മോഹൻലാൽ: രാഗങ്ങളുടെ അനുരാഗി
‘പുതിയതായി ഒരു കഥയും ഉണ്ടാകുന്നില്ല. കാരണവന്മാർ എല്ലാം നേരത്തേ എഴുതിവച്ചുകഴിഞ്ഞു. നീ ഇപ്പോൾ ചോദിച്ച സിനിമ, ‘ഭരത’വും അങ്ങനെതന്നെ. പശ്ചാത്തലം മാറുന്നതേയുള്ളൂ. പഴയ പെരുന്തച്ചൻ കോംപ്ലക്സ് അൽപമൊന്നു വ്യത്യാസപ്പെടുത്തിയെടുത്തപ്പോൾ ‘ഭരത’മായി. കഥയായിട്ടൊന്നും മനസിലുണ്ടായിരുന്നില്ല. ചില കഥാപാത്രങ്ങളെ
‘പുതിയതായി ഒരു കഥയും ഉണ്ടാകുന്നില്ല. കാരണവന്മാർ എല്ലാം നേരത്തേ എഴുതിവച്ചുകഴിഞ്ഞു. നീ ഇപ്പോൾ ചോദിച്ച സിനിമ, ‘ഭരത’വും അങ്ങനെതന്നെ. പശ്ചാത്തലം മാറുന്നതേയുള്ളൂ. പഴയ പെരുന്തച്ചൻ കോംപ്ലക്സ് അൽപമൊന്നു വ്യത്യാസപ്പെടുത്തിയെടുത്തപ്പോൾ ‘ഭരത’മായി. കഥയായിട്ടൊന്നും മനസിലുണ്ടായിരുന്നില്ല. ചില കഥാപാത്രങ്ങളെ
‘പുതിയതായി ഒരു കഥയും ഉണ്ടാകുന്നില്ല. കാരണവന്മാർ എല്ലാം നേരത്തേ എഴുതിവച്ചുകഴിഞ്ഞു. നീ ഇപ്പോൾ ചോദിച്ച സിനിമ, ‘ഭരത’വും അങ്ങനെതന്നെ. പശ്ചാത്തലം മാറുന്നതേയുള്ളൂ. പഴയ പെരുന്തച്ചൻ കോംപ്ലക്സ് അൽപമൊന്നു വ്യത്യാസപ്പെടുത്തിയെടുത്തപ്പോൾ ‘ഭരത’മായി. കഥയായിട്ടൊന്നും മനസിലുണ്ടായിരുന്നില്ല. ചില കഥാപാത്രങ്ങളെ
‘പുതിയതായി ഒരു കഥയും ഉണ്ടാകുന്നില്ല. കാരണവന്മാർ എല്ലാം നേരത്തേ എഴുതിവച്ചുകഴിഞ്ഞു. നീ ഇപ്പോൾ ചോദിച്ച സിനിമ, ‘ഭരത’വും അങ്ങനെതന്നെ. പശ്ചാത്തലം മാറുന്നതേയുള്ളൂ. പഴയ പെരുന്തച്ചൻ കോംപ്ലക്സ് അൽപമൊന്നു വ്യത്യാസപ്പെടുത്തിയെടുത്തപ്പോൾ ‘ഭരത’മായി. കഥയായിട്ടൊന്നും മനസിലുണ്ടായിരുന്നില്ല. ചില കഥാപാത്രങ്ങളെ അറിയാം. അതിലൊരാൾ കുടിച്ചു കുടിച്ച് സ്വയം നശിച്ചുപോയ വലിയ സംഗീതജ്ഞനാണ്. പരദേശിയല്ല, നമ്മുടെ നാട്ടുകാരൻ. പേരു പറയുന്നില്ല, മനസ്സിലായിക്കാണുമല്ലോ! കല്ലൂർ ഗോപിനാഥന് മാതൃകയില്ല. ഞാൻ എഴുതിയുണ്ടാക്കിയ കഥാപാത്രമാണെങ്കിലും സമ്പൂർണമാക്കിത്തന്നത് മോഹൻലാലാണ്. എനിക്കെന്നും തോന്നിയിട്ടുണ്ട്, സംഗീതത്തിൽ ശാസ്ത്രീയമായ പരിശീലനം നേടിയിരുന്നെങ്കിൽ ലാൽ വലിയൊരു സംഗീതജ്ഞനാകുമായിരുന്നു. അതിനുള്ള സകല തെളിവുകളും 'ഭരത'ത്തിലുണ്ട്.’ പെരിയാറിനെ സാക്ഷിയാക്കി ലോഹിതദാസ് പറഞ്ഞ വാക്കുകൾ എത്രയോ കാലമായി ഉള്ളിൽ കിടക്കുന്നു. അതിലെ സത്യം, മോഹൻലാലിനു ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ഭരതം’ റിലീസായതിന്റെ മുപ്പത്തൊന്നാം വാർഷികദിനത്തിൽപിന്നെയും വെളിപ്പെട്ടുപോകുന്നു.
