Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ പെയ്തു പെയ്ത്...

k-j-joy-yesudas

ഒരു കലാകാരന്റെ അസംഖ്യം സൃഷ്ടികളിൽ നമുക്കോരോരുത്തർക്കും ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോന്നായിരിക്കും. മിക്കപ്പോഴും അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതു മറ്റൊന്നായിരിക്കുകയും ചെയ്യും. ആ കലാകാരന്റെ ജീവിതപങ്കാളിക്ക് പ്രിയങ്കരമായ സൃഷ്ടി ഏതെന്ന അന്വേഷണത്തിന്റെ ഉത്തരം പലപ്പോഴും വളരെ വ്യത്യസ്തമായ മറ്റൊന്നാവും. 

മലയാള സിനിമാ സംഗീതത്തിലെ ഊർജപ്രവാഹമായിരുന്ന കെ.ജെ. ജോയിയുടെ അസംഖ്യം പാട്ടുകൾ നമുക്കു പ്രിയപ്പെട്ടതാണ്. എൻ സ്വരം പൂവിടും ഗാനമേ..(അനുപല്ലവി), കസ്തൂരി മാൻ മിഴി...(മനുഷ്യമൃഗം), സ്വർണമീനിന്റെ ചേലൊത്ത... , കുങ്കുമസന്ധ്യകളോ ...(സർപ്പം), ഹൃദയം മറന്നു..., മണിയൻ ചെട്ടിക്ക്...(ചന്ദനച്ചോല), മറഞ്ഞിരുന്നാലും..., കാലിത്തൊഴുത്തിൽ പിറന്നവനേ... (സായൂജ്യം), , ആഴിത്തിരമാലകൾ..., അറബിക്കടലും അഷ്ടമുടിക്കായലും...(മുക്കുവനെ സ്നേഹിച്ച ഭൂതം), അക്കരെയിക്കരെ നിന്നാലെങ്ങനെ...(ഇതാ ഒരു തീരം) അങ്ങനെ ഹിറ്റുകൾക്കു പിന്നാലെ ഹിറ്റുകൾ. ജോയിയുടെ ഭാര്യ രഞ്ജിനിയോട് ചോദിച്ചാൽ പക്ഷേ, പറയുക ഈ പാട്ടുകളൊന്നുമല്ല. ‘ലജ്ജാവതി’(1979) എന്ന സിനിമയിൽ അദ്ദേഹം ഈണം നൽകിയ 

‘മഴ പെയ്തു പെയ്തു മണ്ണു കുളിർത്തു

മല്ലീശരനെയ്തെയ്തെൻ മനംകുളിർത്തു’ എന്ന ഗാനമാണ്. 

അൻവർ സുബൈറിന്റെ രചന. ആലാപനം ജയചന്ദ്രനും പി.സുശീലയും. കൃഷ്ണചന്ദ്രനും ബേബി സുമതിയും മഴയിൽ കുതിർന്നു ചുവടുവച്ച, സിരകളെ ചൂടുപിടിപ്പിക്കുന്ന ഗാനം. മനോഹരമായ ഓർക്കസ്ട്രേഷനിലൂടെയാണു പാട്ടു മനസ്സിലുടക്കുന്നത്. ജോയിയുടെ എക്കാലത്തെയും ശക്തിയും ഈ ഓർക്കസ്ട്രേഷനായിരുന്നു.

ശയ്യാവലംബിയായ അദ്ദേഹത്തെ ഫോൺ ചെയ്യുമ്പോഴൊക്കെ പാട്ടുകളും മൂളിപ്പോകും. ‘മഴ പെയ്തു പെയ്തു....’ ഭാര്യക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടാണെന്നു വെളിപ്പെടുത്തിയത് അദ്ദേഹം തന്നെയാണ്.

‘ആ പാട്ടൊക്കെ ഓർക്കുന്നവർ ഇന്നു കേരളത്തിലുണ്ടോ...’ എന്ന് ജോയി ചോദിക്കും. ഉണ്ടെന്നു മാത്രമല്ല, പുതിയ തലമുറ അങ്ങയുടെ ഒരുപാടു പാട്ടുകൾ ആവേശത്തോടെ ആസ്വദിക്കുന്നു എന്നു പറയുമ്പോൾ മറുവശത്തുനിന്നു കരച്ചിലുയരും. ‘അറിയാമോ? എനിക്ക് ഒരു കാലില്ല, ഞാൻ കിടപ്പിലാണ്. സംസാരിക്കാനും ബുദ്ധിമുട്ടാണ്.’

ഈ മനുഷ്യനെ ഇത്ര ദുർബലനായി കാണാൻ ആരും ഇഷ്ടപ്പെടില്ല. കാരണം, അത്ര പ്രതാപശാലിയായിരുന്നു ജോയി.

ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി.ഉമ്മർ, സലിൽ ചൗധരി, എം.കെ.അർജുനൻ എന്നീ മഹാരഥന്മാർ നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ തേരോട്ടം. 

മലയാള സിനിമയിലെ വഴിത്തിരിവായിരുന്നു ജോയിയുടെ ഗാനങ്ങളെന്ന് ആരും സമ്മതിക്കും. ഇനിയും റീമെയ്ക്ക് ചെയ്യാൻ ധൈര്യപ്പെടാത്ത പുതുമ. ജോയി എന്ന പേരിന്റെ അർഥം പോലെ സന്തോഷത്തിന്റെയും പ്രസരിപ്പിന്റെയും ഈണങ്ങൾ. (‘മറഞ്ഞിരുന്നാലും...’ പോലെ ശോകഗാനങ്ങൾ ചുരുക്കം). യേശുദാസിന്റെ ശബ്ദത്തിൽ അന്നുവരെ ആരും കേൾ‌ക്കാത്ത ‘പൊടിപ്പും തൊങ്ങലും’ ജോയി പുറത്തെടുത്തു. യേശുദാസിന്റെ ജനകീയത പൂർണമായതു ജോയിയുടെ ഈണങ്ങളിലൂടെയാണെന്നു വിലയിരുത്താം. മഴപെയ്തു പെയ്ത്.., അറബിക്കടലും അഷ്ടമുടിക്കായലും.... തുടങ്ങിയ ഈണങ്ങളിലൂടെ ഗായകൻ ജയചന്ദ്രനും പുതിയ ഇമേജ് നൽകാൻ ജോയിക്കു കഴിഞ്ഞു.

ഒന്നും ഒരിക്കലും കുറച്ചു ചെയ്യാൻ ജോയിക്ക് അറിയില്ലായിരുന്നു. ഒന്നാംകിട പാട്ടുകാരും ഫ്ലോർ നിറയെ ആധുനിക സംഗീതോപകരണങ്ങളും കോറസുമൊക്കെയായി ആഘോഷമായിരുന്നു ആ സംഗീതം. ഏറ്റവും മുന്തിയ സ്റ്റുഡിയോകളും മികച്ച ടെക്നീഷ്യന്മാരും നിർബന്ധം. നാല് പതിറ്റാണ്ട് പഴക്കമുള്ള പാട്ടുകൾ‌പോലും ഏറ്റവും പുതിയതായി നമുക്കു തോന്നും. അത്ര ആധുനികമാണ് അവയുടെ സംഗീത സംവിധാനം.

മലയാളം കണ്ട ഏറ്റവും മികച്ച ഓർക്കസ്ട്രേഷനുകളാണ് ജോയിയുടെ ഗാനങ്ങൾ. താൻ ചെയ്ത മുന്നൂറോളം ഗാനങ്ങളിലും ഓർക്കസ്ട്ര ചെയ്യാൻ ജോയിക്ക് ഒരു സഹായിയും ഇല്ലായിരുന്നു. സർപ്പത്തിലെ ‘സ്വർണമീനിന്റെ ചേലൊത്ത...’ എന്ന ഗാനമൊക്കെ ഇന്നും മലയാള സിനിമയിലെ  വിസ്മയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത കവ്വാലി. സായൂജ്യ (1979)ത്തിലെ  ‘കാലിത്തൊഴുത്തിൽ പിറന്നവനേ...’ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമാണ്. 

എം.എസ്.വിശ്വനാഥന്റെ ഏറ്റവും പ്രിയപ്പെട്ട അസിസ്റ്റന്റ്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച കീബോർഡ്, അക്കോർഡിയൻ വാദകരിൽ ഒരാൾ. സ്വതന്ത്ര സംഗീത സംവിധായകൻ ആയിക്കഴിഞ്ഞും ജോയി മറ്റുള്ളവർക്കു കീബോർഡും അക്കോർഡിയനും വായിച്ചുകൊടുത്തു. അക്കോർഡിയൻ ഇത്ര നന്നായി വായിക്കുന്ന മറ്റൊരാളെ ദക്ഷിണേന്ത്യ കണ്ടിട്ടില്ല.

തൃശൂർ നെല്ലിക്കുന്നിൽ ജോസഫിന്റെ മകനായി 1946ൽ ജനിച്ച ജോയിക്കു സംഗീതം കിട്ടിയതു പള്ളിപ്പാട്ടുകാരിയായ അമ്മ മേരിയിൽ നിന്നാണ്. വയലിനിലൂടെയാണ് സംഗീതപഠനം ആരംഭിച്ചതെങ്കിലും അക്കോർഡിയൻ എന്ന പാശ്ചാത്യ സംഗീതോപകരണത്തിൽ ആകൃഷ്ടനായി. അങ്ങനെ അക്കോർഡിയൻ വാദകനായി ചെന്നൈയിലെത്തി സംഗീത സംവിധായകനായി. ജോയിയുടെ പ്രസരിപ്പാർന്ന ഈണം യുവാക്കളുടെ ഹരമായിരുന്നു. പ്രത്യേകിച്ച് ‘എൻ സ്വരം പൂവിടും...’ എന്ന ഗാനം കേരളം മുഴുവൻ തരംഗമായി പടർന്നു. ഇന്നും യുട്യൂബിൽ ഹിറ്റ്.

ലോകമാകെ സംഗീതപരിപാടികളുമായി പറന്നു നടക്കുന്നതിനിടെ മലേഷ്യയിൽവച്ചു പക്ഷാഘാതത്തിന്റെ രൂപത്തിൽ വന്ന ദുർവിധി ഇടുതുകാൽ എടുത്തിട്ടു ജീവൻ തിരികെ നൽകി. ചെന്നൈയിലെ വീട്ടിൽ ഭാര്യയുടെ പരിചരണത്തിൽ കഴിയുമ്പോഴും മനസ്സിൽ മുഴുവൻ സംഗീതമാണ്. സംസാരിക്കാൻ ഏറെ ക്ലേശമുണ്ടെങ്കിലും പാട്ടിനെപ്പറ്റി പറഞ്ഞാൽ അവശതകൾക്ക് അവധി നൽകും. 

അദ്ദേഹം പറയുന്നു.

‘ഒരിക്കൽ റിക്കോർഡിങ് കഴിഞ്ഞു ഞാൻ എവിഎമ്മിൽ നിന്ന് ഇറങ്ങുമ്പോൾ തൊട്ടുമുന്നിൽ സാക്ഷാൽ ബാബുരാജ്! ചേർത്തണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ജോയി, മലയാളികൾക്കു മുഴുവൻ ഇപ്പോൾ നിന്റെ പാട്ടു മതി. എന്റെ മക്കൾ കൂടി നിന്റെ പാട്ടു പാടിയാണു നടക്കുന്നത്.’ ഞാൻ ചെന്നൈയിൽ സ്ഥിരതാമസം ആയിരുന്നതുകൊണ്ട് എന്റെ പാട്ടുകൾ കേരളത്തിൽ ആളുകൾ പാടിനടക്കുന്നതൊന്നും ആസ്വദിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ബാബുരാജിനെപ്പോലെ ഒരു മഹാന്റെ ആ വാക്കുകൾക്ക് ഒരു വലിയ അവാർഡിനെക്കാൾ വിലയുണ്ടായിരുന്നു.’ പക്ഷാഘാതം തളർത്തിയ പാതികുഴഞ്ഞ ശബ്ദത്തിൽ ജോയി പറഞ്ഞു.