ലതാ മങ്കേഷ്കറിന്റെ പിണക്കങ്ങൾ

‘ലതാ, നീ ടെന്നിസിലെ ഫസ്‌റ്റ് സേർവ് പോലെയാണെനിക്ക്. ആശ സെക്കൻഡ് സേർവ് മാത്രം.’ പറയുന്നതു നിസ്സാരക്കാരനല്ല. ഹിന്ദി സിനിമാ സംഗീതത്തിലെ തമ്പുരാക്കന്മാരിൽ ഒരാളായ സാക്ഷാൽ സച്ചിൻ ദേവ് ബർമൻ. ഒരു തെറ്റിദ്ധാരണയുടെ പേരിൽ ലതയുമായി പിണങ്ങി അഞ്ചു വർഷം കഴിഞ്ഞ് ഇണങ്ങിയപ്പോഴാണ് എസ്.ഡി.ബർമൻ ഇങ്ങനെ വികാരാധീനനായത്.

ലതയ്‌ക്ക് ആദ്യകാലം മുതൽ മികച്ച ഈണങ്ങൾ നൽകിയ സംഗീത സംവിധായകനാണ് അദ്ദേഹം. ഠണ്ഡി ഹവായേ...(നൗജവാൻ), തും നാ ജാനേ...(സാസ), ചാന്ദ് ഫിർ നികലാ...(പേയിങ് ഗെസ്‌റ്റ് ), ദിൽസെ മിലാ കെ ദിൽ... (ടാക്‌സി ഡ്രൈവർ ) തുടങ്ങി എത്ര ഉദാഹരണങ്ങൾ. ലതയെ ഒന്നാം നിരയിലേക്ക് എത്തിച്ചതിൽ ഏറ്റവും നിർണായക പങ്കുവഹിച്ചയാൾ എന്നും പറയാം. അതിന്റേതായ സ്വാതന്ത്ര്യവും ബർമൻ ലതയുടെ പക്കൽ എടുത്തുപോന്നിരുന്നു.

1958ൽ ആണു സംഗീത പ്രേമികളെ നിരാശയിലാക്കിയ ആ പിണക്കം. സിതാരോം സെ ആഗെ എന്ന ചിത്രത്തിലെ ‘ പഗ് തുമക് ചലത്...’ എന്ന ഗാനം ലത പാടി. റിക്കോർഡിങ് കഴിഞ്ഞപ്പോൾ ബർമന് അത്ര തൃപ്‌തി പോര. കൂടുതൽ മധുര സ്വരത്തിൽ ഒരിക്കൽ കൂടി പാടാൻ ബർമൻ ആവശ്യപ്പെട്ടു. ലത പാടി. ബർമൻ ഓകെ പറഞ്ഞു. അടുത്ത ദിവസം പാട്ടു കേട്ട ബർമന് സംശയം ശബ്‌ദം കൂടുതൽ മൃദുലമായിപ്പോയോ? ഉടനെ സഹായിയെക്കൊണ്ട് ലതയെ വിളിപ്പിച്ചു. വീണ്ടും വന്നു പാടണം.

ലത ആ സമയത്ത് ഒരു വിദേശ യാത്രയ്‌ക്ക് ഒരുങ്ങുകയായിരുന്നു. അസൗകര്യം അറിയിച്ചത് ബർമന് ഇഷ്‌ടപ്പെട്ടില്ല. എങ്കിൽ തിരിച്ചുവന്നാൽ ആദ്യ റിക്കോർഡിങ് ഈ പാട്ടായിരിക്കണം എന്നു ബർമൻ നിർദേശിച്ചു. അത് ഉറപ്പു പറയാൻ പറ്റില്ലെന്നു ലത മറുപടി പറഞ്ഞു. എങ്കിൽ പാട്ട് മറ്റാരെങ്കിലും പാടും എന്നായി ബർമൻ. ആയിക്കോളൂ എന്നായി ലത.