പാട്ടുകാരനായും സംഗീതജ്ഞനായും സംഗീതസംവിധായകനായും ലാൽ തിരശീലയിൽ പലകുറി പകർന്നാടിയിട്ടുണ്ട്. 'ഭരത'ത്തിലെ കല്ലൂർ ഗോപിനാഥനെ ഈ ശ്രേണിയിലെ പ്രധാന കഥാപാത്രമായി ഞാൻ കരുതുന്നു. മൂത്ത സഹോദരനായ കല്ലൂർ രാമനാഥന്റെ നിഴൽപറ്റി ജീവിച്ച ഗോപി, സത്യത്തിൽ ഏട്ടനേക്കാൾ വലിയ പ്രതിഭാശാലിയാണ്. അതിനെ തെളിയിച്ചും കൊടുത്തു. 'ഭരതം' വീണ്ടും കാണുമ്പോഴും ഗോപിനാഥനെ കേൾക്കുമ്പോഴും വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി പറഞ്ഞ വാക്യം എന്നും മനസിൽ തെളിയും - 'വേണ്ടവിധത്തിൽ തിരിച്ചറിയപ്പെട്ടിരുന്നെങ്കിൽ സംഗീത കലാനിധിപ്പട്ടം നേടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കാളും മുകളിൽ എത്തിച്ചേരുമായിരുന്നു, അനുജൻ ചുപ്പാമണി ഭാഗവതർ!’ ഇത്തരം മോഹങ്ങൾ ഗോപിനാഥനിൽ മുളച്ചില്ല. സംഗീതത്തിനും സാഹോദര്യത്തിനുമിടയിലെ കടുത്ത സംഘർഷത്തിൽ പെട്ടുപോയ പാവം ഗായകനെ മോഹൻലാൽ ഉജ്വലമാക്കി, ദേശീയ പുരസ്കാരവും നേടി.
മഹാരാജാവിനോടൊപ്പം അറയിൽ ഉറങ്ങാൻവരെയുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയ മലബാർ അമീർഖാൻ സാഹിബിന്റെ മകൻ ചെന്നുപതിച്ച വിധിയുടെ കഥപറഞ്ഞ 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ ഗാനരംഗങ്ങൾ സംഗീതത്തിലുള്ള ലാലിന്റെ ജന്മവാസനയെ ഏറ്റവും സ്വാഭാവികമായി പ്രതിഫലിപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതസൗന്ദര്യം മലയാളിയുടെ സംഗീതബോധത്തിൽ ലയിപ്പിച്ചുകൊടുത്ത 'പ്രമദവനം' ലാലിനുമാത്രം സാധിക്കുന്ന മായാവിദ്യയാണ്. ഒരു ക്ലാസിക്കൽ സംഗീതജ്ഞന്റെ ശരീരഭാഷയും കൃത്യമായ സ്വരവിന്യാസവും ചലനങ്ങളിലെ ലയഭംഗിയും സൂക്ഷ്മതയും ലാൽ അവതരിപ്പിച്ചുവച്ച സമ്പൂർണതയിൽ നിർമിക്കാൻ കഴിയുന്നവരെ കണ്ടുമുട്ടാൻ പ്രയാസമുണ്ട്.
