"ഭക്തമീരയുടെ പുനർജന്മം"
'ഭഗവാൻ പുനർജന്മം അനുവദിക്കുകയാണെങ്കിൽ എനിക്ക് ഇനിയും ഒരു ഗായികയായി ജനിക്കേണ്ട! പാട്ടുകാരിയായി ജീവിക്കുക അത്രയും പ്രയാസമുള്ള കാര്യമാണ്. ഭഗവാൻ എന്നെ ഇൻഡ്യയിൽ ജനിപ്പിക്കട്ടെ, മഹാരാഷ്ട്രയിൽ ജനിപ്പിക്കട്ടെ, ഏതെങ്കിലും ചെറിയ വീട്ടിൽ ഒരു ആൺകുട്ടിയായി ജനിപ്പിക്കട്ടെ. പക്ഷേ ഒരിക്കലും പെൺകുട്ടിയാവേണ്ട!' 1999
'ഭഗവാൻ പുനർജന്മം അനുവദിക്കുകയാണെങ്കിൽ എനിക്ക് ഇനിയും ഒരു ഗായികയായി ജനിക്കേണ്ട! പാട്ടുകാരിയായി ജീവിക്കുക അത്രയും പ്രയാസമുള്ള കാര്യമാണ്. ഭഗവാൻ എന്നെ ഇൻഡ്യയിൽ ജനിപ്പിക്കട്ടെ, മഹാരാഷ്ട്രയിൽ ജനിപ്പിക്കട്ടെ, ഏതെങ്കിലും ചെറിയ വീട്ടിൽ ഒരു ആൺകുട്ടിയായി ജനിപ്പിക്കട്ടെ. പക്ഷേ ഒരിക്കലും പെൺകുട്ടിയാവേണ്ട!' 1999
'ഭഗവാൻ പുനർജന്മം അനുവദിക്കുകയാണെങ്കിൽ എനിക്ക് ഇനിയും ഒരു ഗായികയായി ജനിക്കേണ്ട! പാട്ടുകാരിയായി ജീവിക്കുക അത്രയും പ്രയാസമുള്ള കാര്യമാണ്. ഭഗവാൻ എന്നെ ഇൻഡ്യയിൽ ജനിപ്പിക്കട്ടെ, മഹാരാഷ്ട്രയിൽ ജനിപ്പിക്കട്ടെ, ഏതെങ്കിലും ചെറിയ വീട്ടിൽ ഒരു ആൺകുട്ടിയായി ജനിപ്പിക്കട്ടെ. പക്ഷേ ഒരിക്കലും പെൺകുട്ടിയാവേണ്ട!' 1999
'ഭഗവാൻ പുനർജന്മം അനുവദിക്കുകയാണെങ്കിൽ എനിക്ക് ഇനിയും ഒരു ഗായികയായി ജനിക്കേണ്ട! പാട്ടുകാരിയായി ജീവിക്കുക അത്രയും പ്രയാസമുള്ള കാര്യമാണ്. ഭഗവാൻ എന്നെ ഇൻഡ്യയിൽ ജനിപ്പിക്കട്ടെ, മഹാരാഷ്ട്രയിൽ ജനിപ്പിക്കട്ടെ, ഏതെങ്കിലും ചെറിയ വീട്ടിൽ ഒരു ആൺകുട്ടിയായി ജനിപ്പിക്കട്ടെ. പക്ഷേ ഒരിക്കലും പെൺകുട്ടിയാവേണ്ട!' 1999 മാർച്ചിൽ, ഒരു ചാനലിനു നൽകിയ മുഖാമുഖത്തിൽ വിശ്രുത ഗായിക ലത മങ്കേഷ്കർ തുറന്നുപറഞ്ഞ ഈ വാക്കുകളിൽ, അവർ കടന്നുപോയ സഹനസമരജീവിതത്തെ ഞാൻ തെളിഞ്ഞുകാണുന്നു. ഭൂമിയിൽ അവർ മഹത്തരങ്ങളായ തൊണ്ണൂറ്റിരണ്ടു വർഷങ്ങൾ പൂർത്തിയാക്കി. ഏഴു പതിറ്റാണ്ടു കാലത്തെ തിരക്കുപിടിച്ച കലാജീവിതം. അവർക്കു നൽകാൻ ഇനി ഇന്ത്യയിൽ യാതൊരു ബഹുമാനവും ബാക്കിനിൽക്കുന്നില്ല. എല്ലാത്തരം പാട്ടുകളും ലതാജി പാടിക്കഴിഞ്ഞു. ചിലതെല്ലാം മനസ്സോടെ, ചിലതാവട്ടെ മനസ്സില്ലാമനസോടെ. പക്ഷേ ഇവ തമ്മിലുള്ള