Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺസണിന്റെ നിലപാടും യേശുദാസിന്റെ പ്രിയ ഗാനവും

yesudas-johnson-hits

ജോൺസന്റെ സംഗീതത്തിൽ യേശുദാസ് പാടിയ എത്രയോ മനോഹരഗാനങ്ങൾ! മെല്ലെ മെല്ലെ..., പൂവേണം....(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), പവിഴം പോൽ...., ആകാശമാകെ...(നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ), മധുരം ജീവാമൃത ബിന്ദു...(ചെങ്കോൽ), അനുരാഗിണി...(ഒരു കുടക്കീഴിൽ), സൂര്യാംശു ഓരോ...(പക്ഷേ), എന്റെ മൺവീണയിൽ....(നേരം പുലരുമ്പോൾ), മംഗല്യയാമം..., നേരം മങ്ങിയ നേരം....(ഇസബെല്ല), സുഖം ഒരു ഗ്രീഷ്മമിറങ്ങിയ...(രക്തം), നീ നിറയൂ...(പ്രേമഗീതങ്ങള്‍) തുടങ്ങി പട്ടിക നീണ്ടുപോവുകതന്നെ ചെയ്യും. 

ഈ കൂട്ടുകെട്ടിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ചിലപ്പോൾ മേൽപ്പറഞ്ഞവയില്‍ ഉണ്ടാവും. പക്ഷേ, ജോ‍ൺസന്റെ സംഗീതത്തിൽ താൻ പാടിയ ഏതു പാട്ടാവും യേശുദാസിന് ഏറ്റവും കൂടുതൽ ഇഷ്ടം?

കൗതുകകരമായ ഈ അന്വേഷണത്തിന് ‘പൊന്നുരുകും പൂക്കാലം’ എന്ന പുസ്തകത്തില്‍ എഴുതിയ ജോണ്‍സണ്‍ സ്മൃതിയില്‍ യേശുദാസ് ഉത്തരം നല്‍കുന്നത് ഇങ്ങനെ: ‘ജോൺസന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതു ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം...’ എന്ന ഗാനമാണ്. കൈതപ്രത്തിന്റെ വരികൾ എത്ര ഭാവസാന്ദ്രമായാണു ജോൺസൺ ചിട്ടപ്പെടുത്തിയിരിക്കുന്നത്? മാസ്റ്റർ കപ്പാസിറ്റി, ഓർക്കസ്ട്രേഷനിൽ നല്ല പെർഫെക്‌ഷൻ, സ്വന്തമായി കണ്ടക്ട് ചെയ്യും. അങ്ങനെ എല്ലാമെല്ലാം ജോൺസൺ തന്നെ.’ 

രാജ്യം കണ്ട ഏറ്റവും മഹാൻമാരായ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ച യേശുദാസിന് പ്രിയപ്പെട്ടതാണെന്ന ഒറ്റക്കാരണം മതി ആ ഈണം എത്രയോ ഉന്നതമാണെന്നറിയാൻ. അത്ര മികച്ച ആ ഗാനം ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിൽനിന്ന് ഒഴിവാക്കാൻ അവസാനനിമിഷം വരെ ശ്രമമുണ്ടായിരുന്നു എന്നു വിശ്വസിക്കാൻ കഴിയുമോ? സിനിമയിൽ അങ്ങനെയാണ്, അവിടത്തെ നിയമവും വിശ്വാസങ്ങളും മറ്റൊന്നാണ്.

ഒഴിവാക്കാൻ തീരുമാനിച്ച ‘ദേവാങ്കണങ്ങൾ..’ സിനിമയിൽ നിലനിർത്താൻ ജോൺസൺ നടത്തിയ പോരാട്ടത്തെപ്പറ്റി ഇതേ ഗ്രന്ഥത്തിൽ കൈതപ്രം എഴുതുന്നത് ഇങ്ങനെ: ‘പത്‌മരാജന്റെ ഞാൻ ഗന്ധർവനിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഗാനമാണു ‘ദേവാങ്കണം...’. ഇതിനൊരു മറുപുറമുണ്ട്. പ്രൊഡ്യൂസര്‍ ഗുഡ്നൈറ്റ് മോഹന്റെ കുടെയുള്ള ചില സുഹൃത്തുക്കള്‍ക്ക് ആ ഗാനത്തിനു ‘ക്ലാസിക്കല്‍ ടച്ച് പോരാ’ എന്നു പക്ഷം! പത്‌മരാജനെപ്പോലും സമ്മതിപ്പിച്ച് അവര്‍ ഞങ്ങളെ തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തേക്കു വിളിപ്പിച്ചു, പാട്ടുമാറ്റാന്‍. 

കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും സങ്കടപ്പെട്ടു. ഇത്രയും നല്ല ഗാനം ഈ ചിത്രത്തിലില്ലെങ്കില്‍ പ്രൊഡ്യൂസര്‍ക്കുകൂടി വരുന്ന നഷ്ടത്തെയോര്‍ത്തു രാത്രി ഗുഡ്നൈറ്റ് മോഹനുമായി ജോണ്‍സണ്‍ നന്നായി ഏറ്റുമുട്ടി. ‘ഈ പാട്ട് പടത്തിലില്ലെങ്കില്‍ ഏറ്റവും നഷ്ടം നിങ്ങള്‍ക്കായിരിക്കും. അതല്ല, മാറ്റിയേ പറ്റൂ എന്നാണെങ്കില്‍ എന്നെയങ്ങു മാറ്റിയേക്ക്. പപ്പേട്ടന്‍ (പത്‌മരാജന്‍) പറഞ്ഞ ആ സിറ്റുവേഷനി‍ല്‍ ഇതിലും നല്ലൊരു ട്യൂണ്‍ ഈ ഹാര്‍മോണിയത്തില്‍നിന്നു വരില്ല.’ ജോണ്‍സണ്‍ ശരിക്കും പിണങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പാട്ടു മാറ്റേണ്ടതില്ലെന്നുറപ്പിച്ചു.’

കൈതപ്രത്തിന്റെ ഈ വാക്കുകളെ ശരിവയ്ക്കുന്നവയാണ് ‘പത്‌മരാജന്‍ എന്റെ ഗന്ധര്‍വന്‍’ എന്ന പുസ്തകത്തില്‍ രാധാലക്ഷ്മിയുടെ വാക്കുകള്‍. ‘ഞാന്‍ ഗന്ധര്‍വനി’ലെ ഗാനങ്ങളുടെ നിലവാരം സംബന്ധിച്ചു പത്‌മരാജന്‍ അസ്വസ്ഥനായിരുന്നെന്നും അതു മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും ഭാര്യ രാധാലക്ഷ്മി എഴുതുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി എത്ര പതിറ്റാണ്ടുകള്‍ക്കു ശേഷവും എണ്ണപ്പെടാന്‍ പോകുന്ന ‘ദേവാങ്കണങ്ങള്‍...’ ക്കുപോലും നേരിടേണ്ടിവന്ന പ്രതിസന്ധി അമ്പരപ്പിക്കുന്നതാണ്. ‘ആ പാട്ടില്ലെങ്കില്‍ ഞാനുമില്ല’ എന്ന് ജോണ്‍സണ്‍ നിലപാട് എടുത്തതുകൊണ്ടും അദ്ദേഹവുമായുള്ള സൗഹൃദത്തിനു ഗുഡ്‌നൈറ്റ് മോഹന്‍ വലിയ വില കൊടുത്തിരുന്നതു കൊണ്ടും ആ മനോഹരഗാനം ആസ്വദിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായി. ആത്‌മധൈര്യമില്ലാത്ത സംഗീതസംവിധായകൻമാരുടെ എത്രയോ ‘ദേവാങ്കണങ്ങള്‍...’ ചാപിള്ളകളായി പോയിട്ടുണ്ടാവും!