്ത് മദ്രാസിൽ ആളെ കിട്ടാൻ പ്രയാസം. രാഘവൻ മാസ്റ്ററെ പരിചയപ്പെടാൻ കേരളത്തിൽ നിന്നെത്തിയ ഒരു ചെറുപ്പക്കാരൻ അതുകേട്ട് ചാടിക്കയറിപ്പറഞ്ഞു: ‘ഞാൻ വായിക്കാം.’
പക്ഷേ, ബുൾ ബുൾ എവിടെ കിട്ടുമെന്നുപോലും ആർക്കും തിട്ടമില്ല. മദ്രാസിൽ ഒരു പരിചയവുമില്ലാത്ത ചെറുപ്പക്കാരൻ എവിടെനിന്നോ ബുൾബുൾ സംഘടിപ്പിച്ച് തിരിച്ചെത്തി. റിക്കോർഡിങ് കഴിഞ്ഞു പാട്ടുകേട്ടവരെല്ലാം ആ പാട്ടിനെ വേറിട്ടുനിർത്തുന്ന ബുൾബുൾ ഈണം വായിച്ചയാളെ തേടിച്ചെന്നു. അത് ആലപ്പിരംഗനാഥ് എന്ന ഇരുപതുകാരനായിരുന്നു. രാഘവൻ മാസ്റ്ററുടെ മുൻപിലേക്ക് ഈ യുവാവ് തന്റേടത്തോടെ കയറിച്ചെന്നതെങ്ങനെ?
ഫ്ലാഷ്ബാക്ക് -നാടകത്തിലേക്ക്
ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടെയും മകൻ രംഗനാഥിന് സംഗീതം കുടുംബസ്വത്തായിരുന്നു. ആറുമക്കളിൽ മൂത്തവൻ. അച്‌ഛന്റെ ചിട്ട, മൃദംഗത്തിനും സംഗീതത്തിനും നൃത്തത്തിനുമായി ബാല്യത്തെ പകുത്തെടുത്തു. നൃത്തവും സംഗീതവും വാദ്യോപകരണങ്ങളും ഒരുപോലെ വശമുള്ള രംഗനാഥിന് നാട്ടിൽ അദ്‌ഭുത ബാലന്റെ പരിവേഷം കിട്ടിയതു സ്വാഭാവികം. 1968ൽ മലയാളം വിദ്വാൻ പഠിക്കാൻ പൊൻകുന്നത്ത് അച്‌ഛന്റെ അനുജന്റെ വീട്ടിലേക്കു താമസം മാറ്റി. അക്കാലത്താണ് കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്‌സ് ക്ലബ് നാടകത്തിനു പാട്ടുണ്ടാക്കാൻ രംഗനാഥിന് അവസരം ലഭിക്കുന്നത്. ‘കാനൽജലം’ എന്ന ആ നാടകത്തിലെ രണ്ടു പാട്ടുകളും ഹിറ്റായതോടെ നാടകസംഗത്ത് സജീവമായി
സിപിഐയുടെ വകയായി വയലാർ വിനയചന്ദ്രന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ റെഡ്‌സ്‌റ്റാർ തിയറ്റേഴ്‌സ് തുടങ്ങിയപ്പോൾ അവർക്കുവേണ്ടിയാണ് ആദ്യമായി നാടകമെഴുതിയത്- ദർശനം. നാടകരചന, സംവിധാനം, ഗാനരചന, സംഗീതം, നൃത്തസംവിധാനം- എല്ലാം രംഗനാഥ്. നാടകം നന്നായി ഓടിയെങ്കിലും പിന്നീട് പാർട്ടി നാടകസംരംഭം വേണ്ടെന്നുവച്ചു. രണ്ടു വർഷത്തിനുശേഷം കോട്ടയം നാഷനൽ തിയറ്റേഴ്‌സ് ഇതേ നാടകം കടൽ എന്ന പേരിൽ വീണ്ടും അരങ്ങിലെത്തിച്ചു. ആ നാടകം സൂപ്പർ ഹിറ്റായി. പിന്നീട് കേരളത്തിലെ വിവിധ നാടകട്രൂപ്പുകൾക്കായി 42 നാടകങ്ങൾ എഴുതി - സഹധർമിണി, കുടുംബക്ഷേത്രം, അമൃതസാഗരം, പൊന്നുഷസിന്റെ വരവും കാത്ത്, അയലത്തെ അമ്മ... പട്ടിക നീളുന്നു.
