കാമുകൻ മരിച്ചപ്പോൾ കവി പിറന്നു, ചൊവ്വല്ലൂരിന്റെ ആദ്യ കവിതയ്ക്കു പിന്നിൽ!
ഒരു പ്രാര്‍ത്ഥനാഗീതംപോലെ മലയാളി മനം നിറഞ്ഞു കൈകൂപ്പിക്കേട്ട ഗാനങ്ങള്‍. ഭക്തിയുടെ കൈലാസത്തില്‍ നിന്ന് ഗംഗാതീര്‍ത്ഥം പോലെ ഒഴുകി വന്ന ഗാനങ്ങളായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളിക്കായി സമര്‍പ്പിച്ചത്. ഭക്തിഗാനങ്ങള്‍ കൊണ്ടു സമ്പന്നമായ നമ്മുടെ ഗാനശാഖയില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഗാനങ്ങള്‍
ഒരു പ്രാര്‍ത്ഥനാഗീതംപോലെ മലയാളി മനം നിറഞ്ഞു കൈകൂപ്പിക്കേട്ട ഗാനങ്ങള്‍. ഭക്തിയുടെ കൈലാസത്തില്‍ നിന്ന് ഗംഗാതീര്‍ത്ഥം പോലെ ഒഴുകി വന്ന ഗാനങ്ങളായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളിക്കായി സമര്‍പ്പിച്ചത്. ഭക്തിഗാനങ്ങള്‍ കൊണ്ടു സമ്പന്നമായ നമ്മുടെ ഗാനശാഖയില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഗാനങ്ങള്‍
ഒരു പ്രാര്‍ത്ഥനാഗീതംപോലെ മലയാളി മനം നിറഞ്ഞു കൈകൂപ്പിക്കേട്ട ഗാനങ്ങള്‍. ഭക്തിയുടെ കൈലാസത്തില്‍ നിന്ന് ഗംഗാതീര്‍ത്ഥം പോലെ ഒഴുകി വന്ന ഗാനങ്ങളായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളിക്കായി സമര്‍പ്പിച്ചത്. ഭക്തിഗാനങ്ങള്‍ കൊണ്ടു സമ്പന്നമായ നമ്മുടെ ഗാനശാഖയില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഗാനങ്ങള്‍
ഒരു പ്രാർഥനാഗീതം പോലെ മലയാളി മനം നിറഞ്ഞു കൈകൂപ്പിക്കേട്ട ഗാനങ്ങള്‍. ഭക്തിയുടെ കൈലാസത്തില്‍നിന്ന് ഗംഗാതീർഥം പോലെ ഒഴുകി വന്ന ഗാനങ്ങളായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മലയാളിക്കായി സമര്‍പ്പിച്ചത്. നമ്മുടെ സമ്പന്നമായ ഭക്തിഗാനശാഖയില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഗാനങ്ങള്‍ എന്നും പാട്ടിന്റെ ശ്രീകോവിലിനു മുന്നിലുണ്ട്. പാല്‍പായസ രുചിയുള്ള ആ വരികള്‍ മൂളാത്ത ഭക്തരുണ്ടാകില്ല.
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം’ എന്ന് അദ്ദേഹം പാടിയപ്പോള്‍ ഭക്തർക്കത് ആത്മനിര്‍വൃതിയായി. ‘തിരുവാറന്മുളകൃഷ്ണാ നിന്നോമല്‍ തിരുമുഖം കണികണ്ടു നില്‍ക്കുമ്പോള്‍, എന്നെ മറക്കുന്നെന്‍ ദുഃഖം മറക്കുന്നു, എല്ലാം മറക്കുന്നു ഞാന്‍’ എന്ന് എഴുതിയപ്പോഴത് ഭക്തരിലോരോരുത്തരുടെയും മനസ്സായി. ‘കാനനവാസാ കലിയുഗവരദാ കാല്‍ത്തളിരിണ കൈതൊഴുന്നേന്‍, നിന്‍ കേശാദിപാദം തൊഴുന്നേന്‍’ എന്ന ചൊവ്വല്ലൂരിന്റെ പ്രാർഥന ഓരോ ഭക്തന്റേതുമായി. അതുകൊണ്ടാകാം ഗുരുവായൂരപ്പനും മൂകാംബിക ദേവിയും ശബരിമല ശാസ്താവുമൊക്കെ ചൊവ്വല്ലൂരിന്റെ പാട്ടുകളിലെത്തിയപ്പോള്‍ നമ്മൾ അനുഭവിച്ചറിഞ്ഞ ആര്‍ദ്രതയ്ക്ക്, നിര്‍മാല്യം കണ്ടു തൊഴുത സുഖം തോന്നിയത്.
ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും പാരമ്പര്യമായി കഴകമുള്ള ചൊവ്വല്ലൂര്‍ വാര്യത്തായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ജനനം. അതുകൊണ്ടു തന്നെ ക്ഷേത്രവും വിശ്വാസങ്ങളുമൊക്കെ കുട്ടിക്കാലത്തുതന്നെ ജീവിതത്തിന്റെ ഭാഗമായി. കൊടുങ്ങല്ലൂര്‍ക്കാവില്‍ വാര്യത്ത് ശങ്കുണ്ണി വാരിയരും പാറുക്കുട്ടി വാരസ്യാരുമാണ് മാതാപിതാക്കള്‍. സ്‌കൂള്‍ക്കാലം മുതല്‍ വായനയുടെ തുറന്ന ലോകത്തേക്ക് സഞ്ചരിച്ചത് എഴുത്തിലേക്ക് കൊണ്ടെത്തിച്ചു.
