പൂമണം പേറിയ ഓണക്കാലം! വർണിച്ചാൽ തീരുമോ ആ കാവ്യ സുഗന്ധം?
‘പതിവായി മുറ്റത്തു വന്നുപോം പൂക്കൾതൻ മിഴികളിലെ മൗനമെൻ മിഴികളാൽ വായിച്ചു...’ എന്ന് ഒഎൻവി കുറുപ്പ് എഴുതിയത് ‘വീടുകൾ’ എന്ന കവിതയിലാണ്. വിശ്വമഹാഗൃഹത്തെ വർണിച്ച ആ കവിതയുടെ പേര് ‘വീടുകൾ’ എന്നായതും അതിന്റെ പൂമുഖത്തേക്കു പൂക്കളാൽ വരവേറ്റതും യാദൃശ്ചികമാണോ? ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന
‘പതിവായി മുറ്റത്തു വന്നുപോം പൂക്കൾതൻ മിഴികളിലെ മൗനമെൻ മിഴികളാൽ വായിച്ചു...’ എന്ന് ഒഎൻവി കുറുപ്പ് എഴുതിയത് ‘വീടുകൾ’ എന്ന കവിതയിലാണ്. വിശ്വമഹാഗൃഹത്തെ വർണിച്ച ആ കവിതയുടെ പേര് ‘വീടുകൾ’ എന്നായതും അതിന്റെ പൂമുഖത്തേക്കു പൂക്കളാൽ വരവേറ്റതും യാദൃശ്ചികമാണോ? ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന
‘പതിവായി മുറ്റത്തു വന്നുപോം പൂക്കൾതൻ മിഴികളിലെ മൗനമെൻ മിഴികളാൽ വായിച്ചു...’ എന്ന് ഒഎൻവി കുറുപ്പ് എഴുതിയത് ‘വീടുകൾ’ എന്ന കവിതയിലാണ്. വിശ്വമഹാഗൃഹത്തെ വർണിച്ച ആ കവിതയുടെ പേര് ‘വീടുകൾ’ എന്നായതും അതിന്റെ പൂമുഖത്തേക്കു പൂക്കളാൽ വരവേറ്റതും യാദൃശ്ചികമാണോ? ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന
‘പതിവായി മുറ്റത്തു വന്നുപോം പൂക്കൾതൻ
മിഴികളിലെ മൗനമെൻ മിഴികളാൽ വായിച്ചു...’
എന്ന് ഒഎൻവി കുറുപ്പ് എഴുതിയത് ‘വീടുകൾ’ എന്ന കവിതയിലാണ്. വിശ്വമഹാഗൃഹത്തെ വർണിച്ച ആ കവിതയുടെ പേര് ‘വീടുകൾ’ എന്നായതും അതിന്റെ പൂമുഖത്തേക്കു പൂക്കളാൽ വരവേറ്റതും യാദൃശ്ചികമാണോ? ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന കഥപറഞ്ഞെത്തുന്ന കാറ്റിൻസുഗന്ധവും...’ എന്ന കവിയനുഭവിച്ച പൂമണം വരിയായിപ്പിറന്നതും ഇതേ കവിതയിൽത്തന്നെ.
ഓണക്കാലത്ത് ഓരോ വീടിന്റെയും ഉമ്മറത്തിരുന്ന്, മുറ്റവും തൊടിയും നിറയെ ‘ചിരിയോടു ചിരിപൊട്ടിയുതിരുന്ന’ പൂക്കളെ വരവേറ്റിരുന്നൊരു മലയാളിക്കാലം അത്ര വിദൂരമല്ല. വീടുകളും പൂക്കളും മാറി, മേടവും ശ്രാവണവും മാറി. എങ്കിലും, ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ...’ എന്ന് അയ്യപ്പപ്പണിക്കരുടെ കവിത ശഠിച്ചതുപോലെ, ഓരോ ഓണത്തിനും ഓരോ പൂപ്പാലികയിലും ഓർമകളുടെ നിറങ്ങൾ വന്നു നിറയുന്നുണ്ട്. തോവാളയിൽനിന്നു ലോറിയിൽ ലോഡായി വരുന്ന പൂക്കളല്ല, മനസ്സിന്റെ നീർമാതളത്തിൽനിന്ന് ഇറ്റുവീഴുന്ന നീഹാരമണിയുന്ന പൂക്കൾ.