പല നാടകനിർമാതാക്കളും സാമ്പത്തിക ലാഭം നോക്കി എല്ലാ ചുമതലകളുംകൂടി തന്നെ ഏൽപ്പിക്കുകയായിരുന്നു എന്നും ജീവിതത്തിൽ പാരയായത് അതായിരുന്നുവെന്നും രംഗനാഥ് ഇന്നു തിരിച്ചറിയുന്നു. നാടകരംഗത്ത് കത്തിനിൽക്കുമ്പോഴായിരുന്നു ചലച്ചിത്ര പിന്നണി സംഗീതം പഠിക്കണമെന്ന മോഹമുണ്ടായത്. നേരേ മദ്രാസിലേക്ക്.
ഫ്ലാഷ്ബാക്ക്-മദ്രാസിലേക്ക്
അച്‌ഛന്റെ ഒരു ശിഷ്യന്റെ ശുപാർശക്കത്തുമായാണ് നടൻ സത്യനെ കാണാൻ മദ്രാസിൽ ചെന്നത്. സത്യൻ കൂട്ടിക്കൊണ്ടുപോയതോ പുലിയുടെ മടയിലേക്ക്-സംഗീത സംവിധായകൻ കെ. ബാബുരാജിന്റെ രഞ്‌ജൻ ബിൽഡിങ്‌സിലെ താവളത്തിലേക്കു ചെന്നപ്പോൾ മുട്ടുവിറച്ചു. ചെല്ലുമ്പോൾ എസ്. ജാനകിയെ ബാബുരാജ് പാട്ടുപഠിപ്പിക്കുകയാണ് - ‘അമ്പലപ്രാവി’ലെ ‘താനേ തിരിഞ്ഞും മറിഞ്ഞും’ എന്ന ഗാനം. ഹാർമോണിയത്തിൽ ബാബുരാജിന്റെ വിരലൊഴുകുന്നു. തബലയിൽ ഭൈരവന്റെ കൈകൾ പിടയ്ക്കുന്നു. സത്യനെ കണ്ടപ്പോൾ പാട്ടുനിന്നു. ‘ഇത് എന്റെ പയ്യനാണ്. മ്യൂസിക്കലായി എന്തെങ്കിലും സഹായം ചെയ്യാനാകുമെങ്കിൽ ചെയ്യണം - മ്യൂസിക്കലായി മാത്രം മതി.’ സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന ഈണത്തിൽ ഒറ്റശ്വാസത്തിൽ പറഞ്ഞ്, മറുപടി പോലും കേൾക്കാൻ നിൽക്കാതെ സത്യൻ സ്‌ഥലം വിട്ടു. പാട്ടുകഴിഞ്ഞ് ജാനകി പോയപ്പോൾ ബാബുരാജ് ഹാർമോണിയമെടുത്തു വായിക്കാൻ പറഞ്ഞു. രംഗനാഥ് ഒരീണം വായിച്ചു.
‘ഇനി എന്തറിയാം?’
തബലയറിയാമെന്നു രംഗനാഥ്. ഭൈരവന്റെ തബല മുന്നിലേക്കു നീക്കിവച്ചു.
‘ഇനി?
നൃത്തമറിയാമെന്നു പറഞ്ഞപ്പോൾ ബാബുരാജ് ചിരിച്ചുകൊണ്ടു പറഞ്ഞു: ‘കാണട്ടെ.’
ഇരുപതുകാരന്റെ ആത്മവിശ്വാസം ശിവതാണ്ഡവമാടി. ബാബുരാജിനിഷ്ടപ്പെട്ടു. റിക്കോർഡിങ് ഉള്ളപ്പോൾ സ്‌റ്റുഡിയോയിലേക്കു പോരാൻ സമ്മതം നൽകി.
‘സരസ്വതി’ എന്ന ചിത്രത്തിനുവേണ്ടി എൽ.ആർ. ഈശ്വരി പാടിയ ‘മധുരപ്പതിനേഴ് ഇന്നെനിക്കു വയസ്സ് എന്ന ഗാനത്തിന് ഹാർമോണിയം വായി‘ച്ചാണ് സിനിമയിലെ ഹരിശ്രീ. ഏതു സ്‌റ്റുഡിയോയിലും മടിക്കാതെ കയറിച്ചെല്ലാനുള്ള സ്വാതന്ത്യ്രം ബാബുരാജുമായുള്ള ബന്ധം നേടിത്തന്നതിന്റെ കരുത്തിലാണ് പിൽക്കാലത്ത് കെ.രാഘവൻ മാഷിനെ തേടിച്ചെന്നതും പാട്ടിനു ബുൾബുൾ വായിച്ചതും.
