ചിലഭക്തിഗാനങ്ങൾ അങ്ങനെയാണ്. ഭക്തിക്കൊപ്പം ഹൃദയത്തിൽ അവ കണ്ണീരും നിറയ്ക്കും. കണ്ണുനിറയാതെ ആ പാട്ടു കേട്ടുതീരില്ല. ഓരോ കേൾവിയും ഹൃദയത്തെ കഴുകിത്തുടച്ചു നിർമലമാക്കും. അങ്ങനെയൊരു ഗാനമാണ് ശ്രീകുമാരൻ തമ്പി എഴുതി പി.സുശീല പാടിയ ‘കണ്ണാ... കാർമുകിൽ വർണാ...’ (1979).
തമിഴിൽ സൂപ്പർ ഹിറ്റായ ‘നാനും ഒരു പെൺ’ (1963) എന്ന സിനിമ 15 വർഷത്തിനുശേഷം മേരിലാൻഡ് സ്റ്റുഡിയോ മലയാളത്തിൽ എടുക്കുന്നു. പേര് ‘ഹൃദയത്തിന്റെ നിറങ്ങൾ’. ഗാനരചന – ശ്രീകുമാരൻ തമ്പി, സംഗീതം – ദേവരാജൻ. ഇരുവരുടെയും മുന്നിൽ ഒരു നിർദേശം മാത്രം നിർമാതാവ് പി.സുബ്രഹ്മണ്യം വയ്ക്കുന്നു. ‘നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ സൃഷ്ടിക്കാം. പക്ഷേ, ആ സിനിമയിലെ ‘കണ്ണാ കരുമൈ നിറ കണ്ണാ..’ എന്ന പാട്ടു മാത്രം മാറ്റരുത്. അതിന്റെ ഈണവും അർഥവും അതേപടി നിലനിർത്തി മലയാളത്തിലേക്കു മാറ്റിയാൽ മതി.’
എങ്കിൽ സംഗീതം ചെയ്യാൻ വേറെ ആളെ നോക്കിയാൽ മതി എന്നു ദേവരാജൻ ശഠിച്ചു. പക്ഷേ, സുബ്രഹ്മണ്യം തന്റെ നിലപാട് മാറ്റിയില്ല. ഒടുവിൽ ആ പാട്ട് മാത്രം അതിന്റെ യഥാർഥ ഈണം നൽകിയ ആർ.സുദർശനത്തെ വിളിച്ചു ചെയ്യിക്കാൻ തീരുമാനിക്കുന്നു. അങ്ങനെ, സംഗീതത്തിന്റെ ക്രെഡിറ്റിൽ ദേവരാജന്റെയും സുദർശനത്തിന്റെയും പേരുമായി സിനിമ പുറത്തിറങ്ങി. പടം അത്ര വിജയമായില്ലെങ്കിലും പാട്ട് സൂപ്പർ ഹിറ്റായി.
കറുത്തവളായിപ്പോയതുകൊണ്ട് നിരന്തരം പരിഹാസവും അവഗണനയും നേരിടേണ്ടിവന്ന പെണ്ണിന്റെ കഥയാണു സിനിമ. തൊലിയുടെ നിറത്തിന്റെ പേരിൽ മാത്രം മാറ്റിനിർത്തപ്പെടുന്ന ഈ പെൺകുട്ടി കറുത്തദൈവമായ കൃഷ്ണനോട് തന്റെ സങ്കടം പറഞ്ഞു കരഞ്ഞുപാടുന്നതാണു കഥാസന്ദർഭം. (തമിഴില്‍ വിജയകുമാരിയും മലയാളത്തില്‍ ജയപ്രഭയും അഭിനയിച്ചു.) മനോഹരമായിത്തന്നെ ശ്രീകുമാരൻ തമ്പി അതു മലയാളത്തിൽ പുനരാവിഷ്കരിച്ചു.
‘ഹൃദയത്തിലൊളിദീപം
കൊളുത്തുന്ന നീ എന്റെ
തനുവിൽനിൻനിറം
കോരിച്ചൊരിഞ്ഞില്ലയോ
നിൻമുന്നിൽ ഭക്തർതൻ
പുഷ്പാഞ്ജലി
എൻ കണ്ണിലെന്നെന്നും ബാഷ്പാഞ്ജലി’
‘പാട്ടിന്റെ വൻ വിജയത്തിന്റെ മുഴുവൻ മാർക്കും ഞാൻ സുദർശനത്തിന്റെ സംഗീതത്തിനു നൽകുന്നു.’ ശ്രീകുമാരൻ തമ്പി പറയുന്നു. ശരിയാണ് ഹൃദയമുരുക്കുന്ന ഈണമാണത്. വെറുതെയല്ല ഇന്നും തമിഴ്നാട്ടിലെ ഏറ്റവും ഹിറ്റ് ഭക്തിഗാനങ്ങളിൽ ‘കണ്ണാ കരുമൈ നിറ വർണാ...’ സ്ഥാനം പിടിക്കുന്നത്. ഈ പാട്ടുമാത്രം മാറ്റരുതെന്നു മേരിലാൻഡ് സുബ്രഹ്മണ്യം വാശിപിടിച്ചതും മറ്റൊന്നുകൊണ്ടല്ല. ഗാനത്തിലെ ചരണങ്ങൾക്കു നൽകിയ ഈണം ആരുടെ നെഞ്ചാണ് ഉലയ്ക്കാത്തത്?
ഇത്ര മനോഹരമായ ഈണം സൃഷ്ടിച്ച സുദർശനം ആരാണ്? ഇന്നത്തെ തലമുറ ഏതാണ്ട് പൂർണമായി വിസ്മരിച്ചുപോയ അദ്ദേഹത്തിന്റെ ഒരു നല്ല ഫോട്ടോ പോലും ഇന്നു ലഭ്യമല്ല. ഒരു നൂറ്റാണ്ട് മുൻപ് 1914ൽ ആണു ജനനം. 1991 ഏപ്രിൽ 26ന് അന്തരിച്ചു. ചൈന്നൈയിലെ ആദ്യ സമ്പൂർണ സിനിമാ സ്റ്റുഡിയോ ആയ എവിഎമ്മിലെ സ്റ്റാഫ് സംഗീതസംവിധായകൻ ആയിരുന്നു അദ്ദേഹം. എവിഎമ്മിന്റെ ആദ്യകാലത്തെ എല്ലാ സിനിമകളിലെയും സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ഈണമൊരുക്കിയ പ്രതിഭ. പിൽക്കാലത്തു പ്രശസ്തനായ ടി.കെ.രാമമൂർത്തി (വിശ്വനാഥൻ–രാമമൂർത്തി) സുദർശനന്റെ വയലിനിസ്റ്റ് ആയിരുന്നു.
1947ൽ ‘നാം ഇരുവർ’ എന്ന സിനിമയിൽ തുടങ്ങിയ ജൈത്രയാത്ര. സഭാപതി, പെൺ, കുലദൈവം, രത്തക്കണ്ണീർ, പുംപുഹാർ, അൻപുക്കരങ്കൾ, പൂമാലൈ തുടങ്ങി എത്രയോ സംഗീത ഹിറ്റുകൾ. ശിവാജി ഗണേശന്റെ ആദ്യചിത്രമായ ‘പരാശക്തി’, കമൽ ഹാസന്റെ കന്നിപ്പടം ‘കളത്തൂർ കണ്ണമ്മ’ തുടങ്ങിയവയൊക്കെ സംഗീതം ചെയ്തത് ഇദ്ദേഹമാണ് എന്നറിയുന്നവർ ഇന്നു ചുരുക്കം. കമലിന്റെ ആദ്യഗാനാഭിനയമായ ‘അമ്മാവും നീയേ അപ്പാവും നീയേ...’ സൃഷ്ടിച്ചതും മറ്റാരുമല്ല. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി നൂറോളം സിനിമകൾക്ക് ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.
സുദർശനം മലയാളത്തിലെത്തിയതിന്റെ സുവർണ ജൂബിലി വർഷമാണിത്. 1967ൽ വയലാർ രാമവർമ ഗാനരചന നടത്തിയ ‘കുടുംബം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ മലയാള പ്രവേശം. ‘ചിത്രാ പൗർണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ...’ എന്ന മനോഹരമായ ഈണത്തോടെയായിരുന്നു തുടക്കം. യേശുദാസ് ഇപ്പോഴും ഗാനമേളകളിൽ ഈ പാട്ട് പാടാറുണ്ട്. തിരിച്ചടി (1968) എന്നൊരു ചിത്രത്തിനും സംഗീതം നൽകി. പക്ഷേ, മലയാളമുള്ളിടത്തോളം സുദർശനം നിലനിൽക്കുന്നത് ‘കണ്ണാ കാർമുകിൽ വർണാ...’ എന്ന ഗാനത്തിന്റെ ശിൽപി എന്ന നിലയിലാവും.
ഇന്ത്യൻ സംഗീത ചരിത്രം സുദർശനത്തിനു മുന്നിൽ കൃതജ്ഞതാഭരിതമായി നിൽക്കുന്നതു ചിലപ്പോൾ മറ്റൊരു വലിയ സംഭാവനയുടെ പേരിലാവും. എസ്.ജാനകി, പി.സുശീല എന്നിവരുടെ ശബ്ദപരിശോധന നടത്തി ഇവരിലെ മഹാപ്രതിഭകളെ തിരിച്ചറിഞ്ഞ എവിഎം സ്റ്റുഡിയോയിലെ സൗണ്ട് മാനേജർ സുദർശനം ആയിരുന്നു!