പ്രിയപ്പെട്ട ജോബ് കുര്യൻ, നിങ്ങളൊരു പച്ചമനുഷ്യനായ പ്രതിഭാസമാണ്!

job-kurian
SHARE

ഡിസംബർ പതിനഞ്ച്, 2018. നന്മയുടെ വർണ്ണവിളക്കുകൾ  മിഴികളിൽ കൊളുത്തി, ചിരി തൂകി നിൽക്കയാണ് ഡിസംബർ.  തണുത്തുറഞ്ഞ കൈകൾ കൊണ്ടു മുഖം പൊത്തി , ഡിസംബർ നെയ്ത മഞ്ഞിന്റെ നേർത്ത പുതപ്പിനടിയിൽ  ചുരുണ്ടുകൂടി,  ഒരു കോണിലൂടെ, തല മാത്രം പുറത്തേക്കിട്ടു ആഘോഷരാവുകളെ നോക്കിക്കാണുന്ന ബോസ്റ്റൺ .  മണ്ണും വിണ്ണും ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളിൽ മുങ്ങിനിൽക്കുകയാണ്. ദീപാലങ്കാരങ്ങളാൽ അലംകൃതമാണോരോ വീടും, മേടും, പുൽക്കൊടികൾ പോലും.   

വെള്ളപുതപ്പിൽ നിന്നും പുറത്തേക്കിറങ്ങി,  ശീതക്കാറ്റിന്റെ വിറയൻ വിരലുകൾ  അലങ്കോലമാക്കിയ മുടി മാടിയൊതുക്കി, ഉത്സവത്തിമിർപ്പിൽ ബോസ്റ്റൺ നടക്കുകയാണ്.  നീണ്ടു തണുത്ത വിരലുകൾ കൊണ്ട്, ദൂരെ നിന്നും ഒഴുകി വരുന്ന ഒരു നാദലയത്തിനു ചെവി വട്ടം പിടിക്കുന്നുമുണ്ട്.  ആ ഗാനത്തിനു ചുവടു പിടിച്ച്, ഏതോ  മായാവലയത്തിലെന്ന പോലെ അവർ നടന്നെത്തുന്നത് ബോസ്റ്റണിനടുത്തുള്ള ന്യൂ ഹാംപ്‌ഷെയറിലെ നാഷ്വ  സൗത്ത് ഹൈസ്ക്കൂളിലേയ്ക്കാണ്.. ന്യൂ ഇംഗ്ലണ്ട് മലയാളി അസ്സോസ്സിയേഷൻ   (NEMA ) സംഘടിപ്പിക്കുന്ന  ക്രിസ്തുമസ് ആഘോഷം നടക്കുകയാണ് അവിടെ. വാതിൽ തുറന്നകത്തെത്തിയ അവർ പല പല സ്റ്റാളുകളിലായി വില്പനയ്ക്ക് വെച്ചിരുന്ന നിറപ്പകിട്ടുള്ള  ചുരിദാറുകളും, ചിത്രപ്പണികൾ ചെയ്ത ആഭരണങ്ങളും നിറഞ്ഞ നീണ്ട ഹാളും,  ഹാളിന്റെ ഒരു കോണിൽ, അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്കു സമീപം, കേട്ടു വളർന്ന സാന്താക്ളോസിനെ അതിശയകരമാം വിധം അനുസ്മരിപ്പിച്ച്, പതുപതുത്ത ചുവന്ന കുപ്പായത്തിൽ, ശാന്തമായി പുഞ്ചിരി തൂകി,  വെള്ളിത്താടിയുഴിഞ്ഞു നിൽക്കുന്ന ക്രിസ്തുമസ് ഫാദറിനെയും കൈ വീശി കാണിച്ച് 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി' എന്ന അവിസ്മരണീയ ഗാനത്തിന്റെ നിർവൃതിയിൽ അലിഞ്ഞ് മുന്നിൽക്കണ്ട വാതിലിലൂടെ ഓഡിറ്റോറിയത്തിലേക്ക്.. അവിടെ സ്റ്റേജിൽ,  ചാണകപ്പച്ച നിറമുള്ള ഷർട്ടും പച്ചക്കരയുള്ള മുണ്ടും ധരിച്ച കൃശഗാത്രനായ ഒരു ചെറുപ്പക്കാരൻ.  'NEMA ക്രിസ്മസ് സെലിബ്രേഷൻ' എന്നെഴുതിയ വർണ്ണശബളമായ ബാനറിനെ പശ്ചാത്തലമാക്കി, കേവലം ഒരു പിയാനോയിൽ നിന്നു മാത്രം ഉതിരുന്ന സ്വരത്തുള്ളികളുടെ അകമ്പടിയോടെ, വെട്ടിയൊതുക്കിയ താടിയിൽ ഇടയ്ക്കിടെ വിരലോടിച്ച്, ശരീരം ഒരു പ്രത്യേക താളത്തിൽ ചലിപ്പിച്ച് കണ്ണുകൾ അടച്ച് അതിമനോഹരമായി, അയാൾ പാടുകയാണ്,  "ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞോരീണം, ഒരു മുളന്തണ്ടിലൂടൊഴുകി വന്നു"...

