രാജ്യത്തെ ഏറ്റവും വലിയ മ്യൂസിക് കമ്പനിയായിരുന്ന എച്ച്‌എംവി 1969ൽ ആദ്യമായി യേശുദാസിന്റെ ലളിതഗാനങ്ങളുടെ ആൽബം ഇറക്കാൻ ആലോചിക്കുന്നു. ഗാനരചന അക്കാലത്തെ ഒന്നാംനിരക്കാരായ വയലാറിനെയോ പി.ഭാസ്കരനെയോ ഏൽപ്പിക്കണമെന്നു ചെന്നൈ ഓഫിസിൽനിന്നു കൊൽക്കത്തയിലെ ഹെഡ് ഓഫിസിലേക്കു നിർദേശം പോയി.
കച്ചവടത്തിൽ നല്ല ശ്രദ്ധയുണ്ടായിരുന്ന ഹെഡ് ഓഫിസുകാർ തലേവർഷത്തെ മലയാള ഗാനങ്ങളുടെ വിൽപന പരിശോധിച്ചു. അതിൽ ഒന്നാം സ്ഥാനത്ത് ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന സിനിമയായിരുന്നു. ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം..., വൈക്കത്തഷ്ടമി നാളിൽ... തുടങ്ങിയ ഗാനങ്ങൾ. ഈ പാട്ടുകൾ എഴുതിയ ആളെത്തന്നെ പുതിയ ആൽബം ഏൽപിച്ചാൽ മതിയെന്നു കൊൽക്കത്തയിൽനിന്നു നിർദേശിച്ചു. അങ്ങനെയാണ് എച്ച്എംവിയുടെ ആദ്യ മലയാളസ്റ്റീരിയോ റിക്കോർഡ് ആയ ‘മധുരഗീതങ്ങളി’ലെ 12 ഗാനങ്ങളും 30 തികയാത്ത ശ്രീകുമാരൻ തമ്പി എഴുതുന്നത്. (സംഗീതം: ദക്ഷിണാമൂർത്തി).
എച്ച്‌എംവിയുടെ തീരുമാനമറിഞ്ഞ് അമ്പരന്നുപോയെന്നു തമ്പി പറയുന്നു. ‘സാധാരണ ജനങ്ങൾ എളുപ്പത്തിൽ ആസ്വദിക്കണം എന്ന ഒറ്റ നിർദേശമേ എച്ച്‌എംവി എന്റെയടുക്കൽ വച്ചുള്ളൂ. ‘മധുരഗീതങ്ങൾ’ എന്നായിരുന്നു ആൽബത്തിനു പേര്. മലയാളികളുടെ ഏറ്റവും മധുരാനുഭവമായ ഓണമാണ് എന്റെ മനസ്സിൽ ആദ്യം വന്നത്. ഓണത്തെപ്പറ്റിയുള്ള ഗാനംതന്നെ ആദ്യം എഴുതി’. അങ്ങനെ, നമ്മുടെ ഓണക്കാലത്തെ തുയിലുണർത്തുന്ന
‘തുയിലുണരൂ, തുയിലുണരൂ തുമ്പികളേ... തുമ്പപ്പൂങ്കാട്ടിലെ വീണകളേ’
എന്ന ഗാനം പിറന്നു. ശ്രീകുമാരൻ തമ്പിയുടെ വിപണിയിലെത്തിയ ആദ്യ ഓണപ്പാട്ട് ഇതായിരുന്നു. ‘ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...’ എന്നൊരു ഓണപ്പാട്ടുകൂടി ആ ആൽബത്തിൽ ഉണ്ടായിരുന്നു. (സൂപ്പർ ഹിറ്റായ ഈ ആൽബം പിന്നീട് വ്യത്യസ്തമായ നാല് പേരുകളിൽക്കൂടി എച്ച്എംവി ഇറക്കിയിട്ടുണ്ട്.)
മലയാള സിനിമയിൻ ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ എഴുതിയതും ഓണത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ലളിതഗാനങ്ങൾ എഴുതിയതും ഓണത്തോടുള്ള പ്രേമം മൂത്ത് ‘തിരുവോണം’ എന്ന പേരിൽ സിനിമ സംവിധാനം ചെയ്തതുമൊക്കെ മറ്റാരുമല്ല – ശ്രീകുമാരൻ തമ്പിതന്നെ.
സുഖാനുഭവത്തെപ്പോലും
‘ആ നിമിഷത്തിന്റെ നിർവൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി’
(ചന്ദ്രകാന്തം. സംഗീതം–എം.എസ്. വിശ്വനാഥൻ)
എന്നാണു തമ്പി വിശേഷിപ്പിച്ചത്. ‘മിനിമോൾ’ എന്ന ചിത്രത്തിലെ ‘കേരളം കേരളം...’ എന്ന ഗാനത്തിലും തമ്പിയുടെ ഓണഭ്രാന്ത് തെളിഞ്ഞുകാണാം.
‘പൂവണിപ്പൊന്നിൻചിങ്ങ–
പ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ
മാവേലി മന്നന്റെ
മാണിക്യ തേരുവരും
മാനസപ്പൂക്കളങ്ങളാടും’
(സംഗീതം – ദേവരാജൻ)
മധുര ഗീതങ്ങൾ (സംഗീതം-ദക്ഷിണാമൂർത്തി), പൊന്നോണ തരംഗിണി (രവീന്ദ്രൻ), പൂവണി (ശ്രീകുമാരൻ തമ്പി), തിരുവോണപ്പാട്ട് (എം. ജയചന്ദ്രൻ സംഗീതം നൽകിയ ആദ്യ ആൽബം), ഉൽസവ ഗാനങ്ങൾ1, 3 (രവീന്ദ്രൻ) തുടങ്ങിയ ആൽബങ്ങളിലെയെല്ലാം ഓണപ്പാട്ടുകൾ തമ്പിയുടേതാണ്. അദ്ദേഹം പറയുന്നു – ‘ഇത്രയധികം ഓണപ്പാട്ടുകൾ എഴുതിയതു തെല്ലു വിസ്‌മയത്തോടെയാണു ഞാൻ കാണുന്നത്. ഇതിലൊന്നു പോലും ക്ലേശിച്ച് എഴുതിയതല്ല. അറിയാതെ പിറവിയെടുത്തവയാണ്. എന്റെ മനസ്സിൽ ഏറ്റവും ഉൽസാഹം നിറയ്‌ക്കുന്ന അനുഭവമാണ് ഓണം. അതുകൊണ്ടാവാം...’
നീരസത്തിൽ പിറന്ന ‘പൂവിളി...’
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഈ ഓണപ്പാട്ടിന്റെ പിറവി നീരസത്തിൽനിന്നാണ്. ചിത്രം – വിഷുക്കണി (1977). ശ്രീകുമാരൻ തമ്പിയും സംഗീത സംവിധായകൻ സലിൽ ചൗധരിയും ആദ്യമായി ഒന്നിച്ച സിനിമയാണിത്. സലിൽ ചൗധരി–ഒഎൻവി കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായ സമയത്താണ് വിഷുക്കണിക്കുവേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. ഒഎൻവിതന്നെ പാട്ടെഴുതിയാൽ മതിയെന്നു സലിൽ ചൗധരി അഭിപ്രായപ്പെട്ടെങ്കിലും തമ്പി മതിയെന്ന് സംവിധായകൻ ശശികുമാർ ഉറപ്പിച്ചു പറഞ്ഞു.
ഇതിന്റെ നീരസത്തിലാണ് സലിൽ ചൗധരി ഈണം ഉണ്ടാക്കാനിരുന്നത്. ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കംപോസിങ്. ആദ്യം ചെയ്തത് ‘പൂവിളി...’ ആണ്. ജന്മിയുടെ മകളെ വിവാഹം കഴിച്ച കർഷകയുവാവിന്റെ ആഹ്ലാദമാണു ഗാനപശ്ചാത്തലം. സലിൽ ചൗധരി ഉൽസവതാളത്തിൽ ഇമ്പമാർന്ന ഈണം ഉണ്ടാക്കി. തമ്പി അപ്പോൾത്തന്നെ വരികൾ എഴുതി...
‘പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ...’
സലിൽ ചൗധരിയുടെ മുഖം തെളിഞ്ഞു. അടുത്തതായി ഒരു താരാട്ട് പാട്ട്. സലിൽദാ ഈണമിട്ടു. തമ്പി എഴുതി
‘മലർക്കൊടി പോലെ
വർണത്തുടിപോലെ
മയങ്ങൂ...നീയെൻ മടിമേലേ...’
സലിൽ ചൗധരി എഴുന്നേറ്റുവന്നു തമ്പിയെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു. ‘You are the fastest writer I have ever met.’ (ഞാൻ കണ്ടിട്ടുള്ള എഴുത്തുകാരിൽ ഏറ്റവും വേഗത്തിൽ പാട്ടെഴുതുന്നയാൾ താങ്കളാണ്). ആദ്യസമാഗമത്തിലെ ഈ സന്തോഷത്തിൽ ഒരു ബോണസ്കൂടി ഉണ്ടായി. അക്കഥ ശ്രീകുമാരൻ തമ്പി തന്നെ പറയട്ടെ: ‘‘ആദ്യ രണ്ടു പാട്ട് വേഗം കംപോസ് ചെയ്തു കഴിഞ്ഞപ്പോൾ സലിൽ ചൗധരി പറഞ്ഞു. ‘ഞാനൊരു കൗശല ഈണം ഉണ്ടാക്കിയിട്ടുണ്ട്. പലരോടും പറഞ്ഞിട്ടും ആർക്കും ഇതുവരെ വരികൾ എഴുതാൻ പറ്റിയിട്ടില്ല. രണ്ടക്ഷരം മാത്രമുള്ള വാക്കുകളേ ഇതിനു പറ്റൂ. താങ്കൾക്ക് സാധിക്കുമോ?’ ശ്രമിക്കാമെന്നു ഞാൻ പറഞ്ഞു. സലിൽ ചൗധരി ഈണം കേൾപ്പിച്ചു. അപ്പോൾത്തന്നെ ഞാൻ എഴുതി.
‘കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന്
കാറ്റിൽ തൂവും കസ്തൂരി നിൻ വാക്ക്’
പാട്ട് എല്ലാവർക്കും ഇഷ്ടമായി. വാണി ജയറാം പാടി ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തി. ഹിറ്റാവുകയും ചെയ്തു. സത്യത്തിൽ എന്റെ രചനാവൈഭവത്തെ സലിൽ ചൗധരി പരീക്ഷിച്ചതാണെന്ന് ഞാൻ പിന്നീട് അറിഞ്ഞു’.
തിരുവോണപ്പുലരിതൻ...
ശ്രീകുമാരൻ തമ്പിതന്നെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രമാണു തിരുവോണം (1975, നിർമാണം–കെ.പി. മോഹനൻ). അഭിനയ ഇതിഹാസങ്ങളായ പ്രേം നസീറും കമൽഹാസനും ഒന്നിച്ചഭിനയിച്ച ഏക ചിത്രം. ഒരു തറവാട്ടിലേക്ക് തിരുവോണദിനം ശ്രീകൃഷ്ണൻ എന്നു പേരുള്ള ഒരു യുവാവ് കയറിവരുന്നതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഇതിവൃത്തം. വൻ വിജയമായ ഈ സിനിമയിലെ ഗാനമാണു
‘തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ചവാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി’
ഈ ഗാനത്തിന്റെ സംഗീതത്തിന്റെ പ്രത്യേകതയെപ്പറ്റി തമ്പി പറയുന്നു. ‘ആരഭി രാഗത്തിലാണ് എം.കെ. അർജുനൻ ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആസ്വാദകനു പ്രതീക്ഷയും ആഹ്ലാദവും പകരുന്ന ഈണമാണ് ആരഭി. ഓണപ്പാട്ടിന് ഏറ്റവും അനുയോജ്യമായ രാഗം. അർജുനന്റെ ഈ തിരഞ്ഞെടുപ്പ് ഗാനത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.’
തല്ലു കിട്ടിയ ‘തിരുവോണം’
കാവാലത്തു ‘തിരുവോണം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടീനടന്മാരും യൂണിറ്റ് അംഗങ്ങളും നാട്ടുകാരും നോക്കിനിൽക്കെ കരണക്കുറ്റിക്ക് അടിവാങ്ങിയ സംവിധായകനാണ് ശ്രീകുമാരൻ തമ്പി. തല്ലിയതു മറ്റാരുമല്ല; സ്വന്തം ചേട്ടൻ പി.വി. തമ്പി. ഷോട്ട് എടുക്കുന്നതിനിടയിലാണ് അടിവീണത്. നസീറും കമൽഹാസനും ഉമ്മറുമടക്കമുള്ള താരങ്ങൾ ഞെട്ടിപ്പോയി.
ആ സ്നേഹാനുഭവം ശ്രീകുമാരൻ തമ്പി വിവരിക്കുന്നു: ‘ചേട്ടൻ കടവിലൂടെ വരുന്നത് ക്യാമറയുടെ ആംഗിൾ നോക്കുന്നതിനിടയിൽ ഞാൻ കണ്ടിരുന്നു. അഭിഭാഷകനായ അദ്ദേഹം ഏതെങ്കിലും കക്ഷിയെ കാണാനാവും ആ നാട്ടിലേക്കു വരുന്നതെന്നു ഞാൻ കരുതി. അങ്ങനെ നിൽക്കുമ്പോഴാണു പിന്നിൽനിന്ന് അടിവീണത്. അടിതന്നു കഴിഞ്ഞ് കാര്യം പറയുന്ന സ്വഭാവക്കാരനാണ് ജ്യേഷ്‌ഠൻ. സെറ്റാകെ സ്തംഭിച്ചു നിൽക്കുമ്പോൾ ചേട്ടൻ ചോദിച്ചു ‘വീടിന്റെ മുമ്പിലൂടെ പോയാലും നീ വീട്ടിൽ കയറില്ല, അല്ലേ... അഹങ്കാരി?’
തിരുവനന്തപുരത്തുനിന്നു രാവിലെ കാറിൽ ഹരിപ്പാട്ടെ തറവാടിനു മുന്നിലൂടെയാണ് ഞാൻ കാവാലത്തെ ലൊക്കേഷനിലേക്കു വന്നത്. എന്നിട്ടും വീട്ടിൽ കയറിയില്ല. ചേട്ടനതു വലിയ പ്രയാസമായി. ചെറുപ്പത്തിലേ അച്ഛൻ അകന്നുപോയ ഞങ്ങളുടെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടിവന്ന വല്യേട്ടന് അച്‌ഛന്റെ സ്‌ഥാനമായിരുന്നു. കാര്യമറിഞ്ഞപ്പോൾ പ്രേം നസീർ ചേട്ടനെ ആശ്വസിപ്പിച്ചു. ഊണു കഴിച്ചിട്ടേ പോകാവൂ എന്ന് കമൽഹാസൻ അദ്ദേഹത്തെ നിർബന്ധിച്ചു. ആ സ്നേഹനിർബന്ധത്തിന് അദ്ദേഹം വഴങ്ങി.’
നഷ്ടപ്രണയത്തിന്റെ നാട്ടിലേക്ക്
ഓണമെന്നാൽ നഷ്ടപ്പെട്ടുപോയ ചില സ്നേഹസുഗന്ധങ്ങളുടെ താത്കാലികമായ വീണ്ടെടുപ്പുകൂടിയാണു തമ്പിക്ക്. ‘കാലത്തിൻ കോലത്താൽ വേർപിരിഞ്ഞോർക്ക്’ വീണ്ടും കാണാനുള്ള അവസരമാണിത്. ജീവിതാവസ്ഥകൾക്കൊക്കെ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. എന്നിരുന്നാലും...
‘ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർക്കുംനിൻ
ഉണ്ണിയെ ഞാനിന്നു കണ്ടു
കണ്ണെടുക്കാതെ ഞാൻ നോക്കിനിന്നു
മാഞ്ഞവർണങ്ങൾ വീണ്ടും തെളിഞ്ഞു...’
(ഉൽസവഗാനങ്ങൾ–രവീന്ദ്രൻ)
‘ഒന്നും മറന്നിട്ടില്ലിന്നോളം നീയെന്നാ
കണ്ണീർപ്പൊടിപ്പുകൾ ചൊല്ലി!
ആദ്യത്തെ ചുംബനം പൂശിയ നാണ–
മൊന്നാമുഖത്താളി മറഞ്ഞു.’
(പൊന്നോണ തരംഗിണി– രവീന്ദ്രൻ)
നഷ്ടപ്രണയമാണ് യഥാർഥ പ്രണയമെന്നു തമ്പി പറയുന്നു. ‘സഫല പ്രണയത്തിൽ പ്രണയിനിയെ നേടുന്നു, പ്രണയം മരിക്കുന്നു. നഷ്ടപ്രണയത്തിൽ പ്രണയിനിയെ നഷ്ടപ്പെടുന്നു, പ്രണയം ജീവിക്കുന്നു. അങ്ങനെ ഒരിക്കലും മരിക്കാത്ത പ്രണയത്തിലേക്കുള്ള സഞ്ചാരം കൂടിയാവുന്നു ഓണക്കാല ഗൃഹാതുരത.’
വേദനയുടെ ഓണം
തരംഗിണിയുടെ ഓണപ്പാട്ടുകളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ‘ഉത്രാടപ്പൂനിലാവേ വാ...’ എന്ന ഗാനം ഓണത്തിന്റെ സന്തോഷമല്ല, മറിച്ചു വേദന വിഷയമാക്കുന്നു എന്നതാണു കൗതുകം. ഹംസധ്വനി രാഗത്തിൽ രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ ചരണം ഇങ്ങനെ:
‘തിരുവോണത്തിനു കോടിയുടുക്കുവാൻ
കൊതിക്കുന്ന തെരുവിൻ മക്കൾ
അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ’
എല്ലാ ദുഃഖവും മറന്ന് ആഘോഷിക്കേണ്ട ഓണത്തെപ്പറ്റി ഇങ്ങനെ പാട്ടെഴുതിയതിനു കവിയുടെ വിശദീകരണം കേൾക്കുക. ‘സ്വാതന്ത്ര്യം നേടി ഇത്രനാൾ കഴിഞ്ഞിട്ടും ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ലഭിക്കാത്ത കോടിക്കണക്കിനു മനുഷ്യർ നമുക്കിടയിലുണ്ട്. അതെന്റെ വേദനയാണ്. ഓണക്കാലത്തും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുണ്ട്. അവർക്കായി സമർപ്പിച്ച ഗാനമാണിത്. ആഘോഷപ്പാട്ടു മാത്രമല്ല ജനം ഇഷ്ടപ്പെടുന്നത് എന്നതിന്റെ തെളിവാണ് ഇതിനു ലഭിച്ച ജനപ്രീതി. ഞാൻ എഴുതിയ ഓണപ്പാട്ടുകളിൽ ഏറ്റവും വലിയ ഹിറ്റ് ഇന്നും ഇതാണ്.’
ഓണത്തിന്റെ കൂടുതൽ നേരുകളിലേക്ക് ആ തൂലിക നമ്മെ ക്ഷണിക്കുന്നു. അതുതന്നെയാണ് അദ്ദേഹത്തെ മറ്റ് ഓണപ്പാട്ടുകാരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.
അതേ, എല്ലാ ഋതുക്കളും വസന്തമാണെന്നു ശ്രീകുമാരൻ തമ്പി കള്ളം പറയുന്നില്ല.