കുന്നിമണിച്ചെപ്പു തുറന്ന മാന്ത്രികൻ, ഈണത്തിന്റെ ഹെഡ്മാഷ് - ജോൺസൺ മാസ്റ്റർ
‘ഒരു നാൾ ശുഭരാത്രി നേർന്നു പോയി നീ..., ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ..., ശ്രുതി നേർത്തു നേർത്തു മായും, ഋതുരാഗഗീതിപോലെ, പറയൂനീയെങ്ങു പോയി?’ - ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ വരികൾ ഈണമിട്ടു മൂന്നു വർഷത്തിനു ശേഷമാണു ജോൺസൺ വിടവാങ്ങിയത്. 12 വർഷത്തിനു ശേഷവും, ഒരു ഈണമെങ്കിലും ഓർക്കാതെ, കേൾക്കാതെ, മൂളാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ട്രെൻഡുകൾ മാറിവരുമ്പോഴും, ‘മഴ – ചായ – ജോൺസൺ മാഷ്; അന്തസ്സ്...!’ എന്ന് ഒരു യുവതിരക്കഥാകൃത്ത് എഴുതിവയ്ക്കും; മഴ – ക്ലാര – ജോൺസൺ മാഷ് എന്നു ചിലർ മാറ്റിയെഴുതും.
‘ഒരു നാൾ ശുഭരാത്രി നേർന്നു പോയി നീ..., ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ..., ശ്രുതി നേർത്തു നേർത്തു മായും, ഋതുരാഗഗീതിപോലെ, പറയൂനീയെങ്ങു പോയി?’ - ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ വരികൾ ഈണമിട്ടു മൂന്നു വർഷത്തിനു ശേഷമാണു ജോൺസൺ വിടവാങ്ങിയത്. 12 വർഷത്തിനു ശേഷവും, ഒരു ഈണമെങ്കിലും ഓർക്കാതെ, കേൾക്കാതെ, മൂളാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ട്രെൻഡുകൾ മാറിവരുമ്പോഴും, ‘മഴ – ചായ – ജോൺസൺ മാഷ്; അന്തസ്സ്...!’ എന്ന് ഒരു യുവതിരക്കഥാകൃത്ത് എഴുതിവയ്ക്കും; മഴ – ക്ലാര – ജോൺസൺ മാഷ് എന്നു ചിലർ മാറ്റിയെഴുതും.
‘ഒരു നാൾ ശുഭരാത്രി നേർന്നു പോയി നീ..., ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ..., ശ്രുതി നേർത്തു നേർത്തു മായും, ഋതുരാഗഗീതിപോലെ, പറയൂനീയെങ്ങു പോയി?’ - ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ വരികൾ ഈണമിട്ടു മൂന്നു വർഷത്തിനു ശേഷമാണു ജോൺസൺ വിടവാങ്ങിയത്. 12 വർഷത്തിനു ശേഷവും, ഒരു ഈണമെങ്കിലും ഓർക്കാതെ, കേൾക്കാതെ, മൂളാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ട്രെൻഡുകൾ മാറിവരുമ്പോഴും, ‘മഴ – ചായ – ജോൺസൺ മാഷ്; അന്തസ്സ്...!’ എന്ന് ഒരു യുവതിരക്കഥാകൃത്ത് എഴുതിവയ്ക്കും; മഴ – ക്ലാര – ജോൺസൺ മാഷ് എന്നു ചിലർ മാറ്റിയെഴുതും.
‘ഒരു നാൾ ശുഭരാത്രി നേർന്നു പോയി നീ...
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ...
ശ്രുതി നേർത്തു നേർത്തു മായും
ഋതുരാഗഗീതിപോലെ
പറയൂ നീയെങ്ങു പോയി?’
