ആരുടെയോ നിർദേശത്താലെന്നപോലെ ചില ചാരുസൃഷ്ടികൾ രൂപപ്പെടുന്നതുകണ്ടു വിസ്മയിക്കാനാണ് ചിലപ്പോൾ നമ്മുടെ നിയോഗം.
പുറത്തിറങ്ങാത്ത സിനിമകളിലെ ഒരുപാടു പാട്ടുകൾ മലയാളത്തിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. എന്നാൽ, ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്ത ഒരു സിനിമയിലെ ഗാനം സർവകാല ഹിറ്റായ സംഭവം മലയാളത്തിൽ ഒരിക്കലേ ഉണ്ടായിട്ടുള്ളൂ. സിനിമയെപ്പറ്റി ആലോചിച്ചു, പാട്ട് റിക്കോർഡ് ചെയ്തു, കസെറ്റ് ഇറങ്ങി ഹിറ്റായി, മറ്റൊന്നും നടന്നില്ല.
മലയാളത്തിലെ മികച്ച നവരാത്രി ഗാനമായ
‘കുടജാദ്രിയിൽ കുടികൊള്ളും
മഹേശ്വരി ഗുണദായിനി
സർവശുഭകാരിണി’ ക്കു പിന്നിലാണ് ഈ വിധിഹിതം തെളിയുന്നത്. ‘നീലക്കടമ്പ്’ എന്ന സിനിമയ്ക്കുവേണ്ടി കെ.ജയകുമാറിന്റെ രചനയിൽ രവീന്ദ്രന്റെ സംഗീതം.
‘പാട്ടു പുറത്തിറങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇന്നും ലോകത്തിന്റെ ഏതു കോണിൽച്ചെന്നാലും മലയാളികൾ ഈ ഗാനത്തിന്റെ രചയിതാവായി എന്നെ തിരിച്ചറിയുന്നു. കഥാപാത്രത്തിന്റെ പ്രാർഥന എല്ലാ മലയാളികളുടേതുമായി മാറുകയായിരുന്നു.’ ജയകുമാർ പറയുന്നു.
കുടജാദ്രിയും സൗപർണികയും നമ്മുടെ ഗൃഹാതുരതയായി മാറ്റുന്ന ഈ ഗാനം എഴുതിയ കാലത്ത് ജയകുമാർ ഈ സ്ഥലങ്ങളൊന്നും കണ്ടിട്ടേയില്ല എന്നു നമുക്കു വിശ്വസിക്കാനാവുമോ? ഈ സാഹചര്യങ്ങളൊക്കെ പരിഗണിക്കുമ്പോഴാണ് ഏതൊരു സൃഷ്ടിയുടെ പിന്നിലും നമുക്ക് അജ്ഞാതമായ ചില മുൻ നിശ്ചയങ്ങളുണ്ട് എന്നു വിശ്വസിക്കേണ്ടി വരുന്നത്.
ദേവിയോടുള്ള വ്യത്യസ്തമായ പ്രാർഥനയാണിത്. അവസാന ചരണം ഇങ്ങനെ:
‘ഒരു ദുഃഖബിന്ദുവായ്
മാറുന്ന ജീവിതം
കരുണാമയമാക്കൂ
ഹൃദയം സൗപർണികയാക്കൂ’
സാധാരണ കവികൾ ദൈവത്തിന്റെ കരുണയ്ക്കായി പ്രാർഥിക്കുമ്പോൾ ഇവിടെ സ്വന്തം ഹൃദയം കരുണാമയമാക്കണമേ എന്ന അർഥനയാണു കവി നടത്തുന്നത്. എന്നും അലിവൊഴുകുന്ന ഒരു സൗപർണികയായി തന്നെ രൂപാന്തരപ്പെടുത്താനുള്ള യാചന.
ഈ വരികളിലൂടെയാണ് ഈ ഗാനം കാലാതീതമാവുന്നത്. അറിവിലും ആനന്ദത്തിലും വലുതാണു കരുണാമയമായ ഹൃദയമെന്നു കവി പ്രഖ്യാപിക്കുന്നു. എല്ലാക്കാലത്തിനും തീർഥമാകേണ്ട അക്ഷരങ്ങൾ.
രവീന്ദ്രൻ മാസ്റ്റർ നൽകിയ ഈണത്തിനുമുണ്ട് പ്രത്യേകത. ഹൃദയസൗഖ്യത്തിന്റെ രാഗം എന്നറിയപ്പെടുന്ന ‘രേവതി’യിലാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഒരു കൗതുകം കൂടിയുണ്ട് : ഇതു ചിത്ര മാത്രം പാടാൻ ഉദ്ദേശിച്ച് എഴുതിയതാണ്. സിനിമയുടെ തിരക്കഥ അനുസരിച്ച് അതിലെ നായികയുടെ പ്രാർഥനയാണ് ഈ ഗാനം. നീലക്കടമ്പിലെ ‘ദീപം കയ്യിൽ’ എന്ന ഗാനം പാടാൻ വന്ന യേശുദാസ് സ്റ്റുഡിയോയിൽ നേരത്തേ റിക്കോർഡ് ചെയ്തുവച്ചിരുന്ന ചിത്രയുടെ ‘കുടജാദ്രി’ കേട്ട് ഇഷ്ടപ്പെട്ടു തനിക്കു കൂടി പാടണമെന്നു രവീന്ദ്രനോട് ആവശ്യപ്പെട്ടു പാടുകയായിരുന്നു.
മലയാളത്തിലെ മറ്റൊരു മികച്ച നവരാത്രി ഗാനമായ ‘സൗപർണികാമൃത വീചികൾ....’ സൃഷ്ടിച്ചതും ജയകുമാർ–രവീന്ദ്രൻ കൂട്ടുകെട്ടാണ്.
‘കിഴക്കുണരും പക്ഷി’യിലെ കഥാസന്ദർഭത്തിൽ ഈ ഗാനം തന്നെ വേണമെന്നു നിർബന്ധം ഇല്ലെങ്കിലും സംവിധായകൻ വേണു നാഗവള്ളിയുടെ നിർബന്ധമാണ് ഈ പിറവിക്കു നിമിത്തമായത്.
ജയകുമാർ പറയുന്നു: ‘വേണു നാഗവള്ളി വലിയ മൂകാംബികാ ഭക്തനായിരുന്നു. ശ്ലോകം പോലെ ഒരു മൂകാംബികാ പ്രാർഥന വേണം എന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്.’
ഏകാകിയുടെയും ദുഃഖിതന്റെയും പ്രാർഥനയാണ് ഈ പാട്ട്. കരിമഷി പടരുന്ന കൽവിളക്കായിത്തീർന്ന ജീവിതം അമ്മയുടെ പാദാരവിന്ദങ്ങൾ തേടുന്നു. കൽവിളക്കിൽ കനകാങ്കുരങ്ങൾ വിരിയാനായി.
ഇരു പാട്ടിലെയും അടിസ്ഥാന പ്രാർഥന ഒന്നാണ്. ‘ഉൾക്കണ്ണുകളിൽ പ്രകാശം ചൊരിയുക’.
നവരാത്രി വിഷയമായ ഗാനങ്ങളിൽ ശ്രദ്ധേയമാണ് ‘നിറകുടം’ എന്ന ചിത്രത്തിലെ
‘നക്ഷത്രദീപങ്ങൾ തിളങ്ങി...
നവരാത്രി മണ്ഡപമൊരുങ്ങി’.
നവരാത്രി മണ്ഡപത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ നടത്തുന്ന കച്ചേരിയാണ് പാട്ടിന്റെ പ്രതിപാദ്യം. അകമ്പടി സേവിക്കുന്നതു ചൗഡയ്യയും പാലക്കാട് മണി അയ്യരും.
ഇവർ മൂവരും ഒന്നിച്ചാലുണ്ടാകുന്ന ഗാനലഹരിയാണ് ബിച്ചു തിരുമലയുടെ വരികളിൽ ജയവിജയയുടെ സംഗീതം പകരുന്നത്.
ഈ ഗാനം ഈ സിനിമയ്ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. ബിച്ചുവിന്റെ ഡയറിയിൽ കണ്ട ഒരു കവിതയ്ക്ക് അദ്ദേഹമറിയാതെ ജയവിജയന്മാർ ട്യൂണിട്ടു വച്ചതാണ്. നാളുകൾക്കുശേഷം ‘നിറകുടം’ സിനിമയ്ക്കുവേണ്ടി ഇവർ ഒന്നിച്ചപ്പോൾ ഈ ഗാനം അതേ ട്യൂണിൽ ഉപയോഗിക്കുകയായിരുന്നു. രംഗത്ത് അഭിനയിക്കുന്നത് ആരാണെന്നോ? സാക്ഷാൽ യേശുദാസ്!.