ചതി പറ്റിയതോർത്ത് പൊട്ടിക്കരഞ്ഞ് അന്ന് ആരോടും മിണ്ടാതെ നിന്ന ലോഹിതദാസ്! ഒടുവിൽ
ഗാനരചന: എ കെ. ലോഹിതദാസ് വീടിന്റെ പടിപ്പുരയില്‍ നിന്നൊരാള്‍ കൈ കൊട്ടി വിളിക്കുന്നു. ഇറങ്ങി ചെന്നതോടെ അയാള്‍ക്ക് പറയാന്‍ കഥകള്‍ ഏറെയുണ്ട്. പുഞ്ചിരിയോടെ അയാള്‍ അതൊക്കെ പറയുമ്പോഴും അതിലൊരു നൊമ്പരമുണ്ട്. പതിയെ അത് പൊട്ടിക്കരച്ചിലാകും. കേള്‍വിക്കാരന്റെ ഇടനെഞ്ച് പറിക്കും. അയാളുടെ കഥകളിലൊക്കെ മറ്റാരും
ഗാനരചന: എ കെ. ലോഹിതദാസ് വീടിന്റെ പടിപ്പുരയില്‍ നിന്നൊരാള്‍ കൈ കൊട്ടി വിളിക്കുന്നു. ഇറങ്ങി ചെന്നതോടെ അയാള്‍ക്ക് പറയാന്‍ കഥകള്‍ ഏറെയുണ്ട്. പുഞ്ചിരിയോടെ അയാള്‍ അതൊക്കെ പറയുമ്പോഴും അതിലൊരു നൊമ്പരമുണ്ട്. പതിയെ അത് പൊട്ടിക്കരച്ചിലാകും. കേള്‍വിക്കാരന്റെ ഇടനെഞ്ച് പറിക്കും. അയാളുടെ കഥകളിലൊക്കെ മറ്റാരും
ഗാനരചന: എ കെ. ലോഹിതദാസ് വീടിന്റെ പടിപ്പുരയില്‍ നിന്നൊരാള്‍ കൈ കൊട്ടി വിളിക്കുന്നു. ഇറങ്ങി ചെന്നതോടെ അയാള്‍ക്ക് പറയാന്‍ കഥകള്‍ ഏറെയുണ്ട്. പുഞ്ചിരിയോടെ അയാള്‍ അതൊക്കെ പറയുമ്പോഴും അതിലൊരു നൊമ്പരമുണ്ട്. പതിയെ അത് പൊട്ടിക്കരച്ചിലാകും. കേള്‍വിക്കാരന്റെ ഇടനെഞ്ച് പറിക്കും. അയാളുടെ കഥകളിലൊക്കെ മറ്റാരും
ഗാനരചന: എ കെ. ലോഹിതദാസ്
വീടിന്റെ പടിപ്പുരയില്‍ നിന്നൊരാള്‍ കൈ കൊട്ടി വിളിക്കുന്നു. ഇറങ്ങി ചെന്നതോടെ അയാള്‍ക്ക് പറയാന്‍ കഥകള്‍ ഏറെയുണ്ട്. പുഞ്ചിരിയോടെ അയാള്‍ അതൊക്കെ പറയുമ്പോഴും അതിലൊരു നൊമ്പരമുണ്ട്. പതിയെ അത് പൊട്ടിക്കരച്ചിലാകും. കേള്‍വിക്കാരന്റെ ഇടനെഞ്ച് പറിക്കും. അയാളുടെ കഥകളിലൊക്കെ മറ്റാരും പറയാത്തതും എന്നാല്‍ നമുക്കറിയുന്നതുമായ ഒരു ജീവിതമുള്ളതു കൊണ്ടാകാം അത്. പിന്നെ അയാളുടെ കഥ കേള്‍ക്കാനായി നമ്മള് പടിപ്പുരയില്‍ കാത്തു നിന്നു. എ. കെ. ലോഹിതദാസ് എന്ന ചലച്ചിത്രകാരന് മലയാളിക്ക് അങ്ങനെയൊക്കെയാണ്. കഥ കേള്‍ക്കാന്‍ കാത്തു നിന്നവരെയൊക്കെ നിരാശരാക്കി ഒരു ദിവസം കഥ പാതി പറഞ്ഞ് ഒരൊറ്റ പോക്ക്. അവിടെയും കഥ പറച്ചില് തന്നെയാകും. ഇനി സിനിമയെടുക്കാന്‍ ലോഹിതദാസില്ലല്ലോ, മനുഷ്യന്റെ കഥയും പറച്ചിലും പാട്ടുമൊക്കെ ലോഹിതദാസിലൂടെ കേള്‍ക്കുമ്പോള്‍ അതിനൊരു പ്രത്യേക സുഖമായിരുന്നു.