ജയരാജിന്റെ ‘ഗുൽമോഹർ’ എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ വരികൾ ഈണമിട്ടു മൂന്നു വർഷത്തിനു ശേഷമാണു ജോൺസൺ വിടവാങ്ങിയത്. 12 വർഷത്തിനു ശേഷവും, ഒരു ഈണമെങ്കിലും ഓർക്കാതെ, കേൾക്കാതെ, മൂളാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ട്രെൻഡുകൾ മാറിവരുമ്പോഴും, ‘മഴ – ചായ – ജോൺസൺ മാഷ്; അന്തസ്സ്...!’ എന്ന് ഒരു യുവതിരക്കഥാകൃത്ത് എഴുതിവയ്ക്കും; മഴ – ക്ലാര – ജോൺസൺ മാഷ് എന്നു ചിലർ മാറ്റിയെഴുതും.
∙ ജയചന്ദ്രൻ കണ്ടു, ദേവരാജൻ കൊണ്ടുപോയി
അവസരം ചോദിച്ചു നടന്നു സംഗീത സംവിധായകനായ ആളല്ല ജോൺസൺ. അവസരം തേടി വരികയായിരുന്നു, ആദ്യം ഓർക്കസ്ട്രയിലെ വയലിനിസ്റ്റായും പിന്നീട് സംഗീത സംവിധായകനായും. വോയ്സ് ഓഫ് തൃശൂർ ട്രൂപ്പിൽ ഹാർമോണിയവും വയലിനും അക്കോഡിയനും തബലയും ഡ്രമ്മും ഫ്ലൂട്ടുമൊക്കെ വായിക്കാനറിയാവുന്ന അടിമുടി സംഗീതകാരനെ ദേവരാജൻ മാഷിനു പരിചയപ്പെടുത്തിയതു ഗായകൻ ജയചന്ദ്രനാണ്. ദേവരാജൻ തൃശൂരിൽ നിന്നു ജോൺസനെ അങ്ങെടുത്തു ചെന്നൈയിലെത്തിച്ചു. പല ഉപകരണങ്ങളിൽ മിടുക്കുള്ള ജോൺസൺ പെട്ടെന്ന് അവിടെ ശ്രദ്ധേയനായി.
അന്നു ദേവരാജൻ മാഷിന്റെ ഓർക്കസ്ട്രയിൽ വയലിൻ വായിച്ചിരുന്ന സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഓർക്കുന്ന ഒരു സംഭവമുണ്ട്: ദേവരാജന്റെ ഒരു പരിപാടിക്ക് ഫ്ലൂട്ട് വായിക്കുന്നയാൾ വന്നില്ല. മാഷ് ടെൻഷനിലായി. ജോൺസണും അദ്ദേഹത്തെ അറിയുന്നവർക്കും ഒട്ടും പരിഭ്രാന്തിയില്ലായിരുന്നു. കഴുത്തിൽ അക്കോഡിയൻ തൂക്കി വായിക്കുന്നതിനിടെ, ഫ്ലൂട്ടിന്റെ ഭാഗം വരുമ്പോൾ അതു പ്രയോഗിക്കുന്ന ജോൺസനെ കണ്ടു ദേവരാജൻ മാഷ് അദ്ഭുതത്തോടെ നോക്കിനിന്നുപോയി.
ആന്റണി ഈസ്റ്റ്മാൻ എന്ന ഫൊട്ടോഗ്രഫർ ‘ഇണയെത്തേടി’ എന്ന സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ സംഗീതസംവിധായകനായി ദേവരാജൻ വേണമെന്നു നിർബന്ധമുണ്ടായിരുന്നു. എന്നാൽ ദേവരാജന് ആ സിനിമ ഏറ്റെടുക്കാൻ വയ്യാത്ത രീതിയിൽ തിരക്ക്. മിടുക്കനായ സഹായിയെ വിട്ടുതരാം എന്ന് ആന്റണിയോടും നിർമാതാവ് കലൂർ ഡെന്നിസിനോടും ദേവരാജൻ തന്നെയാണു പറഞ്ഞത്. ഒറ്റ ദിവസം കൊണ്ടു പശ്ചാത്തല സംഗീതവും പാട്ടും എന്ന വെല്ലുവിളി ആ നവാഗതൻ ഏറ്റെടുത്തു. അപ്പോഴേക്കും പശ്ചാത്തല സംഗീതത്തിലൂടെ സിനിമയിലെത്തിയിരുന്നു ജോൺസൺ.