പൂവണി ചേരാൻ കാത്തുനിന്ന കുട്ടികളുടെ പൂവട്ടകയൊക്കെ കാലം തട്ടിച്ചിന്നിക്കളഞ്ഞിരിക്കാം, പല നിറക്കൂറുകൾ മാഞ്ഞുപോയിരിക്കാം, പൂവിളികൾ പൊലിഞ്ഞുപോയിരിക്കാം. എങ്കിലും, തുമ്പ മുതൽ താമരവരെ ഓർമകളുടെ വരമ്പിലും ഇറമ്പിലും ഇപ്പോഴും പൂത്തുനിൽപുണ്ട്. കൊയ്ത്തിനൊരുങ്ങിയ ചിങ്ങപ്പാടങ്ങളാകെ കതിരിട്ട നെല്ലിനുതന്നെ എന്തൊരു ചന്തമാണ്! ഇളംവെയിലിലെ കാറ്റിനൊപ്പം നൃത്തം വയ്ക്കുന്ന നെൽക്കതിരുകളുടെ കാഴ്ചതന്നെ മുഗ്ധമായൊരോണമാണല്ലോ.
താമരപ്പൂക്കളും ഞാനുമൊന്നിച്ച്...
അത്തം ചിത്തമുണർത്തുമ്പോൾ, ഓണം ഈണമൊരുക്കുമ്പോൾ ഓരോ ദിനവും മുറ്റത്തു വന്നുപോകുന്ന പൂക്കളാണോണം. മുറ്റത്തെ പൂത്തറ നിറയെ പൂ വേണമെങ്കിൽ മറ്റാരും കാണുംമുൻപേ പോയി നുള്ളണം, ഇറുക്കണം, ചിലപ്പോൾ അറുത്തുതന്നെയെടുക്കണം. കർക്കടകത്തിന്റെ കുളിരു മായാത്ത പൊയ്കയിലിറങ്ങിവേണം താമര കൈക്കലാക്കാൻ. നടന്നെത്താൻ കഴിയാത്ത ചെളിയിലും തണ്ടിലും കുരുങ്ങാതെ താമരപ്പൂവിനെ സ്വന്തമാക്കാൻ എളുപ്പമല്ല. കഴുത്തോടെ പിടിച്ചെടുത്തു മടിയിൽ വയ്ക്കുമ്പോൾ താമരപ്പൂവിനു ശരിക്കും നാണം വരും. തണ്ടൊടിഞ്ഞ താമരകൾ ഓരോ മുഖത്തും താമരക്കാടുകൾ കൊണ്ടുവരും.
പാടവരമ്പിലൂടെ ആർത്തുവിളിച്ചു മടങ്ങുമ്പോൾ കാലിൽ തടവി തുമ്പപ്പൂക്കൾ കൂടെപ്പോരാൻ അനുവാദം ചോദിക്കും. നുള്ളിയെടുക്കലല്ല, വാരിയെടുക്കലാണ് പിന്നെ. കൂട്ടുകാർക്കു കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വന്തമാക്കുന്ന തുമ്പക്കാടുകൾതന്നെ വീട്ടിലെത്തും. ഇതളടർത്തിയിടുമ്പോൾ വെൺമയുടെ കൂനകളുയരും.