'അയിത്ത'ത്തിലെ മുഴുക്കുടിയനായ വാസുദേവൻ ഭാഗവതരുടെ മകൻ ശങ്കരൻ, ശാസ്ത്രീയസംഗീതത്തിൽ സമർപ്പിച്ചു ജീവിക്കുന്ന ചെറുപ്പക്കാരനാണ്. സംഗീതം പഠിക്കാൻ കടൽതാണ്ടിവന്ന ലൂബ ഷീൽഡിനുമുന്നിൽ വാസുദേവൻ ഭാഗവതർ സംഗീതത്തെ വ്യാഖ്യാനിച്ചതിങ്ങനെയാണ് -'ഒരു മനുഷ്യായുസ്സുകൊണ്ട് കുടിച്ചുതീർക്കാൻ കഴിയാത്ത അമ്മയുടെ സ്നേഹത്തിന്റെ മുലപ്പാലാണ് സംഗീതം. പ്രകൃതിയാണ് സംഗീതം. പ്രകൃതി തരുന്ന തേനും വയമ്പുമാണ് സംഗീതം.' മദാമ്മയെ സ്വാഗതം ചെയ്യാൻ ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയതും മദുരൈ മണിഅയ്യർ ജനപ്രിയമാക്കിയതുമായ 'ഇംഗ്ലിഷ് നോട്ട്' ഭാഗവതർ പാടുന്നു. അതിൽ ശ്രുതി എന്നോണം ശങ്കരനും ചേരുന്നു. ഇവിടെ സർവലഘുക്കളുടെ വിന്യാസം ശങ്കരനിലൂടെ ലാൽ അതിശയിപ്പിക്കുന്നവിധത്തിൽ നിർവഹിച്ചിരിക്കുന്നു. പുതിയ കാലഘട്ടത്തിൽ ജീവിക്കാൻ ഉതകാത്തതായി മാറിപ്പോകുന്ന കർണാടകസംഗീതം നേരിടുന്ന വെല്ലുവിളികളെ പ്രതിനിധീകരിക്കുന്ന ശങ്കരൻ, ലാൽ അവതരിപ്പിച്ച സംഗീതകഥാപാത്രങ്ങളിൽ 'മേരുസമാന'മായി വാഴുന്നു.
ഉസ്താദ് ബാദുഷാഖാൻ പ്രിയശിഷ്യനായി സ്വീകരിച്ച ജഗന്നാഥൻ ഒരു പ്രതിനായകനുവേണ്ട സകല സ്വഭാവവിശേഷതകളും പ്രദർശിപ്പിക്കുമ്പോൾതന്നെ ഉള്ളിലെ സംഗീതധാരയെ വറ്റാതെ സൂക്ഷിച്ചു, കാണാൻ മറ്റുള്ളവരെ അനുവദിച്ചില്ലെന്നുമാത്രം! പക്ഷേ അതിനും ഒരു സന്ദർഭമുണ്ടായി. ഒളിച്ചുപിടിച്ച ഗായകനെ ജഗന്നാഥന് പുറത്തെടുക്കേണ്ടിവന്നു. ഹരിതവൃന്ദാവനത്തെ മോഹനമാക്കിയ ഹരിമുരളീരവം ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ പച്ച മായാതെ നിൽക്കുന്നു. ഗാനത്തിനു മുഖവുരയായി ജഗൻ പറയുന്ന വാക്കുകളെ ലാലിൽനിന്നു വേർപെടുത്താൻ എനിക്കു സാധിക്കുന്നില്ല. അത്രയും താദാത്മ്യം അതിൽ സംഭവിച്ചിരിക്കുന്നു.
കനേഡിയൻ ഗായകനായ ലെനഡ് കോഹനെ മലയാളിക്കു പരിചയപ്പെടുത്തിയതും ലാലാണ്. 'പ്രണയ'ത്തിലെ ഫിലോസഫി പ്രഫസർ മാത്യൂസിനെ ലാലുമായി ബന്ധിപ്പിച്ചതിൽ എനിക്കും ചെറിയൊരു പങ്കുണ്ട്. ഇക്കാര്യം ബ്ലെസി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞതിനാലും ക്രഡിറ്റിൽ രേഖപ്പെടുത്തിയതുകൊണ്ടും വെറുതേ ഓർമിക്കുന്നു. 'ട്വന്റി 20' യുടെ ഷൂട്ടിങ് സെറ്റിൽനിന്നും ലാലിനൊപ്പം തേവരയിലേക്കുള്ള മടക്കയാത്രയിലാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കനേഡിയൻ ഗായകനെപ്പറ്റി ചില കാര്യങ്ങൾ പറയാൻ ഇടവന്നത്. ഒരു സിഡിയും നൽകി. കാറിനുള്ളിൽ വച്ചുതന്നെ ലാൽ കോഹനെ തുടർച്ചയായി കേട്ടു, അദ്ദേഹത്തിൽ ആകൃഷ്ടനായി. ലെനഡ് കോഹന്റെ ഘനഗംഭീരത കുറേക്കൂടി മികച്ചനിലയിൽ കേൾക്കാൻ ലാൽ ആഗ്രഹിച്ചു. സുഹൃത്തും വ്യവസായിയുമായ ജോസ് തോമസിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിൽ ഞങ്ങൾ എത്തിച്ചേർന്നു. ക്ലബ്ബിലെ വലിയ സ്പീക്കറിലൂടെ ലെനഡ് കോഹൻ അഗാധമായി പാടി - 'അയാം യുവർ മാൻ.' ഗാനത്തിനൊടുവിൽ ലാൽ പ്രഖ്യാപിച്ചു - 'ഈ പാട്ട് എനിക്കും പാടണം, പാടും.' അടുത്തദിവസം പ്രഫസർ മാത്യൂസ് കോഹനിൽ കാമമോഹിതനായി. എം.ജയചന്ദ്രന്റെ മേൽനോട്ടത്തിൽ ലാൽ ഗംഭീരമായി പാടി. അവിടെ പുതിയൊരു 'അയാം യുവർ മാൻ' പിറവികൊണ്ടു.
വളരെ വിപുലമായ സംഗീതസങ്കല്പങ്ങളെ വ്യക്തിത്വത്തിൽ കൊണ്ടുനടക്കുന്ന നടനാണ് മോഹൻലാൽ. സംഗീതത്തോടുള്ള പ്രിയവും പ്രണയവും ഒരുപാടു സന്ദർഭങ്ങളിൽ ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇതിനകം വിവിധ സിനിമകൾക്കായി അമ്പതു പാട്ടുകൾ ലാൽ പാടിക്കഴിഞ്ഞു. ഈ വർഷംതന്നെ 'ബ്രോ ഡാഡി'യിലും 'ബർമുഡ'യിലും പാടി. 'ബ്രോ ഡാഡി'യിലെ ഗാനം ഞാൻ എഴുതിയതാണ്. പാട്ടു പാടുന്നതിനെ ലാൽ ഇങ്ങനെ വിലയിരുത്തുന്നു- 'സംഗീതം ഇഷ്ടപ്പെടുന്നതുകൊണ്ടുമാത്രം ഞാൻ പാടുന്നതാണ്. ഞാൻ ഗായകനൊന്നുമല്ല. സംഗീതത്തെ പ്രണയിക്കാനേ എനിക്കു സാധിക്കൂ. അതിനെ സ്വന്തമാക്കാൻ സാധിക്കില്ല. അതിനു ശ്രമിച്ചിട്ടുമില്ല.' ലാൽ സംഗീതത്തെ എങ്ങനെ സമീപിക്കുന്നുവെന്നു മനസ്സിലാക്കാൻ ഈ വാക്കുകൾ മതിയാകും.
