ഭാരത ശിൽപികൾ നമ്മൾ

‘ബംഗാളുൾക്കടൽ പാടും ഗാഥകൾ

അറബിക്കടലേറ്റു പാടുന്നു

കശ്മീരിൽ വിടരും പൂവിൻ ഗന്ധം

കന്യാകുമാരി നുണയുന്നു...’

കവികൾ എന്നും സ്വപ്നജീവികളാണ്. സാധാരണക്കാർക്കു വിശ്വാസമില്ലാത്ത, ശേഷിയില്ലാത്ത സ്വപ്നം കാണാൻ ധൈര്യമുള്ളവർ... ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നൊക്കെ നാം പരിതപിക്കുമ്പോഴും അവർ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും. ശ്രീകുമാരൻ തമ്പി നമ്മുടെ രാജ്യത്തെപ്പറ്റി കാണുന്ന സുന്ദരമായ സ്വപ്നമാണ് മുകളിൽ കൊടുത്തിരിക്കുന്ന വരികൾ. കശ്മീരിൽ വിരിയുന്ന പൂവിന്റെ ഗന്ധം അനേകായിരം കിലോമീറ്റർ കാറ്റിലൂടെ സഞ്ചരിച്ചു കന്യാകുമാരി വരെ എത്തുകമാത്രമല്ല, അത് അവിടെ എത്രയോ സ്നേഹപൂർവം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതേ, ആ പ്രതിജ്ഞ തന്നെ. ‘എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻമാരാണ്...’

ശശികുമാർ സംവിധാനം ചെയ്ത് 1975ൽ ഇറങ്ങിയ ‘പിക്നിക്ക് എന്ന സിനിമയ്ക്കു വേണ്ടിയാണ് സമഗ്രമായ ഭാരതദർശനമുള്ള ഈ സിനിമാഗാനം പിറന്നത്.

‘ശിൽപികൾ നമ്മൾ

ഭാരത ശിൽപികൾ നമ്മൾ‌

വിടരും നവയുഗ വസന്ത വാടിയിൽ

വിടർന്ന പുഷ്പങ്ങൾ...’

ഒരു തോണിയാത്രാസംഘത്തിന്റെ ഗാനം. നമ്മുടെ പ്രിയപ്പെട്ട പ്രേംനസീറും ബഹദൂറുമൊക്കെ അഭിനയിക്കുന്ന ഗാനരംഗം. 

ശ്രീകുമാൻ തമ്പി വിദ്യാർഥിയായിരിക്കുമ്പോൾ ആകാശവാണി ദേശീയ അടിസ്ഥാനത്തിൽ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

‘ജയ് ഹിന്ദ് വിളിക്കുവിൻ

ജയ് ഹിന്ദ് വിളിക്കുവിൻ

ജയാരവം മുഴക്കി രാഷ്ട്രഗാഥ പാടുവിൻ

ഹിന്ദുവില്ല മുസ്‌ലിമില്ല ക്രിസ്ത്യനില്ല ഇന്ത്യയിൽ

അന്തരങ്ങളില്ല നമ്മളൊക്കെയും സഹോദരർ...’

എന്നു തുടങ്ങിയ ആ ഗാനം അന്ന് കമുകറ പുരുഷോത്തമനാണ് ആകാശവാണിയിൽ ആലപിച്ചത്. 

‘പിക്നിക്കിനു വേണ്ടി ഒരു ഉല്ലാസയാത്രാഗാനം വേണം എന്ന് സംവിധായകൻ ശശികുമാർ പറഞ്ഞപ്പോൾ, കുഞ്ഞുന്നാളിൽ എഴുതിയ ഈ പാട്ടാണ് ഓർമ വന്നത്. ആ മട്ടിൽ, എക്കാലവും പാടാൻ പറ്റുന്ന ഒരു ദേശഭക്തിഗാനം ഉൾ‌പ്പെടുത്താമെന്ന എന്റെ നിർദേശം ശശികുമാർ അംഗീകരിച്ചു. അന്ന് ദേശഭക്തി സന്ദേശമുള്ള ഗാനങ്ങളേ ദേശീയ അവാർഡിനു പരിഗണിച്ചിരുന്നുള്ളൂ. (പിന്നീട് ഈ നിബന്ധന മാറ്റി) അങ്ങനെയൊരു ആഗ്രഹവും ഈ രചനയ്ക്കു പിന്നിൽ എനിക്ക് ഉണ്ടായിരുന്നു. പടവും പാട്ടുകളും സൂപ്പർ ഹിറ്റായെങ്കിലും സിനിമ ദേശീയ പുരസ്കാരത്തിന് അയയ്ക്കാനുള്ള ചെലവ് ഏറ്റെടുക്കാൻ നിർമാതാവ് താൽപര്യം കാണിച്ചില്ല. അതുകൊണ്ട് അവാർഡ് പരിഗണനയ്ക്കു പോയില്ല.’ ശ്രീകുമാരൻ തമ്പി ഈ ഗാനം പിറന്ന കഥ പറയുന്നു.

സിനിമാഗാനങ്ങൾ കഥാസന്ദർഭത്തിനുവേണ്ടി എഴുതുന്നതാണെങ്കിൽക്കൂടി എഴുത്തുകാരന്റെ ആത്‌മഭാവം ചിലപ്പോൾ പുറത്തുവരും. പ്രത്യേകിച്ച്, പിക്നിക്കിലെ ഈ ഗാനത്തിന്റേതുപോലെ എഴുത്തുകാരനു സ്വാതന്ത്ര്യം കിട്ടുന്ന സാഹചര്യങ്ങളിൽ. 

സിവിൽ എൻജിനീയറായ ശ്രീകുമാൻ തമ്പിയിലെ ‘പ്രഫഷനലി’നെ നമുക്ക് ഈ പാട്ടിൽ കാണാൻ കഴിയും. രാജ്യം പണിയുന്ന ശിൽപികൾ എന്നാണ് അദ്ദേഹം യുവാക്കൾക്കു കൊടുത്തിരിക്കുന്ന വിശേഷണം. അവിടെത്തന്നെ അദ്ദേഹത്തിലെ എൻജിനീയർ പുറത്തുവരുന്നു. ഇടുക്കി, ഭംക്രാനംഗൽ തുടങ്ങിയ അണക്കെട്ടുകൾ പേരുകൾ പാട്ടിൽ വരുന്നതും ശ്രദ്ധിക്കുക. ബങ്കിം ചന്ദ്ര ചാറ്റർജിയുടേയും രവീന്ദ്ര നാഥ ടഗോറിന്റേയും കാവ്യഭൂമികയായ ഇന്ത്യയിൽ അണക്കെട്ടുകൾ ഉയരട്ടെ എന്നാണ് അദ്ദേഹം എഴുതിയത്. രാഷ്ട്ര ശിൽപികൾ എന്നാൽ ജനോപകാരപ്രധാനമായ പദ്ധതികൾ സാക്ഷാത്ക്കരിക്കുന്നവരാകണം എന്ന ദർശനം തമ്പിയിലെ എൻജിനീയർ പങ്കുവയ്ക്കുന്നു. ഇവിടെ അണക്കെട്ട് എന്നത് രാഷ്ട്രനിർമിതിയുടെ, വികസനത്തിന്റെ ബിംബമായാണു കവി ഉപയോഗിക്കുന്നത്.

എം.കെ.അർജുനന്റെ സംഗീതാവബോധത്തിന്റെ റേഞ്ച് വ്യക്തമാവുന്ന സിനിമ കൂടിയാണ് പിക്നിക്. ‘കസ്തൂരി മണക്കുന്നല്ലോ...’ എന്ന സുന്ദരമായ മെലഡി സൃഷ്ടിച്ച അദ്ദേഹം ‘ശിൽപികൾ നമ്മൾ...’ എന്ന ചടുല ഈണം എത്രയോ ആസ്വാദ്യമാക്കിയിരിക്കുന്നു. ശരിക്കും ഒരു മാർച്ചിങ് സോങ്. അതുകൊണ്ടാണു പാർട്ടിഭേദമില്ലാതെ എല്ലാ വിദ്യാർഥി സംഘടനകളുടെ പൊതുയോഗങ്ങളിലും ഇന്നും ഈ ദേശഭക്തിഗാനം സ്ഥാനം പിടിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഭാഷയിൽ ‘കക്ഷിരാഷ്ട്രീയമില്ലാത്ത രാഷ്ട്രീയഗാനം’.

ജയചന്ദ്രൻ എന്ന ഗായകനും ഏറെ അഭിമാനിക്കാനുണ്ട് ഈ പാട്ട്. ഇതിനു മുൻപ് ഒരിക്കലും അദ്ദേഹത്തിന് ഈ മട്ടിലുള്ള ഒരു ഗാനം കിട്ടിയിട്ടില്ല. മധുര മെലഡികൾ മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് ആധികാരികമായി തെളിയിക്കുക കൂടിയായിരുന്നു ജയചന്ദ്രൻ. അത്രവലിയ ഊർജപ്രവാഹമാണു ജയചന്ദ്രനും മാധുരിയും സംഘവും തുറന്നു വിട്ടത്.

നാം ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോൾ പി.ഭാസ്കരൻ എഴുതി കെ.രാഘവൻ ഈണം നൽകിയ ‘ഭാരതമെന്നാൽ പാരിൻ നടുവിൽ...’ (സിനിമ: ആദികിരണങ്ങൾ), വയലാർ എഴുതി ദേവരാജൻ ഈണമിട്ട ‘ഗംഗാ യമുനാ സംഗമ സമതല ഭൂമി...’ (ഹോട്ടൽ ഹൈറേഞ്ച്), വയലാർ– ദേവരാജൻ ടീമിന്റെ ‘ജയ ജയ ജയ ജൻമഭൂമി...(സ്കൂൾ മാസ്റ്റർ), ശാരികേ ശാരികേ സിന്ധു ഗംഗാ നദീതീരം... (ഉത്തിഷ്ഠതാ ജാഗ്രത), പത്‌മതീർഥമേ ഉണരൂ...(ഗായത്രി), എസ്.പി.വെങ്കിടേഷിന്റെ ഈണത്തിൽ ഷിബു ചക്രവർത്തി എഴുതിയ ‘നെ‍ഞ്ചിൽ ഇടനെഞ്ചിൽ.... (സൈന്യം), സിദ്ധാർഥ് വിപിന്റെ സംഗീതത്തിൽ ഗിരീഷ് പുത്ത​ഞ്ചേരി എഴുതിയ ‘ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ...’ (കുരുക്ഷേത്ര) തുടങ്ങിയ ദേശഭക്തി പ്രധാനമായ മറ്റു ഗാനങ്ങളും ആലാപനാമൃതമാവുന്നു.