∙ സ്വപ്നം, സ്വപ്നം
ദേവരാജന്റെ ടീമിൽ ജോൺസണെ ശ്രദ്ധേയനാക്കിയത് ഓർക്കസ്ട്ര കണ്ടക്ട് ചെയ്യാനുള്ള കഴിവാണ്. അവിടെ ക്രിയേറ്റിവിറ്റിക്കൊപ്പം എല്ലാ ഉപകരണങ്ങളെയും ഒരു ചരടിൽ കോർക്കുന്ന മാനേജരുടെ മികവു വേണം, ഒരാൾ പിഴവു വരുത്തിയാൽ പോലും തിരിച്ചറിയാനും തിരുത്താനും കഴിയുന്ന ഒരു ഹെഡ്മാഷുടെ കണിശതയും വേണം.
ദേവരാജന്റെ വിശ്വസ്തനായി തുടരുമ്പോൾ ഒരിക്കൽ അദ്ദേഹവുമായി തെറ്റി. കുറച്ചുകാലം റിക്കാർഡിങ് റൂമിനു പുറത്തു നിൽക്കേണ്ടി വന്ന ജോൺസൺ എം.കെ.അർജുനനെ സമീപിച്ചു. ജോലിക്കെടുക്കാം, ദേവരാജൻ മാഷിന്റെ കത്തുമായി വരണം; അർജുനൻ ഉപാധി വച്ചു. പറഞ്ഞതു പോലെ ജോൺസൺ ദേവരാജന്റെ കത്തുമായി വന്നു. സംഗീതത്തിനു മുന്നിൽ എന്തു പിണക്കം?
കെ.കെ.വിനോദ് കുമാർ എഡിറ്റ് ചെയ്ത ‘പൊന്നുരുകും പൂക്കാലം’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ, റെക്കോർഡിങ് റൂമിലെ ജോൺസണെ അർജുനൻ അനുസ്മരിക്കുന്നത് ഇങ്ങനെ: ‘‘ഓർക്കസ്ട്രയിൽ അൻപതു പേരുണ്ടായാലും ജോൺസന്റെ വിരലുകൾക്കനുസരിച്ചു മാത്രമേ അവർ പ്രവർത്തിക്കൂ. നോട്സുകളിൽ വിട്ടുവീഴ്ചയില്ല. അസാധാരണ നിയന്ത്രണശേഷിയാണത്. ഇത്രയേറെ കമാൻഡിങ് പവറുള്ള ഒരു സംഗീതകാരനെ കണ്ടുകിട്ടുക എളുപ്പമല്ല.’’
റെക്കോർഡിങ് റൂമിൽ എല്ലാവരെയും വിരൽത്തുമ്പിൽ നിർത്തുന്ന ശരീരചലനങ്ങളെ ഒരു ബാലേ മൂവ്മെന്റ് പോലെ എന്നാണു സംവിധായകനും നടനും എഴുത്തുകാരനുമായ ബാലചന്ദ്രമേനോൻ വിശേഷിപ്പിച്ചത്. ‘പ്രേമഗീതങ്ങൾ’ എന്ന ആദ്യസിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയായിരുന്ന മേനോനെ ആ കാഴ്ച ആകർഷിച്ചു; താൻ കാത്തിരുന്ന സംഗീതസംവിധായകൻ. അതായിരുന്നു രണ്ടാമത്തെ സിനിമ.