ബർമനു വാശിയായി. ലതയുടെ സഹോദരി ആശയെക്കൊണ്ട് അദ്ദേഹം ‘പഗ് തുമക് ചലത്...’ പാടി റിക്കോർഡ് ചെയ്യിച്ചു. പക്ഷേ, അദ്ദേഹത്തിനു തൃപ്‌തിയായില്ല. ലതയെ മനസ്സിൽ കണ്ടു ചിട്ടപ്പെടുത്തിയ ആ ഈണം സാക്ഷാത്‌കരിക്കാൻ ആശയ്‌ക്കു കഴിയില്ലായിരുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ ലത രണ്ടാമതു പാടിയ ട്രാക്ക് തന്നെ അദ്ദേഹം സിനിമയിൽ ഉപയോഗിച്ചു. താൻ ‘വളർത്തി’ക്കൊണ്ടുവന്ന ഗായികയിൽനിന്നുണ്ടായ ‘നിഷേധാത്മക’ നിലപാട് ബർമനെ ചൊടിപ്പിച്ചു.

പിന്നീട് അഞ്ച് വർഷം തന്റെ നല്ല ഈണങ്ങളെല്ലാം ആശയ്‌ക്കാണു ബർമൻ നൽകിയത്. ലതയെ പൂർണമായി ഒഴിവാക്കി. ഹിന്ദി സിനിമയുടെ വലിയ നഷ്ടം.

ഒടുവിൽ എസ്.ഡിയുടെ മകൻ രാഹുൽ ദേവ് ബർമൻ മുൻകൈ എടുത്താണ് ഇരുവരെയും ഒന്നിപ്പിച്ചത്. 1963ൽ ബന്ധിനി എന്ന ചിത്രത്തിലൂടെ. സത്യത്തിൽ ഇരുവരും അങ്ങനെയൊരു പുനസ്സമാഗമനത്തിനായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. താൻ വിഭാവനം ചെയ്യുന്ന പൂർണത നൽകാൻ ആശയ്‌ക്കു കഴിയുന്നില്ല എന്ന നിരാശ ബർമന്. ബർമന്റെ മികച്ച ഈണങ്ങളെല്ലാം അനുജത്തി പാടി കയ്യടി നേടുന്നതിന്റെ വീർപ്പുമുട്ടൽ ലതയ്‌ക്ക്. വികാരഭരിതമായിരുന്നു ആ കൂടിച്ചേരൽ. ‘നീ ആണ്‌ എന്റെ ഫസ്‌റ്റ് സേർവ് ’ എന്നു സ്‌റ്റുഡിയോയിൽ വച്ചേ ബർമൻ ലതയോടു പറഞ്ഞു. പിന്നീടങ്ങോട്ട് ഇരുവരും ചേർന്ന ഹിറ്റുകളുടെ മഴ. പിൽക്കാലത്ത് ആശയെ ഏതാണ്ടു പൂർണമായിത്തന്നെ എസ്‌ഡി അവഗണിച്ചു.

തന്റെ ഒരു പാട്ട് എങ്കിലും ലതാ മങ്കേഷ്‌കർ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സംഗീത സംവിധായകർ ഇന്ത്യയിൽ ഉണ്ടാവുമോ? ഇല്ല എന്നു പറയാൻ വരട്ടെ. തന്റെ സംഗീത ലോകത്തുനിന്ന് ആയുഷ്‌കാലം ലതയെ ഒഴിച്ചു നിർത്തിയ ഒരു സംഗീത സംവിധായകനുണ്ട്. പ്രഗദ്ഭനായ ഓംകാർ പ്രസാദ് നയ്യാർ. മാത്രമല്ല, ലതയുടെ സഹോദരി ആശയെക്കൊണ്ട് ഒട്ടനവധി ഹിറ്റുകൾ സൃഷ്‌ടിക്കുകയും ചെയ്‌തു അദ്ദേഹം. ഒടുവിൽ ലതയുടെ പേരിൽ മധ്യപ്രദേശ് സർക്കാർ നൽകിയ പുരസ്‌കാരം പോലും നയ്യാർ നിരസിച്ചു. അത്ര തീവ്രമായിരുന്നു ലതയും നയ്യാരും തമ്മിലുള്ള പിണക്കം.