സിനിമയിൽ പാടിയതുകൂടാതെ എത്രയോ ചടങ്ങുകളിൽ, ഷോകളിൽ, ചാനൽ അഭിമുഖങ്ങളിൽ, കുടുംബസദസുകളിൽ ലാൽ പാടിയ നിരവധി പാട്ടുകൾ നമ്മൾ കേട്ടിരിക്കുന്നു. ഈയിടെ പുറത്തുവന്ന ഒരു വിഡിയോയിൽ ലാൽ സ്വന്തം കുടുംബത്തോടൊപ്പം പാടുന്നുണ്ട്. ഒരുപക്ഷേ അഭിനയത്തെക്കാൾ കൂടുതൽ മുൻകരുതലുകൾ പാട്ടുപാടുമ്പോൾ ലാൽ സൂക്ഷിക്കുന്നു. സംഗീതം പഠിച്ചയാളല്ല എന്ന ബോധം അദ്ദേഹത്തെ പിന്നെയും ജാഗരൂകനാക്കുന്നു. അതിനെക്കുറിച്ചും ലാൽ സൂചിപ്പിച്ചു- 'നമ്മുടെ പാട്ടുകൾ നമുക്ക് എങ്ങനെ വേണമെങ്കിലും പാടാം. അവിടെ താരതമ്യങ്ങൾ ഒന്നുമില്ലല്ലോ. പക്ഷേ യേശുദാസും ജയചന്ദ്രനും മുഹമ്മദ് റഫിയുമൊക്കെ പാടി പോപ്പുലറാക്കിയ പാട്ടുകൾ പാടുമ്പോൾ കുറച്ചധികം ശ്രദ്ധവേണം. അവരെ ബഹുമാനിക്കുന്നതുപോലെ പാടണം. എപ്പോഴും സാധിച്ചെന്നുവരില്ല. നമുക്ക് ചില പരിമിതികളുണ്ടല്ലോ.' ഈ വിനയമുദ്ര ഒരു കലാകാരൻ വേറൊരു കലാകാരനു ഹൃദയത്തിൽ നൽകുന്ന സ്ഥാനമായി ഞാൻ മനസ്സിലാക്കുന്നു.
ഏറ്റവും മികച്ചതെന്നു വിധി പറയാൻ കഴിയുന്ന സംഗീതരൂപം ലോകത്തെവിടെയും നിലനിൽക്കുന്നില്ല. സകല മനുഷ്യർക്കും അവരുടേതായ സംഗീതാഭിരുചികളുണ്ട്. ചിലർ ക്ലാസിക്കൽ സംഗീതത്തെ എല്ലാത്തിനും മുകളിൽ സ്ഥാപിക്കുന്നു. ഭാരതീയ സംഗീതത്തിനുമാത്രം അവകാശപ്പെടാൻ കഴിയുന്നത്ര വിപുലമായ സിനിമാഗാനങ്ങൾ സാധാരണക്കാരിൽ വലിയ സ്വാധീനം ചെലുത്തുന്നു. അവരുടെ ജീവിതത്തിലെ വൈകാരിക സന്ദർഭങ്ങളെ അവ സാന്ദ്രമാക്കുന്നു. ജാസ്, റോക്, റാപ്, പോപ്, റെഗെ തുടങ്ങിയ പാശ്ചാത്യസംഗീത പദ്ധതികളിൽ ഉന്മാദംകൊള്ളുന്നവരുമുണ്ട്, സമൂഹത്തിൽ. ലാൽ ഒന്നിനെയും വേർതിരിച്ചുകാണുന്നില്ല, പലതായി കേൾക്കുന്നില്ല. വെങ്കടേശ്വര സുപ്രഭാതവും ഭീംസേൻ ജോഷിയും കുമാർ ഗന്ധർവയും ഈഗിൾസും ബീറ്റിൽസും മൈക്കിൾ ജാക്സണും മഡോണയും ജോൺ മെക് ളാഫ്ലിനും 'കച്ചാ ബദാം' പാടിയ കപ്പലണ്ടിക്കച്ചവടക്കാരൻ ഭുബൻ ബാദായ്കറും ഒന്നുപോലെ പ്രിയം. ഞാൻ കരുതുന്നു, ഞങ്ങളെ തമ്മിൽ ബന്ധിച്ചുനിർത്തിയിട്ടുള്ള ഇഴപൊട്ടാത്ത പട്ടുനൂലുകളിൽ ഒരെണ്ണം ഇതുതന്നെയാവാം.
സംഗീതത്തിൽ ലാലിനുള്ള താൽപര്യം നാടൻപാട്ടുകളിലും പുലരുന്നു. ജിതേഷ് കക്കിടിപ്പുറം പാടിയ ‘പാലോം പാലോം നല്ല നടപ്പാലോം’ എന്നു തുടങ്ങുന്ന വിഡിയോഗാനം ലാൽ അയച്ചുതന്നപ്പോഴാണ് ശ്രദ്ധയിലെത്തിയത്. താനൂർ കോളജിലെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായി ഫോൺ വിളിച്ചപ്പോൾ ഇക്കാര്യം ഞാൻ ജിതേഷിനെ അറിയിച്ചു. അദ്ദേഹം ഏറെ വികാരാധീനനായി. ഒരിക്കൽ കാരവനുള്ളിൽ ഉടുതുണി മാറുന്നതിനിടെ ലാൽ മൂളിപ്പാടിയ ഗാനം എന്നെ ലേശം അതിശയപ്പെടുത്തി - 'അംഗനവാടിയിലെ ടീച്ചറേ'. 'ഇതൊക്കെ എവിടുന്നു കിട്ടുന്നു'വെന്നു ചോദിച്ചുപോയപ്പോൾ, 'എവിടുന്നും കിട്ടാല്ലോ' എന്നായി പ്രതികരണം.
പുതിയ പാട്ടുകൾ, ഏതു ഭാഷയിലും ശൈലിയിലുമുള്ളതായാലും കേൾക്കാനും പുതിയ രാഗങ്ങൾ ശ്രദ്ധിക്കാനും പരിചയമില്ലാത്ത സംഗീതജ്ഞരുടെ ഗാനവിശേഷങ്ങൾ അറിയാനും ലാൽ എപ്പോഴും കൗതുകംകൊണ്ടു. അങ്ങനെയാണ് 'മോഹൻലാൽ' എന്ന പേരിൽ ഒരു ഹിന്ദുസ്ഥാനി ഗായകനുണ്ടെന്ന കാര്യം ഞാൻ ലാലിനെ അറിയിച്ചത്. കേട്ടതേ, പണ്ഡിത് മോഹൻലാൽ മിശ്രയെപ്പറ്റി കൂടുതൽ മനസിലാക്കാൻ താൽപര്യം പ്രകടിപ്പിച്ചു. കൊൽക്കത്തയിൽ ജനിച്ചുവളർന്ന മോഹൻലാൽ ബനാറസി ഘരാനയിലെ പ്രധാന ഗായകനാണെന്നും ‘സുർമണി’ പുരസ്കാരജേതാവാണെന്നും സവായ് ഗന്ധർവ സംഗീതോത്സവത്തിൽ പലകുറി പാടിയിട്ടുണ്ടെന്നും ഞാൻ ലാലിനെ ധരിപ്പിച്ചു. അനുബന്ധമായി യൂട്യൂബിൽ ലഭ്യമായിട്ടുള്ള സംഗീതക്കച്ചേരി കേൾപ്പിച്ചും കൊടുത്തു. പേരിലെ കൗതുകം കാരണം അതിനെ ഞാൻ സുചിത്രക്കും ഷെയർ ചെയ്തു.
ഇതിങ്ങനെ വിശദീകരിക്കുന്നതിനു പുറകിൽ ലക്ഷ്യം ഒന്നേയുള്ളൂ - ലാലിന്റെ വൈവിധ്യപൂർണമായ സംഗീതാഭിരുചികളെ പരിചയപ്പെടുത്തുക, പാട്ടുകളിൽ അദ്ദേഹംപോലുമറിയാതെ പാലിക്കപ്പെടുന്ന ശ്രുതിശുദ്ധിയും ലയശുദ്ധിയും ഓർമിക്കുക! ലാൽ ആവശ്യപ്പെട്ടും അല്ലാതെയും മിക്കവാറും ദിവസങ്ങളിൽ ഞാൻ പാട്ടുകൾ ഷെയർ ചെയ്യാറുണ്ട്. അവയിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കാൻ ഞാനും ശ്രദ്ധിക്കും. അയച്ചുകൊടുത്തവയിൽ ഒന്നുപോലും ഇതുവരെ കേൾക്കാതിരുന്നിട്ടില്ല. അതിനെപ്പറ്റി ഒരു വാക്കെങ്കിലും, ഒരു ഇമോജിയെങ്കിലും നൽകാതിരുന്നിട്ടില്ല! ലാൽ എനിക്കു തന്നിട്ടുള്ള പാട്ടുകളും നിരവധിയാണ്. ചിലതെങ്കിലും തീർത്തും പുതുതായിരുന്നിട്ടുണ്ട്. വളരെ ദുർലഭമായിമാത്രം പാശ്ചാത്യ സംഗീതജ്ഞരെ നേരിൽ കേൾക്കാൻ അവസരം ലഭിച്ചിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം, ഹൃദയത്തിൽവച്ചു പൂജചെയ്യുന്ന വിശ്വഗായകരെ നേരിൽ കാണാനും കേൾക്കാനും അവസരം ലഭിച്ച വ്യക്തിയിൽനിന്നുള്ള ദൃക്സാക്ഷി വിവരണങ്ങൾ എന്നെ എത്രയോവട്ടം ഹരം കൊള്ളിച്ചു. പാശ്ചാത്യസംഗീത പ്രതിഭകളെപ്പറ്റിയുള്ള വർത്തമാനങ്ങൾ ചിലനേരങ്ങളിൽ സുചിത്രയിലും പ്രണവിലും എത്തിച്ചേർന്നിട്ടുണ്ട്. എൽവിസ് പ്രിസ്‌ലിയെപ്പറ്റി സുചിത്ര നൽകിയ വിവരണങ്ങളും അറുപതുകളിലെ പ്രമുഖ അമേരിക്കൻ റോക് ബാൻഡായ 'ഗ്രേറ്റ് ഫുൾ ഡെഡി'നെപ്പറ്റി പ്രണവ് അവതരിപ്പിച്ച നിരീക്ഷണങ്ങളും ലാൽ വഴി ലഭിച്ച അനുഗ്രഹങ്ങളായി ഞാൻ സ്വീകരിക്കുന്നു.
എല്ലാവിധ സംഗീതമാർഗങ്ങളിലൂടെയും സഞ്ചരിക്കുന്ന ലാൽ സംഗീതാസ്വാദനരീതിയുടെ ഏറ്റവും മികച്ച മാതൃകയാണ്. ലാലിന്റെ അഭിനയകലയിലെ ലയം ഈ സംഗീതബോധത്തിൽനിന്നും ഉറവകൊണ്ടതായി ഞാൻ വിശ്വസിക്കുന്നു. ഒരിക്കൽ ഞാൻ ഉന്നയിച്ച വളരെ ലഘുവായ സംശയത്തെ ലഘൂകരിച്ചുതന്ന മറുപടിയിൽ ലാൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട് - 'ലോകത്തിലെ എല്ലാ പാട്ടുകളും കേൾക്കാൻ ആർക്കും സാധിക്കില്ല. പക്ഷേ നമ്മൾ വിചാരിച്ചാൽ, നമ്മൾ കേൾക്കുന്ന പാട്ടുകളിലൂടെ ലോകത്തെവിടെയുമുള്ള പാട്ടുകളിൽ എത്തിച്ചേരാൻ സാധിക്കും.' തത്ത്വചിന്താപരമായി ഉയർന്നതും എളിമ തുളുമ്പുന്നതുമായ ഈ വിശ്വസംഗീതബോധം ലാലിൽ പലതവണ ഞാൻ അനുഭവിച്ചു. അതിനെ ചെറുതായെങ്കിലും ഇഴപിരിച്ചുനോക്കാൻ 'ഭരതം' നിമിത്തമായതിൽ വളരെ സന്തോഷിക്കുന്നു.
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)