പ്രേമഗീതങ്ങളിലെ ഒരു പ്രണയഗാനം ചിട്ടപ്പെടുത്താനിരുന്നപ്പോൾ പതിവു രീതി വേണ്ട, ഒന്നോ രണ്ടോ വാചകത്തിൽ ലളിതമായിരിക്കണം പാട്ട് എന്നായിരുന്നു സംവിധായകന്റെ ആവശ്യം. അതിനു ജോൺസൺ നൽകിയ മറുപടിയാണ് ‘സ്വപ്നം, വെറുമൊരു സ്വപ്നം, സ്വപ്നം, സ്വപ്നം’ എന്ന ഗാനം. വർഷങ്ങൾക്കു ശേഷം ‘സുഖമോ ദേവി’ എന്ന വാചകം വച്ചു രവീന്ദ്രൻ ഒരു പാട്ടിന്റെ പല്ലവിയുണ്ടാക്കും വരെ ഒറ്റവാക്കിൽ പല്ലവിയും അനുപല്ലവിയും തീർത്ത മറ്റൊരു ഗാനം ഇല്ലായിരുന്നുവെന്നു മേനോൻ കുറിക്കുന്നു. പി.ഭാസ്കരനുമായി ചേർന്ന്, ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന പരിഭവപദം പല്ലവിക്കും ചരണത്തിനുമൊടുവിൽ കോർത്തു വച്ചതും അതേ ജോൺസണാണ് (സിനിമ: നസീമ).
∙ കുന്നിമണിച്ചെപ്പു തുറന്നപ്പോൾ
ഇന്ന്, എഴുപതാം വയസ്സിൽ ജോൺസൺ നൽകുന്ന ഈണമെന്താകും എന്ന് ആദ്യമേ ചോദിച്ചല്ലോ? അതിനുത്തരം ചില ഓർമപ്പെടുത്തലുകളാണ്.
ബാലചന്ദ്രമേനോന്റെ പ്രേമഗീതങ്ങൾക്കു വേണ്ടി ‘നീ നിറയൂ ജീവനിൽ...’ എന്ന ഗാനം ഒരുക്കുമ്പോൾ ജോൺസണു പ്രായം 28. സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ (ഇതു ഞങ്ങളുടെ കഥ), ഏതോ ജന്മകൽപനയിൽ (പാളങ്ങൾ), ഗോപികേ നിൻവിരൽ (കാറ്റത്തെ കിളിക്കൂട്), പൊന്നുരുകും പൂക്കാലം, ആടി വാ കാറ്റേ (കൂടെവിടെ), മോഹം കൊണ്ടു ഞാൻ (ശേഷം കാഴ്ചയിൽ) തുടങ്ങിയ പാട്ടുകളുണ്ടാക്കുമ്പോൾ 30 വയസ്സു തികഞ്ഞിരുന്നില്ല. അക്കാലത്തു ഹിറ്റ്മേക്കർമാരായ ജോഷിയും ശശികുമാറുമൊക്കെ ഒപ്പംകൂട്ടി.
പത്മരാജൻ, ഭരതൻ, മോഹൻ തുടങ്ങിയവരിലൂടെ മലയാളം മാറുന്ന കാലമായിരുന്നു അത്. ജോൺസൺ ആ സിനിമകളിലെ പതിവുകാരനായി. പിന്നാലെയെത്തിയ സത്യൻ അന്തിക്കാടും സിബി മലയിലും കമലും ജോൺസണെത്തന്നെ കൂടെക്കൂട്ടി. സംഗീതസംവിധാനത്തിൽ പത്തു വർഷം പിന്നിടുന്ന വർഷമാണ് അദ്ദേഹം സത്യൻ അന്തിക്കാടിനു വേണ്ടി ആദ്യമായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കും നേരം, തീയിലുരുക്കി തൃത്തകിടാത്തി (പൊന്മുട്ടയിടുന്ന താറാവ്), ശ്യാമാംബരം (അർഥം) എന്നീ പാട്ടുകൾ ഹിറ്റായതോടെ ആ ബന്ധം ഉറച്ചു. അടുത്ത വർഷം കൈതപ്രം കൂടി എത്തിയതോടെ ആ ടീം പൂർണമായി. വരവേൽപ്, മഴവിൽക്കാവടി, കളിക്കളം, തലയണമന്ത്രം തുടങ്ങിയ ഒട്ടേറെ സത്യൻ ചിത്രങ്ങളിൽ കൈതപ്രം – ജോൺസൺ ടീം പാട്ടൊരുക്കി.