വേർതിരിവുകൾ തിരിച്ചറിയാൻ കഴിയുന്നതല്ല. സ്വന്തമാണെന്ന തോന്നിപ്പിക്കുന്ന ഐക്യപ്പെടൽ ലതാജിയുടെ പാട്ടിൽ സാധാരണക്കൾപോലും അനുഭവിക്കുന്നു. അപ്പോഴും ലതാജി പറയുന്നു, 'എത്ര ജനപ്രിയമാണെങ്കിലും ഞാൻ പാടിയ പാട്ടുകൾ കേൾക്കാൻ എനിക്കു ഭയമാണ്. രണ്ടാമതൊരിക്കൽ കേൾക്കാൻ ഇടവന്നപ്പോഴെല്ലാം തോന്നിയിട്ടുണ്ട്, ഭാവം ശരിയായി വന്നില്ല, സ്വരസ്ഥാനങ്ങൾ തെറ്റിപ്പോയി, ഇതിനേക്കാൾ നന്നായി പാടാൻ സാധിക്കുമായിരുന്നു' എന്നൊക്കെ! ഈ നിരാശയെ മറികടക്കാൻ സഹായിക്കുന്ന ഒരു വിശ്വാസവും ലതാജി കണ്ടുവച്ചിട്ടുണ്ട് - 'സംഗീതത്തിൽ പരിപൂർണത കൊണ്ടുവരാൻ ഒരിക്കലും മനുഷ്യനു സാധിക്കുകയില്ല'.
ലണ്ടനിലെ ചരിത്രപ്രസിദ്ധമായ റോയൽ ആൽബർട്സ് ഹാളിലും എത്തിച്ചേർന്ന ലതാജിയുടെ മധുരനാദം ഇന്ത്യൻ സംഗീതത്തിനു നേരേ ലോകശ്രദ്ധയെ ബലമായി പിടിച്ചുകൊണ്ടുവന്നു. ലതാജിയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള പലരും അവരുടെ ഗാനമാധുരിയുടെ പ്രതിധ്വനി കലാജീവിതത്തിലും കേൾക്കുന്നുണ്ട്. അഹന്ത, അഹമ്മതി, താൻപോരിമ, എന്നും മറ്റും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ചെറിയ പിടിവാശികൾക്കും പരിഭവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മുകളിൽ അവരുടെ നന്മയുടെ, ഹൃദയവിശാലതയുടെ, ദീനാനുകമ്പയുടെ നേരനുഭവങ്ങൾ നക്ഷത്രഭംഗിയോടെ ഇപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
ലതാജിയുടെ സംഗീതത്തിൽ സുഗന്ധംപോലെ വ്യാപിച്ചുനിൽക്കുന്ന ആത്മഭാവങ്ങൾക്കും പ്രണയനൈർമല്യങ്ങൾക്കുമൊപ്പം സകലതും ദൈവത്തിൽ സമർപ്പിക്കുന്ന ഭക്തിഭാവവും ഏറെ സാന്ദ്രതയോടെ പ്രകടമാണ്. അവരുടെ ഭജനുകളിൽ തുടിക്കുന്ന ചൈതന്യത്തിൽ ലോകം മുഴുവൻ മുങ്ങിനിവരുന്നു. നിരവധി സിനിമകൾക്കുവേണ്ടിയും ലതാജി ഭക്തിരസം തുളുമ്പുന്ന പാട്ടുകൾ പാടിയിട്ടുണ്ട്. ദേവാനന്ദും സാധനയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച 'ഹം ദോനോം' എന്ന സിനിമയിലെ 'പ്രഭു തേരോ നാം ജോ ധ്യായേ ഫൽ പായേ' എന്നു തുടങ്ങുന്ന ഗാനം ഇവയുടെ നടുവിൽ വേറിട്ടുനിൽക്കാൻ ചെറുതെങ്കിലും ഒരു കാരണമുണ്ട്.