ശാരദയ്‌ക്കൊരു പ്രണയലേഖനം
ഹൈസ്‌കൂള്‍ പഠനകാലത്തെ ഒരു പ്രണയത്തോടെയാണ് ചൊവ്വല്ലൂരിലെ കവിയുടെ ജനനം. ക്ലാസ്സിലെ സുന്ദരിയായ ശാരദയോട് കലശലായ പ്രണയം. അതു തുറന്നു പറയാന്‍ കഴിയുന്നുമില്ല. സാഹിത്യസമാജത്തിന്റെ സെക്രട്ടറിമാരാണ് കൃഷ്ണന്‍കുട്ടിയും ശാരദയും. എല്ലാ ആഴ്ചയും സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൃഷ്ണന്‍കുട്ടിയുടെ സാമാന്യം നല്ല രീതിയിലുള്ള അവതരണം എല്ലാവരുടെയും കയ്യടി നേടി. ശാരദ ഇനിയും മെച്ചപ്പെടണം എന്ന അഭിപ്രായം പല അധ്യാപകര്‍ക്കുമുണ്ട്. കൃഷ്ണന്‍കുട്ടിയെപ്പോലെ തനിക്കും എഴുതണമെന്നു ആഗ്രഹം തോന്നിയ ശാരദ ഒരു ദിവസം അത് കൃഷ്ണന്‍കുട്ടിയോടുതന്നെ പറഞ്ഞു. സുന്ദരിയായ ശാരദയെ നിരാശപ്പെടുത്താന്‍ തോന്നിയില്ല. അവള്‍ക്കുവേണ്ടിയും എഴുതിത്തുടങ്ങി. പതിയെ ശാരദയുടെ റിപ്പോര്‍ട്ടുകളും കയ്യടി നേടി. എല്ലാം ഉള്ളിലൊളിപ്പിച്ച് കൃഷ്ണന്‍കുട്ടിയും അവളെ നോക്കി കയ്യടിച്ചു. ശാരദയും ക്ലാസിലെ നല്ല റിപ്പോര്‍ട്ട് അവതാരകയായി. അങ്ങനെ ഇതൊരു പതിവായി. ‘‘ഇതൊരവസരമാണ് കൃഷ്ണന്‍കുട്ടീ, റിപ്പോര്‍ട്ട് കൈമാറുന്നതിനിടയില്‍ ഒരു ദിവസം ഒരു പ്രണയലേഖനം അങ്ങോട്ട് കൊടുക്കുക,’’ ബുദ്ധിയുപദേശിച്ചത് അടുത്ത ചങ്ങാതി തന്നെ. അതില്‍ കാര്യമുണ്ടെന്നു തോന്നിയതോടെ ഒരു ദിവസം റിപ്പോര്‍ട്ടിനു പകരം ഉള്ളിലെ പ്രണയം നാലുവരി കവിതയാക്കി ശാരദയ്ക്കു നല്‍കി. തന്റെ പ്രണയത്തിന്റെ വസന്തകാലം കാത്തിരുന്ന കൃഷ്ണന്‍കുട്ടി അടുത്ത ദിവസം രാവിലെ തന്നെ സ്‌കൂളിലെത്തിയ ശാരദയെക്കണ്ടു. ‘‘അതെന്താ ഇന്നലെ എഴുതി നല്‍കിയത്? ഞാനതെന്റെ കൂട്ടുകാരിയെ കാണിച്ചിട്ട് അവള്‍ക്കും ഒന്നും മനസ്സിലായില്ല’’ നെറ്റി ചുളിച്ച് ശാരദ ചോദിച്ചു. അവിടെവച്ച് കൃഷ്ണന്‍കുട്ടിയിലെ കാമുകന്‍ മരിച്ചെങ്കിലും അതോടെ ഒരു കവി പിറന്നു. തന്റെ ആദ്യ കവിതയായി ചൊവ്വല്ലൂര്‍ ഓര്‍ക്കുന്നതും ശാരദയ്‌ക്കെഴുതിയ ആ വരികള്‍ തന്നെ.
ചൊവ്വല്ലൂര്‍ മഹാദേവക്ഷേത്രം ചൊവ്വല്ലൂരിന്റെ ജീവിതത്തിന്റെതന്നെ ഭാഗമായിരുന്നു. അവിടുത്തെ വാദ്യകലാകാരനായ ബാലന്‍ മാരാര്‍ നല്ലൊരു കവിയുമാണ്. ദിവസവും വൈകുന്നേരം ബാലന്‍ മാരാര്‍ സ്വന്തമായി എഴുതിയ ചില കവിതകള്‍ ചൊവ്വല്ലൂരിനെ ചൊല്ലിക്കേള്‍പ്പിക്കും. ഒപ്പം ചില ചങ്ങമ്പുഴക്കവിതകളും. കവി ചങ്ങമ്പുഴയല്ലേ, കേട്ട കവിതകളൊക്കെ ചൊവ്വല്ലൂരിന് ലഹരിയായി. എനിക്കെങ്ങനെ ഇങ്ങനെയെഴുതാം എന്നായി ചൊവ്വല്ലൂരിന്റെ പിന്നീടുള്ള ചിന്ത. ‘ചങ്ങമ്പുഴയേയും മറ്റും വായിക്കൂ’ എന്നായിരുന്നു ബാലന്‍ മാരാരുടെ മറുപടി. അതോടെ വായനയെ ഗൗരവമായിക്കണ്ടു. ചങ്ങമ്പുഴക്കവിതകള്‍ ഓരോന്നും വിശദമായി പഠിച്ചു. സാവധാനം കവിതയെഴുത്തും തുടങ്ങി. എഴുതിത്തുടങ്ങിയപ്പോഴാകട്ടെ ചങ്ങമ്പുഴയുടെ സ്വാധീനം ചൊവ്വല്ലൂരിനെ പിന്തുടര്‍ന്നു.