സിബി മലയിലിന്റെ കീരീടം, ദശരഥം, ചെങ്കോൽ, കമലിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പാവം പാവം രാജകുമാരൻ, ശുഭയാത്ര, ഈ പുഴയും കടന്ന്, മോഹന്റെ പക്ഷേ, ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം... അങ്ങനെ ജോൺസൺഗാനങ്ങളുടെ പട്ടിക എത്ര വേണമെങ്കിലും എഴുതിപ്പോകാം.
∙ പൊന്നുരുകും പൂക്കാലം
സിനിമയിലെ രംഗവും പാട്ടിലെ സാഹിത്യവുമായുള്ള ചേർപ്പാണ് ഈണത്തിന്റെ പ്രത്യേകത. ഭരതൻ ‘ചാമരം’ ചെയ്തു മൂന്നു വർഷം കഴിഞ്ഞാണു പത്മരാജന്റെ ‘കൂടെവിടെ’ റിലീസ് ചെയ്യുന്നത്. ‘ചാമര’ത്തിൽ പശ്ചാത്തല സംഗീതമൊരുക്കിയതു ജോൺസണാണ്. കോട്ടയം സിഎംഎസ് കോളജിൽ അവസാനിപ്പിച്ച ഈണത്തിനു തുടർച്ചയാണെന്നു തോന്നും ഊട്ടിയിലെ സ്കൂൾ പശ്ചാത്തലമായി വരുന്ന ‘കൂടെവിടെ’യിലെ പൊന്നുരുകും പൂക്കാലം, ആടി വാ കാറ്റേ തുടങ്ങിയ പാട്ടുകൾ.
മഴവിൽക്കാവടിയിൽ വേലായുധൻകുട്ടി പുതിയ ജോലി തുടങ്ങുന്ന രംഗം ഒരു പാട്ടിനൊപ്പമാണ് അവതരിപ്പിക്കുന്നത്. മൃദംഗത്തിന്റെ പശ്ചാത്തലത്തിൽ കാണുന്നതു വേലായുധൻകുട്ടി ക്ഷൗരം ചെയ്തു വിട്ട കുറെ മൊട്ടത്തലകൾ, നമുക്കും ആ തലകളിൽ ഒന്നു വിരൽത്താളമിടാൻ തോന്നും. പിന്നെ കാണുന്നത് അകലെ വെളിച്ചം വീശി നിൽക്കുന്ന പഴനിമല. കൂടുതൽ പറയാതെതന്നെ കഥയിലേക്കു കാഴ്ചക്കാരൻ പ്രവേശിക്കുന്നു. ഇന്നു വീണ്ടും കാണുമ്പോൾ മറ്റൊരു രംഗമോ മറ്റൊരു താളമോ അവിടെ സങ്കൽപിക്കാനാകില്ല.
ഞാൻ ഗന്ധർവനിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ എന്ന പാട്ടിനെച്ചൊല്ലി വിമർശനമുയർന്നപ്പോൾ, ‘പാട്ടു മാറ്റാൻ പറ്റില്ല, എന്നെ വേണമെങ്കിൽ മാറ്റാം’ എന്നു നിർമാതാവിനോടു പറയിച്ചതു തന്റെ ഈണത്തിലുള്ള ആത്മവിശ്വാസമാണ്. ഇത്രവർഷം കഴിഞ്ഞിട്ടും ജോൺസൺ അനുസ്മരണം ചാനലുകളിലും യുട്യൂബിലും വരുമ്പോൾ കൂടുതലായി കാണുന്ന അടിക്കുറിപ്പ് ആ വരികളാണ് – ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം...!
∙ കിരീടവും ചെങ്കോലും
മാസ്റ്റർമാർക്കു മാത്രം സാധിക്കുന്ന കയ്യടക്കവും വഴക്കവുമുണ്ട്. അവർ എല്ലാവർക്കും വേണ്ടി അയഞ്ഞുകൊടുക്കില്ല. എന്നാൽ, പാട്ടിനെക്കുറിച്ചു ബോധ്യമുണ്ടെന്ന് ഉറപ്പുള്ള സുഹൃത്തുക്കൾക്കു വേണ്ടി ഈണം എങ്ങനെയും മാറ്റും. അങ്ങനെ ഒരാളായിരുന്നു ജോൺസണും.