മുളന്തണ്ടിലൂടൊഴുകിയെത്തിയതു പോലെ മധുരം പൊഴിച്ചൊഴുകുന്ന ഗാനം. ആ ഗാനത്തിലലിഞ്ഞ്  സ്റ്റേജിന്റെ ഒരു കോണിൽ, കർട്ടനു പിറകിലായ് അവർ നില കൊണ്ടു. എപ്പോഴോ പാട്ടിൽ മയങ്ങിയിരിക്കുന്ന സദസിന് നേരെ പാറി വന്ന കണ്ണുകൾ എന്റെ കണ്ണിൽ ഉടക്കിയപ്പോൾ അവർ ഒന്ന് പുഞ്ചിരിച്ചോ? ഉണ്ടാവാം, കാരണം , മനസുകൊണ്ടും വിരലുകൊണ്ടും താളംപിടിച്ച്, ശ്രോതാക്കളിലൊരാളായി ഇരുന്ന എന്റെ മനസ്സും അവരുടെ മനസ്സും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടികളൊന്നുമില്ലാതെ, വെറുമൊരു പിയാനോയുടെ പിൻബലത്തിൽ ഇത്ര മധുരമായി,  ഒന്നിനു പുറകേ ഒന്നായി, ഹൈപിച്ചിലുള്ള ഗാനങ്ങൾ അനായാസമായി പാടുന്ന  ജോബ് കുര്യൻ എന്ന  ഈ ചെറുപ്പക്കാരൻ തന്നെയായിരുന്നോ, എളിമയുടെ പര്യായമായി, കിട്ടിയതെല്ലാം ഈശ്വരാധീനം മാത്രം എന്ന്  വിനീതമായി പറഞ്ഞൊഴിഞ്ഞ്, നാദങ്ങളുടെ ഈ വലിയ തീരത്തെ വെറുമൊരു ചിപ്പി മാത്രമാണ് താനെന്ന് വിശ്വസിച്ച് അഹങ്കാരം തൊട്ടു തീണ്ടാതെ മനോരമയ്ക്ക് വേണ്ടി എന്നോട് സംസാരിച്ചത്?  ജോബ്, നിങ്ങളെത്ര വ്യത്യസ്‍തനാണ്? സിനിമയിൽ ഒന്നു മുഖം കാണിച്ചാൽ പോലും തലക്കനം കാട്ടുന്ന ചിലരുടെ ഇടയിൽ, ഒരു സംഗീത റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനത്തെത്തുകയും, അതിനു ശേഷം ഉറുമി, കലി ,തീവണ്ടി, ഇടുക്കി ഗോൾഡ്  എന്നിവയടക്കം മുപ്പത്തിയഞ്ചോളം ചലച്ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ആലപിക്കുകയും, മോഹൻലാൽ നായകനായ 'രസം' എന്ന ചിത്രത്തിനു  സംഗീത സംവിധാനം നിർവ്വഹിക്കുകയും  ഇന്ത്യയിലെ Best Independant Project അവാർഡ് നേടിയ  "HOPE" എന്ന ആൽബം അടക്കം പ്രശസ്തങ്ങളായ നിരവധി ആൽബങ്ങൾ  പുറത്തിറക്കുകയും ചെയ്തിട്ടും,  വിനീതനായി നിങ്ങൾ പറയുന്നു, "ജീവിതത്തിൽ ഇന്നോളം കിട്ടിയിട്ടുള്ള ദൈവാനുഗ്രഹങ്ങളിൽ ഒന്നു  മാത്രമാണ് ഈ സംഗീതം". 

job-kurian-2

NEMA ഒരുക്കിയ ക്രിസ്തുമസ്സ് വിരുന്നിൽ പങ്കെടുക്കാൻ, അതിഥിയായി ബോസ്റ്റണിൽ എത്തിയ ജോബ് കുര്യനെ,  "മനോരമ ഓൺലൈനിനു" വേണ്ടി ഇന്റർവ്യൂ ചെയ്യാനെത്തിയ എന്നോടു കുട്ടിക്കാലവിശേഷങ്ങൾ പങ്കു വെച്ച് അദ്ദേഹം പറഞ്ഞു തുടങ്ങിയത് അങ്ങനെയായിരുന്നു . "എന്റെ ജീവിതം ഒരുപാട് വരദാനങ്ങളാൽ അനുഗൃഹീതമാണ്. എങ്കിലും  ഏറ്റവും വലിയ ദൈവാനുഗ്രഹം എന്റെ കുടുംബം തന്നെയാണ്. " കുടുംബം എന്ന വാക്കിൽ പോലും സ്നേഹം ചാലിച്ച് ജോബ് പറഞ്ഞു, ആ ദൈവാനുഗ്രഹങ്ങളുടെ കഥ .. സ്കൂൾതലങ്ങളിൽ പോലും പങ്കെടുക്കുക എന്നല്ലാതെ സമ്മാനങ്ങൾ ഒന്നും നേടാത്ത ഒരു നാണം കുണുങ്ങി പയ്യനിൽ നിന്നും റിയാലിറ്റി ഷോയിലെ സൂപ്പർസ്റ്റാർ റണ്ണർ അപ്പ് വരെ ആയ കഥ.  റിയാലിറ്റി ഷോ ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരിൽ ഒരാളായതിനു ശേഷവും, ഷൂട്ടിംഗിനു പോകാതെ, ഇതൊന്നും നമുക്കുള്ളതല്ല എന്നു പറഞ്ഞു സോഫയിൽ ചടഞ്ഞു കൂടിയിരുന്ന മകനെ  പോകാതിരിക്കുന്നതു വഴി നീ മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നതെന്നും, നിന്നെ വിശ്വസിച്ചു നോക്കിയിരിക്കുന്നവരെ നിരാശപ്പെടുത്തരുതെന്നും ഉള്ള ഉപദേശം നൽകി പറഞ്ഞയച്ച അമ്മ എന്ന അനുഗ്രഹത്തിന്റെ കഥ. .എഞ്ചിനീയറിംഗ് കഴിഞ്ഞെത്തി, അതു വരെ പഠിച്ചതെല്ലാം അവിടെ ഉപേക്ഷിച്ച് , ഇഷ്ടചങ്ങാതിയായ സംഗീതത്തിന്റെ കൈ പിടിച്ചപ്പോൾ, കൂടെ നിന്ന് ആ കരങ്ങൾക്ക് ശക്തി നൽകിയ അച്ഛൻ എന്ന ഭാഗ്യത്തിന്റെ കഥ. പിന്നെ ജീവിതത്തിൽ ആതിരനിലാവായ് പെയ്തിറങ്ങിയ ആതിര എന്ന ജീവിതസഖിയുടെ കഥ, ദുഃഖത്തിലും സുഖത്തിലും ഒരുപോലെ കൂട്ടുനിൽക്കുന്ന, മഞ്ഞു പോലെ നൈർമല്യമുള്ള അനേകം സൗഹൃദങ്ങളുടെ കഥ.  ഒന്നു പോയി വരാം നമുക്കും ആ കഥകളിലേയ്ക്ക് .....