എഴുത്തിലും വായനയിലും സജീവമായ കാലത്താണ് തൃശൂര്‍ കേരളവര്‍മ കോളജിലേക്ക് എത്തുന്നത്. അവിടെ മാധവന്‍ അയ്യപ്പത്ത്, എന്‍.എന്‍.കക്കാട്, യൂസഫലി കേച്ചേരി തുടങ്ങിയ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം എഴുത്തിനു കൂടുതല്‍ പ്രചോദനമായി. വായന കൂടുതല്‍ കരുത്തു പ്രാപിച്ചതോടെ അക്കിത്തം, ഒളപ്പമണ്ണ തുടങ്ങിയ കവികളിലായി കമ്പം. അവരുടെ കവിതകളെ അടുത്തറിയാനുള്ള ശ്രമങ്ങളായി പിന്നീട്. അവരുമായി പരിചയപ്പെടാനുള്ള അവസരവും കണ്ടെത്തി. അക്കിത്തത്തിന്റെ സഹോദരനും കവിയുമായ അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുമായുള്ള സൗഹൃദവും അക്കിത്തത്തിലേക്ക് അടുപ്പിച്ചു. കവിതകളെഴുതി അക്കിത്തത്തിനയച്ചു. അക്കിത്തം അതു വായിച്ച് അഭിപ്രായം പറയാനും തുടങ്ങിയതോടെ ചൊവ്വല്ലൂരിന്റെ കവിതയെഴുത്തിന് കൂടുതല്‍ ഗൗരവം കൈവന്നു.
1952 ല്‍ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ഒരു കവിതാമത്സരം സംഘടിപ്പിച്ചു. ഒരു പവന്റെ സ്വര്‍ണപ്പതക്കമാണ് ഒന്നാം സമ്മാനം. ചൊവ്വല്ലൂരും ഒരു കവിത അയച്ചു. നാടന്‍ പെണ്‍കിടാവിന്റെ ജീവിതം നിറയുന്ന ആ കവിതയ്ക്കായിരുന്നു ഒന്നാം സമ്മാനം. അക്കിത്തത്തിന്റെ കാവ്യാനുഗ്രഹം ഉണ്ടായിരുന്ന ആ കവിതയ്ക്ക് സമ്മാനം കിട്ടിയതോടെ, ചൊവ്വല്ലൂരിലെ കവി പൂര്‍ണ സമയം എഴുത്തിനായി മാറ്റിവച്ചു.
പാട്ടെഴുത്തിന്റെ വഴി
നാട്ടിലെ കണ്ടാണശേരി കലാസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നാടകത്തിന് ഗാനങ്ങളെഴുതിക്കൊണ്ടാണ് ചൊവ്വല്ലൂര്‍ ഗാനരചനയിലേക്ക് എത്തുന്നത്. എം.കെ.അര്‍ജുനനായിരുന്നു ഗാനങ്ങള്‍ക്കു സംഗീതം. അത് പുതിയൊരു അനുഭവമായി. അതുവരെ പാട്ടെഴുതി പരിചയമില്ലാത്ത ചൊവ്വല്ലൂരിനെ ‘മോനേ’ എന്നു വിളിച്ചുകൊണ്ട് അര്‍ജുനന്‍ മാഷ് പാട്ടിന്റെ ഘടന കൃത്യമായി പറഞ്ഞുകൊടുത്തു. പല്ലവിയും അനുപല്ലവിയും ചരണവും എന്താണെന്നു മനസ്സിലാക്കിക്കൊടുത്തു. പാട്ടെഴുത്തിന്റെ ഹരിശ്രീ അര്‍ജുനന്‍ മാഷിലൂടെ ചൊവ്വല്ലൂര്‍ കുറിച്ചു.
കോളജ് പഠനകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘നവജീവനി’ല്‍ റിപ്പോര്‍ട്ടറായി. പഠനം പൂര്‍ത്തിയായപ്പോഴേക്കും പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ഇക്കാലയളവിലാണ് പി. ഭാസ്‌കരന്‍, പ്രേംജി, ജോസഫ് മുണ്ടശേരി, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയ പ്രതിഭകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇതിനിടയില്‍ കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. എഴുത്തുകാരായ ഉറൂബ്, തിക്കോടിയന്‍, അക്കിത്തം, എന്‍.എന്‍. കക്കാട് തുടങ്ങിയവര്‍ അന്ന് ആകാശവാണിയിലെ നിറസാന്നിധ്യമാണ്. ചൊവ്വല്ലൂരിലെ എഴുത്തുകാരനെ ഓരോ കൂടിക്കാഴ്ചയിലും ഇവര്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ആകാശവാണിയില്‍ കെ.രാഘവനുവേണ്ടി നിരവധി ലളിതഗാനങ്ങള്‍ എഴുതി. ‘‘അതൊക്കെ എനിക്കൊരു സ്റ്റഡി ക്ലാസായിരുന്നു. പാട്ടെഴുത്തിനെ ഞാന്‍ കൂടുതല്‍ ഗൗരവമായി കണ്ടു തുടങ്ങി.’’ – അക്കാലത്തെപ്പറ്റി പിന്നീടു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. 1968 ല്‍ സബ് എഡിറ്ററായി മലയാള മനോരമയിലേക്കു കൂടുമാറ്റം.
‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍
മുരളി പൊഴിക്കുന്ന ഗാനാലാപം’
1982, ഗുരുവായൂരിലെ ഉത്സവകാലം. പത്തു ദിവസവും ക്ഷേത്രത്തില്‍ നിറസാന്നിധ്യമായി ചൊവ്വല്ലൂരുണ്ട്. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളുണ്ടാകും. ഒരു ദിവസം വൈകുന്നേരം ടി.എസ്. രാധാകൃഷ്ണന്റെ ഭക്തിഗാനമേളയാണ് അരങ്ങേറുന്നത്. പരിപാടി നടക്കുന്ന ദിവസം രാവിലെ തന്നെ ഗുരുവായൂരിലെത്തിയ ടി.എസ്. രാധാകൃഷ്ണന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന് ഇടയിലാണ് ചൊവ്വല്ലൂരിനെ കാണുന്നത്. ഇരുവരും തമ്മില്‍ പരിചയക്കാരാണെന്നു മാത്രം. വൈകുന്നേരം തന്റെ പരിപാടി കാണാന്‍ കുടുംബസമേതം എത്താന്‍ ടി.എസ്.ചൊവ്വല്ലൂരിനെ ക്ഷണിച്ചു. പെട്ടെന്നൊരു ഉള്‍വിളിപോലെ ചൊവ്വല്ലൂരിന് ഒരു മോഹം. ‘‘രാധാകൃഷ്ണാ ഞാനൊരു പാട്ടെഴുതിത്തന്നാ അതുംകൂടി വൈകിട്ട് പാടുമോ?’’. ‘‘അതിനെന്താ സംശയം, ഞാന്‍ പാടാം’’ എന്ന്് ടി.എസ്.രാധാകൃഷ്ണനും പറഞ്ഞു.
‘‘ഇതെന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍’’ എന്ന് ചൊവ്വല്ലൂര്‍ ചിന്തിക്കാതിരുന്നില്ല. എല്ലാം ഭഗവാന്റെ നിശ്ചയമാകാം എന്നു കരുതി. പാട്ടുകളൊന്നും എഴുതിയത് കയ്യിലില്ല, ഒരു മോഹം പറഞ്ഞുവെന്നു മാത്രം. ചൊവ്വല്ലൂര്‍ നടയ്ക്കലെത്തി ഗുരുവായൂരപ്പനെ മനസ്സിരുത്തി പ്രാര്‍ഥിച്ചു. നേരെ അമ്പലത്തിനടുത്ത് കഴകക്കാര്‍ താമസിക്കുന്ന മുറിയിലേക്കു പോയി. ആലോചനകളൊന്നും ഒരുപാടു വേണ്ടി വന്നില്ല. ചൊവ്വല്ലൂര്‍ തന്റെ മനസ്സ് വരികളിലേക്കു പകര്‍ന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നപോലെ അതിവേഗത്തില്‍ പാട്ടെഴുതി. ഉച്ചയോടെ ടി.എസ്.രാധാകൃഷ്ണന്‍ താമസിക്കുന്ന മുറിയിലെത്തി പാട്ട് നല്‍കി. അദ്ദേഹത്തിനത് വായിച്ചപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടു. ചൊവ്വല്ലൂരിന്റെ കണ്ണുകളിലേക്കു നോക്കി ‘‘നമുക്കിത് ശരിയാക്കാം’’ എന്നു പറഞ്ഞു.
‘‘അടുത്തതായി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി രചിച്ച ഒരു ഗാനമാണ് ഞാന്‍ ആലപിക്കുന്നത്’’ എന്ന ആമുഖത്തോടെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ ടി. എസ്. രാധാകൃഷ്ണന്‍ പാടിത്തുടങ്ങി, ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം...’ പാട്ടു കേട്ടതോടെ ചൊവ്വല്ലൂരിന്റെ ഉള്ളിലെ എല്ലാ വേവലാതികളെയും ഒരു തുളസിക്കതിര്‍ പോലെ ഗുരുവായൂരപ്പന്‍ നുള്ളിയെടുത്തു. കണ്ണുകളടച്ച് പാട്ടുകേട്ടിരുന്ന ചൊവ്വല്ലൂര്‍ നിലയ്ക്കാത്ത കരഘോഷം കേട്ടാണ് കണ്ണു തുറന്നത്. വീണ്ടും പാടാന്‍ ചിലര്‍ ആവശ്യപ്പെടുന്നു, എല്ലാം ഭഗവാന്‍ മുന്‍കൂട്ടി നിശ്ചയിച്ചപോലെ....
