പൂവിളി...പൂവിളി പൊന്നോണമായ്...

‘ശ്രീകുമാരൻ തമ്പിയോ, അതാരാ? നമുക്ക് ഒഎൻവി മതി.’ സംഗീത സംവിധായകൻ സലിൽ ‍ചൗധരി പറഞ്ഞു. ‘വിഷുക്കണി’(1977) യുടെ സംവിധായകൻ ശശികുമാറിന് ആകെ വിഷമമായി. മനസ്സിലുള്ളതു തമ്പിയാണ്. അദ്ദേഹത്തെ സലിൽ ചൗധരിക്കു പരിചയമില്ല. വയലാറിനും ഒഎൻവിക്കുമൊപ്പമേ മലയാളത്തിൽ സലിൽദാ പ്രവർത്തിച്ചിട്ടുള്ളൂ. സലിൽ ചൗധരി–ഒഎൻവി കൂട്ടുകെട്ടിൽ പിറക്കുന്ന ഗാനങ്ങളെല്ലാം ഒന്നിനൊന്നായി സൂപ്പർ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയവുമായിരുന്നു അത്. 

ശ്രീകുമാരൻ തമ്പി മലയാളത്തിലെ ഒന്നാംനിര ഗാനരചയിതാവാണെന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്കു മാറ്റാമെന്നും പറഞ്ഞു ശശികുമാർ സലിൽ ചൗധരിയെ ഒരുവിധം സമ്മതിപ്പിച്ചു. 

നീരസത്തോടെതന്നെയാണു സലിൽ ചൗധരി ഈണം ഉണ്ടാക്കാനിരുന്നതെന്നു ശ്രീകുമാരൻ തമ്പി അനുസ്മരിക്കുന്നു. ചെന്നൈയിലെ ഒരു ഹോട്ടലിലായിരുന്നു കംപോസിങ്. ജന്മിയുടെ മകളെ വിവാഹം കഴിച്ച കർഷകയുവാവിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്ന കഥാസന്ദർഭത്തിലെ ഈണമാണ് ആദ്യം ഒരുക്കിയത്. പ്രേംനസീറും വിധുബാലയും രംഗത്ത് അഭിനയിക്കും. സലിൽ ചൗധരി നല്ല ഉത്സവതാളത്തിൽ ഇമ്പമാർന്ന ഈണം ഉണ്ടാക്കി. ടെൻഷനിലായിരുന്ന ശശികുമാറിന്റെ നോട്ടം തമ്പിയുടെ മുഖത്തേക്കായി. 

തമ്പി അപ്പോൾത്തന്നെ എഴുതി... 

‘പൂവിളി പൂവിളി പൊന്നോണമായി 

നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ 

ഈ പൂവിളിയിൽ മോഹം പൊന്നിൻ 

മുത്തായ് മാറ്റും പൂവയലിൽ 

നീ വരൂ ഭാഗം വാങ്ങാൻ...’ 

സലിൽ ചൗധരിയുടെ മുഖം തെളിഞ്ഞു. ശശികുമാറിന് ആശ്വാസമായി. 

അടുത്തതായി ഒരു താരാട്ട് പാട്ടിന്റെ സന്ദർഭമാണ്. സലിൽദാ ഈണമിട്ടു. തമ്പി എഴുതി 

‘മലർക്കൊടി പോലെ 

വർണത്തുടിപോലെ 

മയങ്ങൂ...നീയെൻ മടിമേലേ...’ 

സലിൽ ചൗധരി എഴുന്നേറ്റുവന്നു തമ്പിയെ കെട്ടിപ്പിടിച്ചു എന്നിട്ടു പറ‍ഞ്ഞു. ‘You are the fastest writer I have ever met.’ (ഞാൻ കണ്ടിട്ടുള്ള എഴുത്തുകാരിൽ ഏറ്റവും വേഗത്തിൽ പാട്ടെഴുതുന്നയാൾ താങ്കളാണ്) 

ആദ്യസമാഗമത്തിലെ ഈ സന്തോഷത്തിൽ ഒരു ബോണസ്കൂടി ഉണ്ടായി. ആദ്യ രണ്ടു പാട്ട് വേഗം കംപോസ് ചെയ്തു കഴിഞ്ഞപ്പോൾ സലിൽ ചൗധരി പറഞ്ഞു. ‘‍‍ഞാനൊരു കൗശല ഈണം ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തു പലരോടും പറഞ്ഞിട്ടും ആർക്കും ഇതുവരെ വരികൾ എഴുതാൻ പറ്റിയിട്ടില്ല. രണ്ടക്ഷരം മാത്രമുള്ള വാക്കുകളേ ഇതിനു പറ്റൂ. താങ്കൾക്ക് സാധിക്കുമോ?’ ശ്രമിക്കാമെന്നു തമ്പി പറഞ്ഞു. സലിൽ ചൗധരി ഈണം കേൾപ്പിച്ചു. എഴുതാൻ വളരെ വിഷമമുള്ള ഈണം. കൊച്ചുവാക്കുകൾ അധികമില്ലാത്ത മലയാളഭാഷയ്ക്ക് ഒട്ടും വഴങ്ങാത്ത ഈണം. എങ്കിലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നു തമ്പി വിചാരിച്ചു. അദ്ദേഹം എഴുതി. 

കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന് 

കാറ്റിൽ തൂവും കസ്തൂരിനിൻ വാക്ക്’ ഹോട്ടൽ മുറിയിൽ കരഘോഷവും പൊട്ടിച്ചിരിയും ഉയർന്നു. 

വാണി ജയറാം പാടി ‘വിഷുക്കണി’യിൽത്തന്നെ ഉൾപ്പെടുത്തി. മറ്റു പാട്ടുകളെപ്പോലെ ഹിറ്റാവുകയും ചെയ്തു. ‘സത്യത്തിൽ എന്റെ രചനാവൈഭവത്തെ സലിൽ ചൗധരി പരീക്ഷിച്ചതാണെന്ന് ഞാൻ പിന്നീട് അറിഞ്ഞു’ തമ്പി പറയുന്നു. പിന്നീട് ഇരുവരും അടുത്ത കൂട്ടുകാരായി. തമ്പി നിർമിച്ചു സംവിധാനം ചെയ്ത ‘ഏതോ ഒരു സ്വപ്ന’ത്തിന്റെ കംപോസിങ് നടന്നതു സലിൽ ‍‍ചൗധരിയുടെ മുംബൈയിലെ ഫ്ലാറ്റിൽ വച്ചാണ്. 

‘ഒന്നാംതരം ആഘോഷഈണമാണ് സലിൽ ചൗധരി എനിക്കു മുന്നിലേക്ക് ആദ്യം വച്ചു നീട്ടിയത്. ഞാൻ ആലോചിച്ചപ്പോൾ മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ഓണമാണ്. ആ വിഷയംതന്നെ ഈ ഈണത്തിന് ഇരിക്കട്ടെ എന്നു വച്ചു. അങ്ങനെയാണ് ‘പൂവിളി പൂവിളി പൊന്നാണമായ്...’ എന്ന് എഴുതിയത്. അല്ലാതെ ‘വിഷുക്കണി’യിലെ കഥയ്ക്കും കഥാസന്ദർഭത്തിനും ഓണവുമായി ഒരു ബന്ധവുമില്ല.’ ശ്രീകുമാരൻ തമ്പി പറഞ്ഞു. 

നമുക്ക് ആഘോഷിക്കാനുള്ള വിഭവങ്ങൾ ഒരുക്കപ്പെടുന്നത് എത്രയോ നിനച്ചിരിക്കാതെയാണ്!