ഇശൽ പൂങ്കുയിൽ

പീർ മുഹമ്മദ് ( ചിത്രങ്ങൾ: എം.ടി. വിധുരാജ് )

പടച്ചോന്റെ പാവയാണു പീർ മുഹമ്മദ്. കാരണം, കഴിഞ്ഞ എഴുപതുവർഷം ഈ മനുഷ്യൻ പിന്നിട്ട വഴികൾ സാമാന്യയുക്തിക്ക് അവിശ്വസനീയമാണ്.ഒരു കലാപാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ ജനിച്ചിട്ടും കുഞ്ഞിലേ കമ്പം വേദികളോടായിരുന്നു. പാട്ടൊട്ടും പഠിക്കാതെതന്നെ വലിയ പാട്ടുകാരനായി. ഒരു കള്ളിയിലും പെടുത്താൻ കഴിയാത്തതാണ് പീർക്കയുടെ ശബ്ദം. എന്നിട്ടും അതിൽ മലബാർ മയങ്ങിപ്പോയി. വ്യത്യസ്ത ശ്രേണികളിലായി അയ്യായിരത്തിലേറെ മാപ്പിളഗാനങ്ങൾ പാടി. ആയിരത്തിലേറെ കസെറ്റുകൾ ഇറങ്ങി. ഒരു സംഗീതോപകരണം പോലും വായിക്കാനറിയാതെ നാലായിരത്തിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി.

വിദ്വേഷത്തിന്റെ കനലുകൾ പാറിനടക്കുന്ന ഈ മൽസര ലോകത്ത് പീർ മുഹമ്മദിനെ കാര്യമായി ആരും ഉപദ്രവിച്ചില്ല. ഡോക്ടർമാർ അടിയറവു പറഞ്ഞിട്ടും ജീവിതത്തിലേക്കു തിരികെ വന്നു. വീൽ ചെയറിൽ ഇരുത്തി വിമാനത്തിൽ കയറ്റി ഗൾഫിൽ കൊണ്ടുപോയി ആദരിച്ചു. ഒന്നല്ല പലവട്ടം.പീർ മുഹമ്മദിന്റെ ഗാനമേളയില്ലാതെ കല്യാണം നടത്തുന്നത് മലബാറിലെ മുസ്ലിം തറവാടുകൾ ഒരു കുറച്ചിലായി കണ്ടിരുന്ന നാളുകൾ, ഒരേവീട്ടിൽത്തന്നെ നാലു തലമുറയുടെവരെ കല്യാണങ്ങൾക്കു പാടാൻപോയ കാലം, ഓരോ പുതിയ മാപ്പിളഗാന കസെറ്റും ഇറങ്ങാൻ അസ്വാദകരുടെ കാത്തിരിപ്പ്, (പീർക്കയുടെ കസെറ്റ് ഇല്ലാത്ത മുസ്ലിം വീടുകൾ മലബാറിൽ ഇല്ലെന്നത് അതിശയോക്തിയല്ല.), തമിഴിലേക്കു മൊഴിമാറ്റി പാടിയ കസെറ്റുകളും സൂപ്പർ ഹിറ്റ്, ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച ഏക ഗായകൻ, 1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ (ചെന്നൈ നിലയം) മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭ. കേരളത്തിലും ഗൾഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മൽസരങ്ങൾ, പീർക്കയെ സ്വന്തമാക്കാൻ ക്ലബ്ബുകളുടെ ക്യൂ, ഒന്നൊന്നായി പുരസ്കാരങ്ങൾ... അതൊരു കാലമായിരുന്നു! എന്നും വിജയിയായി സുന്ദരനായ ഈ ചെറുപ്പക്കാരൻ.

തമിഴ്നാട്ടിലെ തെങ്കാശിയിലാണ് ജനനം. ഇദ്ദേഹത്തിന്റെ കുഞ്ഞുന്നാളിലേ കുടുംബം തലശേരിയിലേക്കു വന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് ദേശീയ പാതയ്ക്കടുത്ത് ‘സമീർ വില്ലയിൽ മനോരമയോടു ഗതകാല സ്മരണകൾ പങ്കുവയ്ക്കവേ പീർ മുഹമ്മദ് പറഞ്ഞു: ‘ഇതൊന്നും ഞാനായിട്ടു നടന്നതല്ല; പടച്ചോൻ നടത്തിയതാണ് അതേ, നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോര!

ഒരു ഗായകനോടും ഒരിക്കലും സാമ്യം തോന്നാത്ത വ്യത്യസ്തമായ ശബ്ദമാണു പീർ മുഹമ്മദിന്റെ പ്രത്യേകത. ഒറ്റക്കേൾവിമതി ആ മൊഴിയുടെ മൊഞ്ച് മനസ്സിൽ ചേക്കേറാൻ.മുസ്ലിംകളുടെയല്ല എല്ലാ ഗാനാസ്വാദകരുടെയും പൊതുസ്വത്താണ് പീർക്ക. സാഹിത്യകാരന്മാരായ വൈലോപ്പിള്ളിയും വൈക്കം മുഹമ്മദ് ബഷീറും വരെ ആ ശബ്ദത്തിന്റെ ആരാധകരായിരുന്നു. ‘കേരളത്തിന്റെ ഗാനകോകിലം എന്നാണു പീർക്കയെ ബഷീർ വിശേഷിപ്പിച്ചത്. ‘കണ്ഠത്തിൽ പൂങ്കുയിലുമായി നടക്കുന്നവൻ എന്നു വൈലോപ്പിള്ളിയും.

'കാഫ് മല കണ്ട പൂങ്കാറ്റേ

കാണിക്ക നീ കൊണ്ടു വന്നാട്ടെ

കാരയ്ക്ക കായ്ക്കുന്ന നാടിന്റെ

മധുവൂറും ഖിസ്സ പറഞ്ഞാട്ടെ...'

മലബാറിൽനിന്നു ഭാരതപ്പുഴ കടന്ന് തെക്കോട്ടും കടൽ കടന്ന് ഗൾഫിലേക്കും പോകുന്ന കാറ്റിൽ ഈ പാട്ടുണ്ട്. മലബാറിന്റെ എല്ലാ ഉല്ലാസവേളകളിലും പി.ടി. അബ്ദുറഹിമാൻ എഴുതി പീർ മുഹമ്മദ് ഈണമിട്ടു പാടിയ ഈ ഗാനം മധു ചൊരിയുന്നു.നിസ്കാരപ്പായ നനഞ്ഞു കുതിർന്നല്ലോ, നോമ്പിൽ മുഴുകിയെന്റെ മനസ്സും ഞാനും, ബലി പെരുന്നാളിന്റെ സന്ദേശവുമായി, ഒട്ടകങ്ങൾ വരിവരിയായ്, അറഫാ മലയ്ക്ക് സലാം ചൊല്ലി... തുടങ്ങിയ സൂപ്പർ ഹിറ്റുകളൊക്കെ ഇദ്ദേഹം തന്നെ ഈണമിട്ടു പാടിയവയാണ്. ഒരു ജനതയുടെ ആത്മസാക്ഷാത്കാരമായ ഈണങ്ങൾ...

സ്വപ്നതുല്യമായ തുടക്കം

വെറും ഒൻപതാം വയസ്സിൽ എച്ച്എംവിയുടെ എൽപി റെക്കോർഡിൽ നാലു പാട്ടു പാടിക്കൊണ്ടുള്ള സ്വപ്നതുല്യമായ തുടക്കമായിരുന്നു പീർ മുഹമ്മദിന്റേത്. എല്ലാ പാട്ടും സ്ത്രീ ശബ്ദത്തിൽ. രണ്ടെണ്ണം പട്ടം സദനൊപ്പം. ഒന്ന് വി. കരുണാകരനുമായി. മറ്റൊന്ന് സോളോ. എല്ലാം മാപ്പിള പാട്ടുകൾ.

ഹിന്ദുസ്ഥാൻ ലീവറിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവാണ് മദ്രാസിലെ എച്ച്എംവി സ്റ്റുഡിയോയിൽ അവസരം ഒരുക്കിക്കൊടുത്തത്. മാപ്പിളപ്പാട്ടിന്റെ മർമമറിയുന്ന ഒ.വി. അബ്ദുല്ല എഴുതിയ വരികൾ പാടി തന്റെ സംഗീതജീവിതം ആരംഭിക്കാൻ കഴിഞ്ഞു എന്ന ഭാഗ്യവും പീർ മുഹമ്മദിനുണ്ടായി. അന്ന് എച്ച്എംവിയിലെ പതിവു സംഗീത സംവിധായകനായ ടി.എം. കല്യാണം ആയിരുന്നു സംഗീതം നിർവഹിച്ചത്.

പിൽക്കാലത്ത് മോയിൻകുട്ടി വൈദ്യർ, പി.ടി. അബ്ദുറഹിമാൻ, ടി.സി. മൊയ്തു, സി.എച്ച്. വെള്ളിക്കുളങ്ങര തുടങ്ങിയവരുടെയൊക്കെ പാട്ടുകൾ പാടി. പി.ടി. അബ്ദുറഹിമാന്റെ മാത്രം നാലായിരം പാട്ടുകൾക്കു ശബ്ദം നല്കിയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞയിടെ ഒരു ടെലിവിഷൻ ചാനലിലെ മാപ്പിളപ്പാട്ട് മൽസരത്തിലെ ഫൈനലിലെ യുഗ്മഗാന റൗണ്ടിൽ പങ്കെടുത്ത പത്തു ടീമിൽ ഒൻപതു പേരും പാടിയത് പീർക്കയുടെ പാട്ടുകളായിരുന്നു. ജനമനസ്സുകളിൽ അവയ്ക്കുള്ള സ്വാധീനം വ്യക്തമാക്കാൻ മറ്റൊരു ഉദാഹരണം വേണ്ട.

സംഗീതം പഠിക്കാതെ...

നാലായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകിയ പീർ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ല. പിന്നെ എങ്ങനെ സംഗീതം ചെയ്യുന്നു? ‘അത് എനിക്കും അറിയില്ല. എനിക്ക് ഒരു പാട്ടിന്റെ വരി കാണുമ്പോൾ അതിന്റെ സംഗീതം താനേ മനസ്സിൽ വരും. എനിക്ക് ഒരു സംഗീതോപകരണവും വായിക്കാൻ അറിയില്ല. ലലല്ല ലലല്ല എന്നു പാടിക്കൊടുത്തു ഞാൻ ഓർക്കസ്ട്രക്കാരെ പഠിപ്പിക്കും. പിന്നെ റിക്കോർഡിങ്ങിന്റെ സമയത്ത് ഓർക്കസ്ട്രേഷന്റെ ചുമതല മറ്റൊരാളെ ഏൽപ്പിക്കും. ബി.എ. ചിദംബരനാഥ്, മകൻ രാജാമണി എന്നിവരാണ് എന്റെ ഗാനങ്ങൾക്കു മിക്കവാറും ഓർക്കസ്ട്ര ചെയ്തിരുന്നത്.

പത്തു മിനിറ്റിൽ സൂപ്പർ ഹിറ്റ്!

മാപ്പിള ഗാനശാഖയിലെതന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്

'ഒട്ടകങ്ങൾ വരിവരിയായ്

കാരയ്ക്ക മരങ്ങൾ

നിരനിരയായ്...'

വെറും പത്തു മിനിറ്റിലാണ് ഈ ഗാനം പിറന്നത്. ‘ഒരു ആൽബം എച്ച്എംവിയിൽ ചെയ്യുകയായിരുന്നു. ഒടുവിൽ ഒരു അഞ്ചു മിനിറ്റ് സ്ഥലം ഡിസ്കിൽ ബാക്കിയായി. എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കെ പി.ടി. അബ്ദുറഹിമാൻ പെട്ടെന്ന് ഒരു പാട്ടെഴുതി എന്നെ കാണിച്ചു. ഇസ്ലാം ചരിത്രവുമായി നല്ലബന്ധമുള്ള ഗാനം. ഒരുനിമിഷംകൊണ്ട് അതിന്റെ സംഗീതം എന്റെ മനസ്സിൽ വന്നു. അപ്പോൾത്തന്നെ റിക്കോർഡും ചെയ്തു. വെറും പത്തുമിനിറ്റുകൊണ്ടു പിറന്ന ആ ഗാനമാണ് സൂപ്പർ ഹിറ്റായത്.

എ.ടി. ഉമ്മറിന്റെ സ്നേഹം

പീർ മുഹമ്മദിനെ രൂപപ്പെടുത്തിയതിൽ പ്രമുഖ സംഗീത സംവിധായകൻ എ.ടി. ഉമ്മറിനു വലിയ പങ്കുണ്ട്. സ്ത്രീ ശബ്ദത്തിലുള്ള ആദ്യകാല റിക്കോർഡിങ്ങുകൾക്കുശേഷം പീർ മുഹമ്മദിനെ ഒരു പ്രഫഷനൽ ഗായകനാക്കുന്നത് ഉമ്മറാണ്. അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയ 'അഴകേറുന്നോളേ വാ കാഞ്ചനമാല്യം ചൂടിക്കാം...' ആണ് പീർക്കയുടെ ആദ്യ പ്രഫഷനൽ ഗാനം. അന്നത്തെ കാലത്ത് രണ്ട് ലക്ഷത്തിലധികം എൽപി റെക്കോർഡുകളായിരുന്നു ഇതിന്റെ വിൽപ്പന. ഇന്നും മാപ്പിള ഗാനശാഖയിലെ റിക്കോർഡാണിത്.

‘സംഗീത ജീവിതത്തിൽ ജ്യേഷ്ഠ സഹോദരന്റ സ്ഥാനമാണ് എ.ടി. ഉമ്മറിന്. അദ്ദേഹം മദ്രാസിൽ ചെന്ന കാലത്ത് സഹായിച്ചത് എന്റെ ബന്ധുവായ ഹംസയാണ്. അതുകൊണ്ട് ആ സ്നേഹം മരണംവരെ നിലനിർത്തി. കോറസൊന്നും പാടി ആയുസ്സ് കളയാൻ നിൽക്കരുതെന്ന് ഉപദേശിച്ചത് അദ്ദേഹമാണ്. എന്നെ സിനിമയിൽ അവതരിപ്പിച്ചതും അദ്ദേഹമാണ്.

അടുത്ത ആത്മബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഒരു വാക്കു ഞാൻ പറ?ഞ്ഞിരുന്നെങ്കിൽ അദ്ദേഹം എനിക്ക് സിനിമയിൽ ഒട്ടേറെ അവസരം തന്നേനേ. പക്ഷേ, ഞാൻ ഒരിക്കലും സൗഹൃദങ്ങളെ കാര്യസാധ്യത്തിനായി ഉപയോഗിച്ചിട്ടില്ല. ഒരിക്കലേ അദ്ദേഹം എന്നോടു ചെറുതായെങ്കിലും പരിഭവിച്ചിട്ടുള്ളൂ. അത് അവസരം ചോദിച്ചതിനല്ല, കിട്ടിയ അവസരം നഷ്ടപ്പെടുത്തിയതിനാണ്. ടികെബി പിക്ചേഴ്സിന്റെ 'ദ്രോഹി' എന്ന ചിത്രത്തിന്റെ സംഗീതം അദ്ദേഹമായിരുന്നു. ചിത്രത്തിൽ ജഗതിക്കുവേണ്ടിയുള്ള പാട്ടിനു നിശ്ചയിച്ചിരുന്നത് ഗായകൻ ജയചന്ദ്രനെ അയിരുന്നു. എന്നാൽ മറ്റൊരു റിക്കോർഡിങ്ങിൽ പെട്ടുപോയ ജയചന്ദ്രന് എത്തിച്ചേരാൻ കഴിഞ്ഞില്ല.

ഞാൻ തൊട്ടടുത്ത സ്റ്റുഡിയോയിൽ എന്റെ റിക്കോർഡിങ്ങുമായി ഉണ്ട്. ഉമ്മർക്ക പ്രശ്നം പറഞ്ഞു. എന്നോടു പാടാമോ? എന്നു ചോദിച്ചു. ഞാൻ സമ്മതിച്ചു. പാട്ട് പഠിച്ചു. റിക്കോർഡിങ്ങിനായി മുറിയിലേക്കു കയറി. അപ്പോൾ അതാ താഴെനിന്നു വിയർത്തൊലിച്ച് ജയചന്ദ്രൻ വരുന്നു. ഞാൻ പെട്ടെന്നു റിക്കോർഡിങ് റൂമിൽനിന്നു പുറത്തിറങ്ങി. ജയചന്ദ്രനു വിഷമമായി. എന്നോടുതന്നെ പാടാൻ ജയചന്ദ്രൻ പറഞ്ഞു. ഉമ്മർക്കയും സുഹൃത്തുക്കളും എന്നെ നിർബന്ധിച്ചു. പക്ഷേ, ഞാൻ തയാറായില്ല. കിട്ടിയ അവസരം കളഞ്ഞതിൽ ഉമ്മർക്ക എന്നോടു പരിഭവിച്ചു. പക്ഷേ, എനിക്കു മറ്റൊരാളുടെ വയറ്റത്തടിച്ചിട്ടുള്ള അവസരം വേണ്ട.

ഒരു സങ്കടം ബാക്കി

എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ...' (സിനിമ: അന്യരുടെ ഭൂമി), കെ. രാഘവന്റെ സംഗീതത്തിൽ 'നാവാൽ മൊഴിയുന്നേ...' (തേൻതുള്ളി) എന്നീ സിനിമാഗാനങ്ങൾ പാടി. പിന്നെ സിനിമയിൽ കണ്ടില്ലല്ലോ?

'ഞാൻ സ്വയം സിനിമയിൽനിന്നു പിന്മാറിയതാണ്. എന്റെ ശബ്ദം കഥാനായകനു പറ്റിയതല്ല എന്ന് എനിക്കു തോന്നി. മാത്രമല്ല അന്ന് യേശുദാസും ജയചന്ദ്രനും ഉണ്ട്. അവർക്കു ശേഷം വരുന്ന പാട്ടുകൾ പാടാൻ ബ്രഹ്മാനന്ദനും ജോളി ഏബ്രഹാമും മദ്രാസിലുണ്ട്. രവീന്ദ്രൻ മാസ്റ്റർ പോലും അന്നു ദേവരാജൻ മാസ്റ്ററുടെ വീട്ടിലെ സഹായിയായി കഴിയുകയാണ്. അപ്പോൾ പിന്നെ എനിക്ക് എന്തു സാധ്യതയാണ്? വല്ലപ്പോഴും ലഭിക്കാവുന്ന ഒരു പാട്ടിനുവേണ്ടി കാത്തിരുന്ന് ഞാൻ രാജാവായിരിക്കുന്ന മേഖല നഷ്ടപ്പെടുത്തേണ്ടല്ലോ.'

മൊഹബ്ബത്ത്

സുന്ദരൻ, പോരാത്തതിനു ഗായകൻ. കല്യാണവീടുകളിലൊക്കെ നിരന്തരം പാടിനടക്കുമ്പോൾ ഒട്ടേറെ പ്രണയാഭ്യർഥനകൾ ലഭിക്കാൻ സാധ്യതയില്ലേ? 'ഉണ്ടാകുമായിരിക്കും സത്യത്തിൽ ഞാനതൊന്നും ശ്രദ്ധിച്ചിട്ടില്ല. നോക്കാൻ സമയമില്ലായിരുന്നു എന്നതാണു സത്യം.'

വേദികളിൽനിന്നു വേദികളിലേക്കുള്ള വിശ്രമമില്ലാത്ത യാത്രയായിരുന്നു 50 വർഷം. ഇതിനിടെ എന്റെ മനസ്സിൽ ഒരു രൂപമേ ഉടക്കിയിട്ടുള്ളൂ. ഒരു ബന്ധുവീട്ടിൽ വച്ചാണ് ബന്ധുകൂടിയായ രഹനയെ കാണുന്നത്. ആ ആളാണ് ഈ നിൽക്കുന്നത്. ഇന്ന് എന്നെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ശുശ്രൂഷിക്കുന്ന എന്റെ ഭാര്യ. രഹനയും മക്കളുമാണ് എന്റെ ഭാഗ്യം. എന്റെ നല്ല മക്കൾ. ഞാൻ ഭംഗിവാക്കു പറയുന്നതല്ല, എന്റെ നാലു മക്കളും എന്റെ നാലു മുത്തുകളാണ്. സമീർ, നിസാം, ഷെറിൻ, സാറ എന്നിവരാണ് ഈ മുത്തുകൾ.

വീഴ്ച നന്നായി

ഒൻപതു വയസ്സിൽ സ്റ്റേജിൽ കയറിയ പീർ മുഹമ്മദിനു പാട്ടില്ലാത്ത ഒരുദിവസം ഇല്ലായിരുന്നു. എല്ലാ ഋതുക്കളും വസന്തമായിരുന്നു. 2008 മാർച്ച് 15 സന്തോഷത്തിന്റെ ദിനമായിരുന്നു. അന്ന് പ്രശസ്തമായ ഒ. അബു പുരസ്കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനിൽനിന്ന് പീർ മുഹമ്മദ് ഏറ്റുവാങ്ങി. പിറ്റേന്നു പുലർച്ചെ പീർക്കയ്ക്കു കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. പക്ഷാഘാതം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ വൈകിപ്പോയെന്നു ഡോക്ടർമാർ കൈമലർത്തി. പക്ഷേ, കുടുംബാംഗങ്ങളുടെയും ആരാധകരുടെയും സ്നേഹത്തിനുവഴങ്ങി മാസങ്ങൾക്കൊണ്ടു പീർക്ക പതിയെ കട്ടിലിൽനിന്ന് എഴുന്നേറ്റു.

അതിനു കാത്തിരിക്കുകയായിരുന്നു ആരാധകർ. അഞ്ചു പതിറ്റാണ്ടു തങ്ങളെ ആഹ്ലാദത്തിൽ ആറാടിച്ച ഗായകനോടുള്ള ആദരവായിരുന്നു പിൽക്കാലം. നാടുനീളെ ആദരസായാഹ്നങ്ങൾ... ഗൾഫിലേക്കുപോലും പലതവണ ഇദ്ദേഹത്തെ കൊണ്ടുപോയി. അദ്ദേഹം കസേരയിൽ ഇരുന്നു പാടിയ രണ്ട് വരികൾ പോലും ഒരു സദസ്സിനെയാകെ ആഹ്ലാദഭരിതമാക്കി. ആവേശപൂർവം അവർ അതു ഷൂട്ട് ചെയ്തു യൂട്യൂബിൽ പോസ്റ്റ് ചെയ്തു. അതിനുപോലും ലൈക്കുകൾ കുമിഞ്ഞുകൂടുന്നു. അടുത്തമാസവും ഗൾഫിലെ സ്വീകരണത്തിനു പോകാൻ ഒരുങ്ങുകയാണു പീർക്ക. 'എനിക്കു വീഴ്ചപറ്റിയതു നന്നായി. സത്യത്തിൽ ജനങ്ങൾ ഇത്രമാത്രം ആഴത്തിൽ എന്നെ സ്നേഹിക്കുന്നു എന്നു മനസ്സിലായത് ഇക്കാലത്താണ്'.

അതിനുമാത്രമൊക്കെ ഞാൻ പാടിയിട്ടുണ്ടോ? ഗൾഫിൽനിന്ന് എല്ലാദിവസവും മുടങ്ങാതെ വിളിക്കുന്നവർ പോലുമുണ്ട്. ഓരോ സ്വീകരണ ചടങ്ങിലും ആളുകൾ എന്നെപ്പറ്റി പ്രസംഗിക്കുന്നതു കേൾക്കുമ്പോൾ എനിക്കു മനസ്സിലാകും ഈ വീഴ്ചയും ദൈവം തന്ന ഒരു ഭാഗ്യമാണെന്ന്. അല്ലെങ്കിൽ ഞാൻ മരിച്ചുകഴിഞ്ഞ് അനുശോചന ചടങ്ങിൽ പറയേണ്ട വാക്കുകളാണ് അവ. അതു ജീവിച്ചിരിക്കുമ്പോൾ കേൾക്കാൻ എനിക്കു ഭാഗ്യം ഉണ്ടായി. അതൊരു മഹാഭാഗ്യമാണ്!ഇല്ല, പത്രപ്രവർത്തകന്റെ കണ്ണുകൊണ്ടു സൂക്ഷ്മമായി നോക്കിയിട്ടും ആ മിഴികളുടെ ആഴങ്ങളിൽപോലും നിരാശയില്ല.