ചടങ്ങു കഴിഞ്ഞപ്പോള്‍, വീണ്ടും കാണണമെന്ന ഓര്‍മപ്പെടുത്തലോടെയാണ് ടി.എസ്.രാധാകൃഷ്ണന്‍ ചൊവ്വല്ലൂരിനോടു യാത്ര പറയുന്നത്. പിന്നീട് യേശുദാസിനെ ടി.എസ്. ഈ ഗാനം കേള്‍പ്പിക്കുന്നു. പാട്ടിഷ്ടപ്പെട്ട അദ്ദേഹം ‘തുളസീതീര്‍ത്ഥം’ എന്ന പേരില്‍ പുറത്തിറക്കിയ കസെറ്റില്‍ ആലപിച്ചതോടെ ആ സംഗീതനിവേദ്യം കേരളക്കരയും ഏറ്റെടുത്തു. ചൊവ്വല്ലൂരിനെ ഇന്നും അടയാളപ്പെടുത്തുന്ന ഗാനമാണിത്. ‘തുളസീതീര്‍ത്ഥ’ത്തിലെ ‘മൂകാംബികേ ദേവി’, ‘തിരുവാറന്മുള കൃഷ്ണ്’, ‘അഷ്ടമിരോഹിണി’, ‘അമ്പലപ്പുഴയിലെന്‍’ തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായി.
അക്കാലയളവില്‍ കൊച്ചി മനോരമ യൂണിറ്റാണ് ചൊവ്വല്ലൂരിന്റെ തട്ടകം. ടി.എസ്. രാധാകൃഷ്ണനും കൊച്ചിയിലുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമായതോടെ ടി.എസ്. തന്റെ ഭക്തിഗാന കാസറ്റുകളുടെ രചനയ്ക്കായി ചൊവ്വല്ലൂരിനെ വിളിച്ചു. നിരവധി നാടക സമിതികള്‍ക്കു വേണ്ടിയും ഇക്കാലത്ത് ഗാനങ്ങളെഴുതി.
‘ആനയിറങ്ങും മാമലയില്‍
ആരാരും കേറാ പൂമലയില്‍
നീലിമലയിലും ഉദയാസ്തമയങ്ങള്‍
നിറമാല ചാര്‍ത്തും കരിമലയില്‍
അയ്യപ്പാ നിന്‍ ചരണം അടിയനെന്നും ശരണം’
മഞ്ഞിന്റെ കമ്പളം നീക്കിയെത്തുന്ന വൃശ്ചികപ്പുലരികളില്‍, സ്വാമിമനസ്സുകളില്‍ ശരണമന്ത്രം പോലെ മുഴങ്ങിക്കേട്ട അയ്യപ്പഭക്തിഗാനങ്ങളിലെ ഹിറ്റുകളില്‍ ഏറെയും രചിച്ചത് ചൊവ്വല്ലൂരാണ്. മാലയിടുമ്പോഴും മല കയറുമ്പോഴും ഒരു പ്രാർഥനാഗീതം പോലെ ഭക്തന്റെ ചുണ്ടില്‍ അത് നിറഞ്ഞു. തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങളില്‍ വോളിയം ആറ്, ഒന്‍പത് കാസറ്റുകളിലെ ഗാനങ്ങള്‍ എഴുതിയത് ചൊവ്വല്ലൂരായിരുന്നു. വോളിയം ആറില്‍ ഗംഗൈ അമരനുമായി ഒന്നിച്ചപ്പോഴാകട്ടെ എക്കാലത്തെയും ഹിറ്റ് ഭക്തി ഗാനങ്ങളും പിറന്നു. യേശുദാസ് ആലപിച്ച ‘ഉദിച്ചുയര്‍ന്നു മാമലമേലേ’, ‘കാനനവാസാ കലിയുഗവരദാ’, ‘അഖിലാണ്ഡ ബ്രഹ്‌മത്തിന്‍’, ‘മഹാപ്രഭോ’, ‘വൃശ്ചിക പുലര്‍വേള’, ‘മാനത്ത് മകരവിളക്ക്’, ‘മന്ദാരം മലര്‍മഴ ചൊരിയും’, ‘മകരനിലാകുളിര്‍’ തുടങ്ങിയ ഗാനങ്ങളായിരുന്നു വോളിയം ആറിലേത്.
ചൊവ്വല്ലൂരിന്റെ പാട്ടുകളോട് ഇഷ്ടം തോന്നിയ യേശുദാസ് നേരിട്ടാണ് വോളിയം ആറിലേക്ക് ഗാനങ്ങളെഴുതാന്‍ ക്ഷണിക്കുന്നത്. ഗംഗൈ അമരനാണ് സംഗീതമെന്നു കേട്ടതോടെ ഒരു ഭയം. ധൈര്യമായി എഴുതിക്കൊള്ളാന്‍ യേശുദാസ് പറഞ്ഞതോടെ എഴുതിത്തുടങ്ങി. പാട്ടുകളുമായി ചൊവ്വല്ലൂര്‍ യേശുദാസിനെ കണ്ടു. ഇഷ്ടം തോന്നുമ്പോള്‍ ചൊവ്വല്ലൂരിനെ ‘മോനേ6 എന്നാണ് യേശുദാസ് വിളിക്കുക. ‘മോനേ ഇത് നന്നായിട്ടുണ്ടല്ലോ’ എന്നു പറഞ്ഞ് പാട്ട് യേശുദാസ് ഗംഗൈ അമരനു കൈമാറിയതോടെ ചൊവ്വല്ലൂരിനും സമാധാനം.