തുമ്പയുടെയും താമരയുടെയുമൊക്കെ നറുനിറങ്ങൾക്കു ചുറ്റും പല നിറങ്ങളുടെ കൈകൊട്ടിക്കളിയാണ് പിന്നെ. മുക്കുറ്റി, കാക്കപ്പൂ, അരിപ്പൂ, കോളാമ്പിപ്പൂ, പലതരം ചെമ്പരത്തിപ്പൂക്കൾ, കദളി, അരളി, കണ്ണാന്തളി, കുറിഞ്ഞി, കാശിത്തുമ്പ, തെച്ചി, തുളസി, പവിഴമല്ലി, അശോകം, ചെമ്പകം, മന്ദാരം, നന്ത്യാർവട്ടം, ശംഖുപുഷ്പം, ദശപുഷ്പങ്ങൾ... അങ്ങനെ അങ്ങനെ പൂക്കളുടെ കളിവട്ടം വളരും. പൂക്കളം കാണുന്ന പൂമരംപോലെ പൂമുഖത്തിണ്ണയിൽ അവരൊക്കെ വരിനിൽക്കും, പൂമാലിനിമാരുടെ കൈകളിൽ കിടന്ന് ആനന്ദംകൊണ്ടു പുളയും, പൂവരിയിലെ പൂരവിളക്കുകളായി കത്തിനിൽക്കും.
വെള്ളാരപ്പൂമലമേലേ...
ദേശവ്യത്യാസങ്ങളിൽ പൂക്കൾക്കും പൂവിളികൾക്കും പൂവൊരുക്കലിനും പല ഭേദങ്ങൾ വരും. പൂക്കൾ തേടിപ്പോകാൻ കുട്ടികൾക്കന്നു നേരമുണ്ടായിരുന്നു. ‘ഞാനും പോന്നോട്ടെ’ എന്നു കണ്ണിറുക്കിച്ചോദിച്ച് പൂക്കൾ കാത്തുനിൽക്കുമായിരുന്നു. കുന്നിൻമുകളിലും പാടവരമ്പിലും തൊടിപ്പരപ്പിലും കായലിറമ്പിലും മുതൽ റെയിൽപ്പാതയ്ക്കരികിൽവരെ പൂക്കളെ തേടിപ്പോകാമായിരുന്നു. കുട്ടയും കുട്ടികളും കൂട്ടായിപ്പോകുന്ന ആ കാഴ്ചതന്നെ ഒരോണമായിരുന്നു.
ചില ദേശങ്ങളിൽ പൂ പറിക്കുമ്പോൾ കുട്ടികൾക്കു പാടാൻ ഇങ്ങനെയൊരു പാട്ടുണ്ടായിരുന്നു:
കറ്റക്കറ്റ കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം മൊട്ടിട്ടു
നേരേ വാതിൽക്കൽ നെയ്‌വച്ചു
പൂവേ പൊലി പൂവേ പൊലി പൂവേ...
തുമ്പക്കുടത്തിൻ തുഞ്ചത്തായ്...
മുറ്റമടിച്ചു തളിച്ച് ചാണകം മെഴുകി പൂവിടാൻ നിലമൊരുക്കും. ചിലപ്പോഴതു പൂത്തറയായി കെട്ടിയൊരുക്കും. ചെമ്മണ്ണു കുഴച്ചും ചാണകം മെഴുകിയുമൊക്കെയുണ്ട് പൂത്തറയൊരുക്കം. അത്തത്തിനു പൂവിട്ടു തുടങ്ങുമ്പോൾ മുതൽ പൂവട്ടം വളർന്നുതുടങ്ങും. തിരുവോണമെത്തുമ്പോഴേക്കു പൂക്കളും പൂനിറങ്ങളും പലമടങ്ങാകും.
