മധുരതരം ഈ സ്വരവും പാട്ടുകളും വ്യക്തിത്വവും!

ന്യൂഡൽഹിയിലെ മാവ്‌ലങ്കാർ ഹാൾ. 1997 ഫെബ്രുവരി 23. രാജ്യത്തെ പ്രശസ്തമായ സംഗം കലാഗ്രൂപ്പ് സംഗീത മത്സരം ഫൈനൽ. എല്ലാ സംസ്ഥാനത്തുനിന്നും ഒന്നാം സമ്മാനം നേടിയവർ മാറ്റുരയ്ക്കുന്നു. ചലച്ചിത്രഗാന വിഭാഗത്തിൽ ജൂനിയർ ഗ്രൂപ്പിന്റ മത്സരം. 12 മുതൽ 17 വരെ വയസ്സുള്ളവരാണ് ഈ വിഭാഗത്തിൽ. മത്സരം തീപാറി മുന്നേറവേ ഒരു 12 വയസ്സുകാരി സ്റ്റേജിലെത്തി. ഈ കൊച്ചുകുട്ടി എന്തുചെയ്യാനാണ് എന്നു കരുതി ആലസ്യത്തിലാണ്ട സദസ്സ് പാട്ടു കേട്ടതോടെ ഉണർന്നു. ലതാ മങ്കേഷ്കറിന്റെ ഏറ്റവും പാടാൻ വിഷമമുള്ള ഗാനങ്ങളിലൊന്നായ ‘സത്യം ശിവം സുന്ദരം...’ ആണ് ആ കുട്ടി തിരഞ്ഞെടുത്തത്. ഈ സാഹസം വേണ്ടിയിരുന്നോ എന്ന സദസ്സിന്റെ സന്ദേഹം കൗതുകമായും അദ്ഭുതമായും പിന്നെ ആരാധനയായും മാറാൻ ഏതാനും നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. നിറഞ്ഞു കവിഞ്ഞ കരഘോഷത്തോടെയാണ് മാവ്‌ലങ്കാർ ഹാൾ ആ പ്രകടനത്തോടു പ്രതികരിച്ചത്. പ്ലസ് ടു വരെ പഠിക്കുന്ന വിവിധ സംസ്ഥാനക്കാരായ 24 പേരെ പിന്തള്ളി എറണാകുളം സെന്റ് ആന്റണീസ് സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് രാജ്യത്ത് ഒന്നാം സ്ഥാനം. ‘ഒരു ദക്ഷിണേന്ത്യക്കാരിയാണ് ഇതു പാടിയതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു’ സമ്മാനദാനം നിർവഹിച്ചുകൊണ്ട് പ്രശസ്ത ഹിന്ദി ഗായകൻ മഹേന്ദ്ര കപൂർ പറഞ്ഞു. 

എലിസബത്ത് രാജുവിന്റെ ഈ നേട്ടം കേരള പത്രങ്ങൾ ആഘോഷിച്ചു. പിന്നീട് മൂന്നു വർഷം കഴിഞ്ഞ് പാലക്കാട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാം സമ്മാനം നേടി എലിസബത്ത് വീണ്ടും വാർത്തയായി. ആകാശവാണി 2001ൽ നടത്തിയ ദേശീയ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം കേരളത്തിലേക്കു കൊണ്ടുവന്നതിനു പുറമെ പ്രഥമ സ്വരലയ–യേശുദാസ് പുരസ്കാരം നേടുകയും ചെയ്തു. 

സിദ്ദീഖ് സംവിധാനം ചെയ്ത് 2010ൽ ഇറങ്ങിയ ‘ബോഡിഗാർഡ്’ എന്ന ചിത്രത്തിലെ ‘അരികത്തായാരോ പാടുന്നുണ്ടോ...’, ‘പേരില്ലാ രാജ്യത്തെ രാജകുമാരി...’ എന്നീ ഗാനങ്ങളിലൂടെയാണു മലയാളികൾക്ക് എലിസബത്ത് പ്രിയങ്കരിയായത്. ആൽബങ്ങളിലൂടെയും രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റേജ് ഷോകളിലൂടെയും സംഗീതലോകത്തു ശ്രദ്ധാകേന്ദ്രമായിരുന്നു അപ്പോഴേക്കും. ഉയർന്ന സ്ഥായിയിൽ പാടാനുള്ള കഴിവും പൂർണതയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളും എലിസബത്തിനെ സംഗീത സംവിധായകർക്കു പ്രിയപ്പെട്ടതാക്കി. ബിഎ മ്യൂസിക്കിനും (മഹാരാജാസ്, എറണാകുളം) എംഎ മ്യൂസിക്കിനും (ആർഎൽവി തൃപ്പൂണിത്തുറ) എം.ജി സർവകലാശാലയിൽനിന്ന് ഒന്നാം റാങ്ക് നേടിയതിന്റെ അക്കാദമിക് മികവും ഒപ്പമുണ്ടായിരുന്നു. 

ദക്ഷിണേന്ത്യയിലെ പ്രമുഖ വയലിനിസ്റ്റ് റെക്സ് ഐസക്സാണ് ഈ യുവപ്രതീക്ഷയെപ്പറ്റി സംവിധായകൻ സിദ്ദീഖിനോട് പറയുന്നത്. തൊട്ടടുത്ത ചിത്രമായ ‘ബോഡി ഗാർഡി’ൽത്തന്നെ സിദ്ദീഖ് എലിസബത്തിനെ വിളിച്ചു. പാട്ടുകൾ കേട്ട് സംഗീതസംവിധായകൻ ഔസേപ്പച്ചനും ഒകെ പറഞ്ഞതോടെ പിന്നണി പാടാനുള്ള നിയോഗമായി. 

എലിസബത്ത് അനുഭവം പങ്കുവയ്ക്കുന്നു. ‘‘അരികത്തായാരോ പാടുന്നുണ്ടോ...’ (രചന: അനിൽ പനച്ചൂരാൻ) എന്ന പാട്ടാണ് എനിക്കു പഠിക്കാൻ നൽകിയത്. കൊച്ചിയിലെ വിസ്മയ സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. ഹസ്കിയായി പാടിയാൽ മതിയെന്ന് ഔസേപ്പച്ചൻ സാർ പറഞ്ഞു. അദ്ദേഹം തന്നെ പാടിയ ട്രാക്കും തന്നു. ഒരു പകലും രാത്രിയുമെടുത്തു പാട്ടു പഠിച്ചു. പല്ലവി പാടിയതു സാറിന് ഇഷ്ടമായി. പിന്നെ പലതരം ഇംപ്രൂവ്മെന്റുകൾ അദ്ദേഹം നിർദേശിച്ചു. റിക്കോർഡിങ് പൂർത്തിയാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടതുകൊണ്ട് ചിത്രത്തിലെ മറ്റൊരു ഗാനമായ ‘പേരില്ലാ രാജ്യത്തെ രാജകുമാരി...’യും (രചന– കൈതപ്രം) എന്നോടു പാടാൻ നിർദേശിച്ചു.’’ 

അങ്ങനെ, സിനിമയിലെ ആദ്യാനുഭവംതന്നെ ഇരട്ടിമധുരമായി എലിസബത്തിന്. പാട്ടുകൾ രണ്ടും സൂപ്പർ ഹിറ്റ്. ആ സമയത്തുതന്നെയായിരുന്നു വിവാഹവും. എറണാകുളം തേവര എസ്.എച്ച് സ്കൂളിലെ സംഗീതാധ്യാപിക, ഭാര്യ, അമ്മ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കിടയിലും പ്രഥമാനുരാഗം പാട്ടിനോടുതന്നെ. 

എട്ടാം ക്ലാസിൽ സിഎസിയിൽ തുടങ്ങിയ ഗാനമേളകൾ ഇപ്പോൾ രാജ്യത്തും വിദേശത്തുമായി ആയിരത്തിലധികം വേദികൾ പിന്നിട്ടു. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ തുടങ്ങി ഒപ്പം പാടാത്ത ഗായകർ കുറവ്. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളുമായി റിക്കോർഡിങ്ങിലും സജീവം. ഇതിനൊപ്പം വയലിൻ, ഉപ്പുകണ്ടം ബ്രദേഴ്സ്–ടു, ക്ലൈമാക്സ്, പള്ളിക്കൂടം പോകാമലെ (തമിഴ്)... തുടങ്ങി കിട്ടിയ അവസരങ്ങളിൽ സിനിമയിലും പാടുന്നു. 

‘എവിടെ പാടുന്നു എന്നതല്ല, പാടാൻ കഴിയുന്നു എന്നതാണു പ്രധാനം. സിനിമയിൽ പാടുമ്പോൾ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നു എന്നേയുള്ളൂ. ഇതിനിടെ രണ്ടാഴ്ച ജലദോഷം വന്നു പാടാൻ കഴിഞ്ഞില്ല. അന്നനുഭവിച്ച വിഷാദം പറഞ്ഞറിയിക്കാൻ കഴിയില്ല. ആ അനുഭവം എന്നെ പഠിപ്പിച്ചു, പാട്ടാണ് എന്റെ ജീവിതമെന്ന്. ഒരു അവസരവും കിട്ടാത്ത എത്രയോ മികച്ച ഗായകരെ ഞാൻ കാണുന്നുണ്ട്. അപ്പോൾ ഞാൻ എത്രയോ ഭാഗ്യവതി.’ എലിസബത്ത് വിനീതയാവുന്നു. 

Read More: Gramaphone, Music News and Features