‘‘കൃഷ്ണന്‍കുട്ടി പാട്ടുപാടുമോ?’’ പാട്ടു വാങ്ങി വായിച്ചു നോക്കുന്നതിനിടയില്‍ ഗംഗൈ അമരന്റെ ആ ചോദ്യം ചൊവ്വല്ലൂര്‍ പ്രതീക്ഷിച്ചില്ല. ‘‘ഇല്ല’’ ചൊവ്വല്ലൂര്‍ തീര്‍ത്തു പറഞ്ഞു. ‘‘എന്നാലും പാട്ടെഴുതിയപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു സംഗീതമില്ലേ, ആ താളത്തില്‍ ഒന്നു പാടൂ’’ ഗംഗൈ അമരന്‍ പിടി വിടുന്ന ഭാവമില്ല. ‘‘ഭഗവാനേ, മല കയറുന്നതിനേക്കാള്‍ പ്രയാസമാണ് തനിക്ക് പാട്ടു പാടുന്നത്!’’ അപ്പോഴും മടിച്ചു നിന്ന ചൊവ്വല്ലൂരിനെ ഗംഗൈ അമരന്‍ നിര്‍ബന്ധിച്ചതോടെ, മനസ്സില്‍ തോന്നിയ താളത്തില്‍ പാടിക്കേള്‍പ്പിച്ചു. ഭാവവും താളവും ശ്രദ്ധിച്ചു ഗംഗൈ അമരന്‍ വരികളുടെ അർഥം കൃത്യമായി മനസ്സിലാക്കി. പിന്നെയും പിന്നെയും ചൊവ്വല്ലൂരിനോട് വായിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു തവണ അങ്ങനെ വായിച്ചു കഴിഞ്ഞാല്‍ പിന്നെ ഗംഗൈ അമരന്‍ കണ്ണുകളടച്ച് പ്രാർഥനാനിരതനായി ഇരിക്കും. ഉള്ളിലെ സംഗീതത്തെ ആവാഹിച്ച് ആ വരികളിലേക്കു കൊണ്ടു വരും. കണ്ണു തുറന്നാല്‍ പിന്നെ തുടങ്ങുകയായി.
‘‘അതൊരു അതിശയം തന്നെയാണ്. ഓരോ പാട്ടും അദ്ദേഹം തയാറാക്കിയത് ഒരു ധ്യാനത്തിന് ഒടുവിലായിരുന്നു’’ ആ ഗാനങ്ങൾ ജനിച്ച നിമിഷങ്ങളെ ചൊവ്വല്ലൂര്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. സമ്പത്ത് ശെല്‍വത്തോടൊപ്പം തരംഗിണിയുടെ വോളിയം ഒന്‍പതിലെ അയ്യപ്പഭക്തിഗാനങ്ങളും എഴുതിയത് ചൊവ്വല്ലൂരാണ്.
‘ഗുരുവായൂരോമനക്കണ്ണനാം ഉണ്ണിക്ക്
ചിലനേരമുണ്ടൊരു കള്ളനാട്യം
നീ വന്നതും നടയില്‍ നിന്നു കരഞ്ഞതും
ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യം....’
കണ്ണന് എന്നെയാണ് ഏറെ ഇഷ്ടമെന്നു കരുതുന്ന ഭക്തന്റെ ഉള്ളുരുകുന്ന ഗാനം. ‘ഉണ്ണിക്കണ്ണന്‍’ എന്ന കാസറ്റില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ ചിത്രയായിരുന്നു ആലാപനം. ഗാനത്തിന്റെ റെക്കോര്‍ഡിങ് നടക്കുമ്പോള്‍ പാട്ടു പാടി ചിത്ര വിങ്ങിപ്പൊട്ടിക്കരഞ്ഞു. ജോലിത്തിരക്കു കാരണം ചൊവ്വല്ലൂരിന് അന്ന് റെക്കോര്‍ഡിങ്ങിനു പോകാന്‍ കഴിഞ്ഞില്ല. സ്റ്റുഡിയോയില്‍ നിന്നിറങ്ങിയ ചിത്ര തനിക്കുണ്ടായ അനുഭവം ചൊവ്വല്ലൂരിനോട് പങ്കുവച്ചു. ‘‘തിരുനടയിലെത്തി കണ്ണനെ കണ്ട സുഖമായിരുന്നു മാഷേ, എനിക്ക് ആ പാട്ടു പാടിയപ്പോള്‍.’’ ‘എനിക്കു കിട്ടിയ വലിയ അംഗീകാരമായിരുന്നു ആ നിമിഷം’ – ചൊവ്വല്ലൂര്‍ പിന്നീടു പറഞ്ഞു.
‘സ്വപ്‌നാടനം ഞാന്‍ തുടരുന്നു
എന്റെ സ്വപ്‌നാടനം ഞാന്‍ തുടരുന്നു’
സിനിമാപ്പാട്ടെഴുതാന്‍ മോഹിച്ചു നടന്നൊരു കാലം ചൊവ്വല്ലൂരിനുണ്ടായിരുന്നു. ഭക്തിഗാന രചനയിലൊന്നും അന്ന് സജീവമായിട്ടില്ല. വയലാറുംപി. ഭാസ്‌കരനുമൊക്കെ കളം നിറഞ്ഞു നില്‍ക്കുന്ന സിനിമാപ്പാട്ടെഴുത്തിന്റെ ലോകത്ത് സ്വന്തം ഇടം എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക മാത്രമായിരുന്നു ആ മനസ്സില്‍. അവിചാരിതമായി വീണു കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാനും ചൊവ്വല്ലൂരിനായി. അടുത്ത സുഹൃത്തുക്കളായ സംവിധായകന്‍ രാമു കാര്യാട്ടിനോടും നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായരോടും പാട്ടെഴുതണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞെങ്കിലും കാത്തിരിപ്പ് നീണ്ടു.