നല്ല കഥകള്‍ ഒരുപാട് എഴുതി, സംവിധാനം ചെയ്തു. അത്രത്തോളം പാട്ടുകള്‍ എഴുതാതെ പോയതു കൊണ്ടാകാം നല്ല പാട്ടുകളെഴുതിയിട്ടും ലോഹിതദാസെന്ന പാട്ടെഴുത്തുകാരനെ ചര്‍ച്ച ചെയ്യാതെ പോകുന്നത്. എല്ലാത്തരം പാട്ടുകളും ആസ്വാദിക്കുന്ന അദ്ദേഹം നല്ലൊരു പാട്ടുകാരന് കൂടിയായിരുന്നു. തന്റെ പ്രിയപ്പെട്ട പാട്ടുകള്‍ മതി മറന്നു പാടുമായിരുന്നത്രെ. സംഗീതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ളതുകൊണ്ടു തന്നെ തിരക്കഥകളെഴുതിയ സിനിമകളിലെ പാട്ടൊരുക്കുമ്പോഴും സജീവമായ ഇടപെടല്‍ നടത്തി. അവയില്‍ മിക്ക ഗാനങ്ങളും ഹിറ്റാകുകയും ചെയ്തു.
'ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
പനയോലകെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ...'
മാരന്റെ വിരിമാറില്‍ നീലാമ്പല്പ്പൂപോലെ വീണുകിടന്നു മയങ്ങാന്‍ കൊതി കൂടുന്ന പെണ്ണിനോടുള്ള കളി പറച്ചിലായിരുന്നു 'ജോക്കറി'ലെ ഈ ഗാനം. മോഹന്‍ സിത്താര സംഗീതം നല്കിയ ഈ ഗാനമായിരുന്നു ലോഹിതദാസ് സിനിമയ്ക്കുവേണ്ടി ആദ്യമായി എഴുതിയത്. അവിചാരിതമായി സംഭവിച്ച തന്റെ പാട്ടിന് അവിചാരിതമായി പാട്ടെഴുത്തുകാരനായി മാറുകയായിരുന്നു ലോഹിതദാസെന്ന് മോഹന്‍ സിത്താര പറയുന്നു. 'ലക്കിടിയിലെ ലോഹിയേട്ടന്റെ വീടായ അമരാവതിയിലായിരുന്നു പാട്ടിന്റെ കമ്പോസിങ്. പാട്ടുകളെഴുതുന്ന യൂസഫലി കേച്ചേരി സര് വൈകുന്നേരം തിരികെ അദ്ദേഹത്തിന്റെ വീട്ടിലേക്കു മടങ്ങും. എന്റെ താമസം ലോഹിയേട്ടന്റെ വീട്ടില്‍ തന്നെയാണ്. ഒരു ദിവസം കമ്പോസിങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ എന്റെ ഹാര്‍മോണിയപ്പെട്ടി അടച്ചുവയ്ക്കുന്നതിനിടയില് വെറുതേ ഒരു ഈണം മൂളി. ഒരു