സിനിമ വിളിക്കുന്നു
നാട്ടിൽ നാടകരംഗത്തു സജീവമായപ്പോൾ ഒരാഗ്രഹം. നാടകം പോര സിനിമവേണം. തന്റെ പാട്ടുകൾ യേശുദാസിന്റെയും ജയചന്ദ്രന്റെയുമൊക്കെ ശബ്ദത്തിൽ കേൾക്കണം. നേരെ മദ്രാസിലേക്കു വച്ചുപിടിച്ചു. പക്ഷേ, ആദ്യശ്രമങ്ങളെല്ലാം പാളി. നിരാശനായി മദ്രാസിലെ, കാഞ്ഞിരപ്പള്ളിക്കാരനായ പോൾ എന്ന സുഹൃത്തിന്റെ വീട്ടിൽ ചെന്നു. പി.എ. തോമസ് എന്ന നിർമാതാവ് ‘ജീസസ്’ സിനിമയെക്കുറിച്ച് ആലോചിക്കുന്ന സമയമാണത്. പോൾ വിചാരിച്ചാൽ അതിലൊരു അവസരം കിട്ടും. പക്ഷേ, ആ സിനിമയ്ക്ക് പാട്ടുകൾ ചിട്ടപ്പെടുത്താൻ അതിനകം എം.എസ്.വിശ്വനാഥിനെയും യേശുദാസിനെയും തീരുമാനിച്ചിരുന്നു. പോളിന്റെ നിർബന്ധത്താൽ രംഗനാഥിനെയും ഉൾപ്പെടുത്തി. അങ്ങനെയാണ് ‘ഓശാനാ... ഓശാനാ...’ ’എന്ന ഗാനത്തിന്റെ പിറവി. അഗസ്‌റ്റിൻ വഞ്ചിമലയായിരുന്നു രചന.
തന്റെ ആദ്യത്തെ നാടകഗാനം റെക്കോർഡാക്കാൻ എച്ച്‌എംവി കമ്പനിയോടു ശുപാർശ ചെയ്യുകയും ആ ഗാനങ്ങൾ പാടുകയും ചെയ്‌തത് പി.ജയചന്ദ്രനായിരുന്നു. അതുകൊണ്ട് തന്റെ ആദ്യത്തെ സിനിമാഗാനവും ജയചന്ദ്രനെക്കൊണ്ടു പാടിക്കാൻ രംഗനാഥ് തീരുമാനിച്ചു. പക്ഷേ, പാടാൻ ജയചന്ദ്രനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ആദ്യമായി ചെയ്യുന്ന പാട്ടല്ലേ, യേശുദാസിനെക്കൊണ്ട് പാടിക്ക്.’’ പി.എ. തോമസും അതുതന്നെ പറഞ്ഞു. പക്ഷേ, രംഗനാഥ് ഉറച്ചുനിന്നു. ജയചന്ദ്രൻപാടി, പാട്ടു ഹിറ്റായി.
‘ജീസസ്’ സിനിമ 101 ദിവസം ഓടിയപ്പോൾ പി.എ. തോമസ് പറഞ്ഞു: ‘‘അടുത്ത പടം സെന്റ് തോമസ്. അതിലെ മുഴുവൻ പാട്ടുകളുടെയും സംഗീതസംവിധാനം ആലപ്പി രംഗനാഥ്.’’ ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിൽ നാട്ടിലേക്കുമടങ്ങി. സ്വീകരണ സമ്മേളനങ്ങൾ, അനുമോദന യോഗങ്ങൾ. അതിനിടയിൽ അതാ പത്രത്തിൽ സെന്റ് തോമസിന്റെ പരസ്യം വരുന്നു: സംഗീത സംവിധായകന്റെ പേരിന്റെ സ്‌ഥാനത്ത് സലിൽ ചൗധരി. സിനിമാലോകത്തിന്റെ ചതിയെപ്പറ്റി കേട്ടുമാത്രം അറിവുള്ള രംഗനാഥിനു കിട്ടിയ ആദ്യത്തെ അടി. പിന്നീടത് ജീവിതത്തിൽ ഒരുപാടുതവണ ആവർത്തിച്ചു.