പല പൂവുകൾക്കു പല ദേവതമാരുമായി ബന്ധമുണ്ടെന്നാണു വിശ്വാസം. പൂക്കളത്തിനു നടുവിൽ മുക്കുറ്റിയും ചുറ്റും തുമ്പപ്പൂവും വയ്ക്കുന്നതിന്റെ വിശ്വാസങ്ങളിലൊന്ന്, മുക്കുറ്റി പാർവതിയും തുമ്പ ശിവനുമാണെന്നാണ്. ഇവരുടെ മകൻ ഗണപതിക്ക് എരിക്കിൻപൂവിനോടാണു പ്രിയമെങ്കിലും ഓണപ്പൂക്കളത്തിൽ എരിക്കിൻപൂ ഉപയോഗിക്കില്ല എന്നത് വേറൊരു വിശ്വാസം! ഗണപതിക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു പുഷ്പമായ കറുകയുടെ ദേവൻ സൂര്യനാണെന്നും കണക്കാക്കുന്നു.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...
ആദ്യദിവസം വാൽക്കണ്ണാടിയുടെ രൂപത്തിൽ പൂവിടുന്നതാണ് ചിലയിടങ്ങളിലെ രീതി. അത്തം നാൾ മത്തപ്പൂവെന്നും ചിലർ പറയും. അത്തം നാളിൽ വടപോലെ ഒരു കുഞ്ഞുപൂക്കളം മതിയെന്നാണു മതം. അത്തത്തിനു വടവട്ടമെങ്കിൽ പത്താം നാൾ കുടവട്ടംപോലെ പൂക്കളം പരന്നുല്ലസിക്കും.
അത്തം വരുന്ന ദിനംനോക്കി അന്നുമുതൽ പാടാൻ ചില ദേശങ്ങളിൽ പ്രചാരമുണ്ടായിരുന്നൊരു പാട്ട് ഇങ്ങനെ:
അൻപെഴും തുമ്പപ്പൂ തിങ്കളാഴ്‌ച
കൊമ്പനാം ചെമ്പ്രത്തി ചൊവ്വാനാളിൽ
കൂമ്പിലേം പൂവും ബുധനൊരുക്കാൻ
വമ്പനശോകപ്പൂ വ്യാഴനാവാം
തങ്കപ്പൂ വെള്ളിക്കു ചേരുമല്ലോ
ഇന്ദ്രനീലപ്പൂ ശനിക്കുതന്നെ
ചെമ്പനരളിപ്പൂ ഞായറാഴ്‌ച
മങ്കമാരെല്ലാമറിഞ്ഞുകൊള്ളൂ...
അത്തപ്പൂ ചിത്തിരപ്പൂ...
ആയിരം കറിക്കു തുല്യം പുളിയിഞ്ചിയെന്നപോലെ അത്തത്തിനു പൂത്തറയിലൊരു തുമ്പ വച്ചാൽത്തന്നെ അതൊരു പൂവിരുന്നാകും. ഒരു കുഞ്ഞുപാദം പൂത്തറയിൽ നനുത്ത ചുവടു വച്ചുതുടങ്ങുംപോലെ, കുഞ്ഞിളംപല്ലിന്റെ അരിവെളിച്ചംപോലെ തുമ്പപ്പൂവിതൾ പൂക്കളത്തിൽ ഒരോമനത്തമാകുന്നു.
അത്തത്തിന് ഒരു പൂവ്, ചിത്തിരയ്ക്കു രണ്ടു പൂവ് എന്നിങ്ങനെ പൂക്കൾ കൂട്ടിവരുന്ന രീതി ചിലയിടങ്ങളിലുണ്ട്.
