കഥയും നോവലും തിരക്കഥയുമെഴുതുന്ന എം.ടി.വാസുദേവൻ നായർ സിനിമാപ്പാട്ട് എഴുതുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ചിരിച്ചുതള്ളാൻ വരട്ടെ. അങ്ങനെയും സംഭവിച്ചിട്ടുണ്ട്. ഹരിഹരന്റെ സംവിധാനത്തിൽ എംടി തന്നെ തിരക്കഥയെഴുതിയ ‘വളർത്തുമൃഗങ്ങൾ’ (1981) എന്ന സിനിമയിലാണ് ആ കൗതുകം സംഭവിച്ചത്. സംഗീതസംവിധാനം സാക്ഷാൽ എം.ബി.ശ്രീനിവാസനും!
പ്രിയദർശിനി മൂവീസ് ആണ് ചിത്രം നിർമിച്ചത്. സർക്കസ് കൂടാരങ്ങളിലെ മനുഷ്യജീവിതങ്ങളുടെ കഥയാണ് എംടിയും ഹരിഹരനും പറഞ്ഞത്. സുകുമാരൻ, രതീഷ്, മാധവി, ബാലൻ കെ. നായർ, നന്ദിതാ ദാസ് തുടങ്ങിയവർ അഭിനയിച്ച സിനിമ സൽപേര് നേടി. തിരക്കഥാകൃത്തും സംവിധായകനുമായി അൻപതോളം സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒരേയൊരു ചിത്രത്തിൽ മാത്രമേ എംടി പാട്ടെഴുതിയിട്ടുള്ളൂ എന്നതു ശ്രദ്ധേയം. ചിത്രത്തിലെ എല്ലാ പാട്ടും എംടിയാണ് എഴുതിയത്. പതിവു ചലച്ചിത്രഗാനരീതിയിൽ നിന്നു വളരെയേറെ വേറിട്ടു നിൽക്കുന്ന രചനാരീതിയാണ് അദ്ദേഹത്തിന്റേതെന്ന് ആ വരികൾ സാക്ഷ്യപ്പെടുത്തുന്നു.
സർക്കസ് സംഘം ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സഞ്ചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വരുന്ന പാട്ട് ഇങ്ങനെ:
കർമത്തിൻ പാതകൾ വീഥികൾ
ദുർഗമ വിജനപഥങ്ങൾ
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകൾ പേറിവരുന്നവർ
ലക്ഷ്യത്തിൽ എത്തിയശേഷം സർക്കസ് സംഘം കൂടാരം ഉയർത്തുന്ന രംഗത്ത് അതിലെ അധ്വാനത്തിലേക്കാണ് എംടിയുടെ മനസ്സ് ഉടക്കിയത്.
‘ അസ്തപർവത ചെരുവിൽനിന്നും
കതിരൊളി കയർ വലിച്ചു
അടിയാളർ കരിമുകിലുകൾ
തൊഴിലാളർ തൂണുകളുയർത്തി
നീലമേലാപ്പുകൾ കെട്ടും
ആകാശക്കൂടാരം
വിശ്വകർമാവിൻ വർണക്കൂടാരം.’
മലയാളത്തിലെ ആദ്യ ഗുഡ്നൈറ്റ് സോങ് എന്നു വിശേഷിപ്പിക്കാവുന്ന ‘ശുഭരാത്രി ശുഭരാത്രി...’ ഈ സിനിമയ്ക്കുവേണ്ടി എംടിയുടെ തൂലികയിൽ വിരിയുകയായിരുന്നു. ‘ശുഭരാത്രി’ എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത്ര ശുഭമല്ല ജീവിതമെന്നാണ് ആ പാട്ടിൽ എംടി എഴുതുന്നത്.