കിരീടം എന്ന സിനിമയിൽ രണ്ടു പാട്ടുകൾക്കാണു സിറ്റ്വേഷൻ പറഞ്ഞത്. ഒരു പ്രണയഗാനവും നായകന്റെ ജീവിതത്തിലെ തകർച്ചയ്ക്കു ശേഷം വരുന്ന, ദുഃഖഛായയുള്ള പാട്ടും. സേതുമാധവന്റെയും ദേവിയുടെയും പ്രണയത്തിനു വേണ്ടി നാടോടിത്താളം ചേർത്തു ജോൺസൺ ഒരു പാട്ടുണ്ടാക്കി, സംവിധായകൻ സിബി മലയിലിനും തിരക്കഥാകൃത്ത് ലോഹിതദാസിനും പാടിക്കൊടുത്തു. താളം കേട്ടു ലോഹി ചോദിച്ചു, ‘അതൊന്നു സ്പീഡ് കുറച്ചു പാടമോ?’. ജോൺസൺ പാടിയപ്പോൾ ലോഹി പറഞ്ഞു, ഇതാണു രണ്ടാമത്തെ സിറ്റ്വേഷന്റെ പാട്ട്. അതാണു ‘കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി...’ എന്ന ഗാനം. പ്രണയരംഗത്തിനു വേണ്ടി ഒരു ഗാനം റിക്കാർഡ് ചെയ്തെങ്കിലും അതു സിനിമയിൽ ഉപയോഗിച്ചില്ല.
‘ചെങ്കോലി’നുമുണ്ട് ഒരു കഥ പറയാൻ. സിനിമയുടെ ആലോചന നടക്കുന്ന സമയത്തു ലോഹിയെ കണ്ടപ്പോൾ ജോൺസൺ പറഞ്ഞു, ഒരു ട്യൂൺ കിട്ടിയിട്ടുണ്ട്, കേട്ടുനോക്കൂ. കേട്ടയുടൻ ലോഹി പറഞ്ഞു, ഇതു സിനിമയിലുണ്ടാകും. അന്നു തിരക്കഥ പോയിട്ട് കഥയുടെ രൂപം പോലുമായിട്ടില്ല. കൈതപ്രം പാട്ടെഴുതാൻ വന്നപ്പോഴും കഥ രൂപപ്പെട്ടിട്ടില്ല. ഒടുവിൽ, ലോഹി കൈതപ്രത്തിനു ‘മുടിയനായ പുത്രൻ’ എന്ന നാടകത്തിലെ ഒരു രംഗമാണു പുതിയ സിനിമയിലെ രംഗമായി വിശദീകരിച്ചു കൊടുത്തത്. അതാണ് ‘മധുരം ജീവാമൃത ബിന്ദു...’ എന്ന പാട്ടായത്.
സംവിധായകൻ കമലും നടൻ സിദ്ദീഖും ജോൺസണും ഒരു ചാനലിലെ പരിപാടിക്കായി ഒരുമിച്ചിരുന്നപ്പോൾ പഴയൊരു നേരമ്പോക്ക് ചർച്ചയായി. ജോൺസന്റെ ചില പാട്ടുകൾ കോർത്തു സിദ്ദീഖ് മാലയായി പാടി. മാളൂട്ടിയിലെ ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം...’ എന്ന വരികളിൽ തുടങ്ങി, ‘അർഥ’ത്തിലെ ശ്യാമാംബരം എന്ന ഗാനത്തിലെ ചരണത്തിൽ നിന്നു ‘സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി, ചാരേ കൺതുറന്നതോ സുവർണതാരകം’ എന്ന വരികളിലൂടെ, ഒരു കുടക്കീഴിൽ എന്ന സിനിമയിലെ ‘അനുരാഗിണി’യിലേക്കും ഞാൻ ഗന്ധർവനിലെ ‘ദേവാങ്കണങ്ങളി’ലേക്കും പോയി, പാവം പാവം രാജകുമാരനിലെ ‘പാതി മെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ’ എന്ന പല്ലവിയിലെത്തി നിന്നു സിദ്ദീഖ്. മൂവരും ചിരിച്ചെങ്കിലും ജോൺസൺ പറഞ്ഞു, ‘എല്ലാവർക്കും പ്രിയപ്പെട്ട ഒരു സ്കെയിലുണ്ടാകും, സാമ്യം എങ്ങനെ വന്നുപെടുമെന്ന് അറിയില്ല. നമ്മുടെ സീനിയറായിട്ടുള്ള ദേവരാജൻ മാഷിനുമുണ്ടായിരുന്നു.’