ചിത്തിരയ്ക്കു തുളസിപ്പൂവും ചുറ്റും തുമ്പപ്പൂവും ചേർന്നാണു പൂക്കളം. മൂന്നാംനാൾ മൂന്നു നിരയാകുമെങ്കിലും ചുവപ്പു പൂക്കൾ ഉപയോഗിക്കരുതെന്നു ചില വിശ്വാസങ്ങളുണ്ട്. അത്തം മുതൽ ചോതിവരെ തുമ്പയും തുളസിയും മാത്രം ചേർന്നു പൂക്കളമിടുന്ന രീതിയുമുണ്ട്. നിറമുള്ള പൂക്കളുടെ വരവാണു വിശാഖം. തുമ്പയ്ക്കും തുളസിക്കും കൂട്ടായി ചെത്തിയും ചെമ്പരത്തിയുമെത്തിത്തുടങ്ങും. അനിഴത്തിന് അഞ്ചു നിരയാണ്. അനിഴം മുതൽ പൂരാടംവരെ നിര വളരും, പൂവട്ടം പരന്നുപടരും.
ഉത്രാടത്തിനാണു തൃക്കാക്കരയപ്പന്റെ ‘വരവ്’. അത്തം മുതലേ തൃക്കാക്കരയപ്പനെ വയ്ക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. തിരുവോണത്തിനു തൃക്കാക്കരയപ്പനെ അരിമാവണിയിച്ച് ദീപ്തമാക്കും. കുളിച്ചാൽ കുറി വരയ്ക്കുംപോലെ, മാവണിഞ്ഞ മൂർത്തിയുടെ മുഖശ്രീതന്നെ ഓണനിലാവാകും. പിന്നെ ആ ശ്രാവണപൗർണമി അടുത്ത ഓണത്തിനായി പൂവൊരുക്കി കാത്തിരിക്കും. ഓരോ വീടും അവിടെയൊക്കെ മുറ്റവും നിറങ്ങളെഴുതി നിറവോടെ വരവേൽക്കുന്ന കാലമേ മായുന്നുള്ളൂ. മലയാളിയുടെ ഓണപ്പൊലിമയ്ക്ക് ഇന്നും എന്നും, വയലാർ എഴുതിയതുപോലെ നിറങ്ങൾ ഏഴല്ല, എഴുനൂറാണ്!
പാട്ടിലും നിറയെ പൂമണം
മങ്ങാതെ, മായാതെ കിടക്കുന്നു മലയാളപ്പാട്ടിലെ ഓണനിലാവൊളി. അതിന്റെ പതിൻമടങ്ങുണ്ട് പാട്ടിൽ വിടർന്ന പുഷ്പഭാവനകൾ; എണ്ണിയാലോ എഴുതിയാലോ തീരാത്തത്ര!
തുമ്പപ്പൂവിനെ വർണിച്ചാണ് വയലാർ രാമവർമയുടെ പാട്ടുതൂലിക വിടർന്നതുതന്നെ. ‘തുമ്പീ തുമ്പീ വാ വാ, ഈ തുമ്പത്തണലിൽ വാ വാ...’ എന്ന പാട്ടിന് തുമ്പയെപ്പോലെത്തന്നെ ഒരോമനത്തമുണ്ടായിരുന്നു. ഏറെക്കാലം കഴിഞ്ഞ് ഒഎൻവി കുറുപ്പ് എഴുതിയപ്പോൾ തുമ്പയ്ക്കു മറ്റൊരു ഭാവനാവർണമായി: ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം...’. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് കൈതപ്രം പാട്ടിൽ കുറിച്ചു: ‘തുമ്പപ്പൂവിൽ ഉണർന്നു വാസരം ഹരിവാസരം...’!
‘പനിനീർ മലരിനൊരിതൾ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ...’ എന്നാണ് അഭയദേവ് പാട്ടിലൂടെ ചോദിച്ചത്. ‘അല്ലിയാമ്പൽ കടവിലങ്ങരയ്ക്കു വെള്ളം...’ എന്ന പി.ഭാസ്കരൻ വരികളോളം പൂമണമുള്ളൊരു പ്രണയഗാനം മലയാളം ഏറെ കേട്ടിട്ടില്ല. ‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...’ എന്നു ശ്രീകുമാരൻ തമ്പി കുറിക്കുമ്പോൾ, ആ വരികളിൽനിന്നുപോലും സുഗന്ധം വഴിയുന്നില്ലേ?! ‘മുക്കുറ്റി, തിരുതാളി, കാടും പടലും പറിച്ചുകെട്ടിത്താ...’ എന്ന കാവാലം രചനയിൽ പ്രകൃതിയുടെ പൂക്കാലം മുഴുവൻ സ്വന്തമാക്കാനുള്ള വെമ്പലുണ്ട്.