ശോഭന പരമേശ്വരന്‍ നായരുടെ മദ്രാസിലുള്ള വീട്ടില്‍ താമസിക്കുന്ന കാലം. കാര്യാട്ടും അവിടെ സ്ഥിരം സന്ദര്‍ശകനാണ്. ഒരു ദിവസം വീട്ടിലെത്തിയ രാമു കാര്യാട്ട് ചൊവ്വല്ലൂരിനോട് ഉടനെ ഒരു പാട്ടെഴുതിത്തരാന്‍ തയാറാണോ എന്നു ചോദിച്ചു. കാത്തിരുന്ന ചോദ്യം. എപ്പോള്‍ വേണമെങ്കിലും തയാറാണെന്ന് പറഞ്ഞതോടെ, നാളെ രാവിലെ റെഡിയായിരിക്കാന്‍ കാര്യാട്ട് പറഞ്ഞു. ആരാണ് സംഗീത സംവിധായകനെന്നോ ഏതാണ് സിനിമയെന്നോ ചോദിച്ചിട്ടും കാര്യാട്ട് പറഞ്ഞില്ല. എന്തായാലും ആഗ്രഹിച്ച കാര്യം നടക്കാന്‍ പോകുന്നതിലുള്ള ആനന്ദത്തിലായിരുന്നു ചൊവ്വല്ലൂര്‍. രാത്രി ഉറങ്ങാതെ അടുത്ത പകലിനായി കാത്തിരുന്നു.
അടുത്ത ദിവസം രാവിലെ കാര്യാട്ട് കാറുമായെത്തി. യാത്രാ മധ്യേയാണ് സംഗീതസംവിധാനം സലീല്‍ ചൗധരിയാണെന്ന് പറയുന്നത്. അതോടെ ചൊവ്വല്ലൂര്‍ സ്തബ്ധനായി. ശരിയാകുമോ എന്ന ആശങ്ക അതിലേറെ. തുടക്കക്കാരനായ ഞാന്‍ അദ്ദേഹത്തോടൊപ്പം എങ്ങനെ ശരിയാകാനാണ്!
സലീല്‍ ചൗധരിയെ കണ്ടതോടെ ചൊവ്വല്ലൂരിനെ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ അനേകമനേകം ഗാനങ്ങള്‍ മനസ്സിലൂടെ കാതിലേക്ക് ഇറങ്ങി വന്നു. ഇതിനിടയില്‍ തന്റെ ഇടം എങ്ങനെ കണ്ടെത്താനാണ്. ചൊവ്വല്ലൂരിന്റെ മുഖ ഭാവം തന്നെ മാറി. ഇതു മനസ്സിലാക്കിയിട്ടെന്നവണ്ണം സലീല്‍ ചൗധരി സ്‌നേഹത്തോടെ അടുത്തിരുത്തി. ‘‘ഇതിനുമുമ്പ് നീ പാട്ടെഴുതിയിട്ടുണ്ടോ കൃഷ്ണന്‍കുട്ടീ’’ എന്നു ചോദിച്ചു. ചില നാടകങ്ങള്‍ക്കും ആകാശവാണിയിലുമൊക്കെ പാട്ടെഴുതിയിട്ടുണ്ടെങ്കിലും ഭയം കൊണ്ട് ചൊവ്വല്ലൂര്‍ ഇല്ലെന്നു പറഞ്ഞു. സലീല്‍ ചൗധരി ഒന്നാലോചിച്ചിരുന്ന് ചില നിര്‍ദേശങ്ങള്‍ നല്‍കി. ‘‘സംഗീതം നന്നായി മനസ്സിലാക്കൂ’’ എന്നതായിരുന്നു അതില്‍ പ്രധാനം. സലീല്‍ ചൗധരി പലയാവര്‍ത്തി ട്യൂണ്‍ പാടി കേള്‍പ്പിച്ചു. സംഗീതം കേട്ട് പാട്ടെഴുതാനായി ചൊവ്വല്ലൂര്‍ തയാറായതോടെ സലീല്‍ ചൗധരിയുടെ നിര്‍ദേശം വീണ്ടും വന്നു ‘‘എനിക്കിന്നു വൈകിട്ട് പോകണം.’’
സാവകാശമില്ലെന്നു മനസ്സിലായതോടെ വീണ്ടും പിടിവിട്ടു. ഇതിനിടയില്‍ കാര്യാട്ട് വച്ചു നീട്ടിയ പേനയും പേപ്പറുമായി തൊട്ടടുത്ത മുറിയിലേക്കു കയറി. അപ്പോഴും ധൈര്യം ചോര്‍ന്നു പോകുന്നതുപോലെ. ഗുരുനാഥന്‍മാരെയും ദൈവത്തെയും മനസ്സില്‍ ധ്യാനിച്ചിരുന്നു. ഇതു ശരിയായില്ലെങ്കില്‍ എന്റെ ഭാവി തന്നെ അവസാനിക്കുമല്ലോ എന്ന ആശങ്കയായിരുന്നു അതിലേറെ. ‘സ്വപ്‌നാടനം’ എന്ന വാക്ക് മനസ്സിലേക്ക് അറിയാതെ ഒഴുകി വന്നു. അതില്‍നിന്ന് അടുത്ത വാക്കുകള്‍ കോര്‍ത്തെടുത്ത് പേപ്പറിലേക്ക് എഴുതി. ‘സ്വപ്‌നാടനം ഞാന്‍ തുടരുന്നു, എന്റെ സ്വപ്‌നാടനം ഞാന്‍ തുടരുന്നു...’ ആദ്യ രണ്ടുവരി കിട്ടിയതോടെ ബാക്കി വരികള്‍ അതിവേഗം എഴുതി പൂര്‍ത്തിയാക്കി.
