എവിടെയായിരുന്നു ബിജു നാരായണൻ ?

ബിജു നാരായണൻ

ആദ്യ വരി കേൾക്കുമ്പോള്‍ പൂമണവുമായി ഒരു ചെറുകാറ്റ് വന്നണയും... അവസാന വരിയും കേട്ടു കഴിയുമ്പോള്‍ മനസ്സിലൊരു ചെമ്പനീർക്കാടു പൂത്തു നിൽക്കും. ആ സുഗന്ധം ജീവാംശമായി മാറിക്കഴിയും. മനസ്സിലങ്ങനെ എത്രയോ ഗാനങ്ങള്‍ കാലങ്ങളായി കൂട്ടിവച്ചിരിക്കുന്നു. ആ പഴയ ഗാനങ്ങളുടെ ഭംഗിയാണ് ഇന്നത്തെ ഗാനങ്ങള്‍ക്കില്ലാതെ പോകുന്നത്. ആ പാട്ടുകള്‍ പാടിയവരില്‍ ഒരു ന്യൂനപക്ഷത്തിന്റെ സ്വരമേ ഇന്നും കേള്‍ക്കാനാകുന്നുള്ളൂ. മറ്റുള്ളവര്‍ കാലത്തിന്റെ ഒഴുക്കില്‍പ്പെട്ടെന്നോണം വലിയ ഇടവേളകളിലേക്കു പോയി. എന്നാലും ഇടയ്ക്കിടെ അവർ തിരികെയെത്തും. അന്നേരമാകട്ടെ രാപകല്‍ സുഗന്ധം പൊഴിക്കുന്ന പാരിജാതപ്പൂ പോലുള്ള പാട്ടുകളായിരിക്കും അത്. ആ സ്വരം നമ്മെ പഴയകാലത്തിലേക്കും ഒത്തിരി സന്തോഷത്തിലേക്കും കൈപിടിക്കും. അങ്ങനെയൊരു പാട്ടു കേട്ടതിന്റെ സന്തോഷത്തിലാണു നമ്മള്‍. ‘ഞാന്‍ മേരിക്കുട്ടി’യിലെ ദൂരെ ദൂരെ എന്ന ഗാനം. നേരമിങ്ങു വിടര്‍ന്നു വരും നേരത്തെ പുലര്‍കാലത്ത് പാതിവിടർന്നൊരു കസ്തൂരി മുല്ലയുടെ ഭംഗിയുള്ള പാട്ട്. ബിജു നാരായണനാണ് ആ ഗാനം പാടിയത്. സിനിമാ സംഗീത ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍, ചെറിയൊരിടവേളയ്ക്കു ശേഷം മനോഹരമായൊരു ഗാനം. കാലങ്ങള്‍ക്കു ശേഷം ബിജു നാരായണന്റെ സ്വരം കേട്ടപ്പോള്‍ അത്രമേല്‍ സന്തോഷം.‌

എവിടെയായിരുന്നു ഇത്രയും കാലം എന്നു ചോദിച്ചാല്‍, എങ്ങും പോയിട്ടില്ല. പക്ഷേ ആളുകള്‍ ശ്രദ്ധിക്കുന്നതും ഒരുപാടു പോപ്പുലര്‍ ആയതുമായ ഗാനങ്ങള്‍ പാടിയില്ലെന്നേയുള്ളൂ. സംഗീതരംഗത്തു തന്നെ ഉണ്ടായിരുന്നു. ഡിവോഷണല്‍ ആല്‍ബങ്ങളുടെയും അല്ലാത്ത ആല്‍ബങ്ങളുടെയും റെക്കോഡിങ്ങുമായി തിരക്കിട്ട ജീവിതം തന്നെയായിരുന്നു. സംഗീത പരിപാടികളുമുണ്ടായിരുന്നു. ഇതിനിടയില്‍ സര്‍വ്വോപരി പാലാക്കാരന്‍, ഓര്‍ഡിനറി, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിൽ പാടി. പാട്ടുകൾ പുറത്തിറങ്ങി കുറേക്കഴിഞ്ഞ് കുറേ പേര്‍ മെസേജ് അയച്ചിരുന്നു ‘ഓ, ചേട്ടന്‍ പാടിയ പാട്ടാണോ ഇത്’ എന്നു ചോദിച്ച്. ആളുകള്‍ തിരിച്ചറിയുന്നേയില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നേയില്ല അതു പാടിയത് ആരാണെന്ന്. ഒരു പാട്ട് പ്രേക്ഷകശ്രദ്ധ നേടുക എന്നത് ഇന്നു ശ്രമകരമായ കാര്യമാണ്. സത്യം ശിവം സുന്ദരത്തിലെ ‘സൂര്യനായ് തഴുകി ഉണക്കമുണര്‍ത്തുമെന്നച്ഛന്‍’ എന്ന പാട്ട് പുറത്തിറങ്ങി ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അതു ഞാനാണ് പാടിയതെന്ന് വലിയൊരു കൂട്ടം കേൾവിക്കാരും തിരിച്ചറിഞ്ഞത്. മേരിക്കുട്ടിയിലെ ഗാനം പുറത്തു വന്നപ്പോള്‍ സുഹൃത്തുക്കളും അറിയുന്നവരും അല്ലാത്തവരുമൊക്കെ നല്ല തിരിച്ചു വരവ് എന്നു പറഞ്ഞ് സന്ദേശം അയച്ചിരുന്നു. തിരിച്ചു വരാന്‍ ഞാനെങ്ങും പോയിട്ടില്ലല്ലോ. എങ്കിലും അവരുടെ സ്‌നേഹം തിരിച്ചറിയാനായി ഈ പാട്ടിലൂടെ.

ബിജു നാരായണൻ

അന്നും ഇന്നും

പണ്ടത്തെ സിനിമകളല്ല ഇപ്പോഴത്തേത്. സിനിമകളുടെ പാറ്റേണ്‍ തന്നെ മാറി. അപ്പോള്‍ പാട്ടുകള്‍ക്കും അതിന്റേതായ മാറ്റം വരുമല്ലോ. നെഗറ്റീവ് ആയിട്ടല്ല പറയുന്നത്. ഇന്ന് ആളുകളൊക്കെ വല്ലാത്ത തിരക്കിലാണ്. അങ്ങനെയല്ലാത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. പണ്ടത്തെപ്പോലെ പുതിയ പാട്ട് ഇറങ്ങിയോ എന്നു നോക്കിയിരിക്കാനുള്ള സമയം പലർക്കുമില്ല. ഒരു പാട്ട് ശ്രദ്ധയിലേക്കു വന്നാല്‍ അതു കേൾക്കുമെന്നു മാത്രം. അതുപോലെ, ടെക്‌നോളജി വളര്‍ന്നതോടെ മറ്റു ഭാഷകളിലെ ഗാനങ്ങള്‍ കേള്‍ക്കാനുള്ള സാഹചര്യം വന്നു. അപ്പോള്‍ ഇഷ്ടങ്ങളിലും മാറ്റം വന്നു. 

ഇന്നും ഒരുപാടു ഗാനങ്ങള്‍ ഇറങ്ങുന്നുണ്ട്. പക്ഷേ അതില്‍ ശ്രദ്ധിക്കപ്പെടുന്നവ വിരളമാണ്. പണ്ട് ഒരു അഞ്ഞൂറ് ഗാനങ്ങള്‍ പുറത്തിറങ്ങിയാല്‍ മുന്നൂറെണ്ണമെങ്കിലും ഹിറ്റ് ആകും. ഇന്ന് അതല്ല സ്ഥിതി. പണ്ടു നമ്മള്‍ ഒരു സിനിമയില്‍ ഒരു ഗാനമേ പാടുന്നുള്ളൂവെങ്കില്‍ക്കൂടി അതു തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും കാണും. കാസറ്റുകളിലൊക്കെ നമ്മുടെ ഫോട്ടോയൊക്കെ വച്ചാണ് വരിക. എല്ലാവരും അറിയും. ഇന്ന് അതല്ല. പാട്ട് ഹിറ്റ്് ആയാല്‍ പോലും അതിനു പിന്നില്‍ ആരൊക്കെയാണുള്ളതെന്ന കാര്യം പറയാന്‍ എഫ്എം റേഡിയോക്കാർ പോലും മറന്നു പോകും. 

വിഷമമൊന്നുമില്ല

വന്‍ ഹിറ്റുകള്‍ കിട്ടുന്നില്ലെന്ന പരാതിയൊന്നുമില്ല. അതൊരിക്കലും ഉണ്ടായിട്ടില്ല. പാടാന്‍ കഴിയുന്നല്ലോ എന്നതുതന്നെ വലിയ സന്തോഷമാണ്. ഇന്നും സംഗീത പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ ആളുകള്‍ക്കൊക്കെ വലിയ സ്‌നേഹമാണ്. അതൊരു വലിയ സന്തോഷമല്ലേ. പിന്നെ ഈ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ കൃത്യമായ ഇടവേളകളില്‍ മേരിക്കുട്ടിയിലേതു പോലെ ശ്രദ്ധേയമായ ഗാനങ്ങള്‍ തേടിവരാറുണ്ട്. ആദ്യ ഗാനം ‘പത്തു വെളുപ്പിന്...’ ആയാലും മേരിക്കുട്ടിയിലെ ‘ദൂരെ ദൂരെ...’ ആയാലും അങ്ങനെയുള്ളതാണ്. അതുകൊണ്ടു സങ്കടമൊന്നുമില്ല. ഏതു പാട്ടു പാടാന്‍ വിളിച്ചാലും പോകും. പരമാവധി സംഗീത പരിപാടികളിലും പങ്കെടുക്കാറുണ്ട്. ജീവിതം ഹാപ്പിയാണ്.

ആനന്ദ് മധുസൂദനനൊപ്പം ബിജു നാരായണൻ

ആദ്യ ഗാനം!

ചേച്ചിയെ പാട്ടു പഠിപ്പിക്കാന്‍ വന്ന മാഷ് എന്റെയും ഗുരുവായി. പാടാന്‍ കഴിവുണ്ടെന്നറിഞ്ഞതോടെ വീട്ടില്‍നിന്ന് എതിര്‍പ്പൊന്നുമുണ്ടായില്ല.അന്നു മുതല്‍ക്കേ സ്കൂളിലും കോളജിലുമൊക്കെ മൽസരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങളൊക്കെ വാങ്ങിയിരുന്നു. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവുമൊക്കെ കിട്ടിയിട്ടുണ്ട്. മഹാരാജാസിലായിരുന്നു പ്രീഡിഗ്രി.  ഇതാണ് കരിയര്‍ എന്നൊക്കെ തീരുമാനിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. ആ സമയമായപ്പോള്‍ റെക്കോഡിങ്ങിനൊക്കെ പോയിത്തുടങ്ങി. പിന്നെ തിരക്കായി. വേറൊരു പ്രഫഷനെക്കുറിച്ചു ചിന്തിക്കാനുള്ള സമയമൊന്നും കിട്ടിയില്ല. 

സിനിമയില്‍ പാടി തുടങ്ങിയിട്ട് 25 വർഷമെ ആയിട്ടേയുള്ളെങ്കിലും അതിനും അഞ്ച് കൊല്ലം മുന്‍പേ കാസേറ്റുകളിലൊക്കെ പാടി തുടങ്ങിയിരുന്നു. അങ്ങനെയാണ് ജോണി സാഗരികയെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് രവീന്ദ്രന്‍ മാസ്റ്ററിനോട് എന്റെ കാര്യം പറയുന്നതും വെങ്കലത്തിലെ പത്തു വെളുപ്പിന് എന്ന പാട്ട് പാടാന്‍ അവസരം കിട്ടുന്നതും. രവീന്ദ്രന്‍ മാസ്റ്റര്‍ വളരെ കൂള്‍ ആയ വ്യക്തിയാണ്. നമുക്ക് ആരാധനയും പേടിയും സ്‌നേഹവും ഒരുപോലെ തോന്നുന്ന വ്യക്തിത്വം. പാട്ടുകാരിൽനിന്ന് എന്താണോ വേണ്ടത് അതു കൃത്യമായി വളരെ ശാന്തതയോടെ അദ്ദേഹം പാടിച്ചെടുക്കും. അന്നൊക്കെ ലൈവ് റെക്കോഡിങ്ങാണ്. അക്കാലത്തും പിന്നീട് റെക്കോഡിങ് തികച്ചും മോഡേണ്‍ ആയപ്പോഴും പാടാനായി. 

മേരിക്കുട്ടിയുടെ പാട്ട്!

മനോഹരമായ വരികളാണ്. കേട്ടിരിക്കുമ്പോള്‍ മനസ്സു പാറിപ്പോകുന്ന പോലെ, ഒത്തിരി സന്തോഷം തോന്നുന്ന വരികള്‍. ഇന്നത്തെ കാലത്ത് അനേകം പാട്ടുകള്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമുള്ളപ്പോൾ ആ ഒരു ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കില്‍ അതിന്റെ ഭംഗി കൊണ്ടു മാത്രമാണ്. ആനന്ദ് മധുസൂദനനാണ് സംഗീതം പകര്‍ന്നത്. ആനന്ദ് വളരെ ബ്രില്യന്റായ സംഗീത സംവിധായകനാണ്. പാട്ടുകള്‍ മാത്രമല്ല, റീ റെക്കോഡിങും ചെയ്ത്, ഒരു സിനിമയുടെ മൊത്തം സംഗീതം കൈകാര്യം ചെയ്ത്, ആ ചിത്രത്തിന്റെ മൂഡ് സംഗീതത്തിലൂടെ സംവദിക്കുക ചെറിയ കാര്യമല്ല. ആനന്ദ് ആ പ്രതിഭയുള്ള ആളാണ്. റെക്കോഡിങ്ങിന് ഇരുന്നപ്പോഴേ എനിക്കു മനസ്സിലായി ആനന്ദിന്റെ കഴിവ്. വരികള്‍ എഴുതിയത് സന്തോഷ് വര്‍മയാണ്. അദ്ദേഹമാണ് എന്റെ പേര് പറഞ്ഞത്. അതെനിക്ക് നല്ലൊരു ഗാനം സമ്മാനിച്ചു.

ഓര്‍മകള്‍ സന്തോഷങ്ങള്‍...

ചലച്ചിത്ര സംഗീതത്തിലെ ഒരു സുവര്‍ണ കാലത്തിന്റെ അവസാനഘട്ടത്തിലാണ് ഞാന്‍ വരുന്നത്. എന്നിട്ടും എം.എസ്.വിശ്വനാഥന്‍, രാഘവന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെയൊക്കെ പാട്ടുകള്‍ പാടാനായി. പണ്ടൊക്കെ ഓര്‍ക്കസ്ട്രയ്ക്ക് ഒപ്പമിരുന്നു പ്രാക്ടീസ് ചെയ്തിട്ടാണ് പാടുക. ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രത്തില്‍ ചിത്രച്ചേച്ചിയും ഞാനുമൊക്കെ ഒരുമിച്ചിരുന്നാണ് പാടി പഠിച്ചു പാടിയത്. അങ്ങനെ ഒരുപാട് ഓര്‍മകള്‍. ഓരോ പാട്ടും പുറത്തിറങ്ങുമ്പോൾ കേള്‍വിക്കാരില്‍നിന്നു കിട്ടിയിരുന്ന സ്‌നേഹം, അവരിന്നും തിരിച്ചറിയുന്നത്, എല്ലാം നല്ല ഓര്‍മകളാണ്.

നീ വരുവോളം എന്ന ചിത്രത്തില്‍ പൂ നിലാവോ എന്ന പാട്ട് ചിത്രച്ചേച്ചിയോടൊപ്പം പാടുമ്പോൾ, ഒരിടത്ത് ചെറിയൊരു മാറ്റം വന്നാല്‍ നന്നായിരിക്കും എന്നു തോന്നിയിട്ട് ഞാന്‍ ഇംപ്രവൈസ് ചെയ്തു പാടി. എന്നിട്ടത് സംഗീത സംവിധാനം ചെയ്ത ജോണ്‍സേട്ടനോടു പറഞ്ഞു. സാധാരണ അത്തരം മാറ്റങ്ങള്‍ അദ്ദേഹം അനുവദിക്കാറില്ല. പക്ഷേ ഇതെന്തോ ഇഷ്ടമായി. അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ചിരി കണ്ട് എനിക്കും സന്തോഷമായി. അങ്ങനെ ഒരുപാടു നല്ല അനുഭവങ്ങളുണ്ട്.

അതുപോലെ പുതിയ തലമുറയിലെ ബിജിബാല്‍, രതീഷ് വേഗ, ഇപ്പോള്‍ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി. ആല്‍ബം ഗാനങ്ങളില്‍ എന്നും ഹിറ്റ് ആയ ‘ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്’, ‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ തുടങ്ങിയ പാട്ടുകളും പാടാനായി. അനേകം ഗായകര്‍ ഉള്ള കാലത്ത് നമുക്കിത്രയെങ്കിലും പാടാനാകുന്നല്ലോ.

സ്വപ്‌നങ്ങള്‍!

അങ്ങനൊന്നുമില്ല. എന്നും പാടാന്‍ കഴിയണം, അത്രേയുള്ളൂ. പാട്ടില്‍ വേര്‍തിരിവൊന്നുമില്ല. പാട്ട് പാടുന്നതാണ് ഏറ്റവും വലിയ സന്തോഷം. അതിനു സാധിക്കണമെന്ന പ്രാര്‍ഥനയേയുള്ളൂ...