‘അടിയന്റെ മനസ്സൊരു ശബരിമല’

ആർ.കെ. ദാമോദരൻ എന്നു കേൾക്കുമ്പോൾ സംഗീതപ്രേമികളുടെ മനസ്സിൽ വരുന്നത് എ.ബി. രാജ് സംവിധാനം ചെയ്ത ‘രാജു റഹിം’ എന്ന ചിത്രത്തിൽ അർജുനൻ മാഷ് സംഗീതം നൽകിയ ‘രവിവർമ ചിത്രത്തിൻ രതിഭാവമേ...’ എന്നായിരിക്കും. മഹാരാജാസ് കോളജിലെ വെറും ഡിഗ്രി വിദ്യാർഥിയാണ്, വയലാറിന്റേതെന്ന് ഇന്നും തെറ്റിദ്ധരിക്കപ്പെടുന്ന ഈ വരികൾ രചിച്ചതെന്നു വിശ്വസിക്കുക തെല്ലു പ്രയാസം! ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും...(മിഴിനീർപ്പൂവുകൾ–എം.കെ. അർജുനൻ), സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ...(രക്തം–ജോൺസൺ) തുടങ്ങിയ പാട്ടുകൾക്കും ആരാധകരുണ്ട്. ‘ആലായാൽ തറ വേണം...’ എന്ന നാടൻപാട്ടിന്റെ മട്ടിൽ ‘പെണ്ണായാൽ പൊന്നുവേണം...’ എന്ന ഭീമ ജ്വല്ലറിയുടെ പരസ്യഗാനവും നിത്യഹരിതമാണ്.

എന്നാൽ, ഈ മണ്ഡലകാലത്ത് ആർകെയെ ഓർക്കേണ്ടതു മറ്റൊരു വിധത്തിലാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ അയ്യപ്പഭക്തിഗാനങ്ങൾ വിരിഞ്ഞത് ആ തൂലികയിലാണ്. നാൽപതോളം ആൽബങ്ങളിലായി നാനൂറിലേറെ ഗാനങ്ങൾ! അയ്യപ്പഗാനങ്ങളിലെ വിഷയവൈവിധ്യവും ശ്രദ്ധേയം. (മുപ്പത് ആൽബത്തിലായി മുന്നൂറ്റൻപതോളം സുന്ദരമായ അയ്യപ്പഭക്തിഗാനങ്ങൾ എസ്. രമേശൻ നായർ നമുക്കു നൽകി).ഭാവത്തിൽ പുലർത്തുന്ന വൈവിധ്യവും രൂപത്തിലെ പ്രാസഭംഗിയുമാണ് ആർ.െക. ദാമോദരന്റെ അനന്യത. കൊച്ചിയിലെ ഹരിശ്രീ കസെറ്റ്സ് 1981ൽ പുറത്തിറക്കിയ ‘ഹരിശ്രീപ്രസാദം’ എന്ന ആൽബത്തിലെ 

‘ഖൽബിന്റെ വാനിലൊരു ഹൂറിപ്പരുന്ത്

തട്ടമിട്ടു വട്ടമിട്ടു പറക്കുന്നേ...’ എന്ന ആർകെയുടെ ആദ്യ അയ്യപ്പഗാനം തന്നെ പിറന്നതു മാപ്പിളശൈലിയിൽ. ടി.എസ്. രാധാകൃഷ്ണനായിരുന്നു സംഗീതം. ആലപിച്ചതു ജൂനിയർ മെഹബൂബും കെ.ആർ. രമേഷും.