ജോബിന്റെ ഏറ്റവും പുതിയ ആൽബം ആയ മുല്ല അടക്കം പലതും നൊസ്റാൾജിയയുടെ നൊമ്പരം ഉണർത്തുന്നു. നൊസ്റ്റാൾജിക് ഓർമ്മകളുമായി ജോബിന്റെ കുട്ടിക്കാലത്തേക്ക് ഒന്ന് യാത്ര ചെയ്താലോ?

"കുട്ടിക്കാലത്തെ മിക്ക ഓർമകളും സംഗീതവും സ്പോർട്സുമായി കെട്ടു പിണഞ്ഞു കിടക്കുകയാണ്. തലമുറകൾക്ക് മുൻപേ തിരുവനന്തപുരത്തേയ്ക്കു പറിച്ചുനടപ്പെട്ട കുട്ടനാട്ടിലെ ഒരു കാർഷികകുടുംബത്തിലെ അംഗമാണ് ഞാൻ. ബിഷപ്പ് പവ്വത്തിലിന്റെ ബന്ധു കൂടിയാണ് എന്റെ  അമ്മ. സംഗീതം ഒരു ലഹരിയായി കൊണ്ടുനടക്കുന്ന കുടുംബം ആണ് എന്റേത്.  വെറുതെ ഇരിക്കുമ്പോൾ പോലും ചെവിയിൽ റേഡിയോ വെച്ച് പാട്ടുകേട്ടു കൊണ്ടിരിക്കുന്ന സംഗീതപ്രേമികളുടെ കുടുംബം.  ആ  കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.  സംഗീതത്തോടൊപ്പം തന്നെ ക്രിക്കറ്റും ബാഡ്മിന്റണും  കളിക്കാനും ഞാൻ ഇഷ്ടപ്പെട്ടിരുന്നു.   കഴിഞ്ഞ മുപ്പത് കൊല്ലമായി തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ ആണ് താമസം.  ഞാൻ ജനിച്ചതും വളർന്നതും എല്ലാം തിരുവനന്തപുരത്ത് തന്നെ.  St. ശാന്താൾ, ക്രൈസ്റ്റ് നഗർ, ഭാരതീയ വിദ്യാഭവൻ എന്നിവടങ്ങളിലായിരുന്നു എന്റെ സ്ക്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജിയിൽ എൻജിനീയറിംഗ് ബിരുദം എടുക്കാൻ മൈസൂരിനു പോയി. 

സംഗീതവാസന ഉണ്ടായിട്ടും സാഹചര്യം മൂലം പഠിക്കാൻ കഴിയാതിരുന്നതിനാലാവാം ഞങ്ങൾ മൂന്നു മക്കളെയും (എന്നെയും രണ്ടു സഹോദരിമാരെയും) ചെറുപ്പം മുതലേ ശാസ്ത്രീയമായി  സംഗീതം അഭ്യസിപ്പിക്കാൻ അച്ഛൻ ശ്രദ്ധ ചെലുത്തിയിരുന്നു.  വീടിനടുത്തുള്ള സുരേന്ദ്രൻ എന്ന സാറാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്.  പന്ത്രണ്ടു കൊല്ലം സാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. നിർഭാഗ്യവശാൽ ഇന്ന് സാർ വേദനിപ്പിക്കുന്ന ഒരോർമ്മയാണ്. ബോസ്റ്റൺ യാത്രയ്ക്കായി എയർപോർട്ടിൽ നിൽക്കുമ്പോൾ ആണ് കുറേക്കാലമായി രോഗശയ്യയിലായിരുന്ന സാറിന്റെ മരണവാർത്ത കേൾക്കാനുള്ള ദുര്യോഗം ഉണ്ടായത്". ഗുരുനാഥന്റെ ഓർമ്മകൾക്ക് മുന്നിൽ ജോബിന്റെ മനസ്സ് ഒരു നിമിഷം പ്രാർഥനാനിരതമായി.(ബോസ്റ്റണിൽ നടന്ന ഗാനമേളയിൽ ജോബിന്റെ ആദ്യഗാനവും പ്രിയപ്പെട്ട ഗുരുനാഥനു വേണ്ടിയായിരുന്നു).

ഒരു റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയ ആളാണല്ലോ. സംഗീത മത്സരങ്ങളോടുള്ള ജോബിന്റെ കാഴ്ചപ്പാട് എന്താണ്?