മൂളിപ്പാട്ടു പോലെ ഞാനത് പാടിയെന്നു മാത്രം. ലോഹിയേട്ടന് അത് ശ്രദ്ധിച്ചു. അത് ഒന്നുകൂടി പാടിക്കേ മോഹനാ എന്നു പറഞ്ഞു. ഞാന്‍ വീണ്ടുമത് പാടി. 'ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ...' ലോഹിയേട്ടന് പാടാന്‍ തുടങ്ങിയതോടെ എനിക്കും അതിശയമായി. ഇതു കൊള്ളാം ഈ ഗാനം നമുക്ക് സിനിമയില്‍ ഉപയോഗിക്കണം എന്നായി ലോഹിയേട്ടന്. അതുവരെ ഇങ്ങനെയൊരു ഗാനമോ ഒരു സന്ദര്‍ഭമോ ഒന്നും ആലോചനയില്‍ ഇല്ലായിരുന്നു. ലോഹിയേട്ടന് ബാക്കി കൂടി ശരിയാക്കാന്‍ പറഞ്ഞതോടെ ഞാന്‍ മൂളിത്തുടങ്ങി. ആ രാത്രി തന്നെ അദ്ദേഹം എഴുതി തീര്‍ത്ത ഗാനമായിരുന്നു 'ചെമ്മാനം പൂത്തേ' എന്നത്. അടുത്ത ദിവസം പാട്ടു കേട്ടതോടെ യൂസഫലി സാറിനും അതിശയമായി.' മോഹന്‍ സിത്താര പറയുന്നു.
'രാക്കുയില്‍ പാടി രാവിന്റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്ക്കിന്നാനന്ദവേള
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്
ഇടനെഞ്ചിലേതോ മണിവീണ തേങ്ങി.'
'കസ്തൂരിമാനിലെ' കസ്തൂരിഗന്ധമുള്ള ഗാനം. ലോഹിതദാസായിരുന്നു രചന. ഔസേപ്പച്ചന്റെ പ്രതിഭ തിളങ്ങി നിന്ന ഗാനങ്ങളായിരുന്നു 'കസ്തൂരിമാനി'ലേത്. ഔസേപ്പച്ചനും ലോഹിതദാസും തമ്മില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമായതു കൊണ്ടു തന്നെ പാട്ടുകള്‍ ഒട്ടും മോശമാകരുതെന്ന് രണ്ടുംപേര്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. നായക കഥാപാത്രം വയലിനിസ്റ്റായതുകൊണ്ടാകാം ഓസേപ്പച്ചനിലേക്ക് ലോഹിതദാസിനെ എത്തിച്ചത്. 'കസ്തൂരിമാനി'ലെ ഓരോ പാട്ടിന്റെ പിറവിക്കു പിന്നിലും തിളങ്ങിയ ലോഹിതദാസെന്ന പ്രതിഭ, ഔസേപ്പച്ചനെ വിസ്മയിപ്പിക്കുകയായിരുന്നു.