ഗായകൻ ജയചന്ദ്രനുവേണ്ടിയായിരുന്നു ആദ്യകാല അയ്യപ്പഗാനങ്ങൾ. സംഗീതം ടിഎസ് തന്നെ. 1986ൽ ജയചന്ദ്രൻ– ആർകെ–ടിഎസ് ടീം സ്വാതി കസെറ്റ്സിനുവേണ്ടി ഇറക്കിയ ‘കർപ്പൂരദീപം’ വലിയ ജനപ്രീതി നേടി. അതിലെ ‘ആയിരം ഉപമയാൽ അപദാനം പാടിയിട്ടും അനുപമനല്ലോ നീ...’, ‘പടിപൂജ ചെയ്യുന്ന പാദം പണിയുന്ന അടിയന്റെ മനസ്സൊരു ശബരിമല ...’ തുടങ്ങിയവ ഭക്തഹൃദയങ്ങൾ കീഴടക്കി. തരംഗിണിക്കു വെല്ലുവിളി ഉയർത്തിയ ഈ ആൽബം യേശുദാസിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം ആർകെയെയും ടിഎസിനെയും എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. അടുത്ത വർഷത്തെ തരംഗിണിയുടെ ആൽബം ചെയ്യാൻ ആവശ്യപ്പെട്ടു. യേശുദാസുമായുള്ള ആ കൂടിക്കാഴ്ചയാണു വൈവിധ്യം പരീക്ഷിക്കണമെന്ന് ബോധപൂർവമായ ചിന്തയിലേക്കു തന്നെ നയിച്ചതെന്ന് ആർകെ പറയുന്നു:

ചർച്ചയ്ക്കിടെ യേശുദാസ് പറഞ്ഞു. ‘അയ്യപ്പഭക്തിഗാനത്തിൽ എന്താണു വൈവിധ്യമുള്ളത്? എല്ലാം പമ്പയും പനിനീരും തന്നെ...’ അപ്പോൾ ഞാൻ പറഞ്ഞു. ‘ഇല്ല, അടുത്ത ആൽബം തികച്ചും വ്യത്യസ്തമായിരിക്കും’. ‘എങ്കിൽ നല്ലത്’ എന്ന് യേശുദാസ് പറഞ്ഞെങ്കിലും അദ്ദേഹത്തിനു വലിയ വിശ്വാസമില്ലായിരുന്നു. എന്തായാലും പാട്ടുകൾ വേറിട്ടുനിൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. പഠനവും ഗവേഷണവും ആരംഭിച്ചു. പരിശ്രമം ഫലം കണ്ടു. അന്നുവരെ കാണാത്ത വിഷയവൈവിധ്യത്തോടെയാണ് 1988ൽ തരംഗിണിയുടെ ‘അയ്യപ്പഭക്തിഗാനങ്ങൾ – വോള്യം 8’ ഇറങ്ങിയത്. പമ്പാഗണപതിയെപ്പറ്റിയുള്ള ‘പമ്പാ ഗണപതി സ്തംഭാ ചലപതി...’,  അയ്യപ്പ ഭക്തനായി മാറിയ കൊച്ചുതൊമ്മൻ കോൺട്രാക്ടറുടെ കഥ പറയുന്ന ‘കൊച്ചുതൊമ്മൻ സ്വാമിയുണ്ട് കൂട്ടുകാരുണ്ട്...’, മാളികപ്പുറത്തെ മണിമണ്ഡപത്തിൽ അയ്യപ്പനു കണ്ണുതട്ടാതിരിക്കാൻ പാടുന്ന പറകൊട്ടിപ്പാട്ടിനെപ്പറ്റിയുള്ള ‘പറകൊട്ടിപ്പാടുന്നേൻ...’ സംസ്കൃതകീർത്തന ശൈലിയിലുള്ള ‘ശ്രീദേവദേവ സുത...’ മാളികപ്പുറത്തിന്റെ സങ്കടം പറയുന്ന ‘ശരംകുത്തിയാലിന്റെ മുറിവേറ്റ മനസ്സോടെ...’, പദസൂത്രത്തിന്റെ ദർശനം പകരുന്ന ‘പാപം മറിച്ചിട്ടാൽ പമ്പ... തുടങ്ങിയ ഒന്നിനൊന്നു വ്യത്യസ്തമായ ഗാനങ്ങൾ ഭക്തർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. ആർകെ–ടിഎസ് ടീം തരംഗിണിക്കുവേണ്ടി പിന്നീട് ആറ് അയ്യപ്പഭക്തിഗാന ആൽബവും സുപ്രഭാത കീർത്തനമായി ‘സ്വാമി സുപ്രഭാത’വും പുറത്തിറക്കി. പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ മട്ടിൽ മലയാളത്തിൽ എഴുതിയതാണ് ഈ സുപ്രഭാതം.

ഗായകൻ ജയചന്ദ്രനുവേണ്ടി ഇരുപതിലേറെ അയ്യപ്പഭക്തിഗാന ആൽബങ്ങളിലും ഇതിനിടെ ആർകെ പാട്ടെഴുതി. പി. സുശീല, ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, വിജയ് യേശുദാസ്, ഗണേഷ് സുന്ദരം, കൃഷ്ണചന്ദ്രൻ  തുടങ്ങിയവർക്കുവേണ്ടിയുള്ള രചനകൾ വേറെ. 

ചെന്നൈയിൽ ‘മകരോൽസവം’ എന്ന ആൽബത്തിലെ പാട്ടുകളുടെ റിക്കോർഡിങ് നടക്കുന്ന സമയത്താണ് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെ ഓരോ വരികൾ ചേർത്തു പല്ലവി തയാറാക്കിയ തന്റെ രചനാപരിശ്രമത്തെപ്പറ്റി സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥനോട് ആർകെ പറയുന്നത്. തരംഗിണിക്കായി തയാറാക്കിയതായിരുന്നു ഈ ഗാനം. പക്ഷേ, അത് തനിക്കു ട്യൂൺ ചെയ്യണമെന്ന് എംഎസ്‌വിക്കു നിർബന്ധം. സമ്മർദത്തിനു വഴങ്ങി ‘മകരോൽസവ’ത്തിലെ ഒരു ഗാനം മാറ്റി പകരം ഇതു നൽകി. അതാണ് ‘തറവാട്ടിൽ മലയാളിക്കയ്യനയ്യൻ...’ എന്ന ബഹുഭാഷാ ഗാനം. ആലാപനം–ബിജു നാരായണൻ. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പുറത്തിറങ്ങാനായിരുന്നു അതിന്റെ നിയോഗം!

സ്ത്രീകൾക്കു നിയന്ത്രണമുള്ള ശബരിമലയെപ്പറ്റി സ്തീപക്ഷ ഗാനങ്ങൾ തുലോം കുറവാണ്. രണ്ട് ആൽബമേ പൂർണമായി പെൺപാട്ടുകളുടേതായി പിറന്നിട്ടുള്ളൂ. ഓഡിയോ ട്രാക്സിനുവേണ്ടി ചിത്ര നിർമിച്ച്, ആലപിച്ച ശരണകീർത്തനം (1998),  മണിമാളികപ്പുറം (1999) എന്നിവ. ഇതിൽ ‘മണിമാളികപ്പുറ’ത്തിന്റെ ശിൽപികൾ ആർകെയും ടിഎസും തന്നെ. (‘ശരണകീർത്തന’ത്തിനു പിന്നിൽ എസ്. രമേശൻ നായരും രവീന്ദ്രനും.)

എന്തുകൊണ്ട് ഇത്രയേറെ അയ്യപ്പഭക്തിഗാനങ്ങൾ? ‘കൃത്യമായ ഉത്തരമില്ല, എങ്കിലും തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവിലെ ധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ നടയിലാണ് എന്നെ എഴുത്തിനിരുത്തിയത്. എല്ലാം മുൻനിശ്ചയങ്ങളാവാം.’ ആർകെ പറയുന്നു. ഹരിവരാസനം പുരസ്കാരമടക്കം അയ്യപ്പന്റെ പേരിലുള്ള നാല് അവാർഡുകളുടെ സുകൃതവുമുണ്ട് ഈ തൂലികയ്ക്ക്.

പാട്ടുകളുടെ എണ്ണത്തിൽ ആർകെയെ പിന്നിലാക്കാൻ നാളെ മറ്റൊരു എഴുത്തുകാരൻ വന്നേക്കാം. എന്നാൽ, വിഷയവൈവിധ്യത്തിൽ ഇദ്ദേഹത്തെ മറികടക്കുക എളുപ്പമായിരിക്കില്ല.