അറുപതുകളുടെ തുടക്കത്തിൽ സഹീർ ലുധിയാനവി എഴുതി ജയദേവ് സംഗീതം നൽകിയ ഈ ഈശ്വരസ്തുതി ലതാജിയുടെ ജീവിതത്തിൽ മറക്കാവുന്നതല്ല. ഭീംപലാസിയിൽനിന്നും ഉറവകൊണ്ട ധാനി രാഗത്തിൽ ചിട്ടപ്പെടുത്തിയ 'പ്രഭു തേരോ' ഹിന്ദുസ്താനി സംഗീതത്തിലെ യുവഗായികമാർ കച്ചേരികളിൽ പലകുറി പാടിക്കേട്ടിട്ടുണ്ട്. എങ്കിലും 'ഹം ദോനോ'മിലെ പ്രധാന ഗാനം ഇതായിരുന്നില്ല. അതേ സിനിമയിൽ ജനപ്രീതി നേടിയ വേറെയും ആറു പാട്ടുകളുണ്ടായിരുന്നു. ഉഗ്രപ്രതിഭയായ സഹീർ ലുധിയാനവിയുടെ രചനാനിപുണിയോ ജയദേവിന്റെ സംഗീതവിസ്മയമോ ഇതിൽ പ്രതിഫലിക്കുന്നതായി എടുത്തെഴുതാൻ സാധിക്കുന്നതുമല്ല. എന്നിട്ടും ഈ ഗാനം ലതാജിയുടെ കലാജീവിതത്തിൽ ഉയർന്ന പദവിനേടി. ഇനി അതിനുള്ള കാരണത്തിലേക്കു ഞാൻ പോകട്ടെ. കുറഞ്ഞപക്ഷം രണ്ടു തവണ കൈമറിഞ്ഞുവന്നെത്തിയ കഥയാണെങ്കിലും അതിനു പിന്നിലെ യാഥാർഥ്യം ഇപ്പോൾ ഈ ഗാനത്തിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ബോളിവുഡിൽ പാട്ടുകളുടെ സംഖ്യ ഏറ്റവും ഏറിനിന്ന സ്വർണകാലമാണ് അറുപതുകൾ. എല്ലാ സംഗീതസംവിധായകർക്കും ലതയെ വേണം. എല്ലായിടത്തും എത്തിച്ചേരാൻ അവരും ശ്രമിച്ചു. അതുകൊണ്ടു സംഭവിച്ചതോ, അമാൻ അലിഖാൻ, അമാനത് ഖാൻ എന്നിവരുടെ പ്രിയ ശിഷ്യക്ക് ശാസ്ത്രീയസംഗീതത്തിൽ മുന്നോട്ടു പോകാനുള്ള മോഹം തീർത്തും ഉപേക്ഷിക്കേണ്ടിവന്നു. വൈകുന്നേരം സ്റ്റുഡിയോയിൽ ജയദേവിനുവേണ്ടി പാടാനിരിക്കുമ്പോൾ ഇതായിരുന്നു ലതാജിയുടെ ജീവിതസാഹചര്യം. അവരെ അധികം പ്രയാസപ്പെടുത്തിക്കൂടെന്ന തീരുമാനം ജയദേവും നേരത്തേ എടുത്തുവച്ചിരുന്നു. അതിനാൽ 'പ്രഭു തേരോ' പാടാൻ അരമണിക്കൂർപോലും ലതാജിക്കു ചെലവഴിക്കേണ്ടിവന്നില്ല.
അവർ വീട്ടിലേക്കു മടങ്ങിയപ്പോൾ ഇരുട്ടു വീണുതുടങ്ങി. അടുത്ത ദിവസത്തേക്കുള്ള പാട്ടുകൾ പരിശീലിച്ചുനോക്കേണ്ടതുണ്ട്. കഴിവതും വേഗം വീട്ടിലെത്തണം. ഡ്രൈവർ പ്രധാന നിരത്തിൽനിന്നും വണ്ടി തിരക്കുകുറഞ്ഞ ഗലിയിലേക്കിറക്കി. അതുവഴി തിടുക്കത്തിൽ മുന്നോട്ടുപോകുന്നതിനിടെ കാർ പെട്ടെന്നു ചവിട്ടിനിന്നു. ചെറിയ മയക്കത്തിലായിരുന്ന ലതാജി ഞെട്ടലോടെ ഉണർന്നു. മങ്ങിയവെട്ടത്തിൽ മുന്നിൽ രൂപംകൊള്ളുന്ന ചെറിയ ജനക്കൂട്ടത്തെ അവരും കണ്ടു. അതിനു നടുവിൽ ഒരു പെൺകുട്ടിയുടെ ദീനദീനമായ നിലവിളിയും കാതിൽ വന്നുപതിച്ചു, ഡ്രൈവർ വിലക്കിയിട്ടും ലതാജി പരിഭ്രമത്തോടെ കാറിൽനിന്നിറങ്ങി. അടുത്തുകൂടിയവരിൽനിന്നും അവർ കാര്യങ്ങൾ മനസിലാക്കിയെടുത്തു.
ലതാജിയുടെ കാർ ഒരു സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴിച്ചിരിക്കുന്നു. സൈക്കിളിനു പിന്നിലിരുന്ന പന്ത്രണ്ടുവയസുകാരിയുടെ കാൽപ്പാദങ്ങളിലൂടെ ടയർ കയറിയിറങ്ങി. അതിലേ കടന്നുപോയ മറ്റൊരു വാഹനത്തിൽ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. അങ്ങോട്ടുപോകാനും കുട്ടിയുടെ സ്ഥിതി മനസിലാക്കാനും ആഗ്രഹിച്ചെങ്കിലും ലതാജിയെ തിരിച്ചറിഞ്ഞ തദ്ദേശവാസികൾ അവിടെ നിന്നാലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളൊഴിവാക്കാൻ അവരെ തിടുക്കത്തിൽ പറഞ്ഞയച്ചു.
ലതാജിയെ വീട്ടിൽ എത്തിച്ചശേഷം അവരുടെ നിർദേശപ്രകാരം ഡ്രൈവർ ആശുപത്രിയിലേക്കു പാഞ്ഞു. ജീവാപായം സംഭവിച്ചില്ലെങ്കിലും കുട്ടിയുടെ കാൽപ്പാദം മുറിച്ചുമാറ്റേണ്ടി വന്നിരിക്കുന്നു! കുട്ടിയുടെ ചികിത്സക്കുവേണ്ടതെല്ലാം ലതാജി നൽകിയെങ്കിലും അവരുടെ ഹൃദയം പിടഞ്ഞു. ദരിദ്രയായ ഒരു കുഞ്ഞുപെൺകുട്ടി കാൽപ്പാദമില്ലാതെ പരസഹായത്തോടെ ജീവിക്കേണ്ടിവരുന്ന സാഹചര്യം അവരെ വല്ലാതെ ഉലച്ചു. ഒന്നുമില്ലായ്മയിൽ കഴിഞ്ഞുകൂടിയ സ്വന്തം ബാല്യത്തെ അന്നേരം ലതാജിയും ഓർത്തിട്ടുണ്ടാകണം. വലിയ മനോവിഷമത്തിൽപെട്ട ഗായിക തൊട്ടടുത്ത ദിവസങ്ങളിലെ റെക്കോഡിങ്ങുകളെല്ലാം റദ്ദാക്കി. കാരണം ബോധ്യപ്പെടുത്താനൊന്നും നിന്നില്ല, മുറിയിൽ ഒതുങ്ങിക്കൂടിയിരുന്ന് കണ്ണീർ വാർത്തു. അതിനിടെ 'ഹം ദോനോ'മിലെ പാട്ടുകൾ ജയദേവ് കൊടുത്തുവിട്ടു. സ്വന്തം പാട്ടുകൾ കേൾക്കാൻ യാതൊരും വ്യഗ്രതയും കാണിച്ചിട്ടില്ലാത്ത ലതാജി 'പ്രഭു തേരോ' പിന്നെയും പിന്നെയും കേട്ടുനോക്കി. വൈകുന്നേരം അവർ ജയദേവിനെ ഫോണിൽ വിളിച്ചു 'പ്രഭു തേരോ' ഒരിക്കൽക്കൂടി റെക്കോർഡു ചെയ്യാൻവേണ്ട ഏർപ്പാടുകൾ ചെയ്യാൻ അഭ്യർഥിച്ചു. എന്തിനെന്നു മനസിലാകാതെ സംഗീതസംവിധായകൻ വിഷമിച്ചുപോയി.
അടുത്ത ദിവസംതന്നെ ലതാജി സ്റ്റുഡിയോയിലെത്തി. പാട്ട് വളരെ നന്നായിട്ടുണ്ടെന്നും ഇനിയും പാടേണ്ടതില്ലേയെന്നും ജയദേവ് ആവർത്തിച്ചുനോക്കി. ലതാജി വാശിപിടിച്ചു. മുഴുവൻ കലാകാരന്മാരും വീണ്ടും ഹാജരായി. എന്താണ് കഥയെന്നറിയാതെ എല്ലാവരും അമ്പരപ്പിലിരിക്കേ, വേറൊന്നിലും മനസുകൊടുക്കാതെ ലതാജി ഭക്തിപുരസരം പാടിത്തുടങ്ങി -
'തൂ ദാനീ തൂ അന്തർയാമീ
തേരീ കൃപാ ഹോ ജായേ തോ സ്വാമീ
ഹർ ബിഗഡി ബൻ ജായേ
ജീവൻ ധൻ മിൽ ജായേ.'
ആദ്യം പാടിവച്ചതിൽനിന്നുള്ള പ്രകടമായ വ്യത്യാസങ്ങൾ രണ്ടാമത്തേതിൽ സംഗീത സംവിധായകൻ തിരിച്ചറിയാതിരുന്നില്ല. പക്ഷേ ഓർമപ്പെടുത്താൻ അദ്ദേഹം മുതിർന്നില്ല. തീർച്ചയായും ജയദേവും ശ്രദ്ധിച്ചുകാണണം പുതിയ വേർഷനിൽ നിറഞ്ഞുതുളുമ്പിയ വിശുദ്ധഭക്തിയും ലതാജിയുടെ കണ്ണുകളിൽ പൊടിച്ചുനിന്ന വൈരക്കൽതിളക്കങ്ങളും! അവ രണ്ടും ഒരു പാവംപിടിച്ച പെൺകുട്ടിയെ കാരുണ്യപൂർവം ഓർത്തുകൊണ്ടാണെന്ന സത്യം അന്നേരം അദ്ദേഹമൊട്ടു മനസിലാക്കിയുമില്ല!
ലതാജി റെക്കോഡിങ് പൂർത്തിയാക്കി വേഗത്തിൽ മടങ്ങാൻ തുടങ്ങവേ, എവിടെനിന്നോ സഹീർ ലുധിയാനവിയും അവതരിച്ചു. അദ്ദേഹവും കാരണം ചോദിക്കാതിരുന്നില്ല. അതിനു മറുപടിയായി ലതാജി പറഞ്ഞു, ഒരു യഥാർഥ കലാകാരിക്കുമാത്രം പറയാൻ കഴിയുന്ന വാക്കുകൾ - 'സഹീർജീ അങ്ങേക്കു മനസിലാകും, ഞാൻ ആദ്യം പാടിയ 'പ്രഭു തേരോ' വെറും ഒരു സിനിമാ പാട്ടായിരുന്നു. ഇപ്പോൾ പാടിയത് എന്റെ പ്രാർഥനയാണ്. ഈശ്വരനോടുള്ള വിനീതമായ അപേക്ഷ. അദ്ദേഹം അത് കേൾക്കാതിരിക്കുമോ ?
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രഫസറുമാണ്. )