'മ്യൂസിക് ഈസ് ആൻ ആർട്ട് ആൻഡ് ആർട്ട് ഈസ് നെവർ എ കോമ്പറ്റീഷൻ ഐറ്റം ഫോർ മീ', ചെറുപ്പത്തിൽ മുതലേ ഒരു മത്സരങ്ങളിൽ പോലും സമ്മാനം ലഭിക്കാത്ത ഒരാളാണ് ഞാൻ. സമ്മാനം നേടുന്നതിനേക്കാൾ പങ്കെടുക്കുക എന്നതു മാത്രമായിരുന്നു എന്റെയും എന്റെ മാതാപിതാക്കളുടെയും മനസ്സിൽ ഉണ്ടായിരുന്നത്. സമ്മാനം നേടാത്തതിന്റെ പേരിൽ വേദനിക്കാൻ പാടില്ലെന്നു ചെറുപ്പത്തിലേ അച്ഛൻ പറഞ്ഞു പഠിപ്പിച്ചിരുന്നതിനാൽ ആവാം ഒരിക്കലും അതിൽ നിരാശയും തോന്നിയിട്ടില്ല. ഏതവസരത്തിലും നഷ്ടവും ലാഭവും തുല്യമായി കാണാൻ കഴിയുന്നതും അതുകൊണ്ടാണ്. സത്യത്തിൽ ഇപ്പോഴുള്ള മത്സരങ്ങൾ കാണുമ്പോൾ തോന്നും, ഇതിലൊന്നും യാതൊരു അർഥവും ഇല്ലയെന്നാരും മനസ്സിലാക്കുന്നില്ലല്ലോയെന്ന്. മത്സരങ്ങളിൽ വിജയിക്കുന്നവർ എത്രയോ പേർ ജീവിതത്തിൽ പിന്നീടതു തുടരാനാവാതെ, പിന്മാറുന്നു. എന്നാൽ അതേസമയം ഒരു സംഗീതമത്സരങ്ങളിലും ജയിക്കാത്ത എന്നെ പോലെ ഉള്ളവർ സംഗീതം ഉപജീവനമാർഗം ആക്കുന്നു. എല്ലാം ഒരു നിയോഗം ആണ്, ദൈവാനുഗ്രഹമാണ്. ഒരു രാത്രി ഇരുണ്ടു വെളുത്താൽ മാഞ്ഞു പോകാവുന്നതാണു ജീവിതത്തിലെ പല സൗഭാഗ്യങ്ങളും ദൗർഭാഗ്യങ്ങളും . പ്രത്യേകിച്ച് റിയാലിറ്റി ഷോയിൽ വരുന്ന പുതുതലമുറയോട് എനിക്ക് ഓർമ്മിപ്പിക്കാനുള്ളതും അതാണ്. പെട്ടന്നു കിട്ടുന്ന പ്രശസ്തിയിൽ നിങ്ങൾ മതി മറക്കരുത്. വർഷങ്ങളുടെ സാധന ഉള്ള ഒരുപാട് ലെജന്റ്സുള്ള മേഖലയാണ് ഇത്. ഇവിടെ നമ്മൾ ഒന്നുമല്ല.  ഈ വിജയം, ഈ അനുഭവം ഒക്കെ  ഒരു ചവിട്ടുപടി മാത്രമാണ്. ജീവിതത്തിലെ ഒരു പുതിയ തീരത്തേക്കുള്ള ചവിട്ടുപടി. 

മത്സരങ്ങളെ ഇത്ര സമചിത്തതയോടെ കണ്ടിരുന്ന ജോബിനെ  റിയാലിറ്റി ഷോയിലേക്ക് ആകർഷിച്ചതെന്താണ്?

പങ്കെടുക്കുക എന്ന ഉദ്ദേശത്തിൽ മാത്രം റിയാലിറ്റിഷോയിൽ എത്തിപ്പെട്ട ആളാണ് ഞാൻ. സത്യം പറഞ്ഞാൽ സംഗീതത്തോടുള്ള ഇഷ്ടം മൂലം ലാബ് അടക്കം എല്ലാ കാര്യങ്ങളിലും എനിക്ക് പ്രത്യേക സഹായം നൽകിയ എന്റെ  എൻജിനീയറിംഗ് കോളേജിലെ അധ്യാപകരടക്കം  എന്റെ കുടുംബത്തിലെ അംഗങ്ങളെല്ലാവരും തന്നെ എന്നെ ഒരു സംഗീതജ്ഞൻ ആയിക്കാണാൻ ആഗ്രഹിച്ചവരാണ്. ഒരു ബിരുദം ഉണ്ടാവണം കയ്യിൽ, അതിനു ശേഷം നിനക്ക് ഇഷ്ടമുള്ള എന്തു വഴിയും നിനക്ക് സ്വീകരിക്കാം എന്നാണ് എന്റെ അച്ഛൻ എനിക്കെന്നും നൽകിയ ഉപദേശം. സമൂഹത്തിൽ നിന്നുള്ള പല സമ്മർദ്ദങ്ങളുണ്ടായിരുന്നിട്ടും എൻജിനീയറിംഗ് കഴിഞ്ഞെത്തിയ ഞാൻ സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തു, അതും എന്റെ അച്ഛന്റെയും അമ്മയുടെയും എല്ലാം പൂർണ്ണപിന്തുണയോടെ. തിരുവനന്തപുരത്തുള്ള ഉദയസമുദ്ര എന്ന ഹോട്ടലിൽ  ഗ്രീൻ ഹാർട്ട് എന്ന ബാൻഡിൽ ആയിരുന്നു എന്റെ അരങ്ങേറ്റം. ആ സമയത്താണ് റിയാലിറ്റി ഷോയിലേയ്ക്കുള്ള വിളി വന്നത്.  എന്റെ വീടിനടുത്തുള്ള സജി എന്ന ചേട്ടനാണ്, ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്നും അതിൽ പങ്കെടുക്കണം എന്നും എന്നോട് പറയുന്നത്. ആദ്യം മടിച്ചെങ്കിലും പിന്നീട് ആ ചേട്ടന്റെ നിർബന്ധപ്രകാരം തന്നെ ഓഡിഷന് പോവുകയായിരുന്നു.

job-kurian-3

ആ റിയാലിറ്റി ഷോയിൽ ബാലഭാസ്കർ ഒരു ജഡ്ജ് ആയിരുന്നല്ലോ. അദ്ദേഹവുമായുള്ള എക്സ്പീരിയൻസ് എങ്ങനെയാണ്?

ഹീ വാസ് എ ഗ്രേറ്റ് ലെജൻഡ്. വയലിനിൽ ഇനി അങ്ങനെ  ഒരു മാന്ത്രികൻ ഇല്ല. അവസാനമായി കണ്ടു പിരിഞ്ഞത് ഒരിക്കൽ എയർപോർട്ടിൽ വെച്ചാണ്. റിയിലാറ്റി ഷോയുടെ സമയത്ത് ഒരു‌പാട് വിലപ്പെട്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിരുന്നു. മറക്കാനാവാത്ത ഒരു വേദന തന്നെയാണ് ആ വിയോഗം. 

ആതിര എന്ന ജീവിതസഖിയെ പറ്റി എന്താണ് പറയാനുള്ളത്? 