എഴുതിക്കഴിഞ്ഞപ്പോള്‍ ഇത് ശരിയാകുമോ എന്നതായിരുന്നു അടുത്ത ഭയം. കാര്യാട്ടിന്റെ കയ്യിലേക്കാണ് പാട്ടെഴുതിക്കൊടുത്തത്. കാര്യാട്ടത് വായിച്ചു നോക്കി. ശോഭന പരമേശ്വരൻ നായര്‍ക്കു കൊടുത്തു. നന്നായി പാടുന്ന ശോഭന പരമേശ്വരന്‍ നായർ അത് ഈണത്തിനൊത്തു പാടിത്തുടങ്ങി. സലീല്‍ ചൗധരി ശോഭന പരമേശ്വരന്‍നായരെകൊണ്ട് ആവര്‍ത്തിച്ചു പാടിച്ചു. ഒടുവില്‍ അദ്ദേഹം ചൊവ്വല്ലൂരിനെ അടുത്തേക്കു വിളിച്ചു. ‘‘നീ നുണ പറയും ഇല്ലേ’’ എന്നു ചോദിച്ചു. ചൊവ്വല്ലൂര്‍ കാര്യം മനസ്സിലാകാതെ തല കുനിച്ചിരുന്നു. ‘‘നീ നന്നായി എഴുതുന്നുണ്ട്. പാട്ടിതുവരെ എഴുതിയിട്ടില്ലാത്ത ഒരാളിന് ഇങ്ങനെയൊന്നും എഴുതാന്‍ കഴിയില്ലല്ലോ.’’ അതോടെ ചൊവ്വല്ലൂരിനും ജീവന്‍ വന്നു. തന്റെ ആദ്യ പാട്ടിന്റെ ചങ്കിടിപ്പ് ചൊവ്വല്ലൂരിന് അത്ര വലുതായിരുന്നു.
ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയത് വയലാറും പി. ഭാസ്‌കരനുമാണ്. അടുത്തൊരു ഗാനം കൂടി എഴുതാം എന്ന് വയലാര്‍ ഏറ്റതാണ്. പക്ഷേ മദ്രാസില്‍ വയലാറിന്റെ പൊടി പോലും കാണാനില്ല. സലീല്‍ ചൗധരിക്ക് അടുത്ത ദിവസം തന്നെ തിരികെ ബോംബെയ്ക്കു മടങ്ങുകയും ചെയ്യണം. അങ്ങനെയാണ് പുതിയ ഒരാളിലേക്കുള്ള അന്വേഷണം ചൊവ്വല്ലൂരിലേക്ക് എത്തുന്നത്. ശ്രീദേവി ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ‘തുലാവര്‍ഷം’ എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചത് എസ്.ജാനകിയായിരുന്നു. എന്‍.ശങ്കരന്‍നായരായിരുന്നു സംവിധാനം. എന്നാല്‍, പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ഈ ഗാനം എഴുതിയത് ചിത്രത്തിലെ മറ്റു ഗാനങ്ങളെഴുതിയ വയലാര്‍ ആണെന്നായി പലരുടെയും ധാരണ. നിര്‍ഭാഗ്യവശാല്‍ സിനിമയുടെ ടൈറ്റിലിലും ആദ്യകാലത്ത് ചൊവ്വല്ലൂരിന്റെ പേര് വന്നില്ല. പിന്നീടത് ചേര്‍ക്കുകയായിരുന്നു.
ഒരിക്കല്‍ കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വയലാറും നിര്‍മാതാവ് എം.ഒ.ജോസഫും എത്തുന്നതറിഞ്ഞ് ചൊവ്വല്ലൂര്‍ കാണാന്‍ പോയി. മുറിയിലേക്കെത്തിയ ചൊവ്വല്ലൂരിനെ സ്‌നേഹത്തോടെ വയലാര്‍ അടുത്തു വിളിച്ചിരുത്തി. ചൊവ്വല്ലൂരിനെ എം.ഒ.ജോസഫിന് പരിചയപ്പെടുത്തിയതു തന്നെ ‘തുലാവര്‍ഷ’ത്തിലെ ‘സ്വപ്‌നാടനം’ എന്ന പാട്ട് പാടികൊണ്ടായിരുന്നു.
ആഹ്വാന്‍ സെബാസ്റ്റ്യനൊത്ത് ‘കലോപാസന’, രഘുകുമാറുമൊത്ത് ‘നദി മുതല്‍ നദിവരെ’, ജെറി അമല്‍ദേവുമൊത്ത് ‘ആന’, എം.ബി.ശ്രീനിവാസനുമൊത്ത് ‘പഞ്ചവടിപ്പാലം’, രവീന്ദ്രനുമൊത്ത് ‘ചൈതന്യം’, എ.ടി.ഉമ്മറുമൊത്ത് ‘അഷ്ടബന്ധം’ എന്നീ ചിത്രങ്ങളിലും ഗാനങ്ങളെഴുതി ചൊവ്വല്ലൂര്‍. അപ്പോഴും അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളേക്കാള്‍ ശ്രദ്ധേയമായത് ഭക്തിഗാനങ്ങള്‍ തന്നെയാണ്. മൂവായിരത്തിലധികമുണ്ട് ആ ഭക്തിഗാനങ്ങള്‍. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി.