അ‍ഞ്ചുമിനിറ്റുകൊണ്ട് 20 വരി എഴുതുന്ന അദ്ഭുതം

ഏതാണ്ട് 40 വർഷം മുൻപ്, ചൈന്നൈ എച്ച്എംവി സ്റ്റുഡിയോയിൽ ‘ലൈലാ മജ്നു’ എന്ന പ്രണയഗാന ആൽബത്തിന്റെ റിക്കോർഡിങ് തീർന്നപ്പോൾ എൻജിനീയർ പറഞ്ഞു.‘ ഡിസ്കിൽ ഒരു പാട്ടിനുള്ള സ്ഥലം കൂടിയുണ്ട്.’ 

സ്റ്റുഡിയോ അടയ്ക്കാൻ അൽപസമയം കൂടിയേ ഉള്ളൂ. ‘പെട്ടെന്ന് ഒരു പാട്ട് എങ്ങനെ ഉണ്ടാക്കാനാണ്.’ പാട്ടുകാരനും സംഗീതസംവിധായകനുമായ പീർ മുഹമ്മദ് ചോദിച്ചു. ‘നമുക്കു നോക്കാം. ഞാനൊന്നു ശ്രമിക്കട്ടെ’ ഗാനരചയിതാവ് പി.ടി.അബ്ദുറഹ്മാൻ ആത്മവിശ്വാസം കൈവിട്ടില്ല. വെറും അഞ്ചുമിനിറ്റിനു ശേഷം ‘ഇതൊന്ന് ഈണമിട്ടു നോക്കൂ...’ എന്നു പറഞ്ഞു പീർ മുഹമ്മദിന്റെ കയ്യിലേക്ക് അബ്ദുറഹ്മാൻ കൊടുത്ത കടലാസിൽ 

‘ഒട്ടകങ്ങൾ വരിവരി വരിയാൽ

കാരയ്ക്കമരങ്ങൾ നിരനിര നിരയായ്...’

എന്നു തുടങ്ങുന്ന 20 വരികളായിരുന്നു. പീർ മുഹമ്മദ് അപ്പോൾത്തന്നെ ഈണം നൽകി. അദ്ദേഹവും ശൈലജയും ചേർന്നു പാടി. റിക്കോർഡ് പുറത്തിറങ്ങിയപ്പോൾ ഏറ്റവും ഹിറ്റ് ഈ ഗാനം. ഇന്നും ഏറ്റവും ജനപ്രീതിയുള്ള മാപ്പിളഗാനങ്ങളുടെ ആദ്യ പട്ടികയിൽ തന്നെ ‘ഒട്ടകങ്ങൾ...’ക്കു സ്ഥാനമുണ്ട്.

വെറും അഞ്ചു മിനിറ്റുകൊണ്ട് ഒരു ഫില്ലർ സോങ് ആയി എഴുതിയതാണെന്ന് ആരും വിശ്വസിക്കില്ല. അത്ര കുറ്റമറ്റതാണ് ഇതിന്റെ രചന.

‘ഒരുവാക്യം ശഹാദത്ത് തളിരിട്ടതിവിടം

ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം

കറുത്തവൻ വെളുത്തവൻ വിഭിന്നമല്ലിവിടം

കലയുടെ സിത്താറുകൾ മുഴങ്ങിയതിവിടം’

രൂപവും ഭാവവും ഒരുപോലെ മനോഹരമായ വരികൾ. അതാണു പി.ടി.അബ്ദുറഹ്മാൻ എന്ന മാപ്പിളഗാന പ്രതിഭ. അബ്ദുറഹ്മാന്റെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച പീർ മുഹമ്മദ് പറയുന്നു. ‘തമിഴിലെ കണ്ണദാസനോടാണ് അബ്ദുറഹ്മാനെ ഉപമിക്കേണ്ടത്. അത്രമാത്രം തത്വചിന്താപ്രധാനമാണ് ആ വരികൾ. നിമിഷകവി കൂടിയാണ്. പാട്ടുകളല്ല, ശരിക്കും കവിതകളാണ് അബ്ദുറഹ്മാൻ എഴുതിയത്.’

ലക്ഷക്കണക്കായ മാപ്പിളഗാനങ്ങളിൽ കവിതാംശം ഏറ്റവും കൂടുതലുള്ള വരികളാണു പി.ടി.അബ്ദുറഹ്മാന്റേത്. എല്ലാം തന്നെ സൂപ്പർ ഹിറ്റ്. മിഹ്റാജ് രാവിലെ..., നിസ്കാരപ്പായ പൊതിർന്നു പൊടിഞ്ഞല്ലോ...., കാഫ് മല കണ്ട പൂങ്കാറ്റേ..., അറഫാ മലയ്ക്കു സലാം ചൊല്ലി, പെറ്റെടുത്ത പൊന്നുമോനേ... അങ്ങനെ നൂറുകണക്കിനു ഹിറ്റുകൾ.

മാപ്പിളഗാനങ്ങളിലും ആ മേഖലയിലും ശ്രദ്ധയൂന്നി പ്രവ‍ർത്തിച്ചതുകൊണ്ട് സംസ്ഥാനമൊട്ടാകെ പി.ടിയുടെ പ്രതിഭയെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഒരു പാട്ട് എല്ലാ മലയാളികളും ആസ്വദിക്കുന്നുണ്ട്, ‘തേൻതുള്ളി’ എന്ന സിനിമയിലെ ‘ഓത്തുപള്ളീലന്നു നമ്മൾ പോയിരുന്ന കാലം...’ എന്ന ഗാനം (സംഗീതം: കെ.രാഘവൻ. ആലാപനം: വി.ടി.മുരളി). നമ്മുടെ ഗൃഹാതുരതയുടെ നെല്ലിക്കാ മധുരമാർന്ന വരികൾ. ‘ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു?’എന്ന് ഓർമിപ്പിച്ച കവി. 

പതിനാലാം രാവ്, ഞാൻ കാതോർത്തിരിക്കും, ഉൽപ്പത്തി, കണ്ണാടിക്കൂട്, ബ്ലാങ്ക്പേജ്, മുഹമ്മദും മുസ്തഫയും തുടങ്ങി വളരെ കുറച്ചു സിനിമകളിലേ അദ്ദേഹത്തിന്റെ ഗാനങ്ങൾ നമുക്കു ലഭിച്ചുള്ളൂ.

ഗായകൻ എരഞ്ഞോളി മൂസ പി.ടി.അബ്ദുറഹ്മാനെ സ്മരിക്കുന്നത് ഇങ്ങനെ: ‘അഗാധമായ ചരിത്രബോധവും ലളിതമായ ഭാഷയുമാണ് പി.ടി.അബ്ദുറഹ്മാന്റെ സവിശേഷതകൾ. പാട്ടിന്റെ അളവും തൂക്കവും പ്രാസവുമൊക്കെ കൃത്യമായിരിക്കും. ഏതു സംഗീതസംവിധായകനും അനായാസമായി ഈണമിടാൻ പറ്റുന്ന വരികളായിരുന്നു അബ്ദുറഹ്മാന്റേത്. കാരണം, അതിനുള്ളിൽത്തന്നെ സംഗീതമുണ്ടായിരുന്നു. മാപ്പിളഗാനങ്ങളുടെ മഹാകവി.’

ഈ അനായാസത കൊണ്ടാണ് 1,500ൽ ഏറെ ഗാനങ്ങൾ മാപ്പിളഗാനശാഖയ്ക്കു സംഭാവന ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞത്. കിസ്സ, കെസ്സ്, കത്ത്, ബദർ, മാല തുടങ്ങി മാപ്പിളപ്പാട്ടിന്റെ എല്ലാ മേഖലയിലും ഗാനങ്ങൾ രചിക്കാനും അബ്ദുറഹ്മാനു കഴിഞ്ഞു.

എഴുത്തു തലയ്ക്കുപിടിച്ച ബാല്യമായിരുന്നു പി.ടിയുടേത്. കവിതയെഴുതുന്നു എന്നു വീട്ടിലറി‍ഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് ഉറപ്പില്ല. എഴുതുന്നതു കവിതയാണോ എന്നും ഉറപ്പില്ല. അങ്ങനെ സ്കൂൾകാലത്തെല്ലാം ‘കടത്തനാട്’ എന്നാണു കയ്യെഴുത്തുപ്രതികളിൽ പേരുവച്ചിരുന്നത്. നാടകക്കാരനായ വടകര അബൂബക്കർ നാട്ടുകാരനായ പയ്യന്റെ രചനാവൈഭവം അറി‍ഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നാടകത്തിലാണ് അബ്ദുറഹ്മാൻ ആദ്യമായി ഒരു പ്രഫഷനൽ ഗാനം എഴുതുന്നത്. 

ആ മാനത്തുള്ള മുറ്റത്ത്

ആ മേഘത്തിൻ തെറ്റത്ത്

ആരോ പൂണ്ടുവച്ചൊരു

തേങ്ങാപ്പൂള്...’ എന്നു തുടങ്ങുന്ന വരികൾ ജനങ്ങൾക്ക് ഇഷ്ടമായി. വടകര കൃഷ്ണദാസിന്റെ സംഗീതവും പി.ടിയുടെ വരികളും പിന്നീടങ്ങോട്ടു തേരോട്ടം തുടങ്ങി. അക്കാലത്താണ് വടകര ഭാവന തിയറ്റേഴ്സിന്റെ ഉദയം. ഭാവനയിൽ പി.ടിയുടെ വരികൾക്കു സംഗീതം നൽകിയതു ബാബുരാജ്. ഗായകർ മച്ചാട് വാസന്തിയടക്കമുള്ള പ്രമുഖർ. അങ്ങനെയാണ് മലബാറിന്റെ സാംസ്കാരിക ലോകത്ത് അംഗീകരിക്കപ്പെടുന്നതും അനുപേക്ഷണീയനാകുന്നതും. 

ചങ്ങമ്പുഴ പുരസ്കാരം, കക്കാട് അവാർഡ്, സി.എച്ച്.മുഹമ്മദ് കോയ അവാർഡ്, ഷാർജയിലെ മലയാണ്മ സാംസ്കാരിക സംഘടനയുടെ അവാർഡ്, മാല അവാർഡ്, വാമദേവൻ ഏഴുമംഗലം അവാർഡ്, അബുദാബി മുസ്‍ലിം റൈറ്റേഴ്സ് ഫോറം അവാർഡ് എന്നിവ നൽകി പി.ടിയെ സമൂഹം ആദരിച്ചു.

രാഗമാലിക, നീലദർപ്പണം, യാത്രികർക്ക് ഒരു വെളിച്ചം, ഒരിന്ത്യൻ കവിയുടെ മനസ്സിൽ‍, യോദ്ധാക്കളുടെ വരവ് (കവിതകൾ), പ്രേമഗാഥകൾ, കറുത്ത മുത്ത് (കഥാഗാനങ്ങൾ), കാവ്യസ്വപ്നങ്ങളുമായി കവരത്തിയിൽ (യാത്രാവിവരണം), വ്രതഗീതങ്ങൾ, പച്ചക്കിളി (ഗാനങ്ങൾ), അരിപ്പക്കുട (ബാലകവിതകൾ) എന്നിവയാണ് പ്രധാന കൃതികൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി ഗാനരൂപത്തിലാക്കിയിട്ടുമുണ്ട്.