ആതിര വളരെ കഴിവുള്ള കലാകാരിയാണ്. ഒരു മികച്ച ഗായിക.  എന്റെ കൂടെ സ്റ്റേജ് പ്രോഗ്രാമുകൾക്കൊക്കെ പങ്കെടുക്കുന്നതൊഴിച്ചാൽ ആതിര ഇപ്പോൾ സംഗീതരംഗത്ത് അത്ര ആക്ടീവല്ല. തിരുവനന്തപുരത്ത് ഐ ബി എസ് സോഫ്റ്റ്‌വെയറിൽ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റിൽ ആണ്  ആതിര ജോലി ചെയ്യുന്നത് . നാലു വയസ്സുള്ള ഒരു മകനുണ്ട് ഞങ്ങൾക്ക്. സത്യത്തിൽ എന്റെ ഈ തിരക്കുകളും യാത്രകളും കണ്ട് അങ്ങിനെയൊരു പ്രൊഫെഷൻ ആതിര തന്നെ തിരഞ്ഞെടുക്കുയായിരുന്നു. രണ്ടു പേരും സംഗീതവും യാത്രയുമായി നടന്നാൽ വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം അവതാളത്തിലാകും. ഇപ്പോൾ ഉള്ള ജോലിയിൽ അവൾ ഒരുപാടു സന്തോഷവതിയുമാണ്. ഒരു ടെൻഷൻ ഫ്രീക്കായ എന്റെ നേരെ വിപരീതമാണ് അവൾ. വളരെ കൂളായി എല്ലാ കാര്യങ്ങളും  കൈകാര്യം ചെയ്യും  അക്കാര്യത്തിലും ദൈവാനുഗ്രഹം ലഭിച്ച ആളാണ് ഞാൻ. " ജോബിന്റെ മുഖത്ത് സംതൃപ്തിയുടെ നിറനിലാവ്.

ഒരു ഗായകനായി വന്ന്, ഒരു സംഗീതസംവിധായകന്റെ മേലങ്കിയണിഞ്ഞു നിൽക്കുകയാണ് ജോബ്. ഈ പുതിയ മേൽവിലാസം എങ്ങനെ ആസ്വദിക്കുന്നു? 

എന്നെ സംബന്ധിച്ചിടത്തോളം സംഗീതം മൊത്തത്തിൽ ഒരു പായ്‌ക്കേജ് ആണ്. അത് നമ്മളുടെ തന്നെ ഒരു എക്സ്ടെൻഡഡ്‌ എക്സ്പ്രെഷൻ ആണ്. അതിനെ സംവിധാനം, ഗാനരചന, ആലാപനം അങ്ങനെ പല രീതിയിൽ ഞാൻ വേർതിരിച്ചു കാണാറില്ല. ഞാൻ കമ്പോസ് ചെയ്ത പാട്ടുകൾ എല്ലാം തന്നെ എന്റെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഏതാണ്ട്ൊ ഇരുപത്തിയഞ്ചോളം പാട്ടുകൾ ഞാൻ കമ്പോസ് ചെയ്തിട്ടുണ്ട്. "രസം" എന്ന ഒരു ചലച്ചിത്രത്തിനു വേണ്ടിയും, കാവാലം സാറിന്റെ വരികൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. സിനിമയിൽ പാടാനും സംഗീതസംവിധാനം ചെയ്യാനും എല്ലാം എനിക്ക് ഇഷ്ടമാണ്, അതൊരു വെല്ലുവിളിയുമാണ്. എങ്കിലും സിനിമ അല്ലാത്ത ഒരു സംഗീതമേഖലയാണ് എന്റെ സ്വപ്നം. സിനിമ മറ്റൊരാളുടെ സ്വപ്നത്തിന് നമ്മൾ ഒരു കൈത്താങ്ങാവുകയാണ്,  അവരുടെ സ്വപ്നം എത്രയും ഭംഗിയായി ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്വത്തിന്റെ സമ്മർദ്ദം നമുക്കുണ്ട്. നമ്മൾ മൂലം ഒരിക്കലും അത് നാശമാകരുത് എന്ന ഒരു കരുതലിന്റെ സമ്മർദ്ദം. എന്നാൽ  ഇൻഡിപെൻഡന്റ് മ്യൂസിക്കിൽ നമ്മുടെ  തന്നെ ചിന്തകളും ഭാവനകളും സ്വപ്നങ്ങളുമാണു വിടരുന്നത്.  അത് മനസിനു കുറച്ചു കൂടി ഭാരം കുറയ്ക്കുന്നു. എല്ലാം വെല്ലുവിളികൾ തന്നെയാണ്, പക്ഷേ ഞാൻ കൂടുതൽ ആസ്വദിക്കുന്നത് ഇൻഡിപെൻഡന്റ് മ്യൂസിക് ആണ്. അതിന്റെ ക്രെഡിറ്റ് എന്റെ ഒപ്പം ഏറ്റവും ആത്മാർത്ഥമായി, എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അകമഴിഞ്ഞു ജോലി ചെയ്യുന്ന എന്റെ ടീമിനുള്ളതാണ്. സാമ്പത്തികലാഭം  ലക്ഷ്യമാക്കാതെ , ജോബിന്റെ സ്വപ്നം അല്ലെങ്കിൽ പ്രൊജക്റ്റ് സ്വന്തമായി  കണ്ട് ഏറ്റവും ഭംഗിയാക്കുക എന്ന ലക്ഷ്യം ആണ് അവരിലോരോരോരുത്തർക്കും ഉള്ളത്. ജീവിതത്തിലെ മറ്റൊരു ഭാഗ്യം ആണ് കലയെ സ്നേഹിക്കുന്ന അത്തരമൊരു ടീം. 

വെറുതെ ഇരിക്കുന്ന ഒരു  വൈകുന്നേരം ഏതു തരം പാട്ടുകൾ ആണ് ജോബ് കുര്യൻ എന്ന ശ്രോതാവ് ഇഷ്ടപ്പെടുന്നത്?