ചലച്ചിത്ര സംവിധാനം യേശുദാസ്
ആലപ്പി രംഗനാഥിന്റെ ജീവിതം മാറ്റിമറിക്കുന്നത് യേശുദാസുമായുള്ള അടുപ്പമാണെന്നു പറയാം. യേശുദാസിനെ ആദ്യമായി നേരിട്ടു കാണുന്നത് ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ റിക്കോർഡ് ചെയ്യുമ്പോഴാണ്. പക്ഷേ,പരിചയപ്പെട്ടില്ല. പിന്നീട് ദക്ഷിണാമൂർത്തിസ്വാമിയോടൊപ്പം ജോലി ചെയ്യുമ്പോളും പരിചയപ്പെടാൻ ധൈര്യമുണ്ടായില്ല. ഒരു മാസം റോയപ്പേട്ടയിൽ കൂടി. ഇതിനിടെ അച്‌ഛൻ മരിച്ചപ്പോൾ നാട്ടിലേക്കുപോന്നു. പഠനം പാതിവഴിയിൽ മുറിഞ്ഞു. വീണ്ടും ഗാനമേള, നാടകം. പിന്നെ, കാഞ്ഞിരപ്പുഴ എ.കെ.ജെ.എം സ്കൂളിൽ സംഗീതാധ്യാപകനായി കയറി. അക്കാലത്ത് മികച്ച രണ്ടാമത്തെ നാടകസംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം രംഗനാഥിനു ലഭിച്ചു. ഒന്നാം സ്ഥാനം എം.കെ.അർജുനൻ മാഷിന്. അന്ന് യേശുദാസാണ് സംഗീത നാടക അക്കാദമി ചെയർമാൻ. പുരസ്കാരം വാങ്ങാനെത്തിയ കിളുന്തുപയ്യനെ അദ്ദേഹം ശ്രദ്ധിച്ചു. ക്രമേണ അടുപ്പത്തിന്റെ ഗാഢതയേറി.
അക്കാലത്താണ് കാഞ്ഞിരപ്പുഴയിലെ കലാരസികനായ ഒരാൾ സിനിമ നിർമിക്കാൻ മോഹവുമായി രംഗനാഥിനെ കണ്ടത്. രാധാകൃഷ്ണ പ്രണയത്തെ അടിസ്ഥാനമാക്കി ഒരു കഥപറഞ്ഞത് അവർക്കിഷ്ടപ്പെട്ടു. ആരു സംവിധാനം ചെയ്യുമെന്നായി അടുത്ത പ്രശ്നം. സംഗീതപ്രധാനമായ ചിത്രമായതിനാൽ യേശുദാസിനെക്കൊണ്ട് സംവിധാനം ചെയ്യിച്ചാലോ എന്ന് രംഗനാഥ്. അവർക്ക് അമ്പരപ്പ്. ഒടുവിൽ നിർമാതാക്കളായ ഗോപാലനെയും ഷാജഹാനെയും കൂട്ടി യേശുദാസിനെ കാണാൻ രംഗനാഥ് തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ എത്തി. യേശുദാസും ആദ്യം അമ്പരന്നെങ്കിലും കഥ കേട്ടപ്പോൾ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത് പുതുമുഖങ്ങളായിരിക്കണം എന്ന ഉപാധിയോടെ സമ്മതിച്ചു. സിനിമയുടെ പേര് ‘പ്രിയസഖിക്കൊരു പ്രണയലേഖനം’. ശീർഷകഗാനം രംഗനാഥ് തന്നെ എഴുതി ചിട്ടപ്പെടുത്തി. ‘പ്രിയസഖിക്കൊരു ലേഖനം, എന്റെ പ്രിയതമയ്ക്കൊരു ലേഖനം’ എന്ന ഗാനം യേശുദാസ് പാടി. നായകനെയും നായികയും യേശുദാസ് തന്നെയാണു കണ്ടെത്തിയത്. ഫോട്ടോഷൂട്ടും കഴിഞ്ഞു. പക്ഷേ, അപ്പോഴേക്കും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമെല്ലാം യേശുദാസിനെ നിരുത്സാഹപ്പെടുത്തി. അദ്ദേഹം പിന്മാറി. ആ സിനിമയിലേക്ക് യേശുദാസ് കണ്ടെത്തിയ നായിക സുനന്ദയാണ് പിന്നീട് ബാലചന്ദ്രമേനോന്റെ ‘മണിച്ചെപ്പു തുറന്നപ്പോൾ’ എന്ന സിനിമയിൽ കാർത്തികയായി അഭിനയിച്ചു പേരെടുത്തത്.
സിനിമാമോഹം തകർന്നതോടെ നിരാശനായി നാട്ടിലേക്കു മടങ്ങാൻ തുടങ്ങിയ രംഗനാഥിനെ യേശുദാസ് പിടിച്ചുനിർത്തി. തരംഗിണി സ്റ്റുഡിയോയിൽ സ്റ്റാഫ് മ്യൂസിക് ഡയറക്ടറും സ്‌ക്രിപ്‌റ്റ് സ്‌ക്രൂട്ടിണൈസിങ് ഓഫിസറുമായി നിയമനം നൽകി. 1981ൽ തരംഗിണി ആദ്യമായി പുറത്തിറക്കിയ ഓണപ്പാട്ടുകളുടെ സംഗീതം രംഗനാഥായിരുന്നു. ഓഎൻവി കുറുപ്പ് എഴുതിയ ‘നാലുമണിപ്പൂവേ’, ‘നിറയോ നിറ നിറയോ’, ‘പറയൂ നിൻഗാനത്തിൽ’, ‘കണ്ണനെ കണികാണാൻ’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ‘സ്വാമി സംഗീതമാലപിക്കും’, ‘എൻമനം പൊന്നമ്പലം’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ അടങ്ങിയ അയ്യപ്പഭക്തിഗാനങ്ങൾ രംഗനാഥ് എഴുതി ഈണമിട്ടതും ഹിറ്റായതോടെ ജീവിതം വഴിമാറി. മധുരഗീതങ്ങൾ (രണ്ടു വോളിയം), എന്റെ വാനമ്പാടി തുടങ്ങിയ ആൽബങ്ങൾ അദ്ദേഹം തന്നെ എഴുതി ചിട്ടപ്പെടുത്തി. പ്രഭാതഗീതങ്ങൾ, ഉത്സവഗാനങ്ങൾ (വി.മധുസൂദനൻനായർ), അമൃതഗീതങ്ങൾ(ഓഎൻവി കുറുപ്പ്), ചിൽഡ്രൻ സോങ്സ്(ബിച്ചുതിരുമല) എന്നിങ്ങനെ രംഗനാഥ് ഈണമിട്ട മറ്റ് ആൽബങ്ങളും ശ്രദ്ധനേടി. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ സംഗീതാവിഷ്കാരമായ ‘ഒരുജാതി ഒരുമതം ഒരു ദൈവം’, വയലാർ കവിതകളുടെ സംഗീതാവിഷ്കാരമായ ‘എനിക്കു മരണമില്ല’ എന്നിവയും രംഗനാഥിന്റെ ഈണത്തിൽ തരംഗിണിയിൽ നിന്നിറങ്ങി. അയ്യപ്പഗാനങ്ങളൊക്കെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ഹിറ്റായി. മധുരഗീതങ്ങളുടെയൊക്കെ കസെറ്റ് ഒറ്റ ദിവസം 35,000 എണ്ണംവരെ വിറ്റുപോയത് രംഗനാഥ് ഓർമിക്കുന്നു. കസെറ്റ് കൊണ്ടുപോകാൻ ചെമ്മീൻ ഫാക്‌ടറിയുടെ മുന്നിലെന്നപോലെ അന്നു ലോറികൾ കാത്തുകിടക്കുമായിരുന്നത്രേ. തനിക്കുവേണ്ടി 201-ാമത്തെ പാട്ടു ചിട്ടപ്പെടത്തിയപ്പോൾ യേശുദാസ് തരംഗിണിയിൽ ഒരു പൗരസ്വീകരണം ഏർപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു മുഖ്യാതിഥി. ജി.ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വീണ്ടും സിനിമ