പിണക്കത്തിലുപരി ശത്രുതയായിരുന്നു ഇരുവരും തമ്മിൽ എന്നു പോലും പറയാം. നയ്യാർ സ്വതന്ത്ര സംഗീത സംവിധായകനായ ആദ്യ ചിത്രമായ ‘ ആസ്‌മാനി’ൽ പാടാൻ ലത കരാറാവുന്നു. പക്ഷേ, നയ്യാരും പശ്‌ചാത്തല സംഗീത വാദകരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ലത എത്തിയില്ല. അന്ന് ആരംഭിച്ചതാണ് ഈ പിണക്കം. ഇനി മേലിൽ തന്റെ ഒരു ചിത്രത്തിലും ലത പാടില്ലെന്ന് നയ്യാർ അന്നുതന്നെ പ്രഖ്യാപിച്ചു. മറ്റൊരു റിക്കോർഡിങ്ങിന്റെ തിരക്കിൽ പെട്ടുപോയതുകൊണ്ടാണു നയ്യാരിന്റെ പാട്ടു പാടാൻ എത്താൻ കഴിയാതിരുന്നതെന്നാണു ലതയുടെ വിശദീകരണം. 1950കളുടെ തുടക്കത്തിലാണ് ഈ സംഭവം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പിണക്കം അയഞ്ഞില്ലെന്നു മാത്രമല്ല പരസ്‌പര വിദ്വേഷത്തിന്റെ ലഹരി ഏറി വരികയും ചെയ്‌തു.

ഇരുവരും തരം കിട്ടുമ്പോഴൊക്കെ പരസ്പരം ഒളിയമ്പുകൾ എയ്‌തുകൊണ്ടിരുന്നു. ലതയുടെ മറ്റെല്ലാ പിണക്കങ്ങളും എന്നെങ്കിലും രമ്യതയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതു മാത്രം ഒരിക്കലും ഇണങ്ങിയില്ല.

മുഹമ്മദ് റഫിയുമായുള്ള പിണക്കമാണു പ്രശസ്‌തമായ മറ്റൊന്ന്. പാട്ടിന്റെ റോയൽറ്റിയെ ചൊല്ലിയായിരുന്നു ഭിന്നത. റോയൽറ്റി സംബന്ധിച്ചു ഹിന്ദി സിനിമാ മേഖലയിൽ ഉണ്ടായ തർക്കത്തിൽ ഇരുവരും രണ്ടു പക്ഷത്തായിരുന്നു. ഗായകർക്കും റോയൽറ്റി വേണമെന്നു ലത വാദിച്ചു. കിഷോർ കുമാർ, മുകേഷ്, തലത് മഹ്‌മൂദ്, മന്നാഡേ എന്നിവർ ലതയ്‌ക്കൊപ്പം നിന്നു. എന്നാൽ, ഒരിക്കൽ പ്രതിഫലം വാങ്ങിക്കഴിഞ്ഞാൽ പിന്നെ ഗായകനു കൂടുതൽ പ്രതിഫലത്തിന് അവകാശമില്ല എന്ന പക്ഷത്തായിരുന്നു റഫി. ലതയുടെ സഹോദരി ആശാ ഭോസ്‌ലേ റഫിയെ പിന്തുണച്ചു. പിണക്കത്തെ തുടർന്ന് 1963 മുതൽ 1967 വരെ നാലു വർഷം ലതയും റഫിയും ഒരുമിച്ചു പാടിയില്ല. ഹിന്ദി സിനിമാ ഗാനങ്ങളുടെ ദരിദ്രകാലം. ആർ.ഡി.ബർമൻ മുൻകൈ എടുത്താണ് ഈ പിണക്കം മാറ്റിയത്. തുടർന്ന് ഇരുവരും ചേർന്ന് ഒട്ടേറെ ഹിറ്റുകൾ സൃഷ്‌ടിച്ചു.

ഗായകൻ ജി.എം.ദൂറാനിയുമായുള്ള പിണക്കവും പ്രസിദ്ധമാണ്. 1949ൽ നൗഷാദിനുവേണ്ടി ഒരു യുഗ്മഗാനം റിക്കോർഡ് ചെയ്യാനായി ഇരുവരും സ്‌റ്റുഡിയോയിൽ നിൽക്കുന്നു. ലത അണിഞ്ഞിരുന്ന മാലയെപ്പറ്റി ദൂറാനി പറഞ്ഞ കമന്റ് അവർക്ക് ഇഷ്‌ടപ്പെട്ടില്ല. ദൂറാനിയെ മാറ്റാതെ താൻ പാടില്ലെന്നു ലത വാശിപിടിച്ചു. ഒടുവിൽ നൗഷാദിനു വഴങ്ങേണ്ടിവന്നു. സദാത് ഖാൻ എന്ന പുതുമുഖ ഗായകനാണ് അന്നു ലതയ്‌ക്കൊപ്പം പാടിയത്. അന്നുവരെ തിരക്കേറിയ ഗായകനായിരുന്ന ദൂറാനിയുടെ പതനത്തിനു തുടക്കമിട്ട സംഭവമായി അത്.