അങ്ങനെ ഒരു പ്രത്യേക വിഭാഗം എടുത്തു പറയാനില്ല. Skill oriented അല്ല soul oriented ആവണം സംഗീതം എന്നാണെന്റെ കാഴ്ചപ്പാട്.  ആത്മാവുള്ള എന്തും ഞാൻ ആസ്വദിക്കും. മെലഡി ആയാലും, സൂഫി ആയാലും കർണാട്ടിക്  ആയാലും,  റോക്ക് ആയാലും അത് ആഴത്തിൽ ഉള്ളതാവണമെന്ന്  മാത്രം. സംഗീതം ആത്മാർത്ഥമായ ചിന്തകളുടെ പ്രതിഫലനം ആയിരിക്കണം. വെറുതെ തട്ടിക്കൂട്ടി ചെയ്യുന്നതാവരുത്. അങ്ങനെ ഉള്ള എന്തും ആസ്വദിക്കുവാൻ എനിക്ക് കഴിയാറുണ്ട്. പാടാൻ പറ്റും എന്ന്  ഞാൻ അവകാശപ്പെടുന്നില്ല, പക്ഷേ കേൾക്കാൻ പറ്റും . അതാണ്, അത് മാത്രമാണ് എന്റെ ശക്തി എന്ന് ഞാൻ വിശ്വസിക്കുന്നു.

ജീവിതത്തിൽ വഴിത്തിരിവായ , അല്ലെങ്കിൽ മറക്കാൻ പറ്റാത്ത എന്തെങ്കിലും അനുഭവങ്ങളുണ്ടോ?

ഒരുപാടു സംഭവങ്ങൾ ഉണ്ട്. ഞാൻ വളരെയധികം ഇമോഷണൽ ആയ ആളാണ്. ചില നേരം ഒരു സിനിമ മതി എന്നെ വല്ലാതെ പിടിച്ചുലയ്ക്കാൻ. എങ്കിലും മറക്കാൻ പറ്റാത്ത ഒരു നല്ല ഓർമ്മ, ഒരിക്കൽ ഫ്ലൈറ്റിൽ വെച്ച് ക്രിക്കറ്റ് താരം സച്ചിനെ കാണാനും സംസാരിക്കാനും കഴിഞ്ഞതാണ്. ഒരു ഫോട്ടോ പോലും എടുത്തില്ല. പക്ഷേ  ആ ഓർമ ആത്മാവിൽ കൊത്തിവെച്ചിട്ടുണ്ട് . സച്ചിന്റെ അത്രയും കടുത്ത ആരാധകൻ  ആണ് ഞാൻ. അത് പോലെ ജീവിതത്തിന്  ഏതെങ്കിലും ഒക്കെ തരത്തിൽ പ്രചോദനമേകുന്ന ഓരോ വ്യക്തിയെയും കാണുന്നത് ഓരോ വഴിത്തിരിവാണ് എന്ന്  തോന്നാറുണ്ട്. എനിക്ക് വളരെ അധികം പ്രോത്സാഹനം അല്ലെങ്കിൽ പ്രചോദനം തന്ന ഒരാളാണ് എന്റെ മാനസഗുരു കൂടിയായ ശ്രീ നെടുമുടി വേണു. അദ്ദേഹം എന്റെ അയൽക്കാരനും , എന്റെ സോൾമേറ്റും ഉറ്റചങ്ങാതിയുമായ ഉണ്ണിയുടെ അച്ഛനും കൂടിയാണ്. ഒരിക്കലും ഒരു സെലിബ്രിറ്റി ആയല്ല അദ്ദേഹം എന്റെ മുന്നിൽ , ഒരു പക്ഷേ ആരുടെ മുന്നിലും വരിക.  അദ്ദേഹം എനിക്ക്.സ്വന്തം വീട്ടിലെ ഒരാളെപ്പോലെയാണ്  അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് എന്റെ അമ്മയെ പോലെയും. കലാകാരനായതിനാൽ, സംഗീതമേഖലയിലും  ഒരുപാട് ഉപദേശങ്ങൾ അദ്ദേഹം തരാറുണ്ട്. ഇത്  പോലെയുള്ള ആളുകളുമായ്‌ പങ്കിടുന്ന ഓരോ നിമിഷങ്ങളും മറക്കാനാവാത്ത നിമിഷങ്ങളായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.

job-kurian

വീട്ടിൽ സ്വന്തമായി ഒരു സ്റ്റുഡിയോ, ഒരു വലിയ സ്വപ്നം ആയിരുന്നെന്ന് കേട്ടു. ആ സ്വപ്നസാക്ഷാത്ക്കാരത്തെക്കുറിച്ച് ഒന്ന് പറയാമോ? 

അതെ, അതൊരു സ്വപ്നം ആയിരുന്നു.   മൂന്നാലു കൊല്ലം മുൻപാണ് അത് സഫലീകരിച്ചത്. ഹോപ്പ് എന്ന എന്റെ പ്രൊജക്റ്റ് തുടങ്ങിയതവിടെ ആണ്.  ആ സ്റ്റുഡിയോയും എന്റെ മകനുമാണെന്റെ ഹോപ്പ്. സത്യത്തിൽ ടെൻഷൻഫ്രീക്കായ  എനിക്ക് ഒരു വലിയ ആശ്വാസം ആണ് ആ സ്റ്റുഡിയോ. അവിടെ റെക്കോർഡ് ചെയ്യുമ്പോൾ റെക്കോഡിംങിന്റെ യാതൊരു ടെൻഷനും അറിയാറില്ല . എന്റെ എല്ലാ പാട്ടുകളും അവിടെയാണ് റെക്കോഡിംങ്. ചില സിനിമയുടെ പാട്ടുകൾ പോലും അവിടേയ്‌ക്ക് അയച്ചു തന്ന്, അവിടെ വെച്ച് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ സ്വന്തം ഇഷ്ടപ്രകാരം, സൗകര്യമുള്ള സമയത്ത് ജോലി ചെയ്യാൻ പറ്റുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഭാര്യയും പാട്ടുകാരി ആയതിനാൽ അതൊരു പേഴ്‌സണൽ സ്പേസ് കൂടിയാണ്.  ആരെയും ശല്യപ്പെടുത്തണ്ട. ഏതു പാതിരായ്ക്കും പാടാം. പിന്നെ വളർന്നു വരുന്ന മകൻ ഇങ്ങനെ സംഗീതവുമായി ബന്ധമുള്ള ഒരു അന്തരീക്ഷത്തിൽ ഇതൊക്കെ കണ്ടു വളരട്ടെ എന്ന് എനിക്ക് ആഗ്രഹമുണ്ട്. അവന് ഏതെങ്കിലും  തരത്തിൽ സംഗീതവാസന ലഭിച്ചിട്ടുണ്ടങ്കിൽ നാളെ ആ സ്റുഡിയോ അവനൊരു സഹായമായിക്കോട്ടെ എന്നും ഒരു ചിന്ത അതിനു പിന്നിലുണ്ട്. 

സംഗീതം  കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് എന്താണ്?

മനസ്സിനിണങ്ങിയ ആൾക്കാരോട് നന്നായി സംസാരിക്കുന്ന ഒരാളാണ് ഞാൻ. പുതിയ ആൾക്കാരെ കാണാനും പരിചയപ്പെടാനുമൊക്കെ എനിക്കിഷ്ടമാണ്. പിന്നെ ഷട്ടിൽ കളിയ്ക്കാൻ ഒരുപാടിഷ്ടം  ആണ്. ഒഴിവു സമയം കിട്ടുമ്പോഴൊക്കെ കളിയ്ക്കാൻ പോകാറുണ്ട്. ക്രിക്കറ്റും കളിയ്ക്കാറുണ്ടായിരുന്നു. ഷട്ടിലും ക്രിക്കറ്റും ആണ് ഇഷ്ടമുള്ള സ്പോർട്സ് ഇനങ്ങൾ.  ഡ്രൈവ് ചെയ്യാനും യാത്ര ചെയ്യാനും ഇഷ്ടം തന്നെ..  എന്നാൽ ഫ്ലൈറ്റ് യാത്ര ഒട്ടും ഇഷ്ടമല്ല. എന്തോ ഒരു ഫോബിയ പോലെയാണ് എനിക്ക്  ഫ്ലൈറ്റിലെ യാത്ര.  കേറിയാൽ ഇറങ്ങുന്നത് വരെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും.  ഇതൊക്കെയാണെങ്കിലും,  സുഹൃത്തുക്കളുടെ ഒപ്പവും കുടുംബത്തിനൊപ്പവും സമയം ചിലവഴിക്കുന്നത് തന്നെയാണ് എന്റെ  ഏറ്റവും വലിയ സന്തോഷം. 

ഏതൊരു ഗായകന്റെയും ആഗ്രഹമാണ്‌ ചലച്ചിത്രപിന്നണിഗായകനാവുക എന്നത്. സിനിമയിലെ  അനുഭവം എങ്ങനെയാണ് ജോബ് വിലയിരുത്തുന്നത്

പതിന്നാലു കൊല്ലം കൊണ്ട് മുപ്പത്തിയഞ്ചോളം പാട്ടുകൾ  എനിക്ക് പാടാൻ  പറ്റി. ഒരു തരത്തിൽ പറഞ്ഞാൽ അതൊരു ചെറിയ സംഖ്യ ആണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആളുകൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന നല്ല പാട്ടുകൾ പാടാൻ പറ്റി എന്നതാണ് ഏറ്റവും സന്തോഷം തരുന്നത്. ഒരു പാട്ട് പിറക്കുമ്പോൾ ഒരു സംവിധായകനും സംഗീതസംവിധായകനും ഒരുമിച്ചു ചിന്തിക്കുകയാണ് ഇത് ഞാൻ പാടിയാൽ കുഴപ്പം ഉണ്ടാവില്ല എന്ന്, അങ്ങനെ എനിക്ക് പാടാൻ പറ്റുന്ന നല്ല പാട്ടുകൾ ഉണ്ടായതും അതിലേക്ക് എന്നെ വിശ്വസിച്ച് ക്ഷണിച്ചതുമാണ് ഏറ്റവും മുഖ്യഘടകം, അതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹം . ഉറുമിയിലെ " ആരാണേ, ആരാണേ", ഇടുക്കി ഗോൾഡിലെ "മാണിക്യച്ചിറകുള്ള" , കലിയിലെ "ചില്ലുറാന്തൽ" , തീവണ്ടിയിലെ "പൊന്നാണേ" , ഹണിബീയിലെ "ഇന്നലെകളേ" തുടങ്ങി ഹിറ്റുകളായ ഒരുപാട് പാട്ടുകൾ പാടാൻ അവസരം ലഭിച്ചു.

ശ്രീ. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് ഈണമിട്ട്, 'രസം" എന്ന ഒരു ചിത്രത്തിനു വേണ്ടി സംഗീതസംവിധാനവും നിർവ്വഹിച്ചു.  ശ്രീമതി കെ. എസ് ചിത്രയും എന്റെ ഗുരു കൂടിയായ ശ്രീ കാവാലം ശ്രീകുമാറും പിന്നെ ഞാനും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. ഇനിയും സംഗീതസംവിധാനത്തിനുള്ള കുറെ ഓഫറുകൾ നിലവിലുണ്ട്. 

റിയാലിറ്റി ഷോയിൽ ജഡ്‌ജ്‌ ആയി പോയിട്ടുണ്ടോ? 

ഇല്ല.  ജഡ്ജ് ചെയ്യാനുള്ള പ്രാപ്‌തി എനിക്കുണ്ട് എന്നെനിക്കിതു വരെ തോന്നുന്നില്ല.  എന്റെ അറിവുകൾ, എനിക്കറിയാവുന്നത് , പങ്കുവെയ്ക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. എന്നാൽ ഒരാളെ വിമർശിക്കുമ്പോൾ അതത്രയും ആധികാരികമായി അതിനെക്കുറിച്ച് പറയാൻ അറിയുന്ന ആൾ തന്നെയാവണം.  അത്ര മാത്രം ഉറപ്പുണ്ടാവണം. എന്നാൽ പോലും വിമർശനം നല്ല രീതിയിലാവണം.  ഒരാളെ വേദനിപ്പിക്കുന്ന രീതിയിൽ കമന്റ് ചെയ്യാനോ, മാനസികമായി പ്രയാസം ഉണ്ടാക്കാനോ നമ്മുടെ അഭിപ്രായങ്ങൾ കൊണ്ട് അവരുടെ  ജീവിതം വില കുറച്ചു കാണിക്കാനോ ഒന്നും എനിക്ക് ഇഷ്ടമല്ല. ഞാൻ നേരത്തെ പറഞ്ഞതു പോലെ ഈ വിജയവും പരാജയവും ഒന്നും ശ്വാശ്വതം അല്ല, ഒരു റിയാലിറ്റി ഷോയിൽ  തോറ്റുപോയത് കൊണ്ട് അയാൾ കഴിവു കെട്ടവനാവുന്നില്ല. ജീവിതത്തിൽ വിജയിക്കുവാൻ ഒരുപാട് അവസരങ്ങൾ ബാക്കിയാണ്. അങ്ങനെ വിജയിക്കാറുമുണ്ട് ഒരുപാട് പേരും. കല ഒരിക്കലും ഒരു മത്സരയിനം അല്ല, അത് ആത്മാവിൽ നിന്ന് വരേണ്ടതാണ്. ചില കൺട്രി മ്യൂസിക് ഒക്കെ കേട്ടിട്ടില്ലേ?  ഒരു ടെക്നിക്കാലിറ്റിയും ഉണ്ടാവില്ല, എന്നാലും കേട്ട് കഴിയുമ്പോൾ മനസ്സ് നീറും , മനസ്സിൽ തട്ടി അറിയാതെ നമ്മുടെ കണ്ണ് നിറയും. അതാണ് മ്യൂസിക്കിന്റെ ശക്തി.

job-kurian

ഭാവി പരിപാടികൾ എന്തെല്ലാമാണ്?

"ഇത് വരെ ഞാൻ ഹോപ്പ് എന്ന എന്റെ പ്രോജെക്ടിലെ, "എന്താവോ", "പറുദീസ", "മുല്ല",  എന്നിങ്ങനെ മൂന്നു പാട്ടുകൾ ചെയ്തു കഴിഞ്ഞു. എല്ലാം എന്റെ സ്വന്തം നിർമ്മാണത്തിലായിരുന്നു.  ഒരുപാടു കണ്ണീരിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണീ പാട്ടുകൾ. സുഹൃത്തുക്കളുടെ ഒക്കെ അകമഴിഞ്ഞ സഹായം ഇതിനു പിന്നിലുണ്ട്.   ഈ മൂന്നു പാട്ടുകളും കൂടി ചേർത്ത് ഇന്ത്യയിലെ Best Independant Project അവാർഡ് നേടി. ഇനി നാലാമത്തെ പാട്ടിന്റെ പണിപ്പുരയിലാണ്.  .ചന്ദ്രകാന്ത് എന്ന സംവിധായകൻ, റെക്സ് വിജയൻ, തുടങ്ങിയവർ ഒക്കെ അടങ്ങിയ വളരെ നല്ല ഒരു ടീം ഉണ്ട് എനിക്ക്. വർഷങ്ങളുടെ ബന്ധമാണ് ഇവരൊക്കെയുമായി. അവരൊക്കെ എന്റെ പ്രോജക്ടിന്റെ മുഖ്യ ഘടകങ്ങൾ ആണ്. അവർ ചെയ്യുന്ന കാര്യങ്ങൾ അവർക്കേ ചെയ്യാൻ പറ്റൂ. ഇവരെല്ലാവരും തന്നെ വലിയ തിരക്കുള്ളവരും ആണ്. അതിനാൽ തന്നെ അവരുടെ സമയവുമായി ഒത്തു വരാൻ ചില അവസരങ്ങളിൽ കാത്തിരിക്കേണ്ടി വരും. അത്തരമൊരു കാത്തിരിപ്പിലാണ് ഇപ്പോൾ. ആ കാര്യത്തിൽ മാത്രമാണ് എനിക്ക് ക്ഷമ എന്നാണ് ആതിര പറയുന്നത്. " ചെറുചിരിയോടെ ജോബ് പറയുന്നു..

ജീവിതത്തിൽ  എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നാശംസിച്ച് ഇന്റർവ്യൂ അവസാനിപ്പിക്കുമ്പോൾ,  കഥകളുടെ മണിച്ചെപ്പ് അടച്ചു വെച്ച്,  ഇന്നലെകളിലേക്ക് ഊർന്നിറങ്ങി, വിനയാന്വിതനായി പുഞ്ചിരി തൂകി  ഇരുന്ന ജോബിന്റെ ചുണ്ടുകൾ  മൂളിപ്പാടുന്നുണ്ടെന്നു തോന്നി, "ഗതകാലമേ, കുളിരോർമ്മയായ്, യാത്രയായ്, പദയാത്രയായ്‌."..ഒരുപക്ഷേ എനിക്ക് തോന്നിയതായിരുന്നിരിക്കുമോ? അറിയില്ല, ഓഡിറ്റോറിയത്തിൽ എന്റെയൊപ്പം ആ കഥകളിലേയ്ക്ക് ഊളിയിട്ട് തിരികെ എത്തിയ ബോസ്റ്റൺ തന്നെ തീരുമാനിക്കട്ടെ അത്. ബോസ്റ്റണിനൊപ്പം ഞാനും ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു, ആത്മാവിന്റെ  ചില്ലുറാന്തൽ വിളക്കിൽ നിന്നും അഴകുള്ള ഒരായിരം നാദദീപങ്ങൾ ഇനിയും ഇനിയും മലയാളി മനസ്സുകളിൽ കൊളുത്താനാവട്ടെ ഈ പാട്ടിന്റെ സൂപ്പർസ്റ്റാറിന്..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA