പാട്ടെഴുത്തിനുള്ള ആദ്യ ദേശീയ പുരസ്കാരത്തിന് 50 വയസ്സ്!
പാട്ടെഴുത്തിന്റെ മലയാളപ്പെരുമ നേടിയ ആദ്യ ദേശീയ പുരസ്കാരത്തിന് സുവർണ ജൂബിലി. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...’ എന്ന കാലാതിവർത്തിയായ ഗാനത്തിലൂടെ വയലാർ രാമവർമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിന് പ്രാധാന്യമേറെയുണ്ട്. 1972 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് 1973
പാട്ടെഴുത്തിന്റെ മലയാളപ്പെരുമ നേടിയ ആദ്യ ദേശീയ പുരസ്കാരത്തിന് സുവർണ ജൂബിലി. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...’ എന്ന കാലാതിവർത്തിയായ ഗാനത്തിലൂടെ വയലാർ രാമവർമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിന് പ്രാധാന്യമേറെയുണ്ട്. 1972 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് 1973
പാട്ടെഴുത്തിന്റെ മലയാളപ്പെരുമ നേടിയ ആദ്യ ദേശീയ പുരസ്കാരത്തിന് സുവർണ ജൂബിലി. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...’ എന്ന കാലാതിവർത്തിയായ ഗാനത്തിലൂടെ വയലാർ രാമവർമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിന് പ്രാധാന്യമേറെയുണ്ട്. 1972 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് 1973
പാട്ടെഴുത്തിന്റെ മലയാളപ്പെരുമ നേടിയ ആദ്യ ദേശീയ പുരസ്കാരത്തിന് സുവർണ ജൂബിലി. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...’ എന്ന കാലാതിവർത്തിയായ ഗാനത്തിലൂടെ വയലാർ രാമവർമ്മയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരത്തിന് പ്രാധാന്യമേറെയുണ്ട്.
1972 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് 1973 ജൂലൈ 29 ന് ആയിരുന്നു. മികച്ച സിനിമ (സ്വയംവരം), മികച്ച സംവിധായകൻ (അടൂർ ഗോപാലകൃഷ്ണൻ) എന്നിവയുൾപ്പെടെ 7 പുരസ്കാരങ്ങൾ സ്വന്തമാക്കിയ ആ ദിവസം മലയാള സിനിമാ സംഗീതത്തിനും അപൂർവമായൊരു തലയെടുപ്പിന്റേതായിരുന്നു. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘്അച്ഛനും ബാപ്പയും’ എന്ന സിനിമയിലെ ഒരേ പാട്ടിന് വയലാർ രാമവർമ്മ മികച്ച ഗാനരചയിതാവും യേശുദാസ് മികച്ച ഗായകനുമായി. ദേശീയ പുരസ്കാരങ്ങളുടെ എണ്ണത്തിൽ റെക്കോർഡിട്ട യേശുദാസിന്റെ ആദ്യ പുരസ്കാരമായിരുന്നു അത്. മലയാളത്തിൽ ഇതുവരെ ആകെ നാലു പാട്ടെഴുത്തുകാർക്കു മാത്രം കിട്ടിയിട്ടുള്ള പുരസ്കാരത്തിന്റെ ഹരിശ്രീ കുറിച്ചത് വയലാറിന്റെ തൂലികയായി. വയലാറിന്റെ 94–ാം പിറന്നാൾ മാർച്ച് 25 ന് ആണ്.
∙ പുരസ്കാരങ്ങളുടെ വയലാർ
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചു... മനസ്സു പങ്കുവച്ചു...’
(അച്ഛനും ബാപ്പയും, 1972)
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സംക്ഷിപ്ത രൂപമാണ് ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’ എന്ന ഗാനം എന്ന അഭിപ്രായക്കാരുണ്ട്. 1968 ൽ ചലച്ചിത്രഗാനരചനയ്ക്ക് ദേശീയ അവാർഡ് ഏർപ്പെടുത്തിയ ശേഷം ആദ്യമായി മലയാളത്തിലേക്കെത്തിയത് വയലാറിലൂടെയാണ്. സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരം ഏർപ്പെടുത്തിയ 1969 ൽ ആദ്യമായി ആ പുരസ്കാരം നേടിയതും വയലാർ ആയിരുന്നു. നദി, കടൽപ്പാലം എന്നീ സിനിമകളിലെ എല്ലാ ഗാനങ്ങളുടെയും മികവിലാണ് അദ്ദേഹത്തിന് ആദ്യ സംസ്ഥാന പുരസ്കാരം ലഭിച്ചത്. പിന്നീട് 1972 ൽ ചെമ്പരത്തിയിലെ ‘ചക്രവർത്തിനീ നിനക്കു ഞാനെന്റെ...’ എന്ന ഗാനത്തിലൂടെ പുരസ്കാരം വീണ്ടും തേടിയെത്തി. 1974 ൽ നെല്ലിലെ ‘നീലപ്പൊന്മാനെ...’ അതിഥിയിലെ ‘സീമന്തിനീ...’ എന്നീ ഗാനങ്ങൾക്കും 1975 ൽ മരണാനന്തര പുരസ്കാരമായി ചുവന്ന സന്ധ്യകൾ, സ്വാമി അയ്യപ്പൻ എന്നീ ചിത്രങ്ങളിലെ എല്ലാ ഗാനങ്ങളുടെയും മികവിനും വയലാർ രാമവർമ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം മലയാള സാഹിത്യരംഗത്ത് ഉദിച്ചുയർന്ന വയലാർ, ഒഎൻവി, പി.ഭാസ്കരൻ എന്നീ ത്രിമൂർത്തികളാണ് ചലച്ചിത്ര ഗാനരംഗത്തും വലിയ മാറ്റങ്ങൾക്കു കാരണമായത്. 1956 ൽ ‘കൂടപ്പിറപ്പ്’ എന്ന സിനിമയിലൂടെ സിനിമയിലെത്തിയ വയലാർ ആദ്യമെഴുതിയത് ഒരു കുട്ടിപ്പാട്ടായിരുന്നു.
‘തുമ്പീ തുമ്പീ വാ വാ ഈ
തുമ്പത്തണലിൽ വാ വാ...’
എന്നു തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി. പിന്നീട് അവരുണരുന്നു (1956), ചതുരംഗം (1959) എന്നീ ചിത്രങ്ങൾക്കും പാട്ടെഴുതിയെങ്കിലും വയലാർ സിനിമാ ഗാനരംഗത്ത് സജീവമായത് 1962 ൽ ഉദയാ സ്റ്റുഡിയോയുടെ പാലാട്ടുകോമൻ (സംവിധാനം കുഞ്ചാക്കോ) എന്ന സിനിമയിലൂടെയാണ്. ബാബുരാജിന്റെ സംഗീതത്തിൽ ‘ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന...’, ‘മനസ്സിനകത്തൊരു പെണ്ണ്... മയിൽപ്പീലിക്കണ്ണ്...’ ‘ആനകേറാമലയിൽ ആളുകേറാമലയിൽ...’ ‘പൂവേ നല്ല പൂവേ നല്ല വെള്ളത്താമരപ്പൂവേ...’ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായി മാറിയതോടെ വയലാറിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സംഗീത സംവിധായകൻ ദേവരാജനും ഗായകൻ കെ.ജെ.യേശുദാസും കൂട്ടുചേർന്നതോടെ വയലാറിന്റെ സർഗശക്തിയുടെ കുതിര ദിഗ്വിജയത്തിനുള്ള അശ്വമേധ യാത്രയിലായിരുന്നു.
∙ അച്ഛനും ബാപ്പയും
വയലാറും ദേവരാജനും ചേർന്നാൽ പാട്ടുകളെല്ലാം ഹിറ്റാകുന്നൊരു കാലമായിരുന്നു അത്. കെ.ടി.മുഹമ്മദിന്റെ തിരക്കഥയിൽ കെ.എസ്.സേതുമാധവൻ അച്ഛനും ബാപ്പയും എന്ന സിനിമയൊരുക്കിയപ്പോൾ സംഗീതവിഭാഗം ഈ കൂട്ടുകെട്ടിൽ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു.
ഒരേസമയം യുക്തിവാദത്തെയും ഭക്തിയെയും പ്രണയത്തെയും വിരഹത്തെയുമെല്ലാം തൂലികയിലൂടെ അനുഭവിപ്പിക്കാനുള്ള വയലാറിന്റെ മികവിനെക്കുറിച്ച് അധികം പറയേണ്ടതില്ല. അതിന് ഉത്തമോദാഹരണമായിരുന്നു ‘അച്ഛനും ബാപ്പയും. അദ്വൈത ദർശനവും യുക്തിവാദവും ഇടകലരുന്ന ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’ എന്നു തുടങ്ങുന്ന ഗാനത്തിനു പുറമെ ഈ സിനിമയ്ക്കു വേണ്ടി വയലാർ എഴുതിയ ഗാനങ്ങളെല്ലാം ആശയപരമായി വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്നതായിരുന്നു.
പി.ബി.ശ്രീനിവാസും പി.മാധുരിയും കൂടി പാടിയ
‘ഒരു മതമൊരു ജാതി... മനുഷ്യർ–
ക്കൊരു കുലമൊരുദൈവം
ഒരു മതമൊരു ജാതി–
ശിവഗിരിയുടെ ശബ്ദം
ചിന്താവിപ്ലവ ശബ്ദം
മണ്ണിൽ നിന്നു മനുഷ്യനെ വാർത്തൊരു
മഹർഷിയുടെ ശബ്ദം...’
എന്ന ഗാനം അദ്വൈത ദർശനവും ശ്രീനാരായണ ദർശനവും ചേർന്നതാണ്.
അതേസമയം തന്നെ പ്രാർഥനാ ഗാനമായി
‘ദൈവമേ കൈതൊഴാം, ദൈവമേ,
സർവ്വചരാചര ചൈതന്യസാരമേ
സച്ചിദാനന്ദ സ്വരൂപമേ! ’
എന്നെഴുതാനും വയലാറിനു കഴിഞ്ഞു.
പ്രത്യയശാസ്ത്രങ്ങളും ആധ്യാത്മികതയുമെല്ലാം എഴുതിയ പേന കൊണ്ടു തന്നെ അതേ സിനിമയിൽ ശൃംഗാരഗാനവും എഴുതി. അതിങ്ങനെ:
‘കുളിക്കുമ്പോളൊളിച്ചു ഞാൻ കണ്ടു, നിന്റെ–
കുളിരിന്മേൽ കുളിർകോരുമഴക്
ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരി മുളക് – നീയൊരു
ചുവന്ന കാന്താരി മുളക്.’
ഇതു കൂടാതെ വേറെയും ഗാനമുണ്ട് ഇതേ സിനിമയിൽ
‘കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു
കസ്തൂരി മറുകുള്ള വർണ്ണക്കിളീ
മറത്തു കൊടിയുള്ള
പെരുന്നാൾ പൂംപിറപോലെ
മാനത്തു വളരേണ്ട സ്വർണക്കിളീ..’
വയലാറിന്റെ ഗാനരചനാ ശൈലിയുടെ എല്ലാ പ്രത്യേകതകളെയും ഒന്നിച്ച് അനുഭവിക്കാൻ കഴിയുന്ന സിനിമയിലെ ഗാനരചനയ്ക്കു തന്നെയാണ് അദ്ദേഹത്തിന് ദേശീയപുരസ്കാരം ലഭിച്ചത് എന്നതും കൗതുകകരമാണ്.
∙ പുരസ്കാരം അമ്മയ്ക്ക് സമർപ്പിച്ച വയലാർ
തനിക്കു ലഭിച്ച ദേശീയപുരസ്കാരം വയലാർ സമർപ്പിച്ചത് സ്വന്തം അമ്മയുടെ കാൽക്കലാണ്. അക്കാലത്തെ ഒരു വാർത്തയിൽ പുരസ്കാരത്തെക്കുറിച്ചുള്ള വയലാറിന്റെ പ്രതികരണം ഇങ്ങനെയാണ് :
‘എനിക്ക് കവിതയെഴുതാൻ എന്നും പ്രചോദനം നൽകിപ്പോന്ന അമ്മയിൽ നിന്നാണ് അവാർഡിന്റെ വിവരമറിഞ്ഞത് എന്നതിൽ പ്രത്യേക സന്തോഷമുണ്ട്. അദ്വൈതസിദ്ധാന്ത പ്രചാരകനായ ശ്രീശങ്കരൻ ഉത്തരേന്ത്യയിൽ പോയി സർവജ്ഞപീഠം കയറി. ശങ്കരന്റെ അനുയായികൾ ഇനിയുമിനിയും വിജയങ്ങൾ കൈവരിക്കുമെന്നതിൽ സംശയമെന്തുള്ളൂ?’
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനം ശ്രീശങ്കരന്റെ അദ്വൈത ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന നിരൂപണങ്ങൾക്ക് പിൻബലം നൽകുന്നതാണ് വയലാറിന്റെ പ്രതികരണം. ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ ഒരു മലയാളിയേയുണ്ടായിരുന്നുള്ളൂ – തകഴി ശിവശങ്കരപ്പിള്ള!
∙ വയലാറിന്റെ പിന്മുറക്കാർ
വയലാറിനു ശേഷം 3 പേർക്കു മാത്രമേ ദേശീയതലത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടാൻ കഴിഞ്ഞിട്ടുള്ളൂ. 1988 ൽ വൈശാലിയിലെ ‘ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി’ എന്ന ഗാനത്തിലൂടെ ഒഎൻവി കുറുപ്പിന് ദേശീയ പുരസ്കാരം ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ഗാനത്തിനായിരുന്നു. ഈ ഗാനം പാടിയതിന് കെ.എസ്.ചിത്രയ്ക്കു മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.
2000 ൽ മഴ എന്ന സിനിമയിലെ ‘ഗേയം ഹരിനാമധേയം’ എന്ന സംസ്കൃതഗാനത്തിലൂടെ യൂസഫലി കേച്ചേരിക്ക് ഗാനരചയിതാവിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തറുമായാണ് യൂസഫലി കേച്ചേരി ദേശീയപുരസ്കാരം പങ്കിട്ടത്.
2019 ൽ കോളാമ്പി എന്ന ചിത്രത്തിലെ ഗാനത്തിന് പ്രഭാവർമ്മയ്ക്കാണ് അവസാനമായി ദേശീയ പുരസ്കാരം ലഭിച്ചത്.