‘തേനും വയമ്പും’ ചേർത്തെഴുതിയ വരികളിൽ ബിച്ചു തിരുമല കുറിച്ചത് ‘നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നുംമേലേ...’ എന്നാണ്. ‘ദേവദാരു പൂത്ത മനസ്സിൽ താഴ്‌വരയിൽ’ പാട്ടിനെ കെട്ടിയിട്ടതു ചുനക്കര രാമൻകുട്ടി. ‘കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നം കണ്ടു മയങ്ങുന്ന പെണ്ണിനെ’ പാട്ടിൽ വരച്ചിട്ടത് ദേവദാസ്. ‘സ്വർണ ചെമ്പകം പൂത്തിറങ്ങിയ ഗന്ധമാദന താഴ്‌വരയിൽ...’ എന്നാണു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളിലെ പുഷ്പസങ്കൽപം. ‘തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ തുളസിക്കതിരില’ ചൂടിയാണ് എം.ഡി.രാജേന്ദ്രൻ വരികളൊരുക്കിയത്.
‘മധുവിനു മധുരം പോരാതെ പനിനീർ നിൻചൊടിക്കിടയിൽ വിടർന്നുനിന്നു...’ എന്നെഴുതിയത് യൂസഫലി കേച്ചേരി. ‘സിന്ദൂരസന്ധ്യയ്ക്കു മൗനം മന്ദാരക്കാടിനു മൗനം...’ എന്നു പൂവച്ചൽ ഖാദറിന്റെ വരികൾ. ‘മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ...’ എന്നു കുറിച്ച് പാട്ടെഴുത്തു തുടങ്ങിയത് കെ.ജയകുമാർ. ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...’ എന്നു മുല്ലനേഴിയുടെ ഭാവന. ‘ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ...’ എന്നു വരികളൊരുക്കിയത് പി.കെ.ഗോപി.
‘ചെമ്പരത്തിപ്പൂവേ ചൊല്ലൂ ദേവനെ നീ കണ്ടോ...’ എന്നു ചോദിച്ചത് ഷിബു ചക്രവർത്തി. ‘എന്തേ മുല്ലേ പൂക്കാത്തൂ എന്റെ പൊൻകിനാവിൽ നീ...’ എന്നു പരിഭവിച്ചത് ഗിരീഷ് പുത്തഞ്ചേരി. ‘ആവണിപ്പൊയ്കയിൽ നാണമോലും ആമ്പലോ വധുവായ് അരികെ...’ എന്ന സർഗസങ്കൽപം വയലാർ ശരത്ചന്ദ്രവർമയുടേത്. ‘പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ...’ എന്നു വരിയിൽ പൂനിറച്ചത് റഫീക്ക് അഹമ്മദ്. ‘നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ...’ എന്നു പ്രണയത്തോടെ കുറിച്ചത് ഹരിനാരായണൻ. ‘വൃശ്ചികക്കാറ്റുപോൽ എന്നെ തലോടിയാൽ പിച്ചകപ്പൂവായ് ഉണരാം ഞാൻ...’ എന്നു രാജീവ് ആലുങ്കലിന്റെ വരികൾ. ഓണം മുതൽ ഓണംവരെ വർണിച്ചാലും പാട്ടിലെ പൂമണം തീരില്ല. സുഗന്ധം മായാത്തൊരു സ്വപ്നംപോലെ മലയാളത്തെ അനുഗ്രഹിച്ച് ഇനിയും എത്രയെത്ര വരികൾ!