സിദ്ദീഖ് അതിന്റെ ലളിതമായ മനഃശാസ്ത്രം പറഞ്ഞു: സ്കെയിലും ടെംപോയും ഒരുപോലെയായിരിക്കാം. ജോൺസണ് ഇഷ്ടമായതു പോലെ നമുക്കെല്ലാം ഇഷ്ടമായില്ലേ?
മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ ഒരു നൃത്തരംഗത്തു വരുന്നതാണ് ‘മാനത്തെ വെള്ളിത്തേരിൽ പൂരം കാണാൻ പോകും പുതുരാപ്പെണ്ണേ’ എന്ന പാശ്ചാത്യ രീതിയിലുള്ള ഗാനം. അതിന്റെ ചരണത്തിന്റെ അവസാനഭാഗത്തു വരുന്ന ‘നേരെല്ലാം ചൊല്ലിത്തായോ താരകളേ, ആരെല്ലാം നിനക്കുണ്ട് പൂമകളേ’ എന്ന വരികളുടെ ഈണം അതേ സിനിമയിലെ മറ്റൊരു പാട്ടിന്റെ പല്ലവിയാകുന്നത് അദ്ഭുതത്തോടെ നമുക്കു കാണാം. ‘മനസ്സിൻ മടിയിലെ മാന്തളിരിൽ, മയങ്ങൂ മണിക്കുരുന്നേ...!’
∙ ക്ലാരയിൽ നിന്നു രാധയിലേക്ക്
‘ഇണയെത്തേടി’ ചെയ്യും മുൻപേ മൂന്നു സിനിമകൾക്കു പശ്ചാത്തല സംഗീതം നൽകിയിരുന്നു ജോൺസൺ – ആരവം, തകര, ചാമരം. എം.ജി.രാധാകൃഷ്ണനാണു മൂന്നിലും പാട്ടുകൾ ചിട്ടപ്പെടുത്തിയത്. സിനിമയുടെ ക്രെഡിറ്റ് ലൈനിൽ പശ്ചാത്തല സംഗീതം ചെയ്തയാളുടെ പേരു പ്രത്യേകം രേഖപ്പെടുത്താൻ തുടങ്ങിയതും സംഗീതരൂപമായി അംഗീകരിച്ചതും ജോൺസന്റെ നിർബന്ധം കൊണ്ടു മാത്രമാണ്.
ജോൺസന്റെ പശ്ചാത്തല സംഗീതത്തിന്റെ പ്രത്യേകത, എവിടെ നിർത്തണം, എവിടെ സംഗീതം വേണ്ട എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നതാണെന്നു ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണം കിരീടത്തിൽ സേതുമാധവനും കീരിക്കാടൻ ജോസുമായുള്ള സംഘട്ടനമാണ്. സീനിനൊപ്പം അതീവരൗദ്രതാളത്തിൽ സഞ്ചരിക്കുന്ന സംഗീതം, പെട്ടെന്നു തിലകന്റെ അച്ഛൻ കഥാപാത്രം രംഗത്തു വരുന്നതോടെ നിലയ്ക്കുന്നു. ‘കത്തി താഴെയിടടാ, നിന്റെ അച്ഛനാടാ പറയുന്നേ...’ എന്ന അച്ഛന്റെ തേങ്ങലും സേതുമാധവന്റെ കിതപ്പും മാത്രമാണു സീനിൽ.