‘ ശുഭരാത്രി ശുഭരാത്രി
നിങ്ങൾക്കു നേരുന്ന ശുഭരാത്രി
ഊരുതെണ്ടുമൊരേകാന്ത പഥികന്
കാവൽനിൽക്കും താരസഖികളേ
നിങ്ങൾക്കു നന്ദി ശുഭരാത്രി ശുഭരാത്രി.’ എന്നു തുടങ്ങുന്ന പാട്ടിന്റെ ചരണങ്ങൾ സഞ്ചരിക്കുന്നതു ജീവിതവ്യഥകളിലൂടെയാണ്.
എസ്.ജാനകിയുടെ ഏറ്റവും നല്ല മലയാളം സോളോകളിലൊന്ന് ഈ സിനിമയിലാണ്. നായികയുടെ മനസ്സിൽ പ്രണയസുഗന്ധം വിടരുന്നതിനു പശ്ചാത്തലമായി വരുന്ന ഗാനം. എം.ബി.ശ്രീനിവാസൻ ഒരുക്കിയ വെല്ലുവിളി നിറഞ്ഞ ഈണത്തിന് എസ്.ജാനകി അതേ നാണയത്തിൽ മറുപടി നൽകുന്നത് സംഗീതപ്രേമികൾക്കു വിരുന്നാവുന്നു.
‘ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി
എന്നെ ഒന്നു നോക്കി
അറിഞ്ഞില്ല ഞാനിന്നെന്നെ
അറിഞ്ഞില്ല അറിഞ്ഞില്ല
കണ്ണാടി പൊടിമറഞ്ഞു രാവിൻ
കിനാവിലേതോ ഇന്ദ്രജാലം നടന്നോ’
എന്തുകൊണ്ടാണ് മുൻപൊരു സിനിമയിലും എംടി പാട്ടെഴുതാതിരുന്നത്, പിന്നീടും എഴുതാതിരുന്നത്?... ഈ ചോദ്യങ്ങൾക്കെല്ലാം ഈ സിനിമയിൽ അദ്ദേഹം എഴുതിയ വരികൾ ഉത്തരം നൽകുന്നുണ്ട്. സിനിമാഗാനരചനയിൽ ആത്മാംശം കലരാൻ പാടില്ല. കടന്നുവന്നാൽ പോലും മറച്ചുപിടിക്കാൻ പ്രത്യേകം ശ്രദ്ധവയ്ക്കണം. പക്ഷേ, അങ്ങനൊരു പകർന്നാട്ടത്തിന് എംടി തയാറാവുന്നില്ല. എല്ലാ പാട്ടുകളിലും അദ്ദേഹത്തിന്റെ സ്ഥായിയായ ശോകം, ആത്മാന്വേഷണം തുടങ്ങിയവ കടന്നുവരുന്നുണ്ട്.
കിഷോർ കുമാറൊക്കെ ചെയ്തു ഹിറ്റാക്കിയ യോഡ്‌ലിങ് (കള്ളത്തൊണ്ട ഉപയോഗിച്ചുള്ള ശബ്ദങ്ങൾ) യേശുദാസിൽ നിന്നു നാം പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നാൽ, അദ്ദേഹം അതിനു തയാറായ ഗാനമാണ് ഈ സിനിമയിലെ
‘കാക്കാലൻ കളിയച്ഛൻ
കണ്ണു തുറന്നുറങ്ങുന്നു’
ഈ പാട്ടിൽ പോലും സംഗീതസംവിധായകനും ഗായകനും എത്തിച്ചേരുന്ന അനായാസതയിൽ എംടിയുടെ വരികൾ സഞ്ചരിക്കുന്നില്ല. അതേ, വെറുമൊരു ചലച്ചിത്രഗാനരചയിതാവാകാൻ എം.ടി.വാസുദേവൻ നായർക്കു കഴിയുന്നില്ല.
അതുകൊണ്ടായിരിക്കണം സിനിമയുടെ ടൈറ്റിൽ കാർഡിൽ ‘കവിതകൾ– എം.ടി. വാസുദേവൻ നായർ’ എന്ന് എഴുതിയത്.