'എല്ലാ ഗാനങ്ങളും കൈതപ്രത്തിനെകൊണ്ട് എഴുതിക്കാനായിരുന്നു ലോഹിതദാസിന്റെ തീരുമാനം. കൈതപ്രം അന്ന് മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ വന്നും പോയും നിന്നു. 'രാക്കുയില്‍ പാടി' എന്ന ഗാനത്തിന്റെ ഈണം തയാറായതോടെ കൈതപ്രത്തിനായുള്ള കാത്തിരിപ്പിലായി എല്ലാവരും. കൈതപ്രം വരാന്‍ ഇനിയും വൈകുമെന്നു അറിഞ്ഞതോടെ ലോഹിതദാസ് ഡമ്മിയായി ഒരു പാട്ടെഴുതി തുടങ്ങി. പാട്ടെഴുതി എന്റെ കൈയിലേക്ക് തരുമ്പോഴും പറഞ്ഞു 'ഇതൊരു ഡമ്മിയാണ് ഒന്ന് നോക്കിക്കേ' എന്ന്. പാടി കഴിഞ്ഞപ്പോള്‍ ഇതു തന്നെയാണ് ആ സംഗീതത്തിനു വേണ്ടതെന്ന് എനിക്ക് തോന്നി.' ഔസേപ്പച്ചന് പറയുന്നു. അപ്പോഴും വരികള്‍ മാറ്റണമെന്ന് ലോഹിതദാസ് പറഞ്ഞു കൊണ്ടിരുന്നു. അടുത്ത ദിവസം കൈതപ്രം വന്ന് പാട്ടു കേട്ടതോടെ അദ്ദേഹവും നന്നായെന്നു പറഞ്ഞു. എല്ലാവരും ഒരേ അഭിപ്രായം പറഞ്ഞതോടെയാണ് ലോഹിതദാസും സമ്മതം മൂളിയത്.
'കസ്തൂരിമാനിലെ' 'അഴകേ കണ്മണിയേ' എന്ന ഗാനം ഒരുക്കിയപ്പോഴാണ് ലോഹിതദാസിലെ സംഗീതജ്ഞനെ ഔസേപ്പച്ചന് അടുത്തറിയുന്നത്. കൈതപ്രം പാട്ടെഴുതിയ ശേഷം ഔസേപ്പച്ചന് പാടി തുടങ്ങി. അവസാന വരിയും പാടിയ ശേഷം അതില്‍ ലയിച്ചിരുന്നപ്പോള്‍ അറിയാതെ കൈയില്‍ നിന്നൊരു വരിയിട്ടു, 'ഉയിരേ... ഉയിരേ...എന്‍ ഉയിരേ...' പാട്ടുകേട്ട് ലോഹിതദാസ് ചാടി എഴുന്നേറ്റു. 'ഔസേപ്പച്ചാ ആ ഉയിരേ എന്ന ഭാഗം ഒന്നുകൂടി പാടിക്കേ.' ഔസേപ്പച്ചന് ഒന്നു പാടി, രണ്ടു പാടി അതു പല ആവര്‍ത്തിയായി. ലോഹിതദാസ് അതില്‍ ലയിച്ചിരുന്നു. 'ചിലപ്പോള്‍ പെട്ടെന്ന് ലോഹിയെ കാണില്ല. തിരക്കി ചെല്ലുമ്പോള്‍ സ്റ്റുഡിയോയുടെ പുറത്തൊരു കസേരയില്‍ കാലുംനീട്ടി ഇരിപ്പുണ്ടാകും. 'ഉയിരേ' എന്ന ഭാഗം പാടി കരയുകയായിരിക്കും അപ്പോള്‍ അദ്ദേഹം. അതൊരു വെറും പാട്ടായിരുന്നില്ല. ഹൃദയത്തില്‍ തട്ടിയുള്ള സംഗീതമായിരുന്നു,' ഔസേപ്പച്ചന് പറയുന്നു.
പിന്നീട് 'കസ്തൂരിമാനി'-ലെ പ്രധാന ഭാഗങ്ങളിലൊക്കെ ഈ 'ഉയിരേ' എന്ന ഈണം പശ്ചാത്തല സംഗീതമാക്കി മാറ്റിയതും ഈ ഇഷ്ടം കൊണ്ടാണ്. വയലിനിലും ഓടക്കുഴലിലുമൊക്കെ ഉയിരേ എന്ന ഭാഗം വായിപ്പിച്ച് സിനിമയില്‍ ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ഓടക്കുഴലില്‍ വായിക്കാന്‍ എത്തിയത് ഒരു ന്യൂജെന്‍ ചെറുപ്പക്കാരനായിരുന്നു. അയാള്‍ എത്ര വായിച്ചിട്ടും ലോഹിതദാസിനും ഔസേപ്പച്ചനും ഇഷ്ടപ്പെടുന്നില്ല. ഓരോ തവണ മാറ്റി വായിപ്പിച്ചിട്ടും പ്രതീക്ഷിച്ച ഫലമില്ല. ഒടുവില്‍ ലോഹിതദാസ് ചാടി എഴുന്നേറ്റ് ഔസേപ്പച്ചനുമായി സ്റ്റുഡിയോയ്ക്ക് പുറത്തേക്കിറങ്ങി.
'ഔസേപ്പച്ചാ, ഇനി അയാള്‍ക്കൊന്നും പറഞ്ഞുകൊടുക്കണ്ടാ, അയാള്‍ക്കത് മനസ്സിലാകില്ല. അവന് ജീവിതാനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമോ ആ ഭാഗമൊക്കെ വായിക്കുക. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ഇതൊന്നും കിട്ടില്ല.' ലോഹിതദാസ് പറഞ്ഞതോടെ ഔസേപ്പച്ചനും കാര്യം മനസ്സിലായി. തന്റെ അസ്വസ്ഥത മാറ്റാന്‍ ലോഹിതദാസ് ഒരിക്കല്‍കൂടി അത് വയലിനില്‍ ഔസേപ്പച്ചനെകൊണ്ട് വായിപ്പിച്ചത്രെ. 'സംഗീതം അത്രമേല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞതുകൊണ്ടാകാം അത്' ഔസേപ്പച്ചന് പറയുന്നു. ചിത്രത്തിലെ 'വണ്‍ പ്ലസ് വണ്‍ വണ്‍ ഈസ് മാത്സ,് വണ്‍ പ്ലസ് വണ്‍ വണ്‍് ഈസ് ലൗവ്' എന്ന ഗാനത്തിന്റെ ആദ്യ വരി ലോഹിതദാസും ബാക്കി ഭാഗങ്ങള്‍ കൈതപ്രവുമാണ് എഴുതിയത്.
'കോലക്കുഴല്‍ വിളി കേട്ടോ രാധേ എന്‍ രാധേ
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍'
ലോഹിതദാസെന്ന് പാട്ടെഴുത്തുകാരനെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് 'നിവേദ്യ'ത്തിലെ 'കോലക്കുഴല്‍ വിളികേട്ടോ...' എന്ന ഗാനത്തിലൂടെയാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനത്തില്‍ രാധാകൃഷ്ണ പ്രണയവും കാത്തിരിപ്പുമൊക്കെ സമര്‍ത്ഥമായി വര്‍ണിച്ചിട്ടുണ്ട്. ലോഹിതദാസ് ഈ പാട്ടെഴുത്തിലേക്ക് എത്തിയതിനു പിന്നിലെ നിമിത്തമായി മാറിയതാകട്ടെ സംവിധായകന് വിനോദ് ഗുരുവായൂരും
'നിവേദ്യ'ത്തിന്റെ പ്രോജക്ട് ഡിസൈനറായി ലോഹിതദാസിനൊപ്പം അക്കാലത്ത് മുഴുവന്‍ സമയവും വിനോദ് ഗുരുവായൂരുണ്ട്. ചെറുതുരുത്തിയിലെ ഗസ്റ്റ് ഹൗസിലാണ് പാട്ടിന്റെ കമ്പോസിംഗ്. ചിത്രത്തിലെ പ്രണയഗാനത്തിനായി എം. ജയചന്ദ്രന് പാടിയ ഈണങ്ങളൊന്നും ലോഹിതദാസിന് ഇഷ്ടപ്പെടുന്നില്ല. ട്യൂണുകള്‍ ഒന്നിനുപിറകെ ഒന്നായി പാടിക്കൊണ്ടിരുന്നു. ഒടുവില്‍ മനസ്സ് അസ്വസ്ഥമായതോടെ 'ഞാനൊന്ന് വീട്ടില്‍ പോയി വരാം' എന്നായി എം. ജയചന്ദ്രന്. എങ്കില്‍ അങ്ങനെയാകട്ടെ എന്നായി ലോഹിതദാസ്. ശാന്തമായി വീട്ടിലിരുന്ന് പുതിയ ഈണങ്ങള്‍ ജയചന്ദ്രന് കണ്ടെത്തി. തിരികെ ചെറുതുരുത്തിക്ക് പോകും വഴി ഗുരുവായൂരപ്പനെയും കണ്ടു തൊഴുതു.
പത്തിലധികം ട്യൂണുകള്‍ തുടര്‍ച്ചയായി ജയചന്ദ്രന് പാടി തുടങ്ങി. ലോഹിതദാസ് എല്ലാം കേട്ടിരുന്നു. ഒടുവില്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. 'എന്താണ് ഇതും ഇഷ്ടപ്പെട്ടില്ലേ?' ഒരല്‍പ്പം ആശങ്കയോടെ വിനോദ് ഗുരുവായൂര്‍ ലോഹിതദാസിന് അടുത്തെത്തി. 'ഏയ് അതല്ല വിനോദേ, ഇതില്‍ ഏതെടുക്കണം എന്നാണിപ്പോള്‍ കണ്ഫ്യൂഷന്. എല്ലാം ഒന്നിനൊന്നുമെച്ചം.' ലോഹിതദാസിന്റെ വാക്കു കേട്ടതോടെ വിനോദിനും ആശ്വാസം.
ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഈണങ്ങളില്‍ നിന്ന് രണ്ടെണ്ണം ലോഹിതദാസ് തന്നെ തിരഞ്ഞെടുത്തു. ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന ട്യൂണിലേക്ക് എത്തിയത്. ഉപേക്ഷിച്ച ഒരീണം സിനിമയുടെ തുടക്ക ഭാഗത്ത് സംഗീത സംവിധായകനായി അഭിനയിക്കുന്ന എം. ജയചന്ദ്രന് പാടുന്ന 'രാജകുമാരി, രാജകുമാരി' എന്ന പാട്ടിന്റേതായിരുന്നു.
താനാഗ്രഹിച്ച ഈണം കിട്ടിയതോടെ ഇനി പാെട്ടഴുതാന് ആളെ വേഗം വിളിക്കണം എന്നായി ലോഹിതദാസ്. 'ഇതൊന്ന് സാറ് എഴുതി നോക്കൂ' എന്നായി വിനോദ് ഗുരുവായൂര്‍. എം. ജയചന്ദ്രനും നിര്‍ബന്ധിച്ചതോടെ പിന്മാറാന് വഴിയില്ലാതെയായി. വിനോദ് ഗുരുവായൂര്‍ ലോഹിതദാസിന്റെ കൈപിടിച്ച് മുറിയിലേക്ക് കയറ്റി വിട്ടു, ഒപ്പം ജയചന്ദ്രനെയും. 'ഞാന്‍ പുറത്ത് കാത്തു നില്ക്കാം. സര് പാട്ടെഴുതണേ' എന്നു പറഞ്ഞ് വാതിലടച്ചു. എം. ജയചന്ദ്രന് 'കോലക്കുഴല്‍ വിളി കേട്ടോ' എന്നു പാടിക്കേട്ടപ്പോഴാണ് വിനോദ് ഗുരുവായൂര്‍ വാതില്‍ തുറന്നത്. ഡമ്മിയായാണ് ഈ ഗാനം എന്ന് അപ്പോഴും ലോഹിതദാസ് പറഞ്ഞു. പക്ഷേ ഈ വരി വിട്ടുകളയാന്‍ ആര്‍ക്കും മനസ്സുവന്നില്ല. 'എന്തോ ഒരു ധൈര്യത്തില്‍ അപ്പോള്‍ ഞാന്‍ ലോഹി സാറിനോട് അങ്ങ് എഴുതാന്‍ പറഞ്ഞതാണ്.' വിനോദ് ഗുരുവായൂര്‍ പറയുന്നു.
പാട്ടുകാര്യത്തില്‍ ലോഹിതദാസിന് ഏറ്റവും കൂടുതല്‍ വേദനകള്‍ പകര്‍ന്ന അനുഭവമായിരുന്നു 'ചക്രം' സിനിമ. മോഹന്‍ലാല്‍ - ദിലീപ് കൂട്ടുകെട്ടില്‍ 'ചക്രം' എന്ന പേരില്‍ ലോഹിതദാസ് ഒരു സിനിമ ആരംഭിച്ചെങ്കിലും അത് പാതിവഴിയില്‍ ഉപേക്ഷിച്ചു. അന്ന് ഈ ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി - രവീന്ദ്രന് കൂട്ടുകെട്ടില്‍ ഗാനങ്ങളും ഒരുക്കിയിരുന്നു.
നാളുകള്‍ക്കു ശേഷം 'ചക്രം' എന്ന പേരില്‍ തന്നെ പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 'ആ പഴയ പാട്ടുകള്‍ വെറുതേ കളയാതെ ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചുകൂടെ,' രവീന്ദ്രന് മാഷിന്റെ ആഗ്രഹത്തിന് ലോഹിതദാസ് സമ്മതം മൂളി. അതോടെ പഴയ നിര്‍മാതാവിന്റെ വാക്കാലുള്ള അനുമതി മാത്രം തേടി രണ്ടു ഗാനങ്ങള്‍ പുതിയ ചിത്രത്തിലേക്ക് ലോഹിതദാസ് ഉപയോഗിച്ചു. ചിത്രീകരണ സമയത്തുതന്നെ ഈ ഗാനങ്ങള്‍ ഹിറ്റാകുമെന്ന് എല്ലാവര്ക്കും പ്രതീക്ഷയുണ്ടായി.
ചിത്രീകരണം എല്ലാം കഴിഞ്ഞ് സിനിമ റിലീസാകുന്നതിന് രണ്ടു ദിവസം മുമ്പ് 'ചക്ര'ത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതിയില്‍ നിന്നൊരു സ്റ്റേ പഴയ നിര്‍മാതാവ് വാങ്ങുന്നു. തന്റെ അനുമതിയില്ലാതെ പാട്ടുകള്‍ പുതിയ സിനിമയിലേക്ക് ലോഹിതദാസ് ഉപയോഗിച്ചു എന്നതായിരുന്നു പെട്ടെന്നുണ്ടായ സ്റ്റേയുടെ കാരണം. റിലീസിന് ഇനി രണ്ടു ദിവസം മാത്രം. തനിക്ക് ചതി പറ്റിയതോര്‍ത്ത് ലോഹിതദാസ് മാനസികമായി തകര്‍ന്നു. 'പൊട്ടിക്കരഞ്ഞുകൊണ്ട് ആരോടും മിണ്ടാതെ നില്ക്കുന്ന ലോഹിസാറിനെ എനിക്ക് മറക്കാനെ കഴിയുന്നില്ല.' അന്ന് എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായ വിനോദ് ഗുരുവായൂര്‍ പറയുന്നു.
എന്തായാലും ഈ ഗാനങ്ങള്‍ ഉപയോഗിച്ച് റിലീസ് നടക്കില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് എല്ലാവരും തല പുകച്ചു നില്ക്കുമ്പോള് കണ്ണു തുടച്ച് ലോഹിതദാസ് മുന്നോട്ടു വന്നു. വിനോദ് ഗുരുവായൂരിനെ മാറ്റി നിര്‍ത്തി കാര്യം പറഞ്ഞു. 'ഒരു പാട്ട് നമുക്ക് ഇതില്‍ നിന്ന് ഒഴിവാക്കാം. പക്ഷേ മറ്റൊരു പാട്ട് ഒഴിവാക്കുക സാധ്യമല്ല. കുറേ കാശ് മുടക്കിയല്ലേ ചിത്രീകരിച്ചത്. എത്രയും പെട്ടന്ന് രവീന്ദ്രന് മാഷിനെയും ഗിരീഷ് പുത്തഞ്ചേരിയേയും വിളിച്ചു വരുത്തുക.'
'പിന്നെ ഒരു ഓട്ടമായിരുന്നു. എല്ലാവരും എത്തുന്ന വരെ അതിനേക്കാള്‍ ആശങ്കയും' വിനോദ് ഗുരുവായൂര്‍ പറയുന്നു.
ഉച്ചയോടെ രവീന്ദ്രന് മാഷും ഗിരീഷ് പുത്തഞ്ചേരിയും കൊച്ചിയിലെ സ്റ്റുഡിയോയിലെത്തി. എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ നോക്കി അതിന് അനുസരിച്ച് പുതിയൊരു ട്യൂണിട്ടു. ഗിരീഷ് പുത്തഞ്ചേരിയാകട്ടെ ദൃശ്യങ്ങളില്‍ എവിടെയൊക്കെ ചുണ്ടനക്കനമുള്ള ഷോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടോ അതേ വാക്കുകള്‍ ഉപയോഗിച്ച് പുതിയ വരികളും എഴുതി. പാട്ടൊരുക്കത്തിലെ അപൂര്‍വമായ ഒരു നിമിഷമായിരുന്നു അത്. മൊത്തത്തില്‍ പാട്ട് കേട്ടതോടെ ലോഹിതദാസിനും സമാധാനം. എല്ലാം ഒത്തു വന്നിരിക്കുന്നു.
വൈകുന്നേരത്തോടെ സംഗീത ഉപകരണങ്ങള്‍ എത്തി. രാത്രി പതിനൊന്നു മണിയോടെ ഓര്‍ക്കസ്ട്രേഷനും പൂര്‍ത്തിയാക്കി. രാത്രി രണ്ടു മണിയുടെ ഫ്ളൈറ്റില്‍ ട്രാക്കുമായി വിനോദ് ഗുരുവായൂര്‍ ചെന്നൈയിലേക്ക്. പുലര്‍ച്ചെ അഞ്ചു മണിയോടെ വിജയ് യേശുദാസെത്തി ഗാനം ആലപിച്ചു. ഫൈനല്‍ മിക്സും കഴിഞ്ഞ് രാവിലെ തന്നെ പുതിയ ഗാനം സ്റ്റുഡിയോയിലെത്തി. ചെറിയ എഡിറ്റിങ്ങുമൊക്കെ കഴിഞ്ഞതോടെ ദൃശ്യങ്ങളോട് പൂര്‍ണമായും ചേര്‍ന്നു നില്ക്കുന്ന ഗാനമായി അത് മാറി. എല്ലാം കഴിഞ്ഞ് ലോഹിതദാസ് വിനോദ് ഗുരുവായൂരിനെ കെട്ടി പിടിച്ചു. പറഞ്ഞ ദിവസം തന്നെ സിനിമ റിലീസ് ചെയ്തു. 'ലോഹിതദാസ് എന്ന സംവിധായകന്റെ ചങ്കൂറ്റമാണ് ഞാനവിടെ കണ്ടത്. ഇങ്ങനെയും പാട്ടൊരുക്കാം എന്നു ലോഹിതദാസ് കാണിച്ചു തരികയായിരുന്നു. ഭയന്നു മാറി നിന്നിരുന്നെങ്കില്‍ എല്ലാം തകിടം മറിഞ്ഞേനെ,' വിനോദ് ഗുരുവായൂര്‍ പറയുന്നു.