താളവട്ടത്തിലുമുണ്ട് ഇതുപോലെ ഒരു രംഗം. മോഹൻലാലിന്റെ കഥാപാത്രത്തെ നെടുമുടിയുടെ ഡോക്ടർ കഥാപാത്രം തലയണ മുഖത്തമർത്തി കൊല്ലുമ്പോൾ പശ്ചാത്തലത്തിൽ പൊടുന്നനെ സംഗീതം നിലയ്ക്കുന്നു, മരണവെപ്രാളം മാത്രം കേൾക്കാം.
ഒരിടത്തൊരു ഫയൽവാനിൽ, ഫയൽവാന്റെ ആദ്യരാത്രിയുടെ പശ്ചാത്തലത്തിൽ താരാട്ടു കൊണ്ടുവന്നതു ജോൺസണു മാത്രം സാധിക്കുന്ന കുസൃതി. തൂവാനത്തുമ്പികളിലെയും മണിച്ചിത്രത്താഴിലെയും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെയും പശ്ചാത്തല സംഗീതത്തെക്കുറിച്ച് ഏറെ എഴുതുകയും പറയുകയും ചെയ്തതാണ്.
തൂവാനത്തുമ്പികളിലെ ക്ലാരയെയും മഴയെയും അത്രമേൽ മലയാളിക്കു പ്രിയങ്കരമാക്കിയതു വയലിനും ഫ്ലൂട്ടും ചേർന്നൊരുക്കിയ പിന്നണിയാണ്. ജയകൃഷ്ണന്റെ (മോഹൻലാൽ) ജീവിതത്തിലെ നായികമാരായ ക്ലാരയ്ക്കും രാധയ്ക്കും രണ്ടു പശ്ചാത്തല സംഗീതമാണു ജോൺസൺ ഒരുക്കിയത്. ഒടുവിൽ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വച്ചു ജയകൃഷ്ണൻ ക്ലാരയെ അവസാനമായി കാണുമ്പോൾ സാക്ഷിയായി രാധയുണ്ട്. അവിടെ ട്രെയിനിന്റെ ശബ്ദം കൊണ്ടാണു ജോൺസൺ ഇരുവരെയും ബന്ധിപ്പിക്കുന്നത്. ക്ലാര യാത്ര പറഞ്ഞു പോകുമ്പോൾ അകമ്പടി സംഗീതം നേർത്തുനേർത്ത് ഇല്ലാതാവുകയും അവൾ പോകുന്ന ട്രെയിനിന്റെ ദൃശ്യവും ശബ്ദവും മുന്നണിയിലേക്ക് എത്തുകയും ചെയ്യുന്നു. ട്രെയിൻ കാഴ്ചയിൽ നിന്നു മറയുമ്പോൾ തിരിഞ്ഞു നടക്കുന്ന ജയകൃഷ്ണൻ രാധയെ കാണുന്നു. അവിടെ സംഗീതം മാറുന്നു. വീണയുടെ അകമ്പടിയോടെ അവർ തുടർജീവിതത്തിലേക്ക്...
∙ എങ്ങനെ പാടാതിരിക്കും
‘കാവടിയാടുമീ കൺതടവും, നിന്റെ കസ്തൂരി ചോരുമീ കവിളിണയും’ എന്നു ചരണത്തിൽ തുടങ്ങി ‘രാത്തിങ്കൾ പൂത്താലി ചാർത്തി’ എന്ന പല്ലവിയിൽ നിർത്തി, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ സദസ്സിനോടു ചോദിക്കുന്നു: ഇതു പോലെ എഴുതി വച്ചാൽ പാടാതിരിക്കുന്നതെങ്ങനെ? ജോൺസൺ മാഷ്, ഗിരീഷ് പുത്തഞ്ചേരി; രണ്ടു പേരും നമുക്കൊപ്പമില്ല, അവർക്കായി സമർപ്പിക്കുന്നു...’’
അതെ, രണ്ടു പേരും നമുക്കൊപ്പമില്ല.
അതാണു നമ്മുടെ സങ്കടം.
English Summary: Remembering Johnson Master and His Song Making Craft