തരംഗിണിപ്പാട്ടുകൾ ശ്രദ്ധനേടിയതോടെ സിനിമാലോകം രംഗനാഥിനു വാതിൽ തുറന്നു. ആദ്യം പ്രിയദർശന്റെ ‘പൂച്ചയ്‌ക്ക് ഒരു മൂക്കുത്തി’യുടെ പശ്ചാത്തല സംഗീതം. പിന്നാലെ ‘പപ്പൻ പ്രിയപ്പെട്ട പപ്പനിലെ’ പാട്ടുകൾ ചെയ്‌തു. തരംഗിണിയുടെ ചിൽഡ്രൻസോങ്സ് കേട്ട് ഇഷ്ടപ്പെട്ടാണ് 1984ൽ ബാലചന്ദ്രമേനോൻ ‘ആരാന്റെ മുല്ല കൊച്ചുമുല്ല’ എന്ന സിനിമയുടെ സംഗീതസംവിധാനം രംഗനാഥിനെ ഏൽപിക്കുന്നത്. അതിലെ ‘കാട്ടിൽ കൊടുംകാട്ടിൽ’, ‘ശാലീന സൗന്ദര്യമേ’ എന്നീ ഗാനങ്ങൾ ഹിറ്റായി. പിന്നീട് പ്രിൻസിപ്പൽ ഒളിവിൽ, മടക്കയാത്ര, മാമലകൾക്കപ്പുറത്ത്, ക്യാപ്‌റ്റൻ, അച്ഛൻ ബാലൻ മകൻ ഭീമൻ തുടങ്ങി 25 ഓളം സിനിമകൾക്ക് ഈണമിട്ടു. ഇവയിൽ പലതും റിലീസായില്ല. ചില നിർബന്ധങ്ങൾക്കു വഴങ്ങി അമ്പാടി തന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്‌തു. അമ്പാടിതന്നിലൊരുണ്ണിയുടെ റീ റെക്കോർഡിങ്ങിന് കീ ബോർഡ് വായിച്ചത് എ.ആർ. റഹ്‌മാനായിരുന്നു. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡ് പരമ്പരയും അറിയാതെ എന്ന ടെലിഫിലിമും രംഗനാഥ് സംവിധാനം ചെയ്‌തു. എന്നിട്ടും സിനിമാ ലോകം രംഗനാഥിനെ അവഗണിച്ചു.
പാട്ടിന്റെ പാലാഴി
രംഗനാഥ് എന്ന സകലകലാ പ്രതിഭ മലയാള സിനിമയിലും നാടകത്തിലും ലളിതഗാനശാഖയിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തി. 42 നാടകങ്ങളും 25 നൃത്തനാടകങ്ങളും രചിച്ചു; സംവിധാനം ചെയ്‌തു. ഈണമിട്ട ഗാനങ്ങളിൽ ഏറെയും രചിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഇവയിൽ 251 ഗാനങ്ങൾ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ആലാപനത്തിന്റെ അപൂർവസാധ്യതകൾ നമ്മെ അനുഭവിപ്പിച്ചവയാണ്.
ഭക്തിയുടെ കളഭം പൂശിയ ‘എല്ലാ ദു:ഖവും തീർത്തുതരൂ എന്റയ്യാ...’, ‘കണ്ണനെ കണികാണാൻ...’, പ്രണയത്തിന്റെ തൂവൽസ്‌പർശമുള്ള ‘പറയൂ നിൻഗാനത്തിൽ നുകരാത്ത തേനിന്റെ...’’, ‘പ്രണയരാഗങ്ങൾ പകരും ഞാൻ കാതിൽ...’,’ താഴ്‌ന്ന സ്‌ഥായിയിലെ മന്ത്രസ്വരം കേൾപ്പിച്ച ‘ഹേ രാമാ... രഘുരാമാ...’’, ‘മഹാബലീ മഹാനുഭാവാ...’’, ഗൃഹാതുരത്വത്തിന്റെ കണ്ണീർപുരണ്ട ‘എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻ തുടിയായ്...’’, ‘ഓർമയിൽപോലും പൊന്നോണമെപ്പൊഴും’, ആർദ്രഹൃദയത്തിന്റെ നനവൂറുന്ന ‘ശാലീന സൗന്ദര്യമേ...’, ‘നാലുമണിപ്പൂവേ...’, ‘പ്രമദ വൃന്ദാവനം ഈ നവതപോവനം...’ അങ്ങനെ എത്രയെത്ര ഭാവഗാനങ്ങൾ. മലയാള ലളിതഗാനശാഖയുടെ സുവർണകാലമായിരുന്ന എൺപതുകളിലെ തരംഗിണി ആൽബങ്ങൾ ഗൃഹാതുരത്വമായി നെഞ്ചിലേറ്റിയ തലമുറയ്‌ക്ക് ആലപ്പി രംഗനാഥ് ഇനിയും പാടിത്തീരാത്തൊരു പാട്ടാണ്...