ചടുലസംഗീതവും മൃദുല സംഗീതവും ഒരുപോലെ വഴങ്ങുന്ന സംഗീത സംവിധായകനാണ് രതീഷ് വേഗ. 2010ൽ 'കോക്ടെയിലി'ലെ നീയാം തണലിനും താഴെ.. എന്ന പ്രണയാർദ്രമായ ഗാനത്തിലൂടെയാണു രതീഷ് വേഗ മലയാളിമനസിൽ ഇടം നേടിയത്. മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും സംഗീത വീഥിയിലേക്ക് എത്തിയിരിക്കുകയാണ് ഇദ്ദേഹം. വി.കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ 2019ലെ മികച്ച തുടക്കമായി മാറിയിരിക്കുകയാണ്. സിനിമയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും രതീഷ് വേഗ മനസ് തുറക്കുന്നു.
ഇതുവരെ ചെയ്ത സംഗീതത്തിൽ നിന്നും പ്രാണ വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?
പ്രാണ ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്. അതുകൊണ്ട് പാട്ടുകളും അതേ അനുഭൂതിയുണർത്തുന്നവയായിരിക്കണമെന്ന് വികെപിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം ആ രംഗത്തെക്കുറിച്ചും മൂഡിനെക്കുറിച്ചും കൃത്യമായി വിവരിച്ചുതന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി ദ്രുതതാളത്തിലേക്ക് എത്തുന്നതാണ് പ്രാണയിലെ സംഗീതത്തിന്റെ പ്രത്യേകത. പ്രാണ എന്ന ആശയം മുൻനിർത്തിയാണ് സംഗീതം ചെയ്തത്. അതിനായി പഞ്ചഭൂതം എന്ന തീം ആണ് തിരഞ്ഞെടുത്തത്. എല്ലാ ഭാവങ്ങളും അടങ്ങിയ പാട്ടാണിത്.
എന്റെ സംഗീത സംവിധാന യാത്രയിലെ മറക്കാനാകാത്ത ഒന്നാണ് പ്രാണയിലെ ടൈറ്റിൽ ഗാനം. വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ആ കഷ്ടപ്പെട്ടത്തിന് ഫലമുണ്ടായിട്ടുണ്ട്. ആറു ദിവസം കൊണ്ട് 1 മില്ല്യൺ പ്രേക്ഷകർ ഗാനം കണ്ടുകഴിഞ്ഞു. 2019ന്റെ തുടക്കം എന്നെ സംബന്ധിച്ച് സന്തോഷമുള്ളതാണ്.
വി.കെ.പി–അനൂപ് മേനോൻ–രതീഷ് വേഗ കൂട്ടുക്കെട്ടിനെക്കുറിച്ച്?
സംഗീതത്തെക്കുറിച്ച് അറിവുള്ളവരാണ് വി.കെ.പിയും അനൂപേട്ടനും. അനൂപേട്ടൻ കേൾക്കാത്ത പാട്ടുകളില്ല. അത്രമാത്രം പാട്ടുകളെ സ്നേഹിക്കുന്നയാളാണ്. വി.കെ.പിയും അതുപോലെ തന്നെ സംഗീതത്തെ ഇഷ്ടപ്പെടുന്ന സംവിധായകനാണ്. അതുകൊണ്ടാണ് ഇരുവരുടെയും സിനിമകളിലെ പാട്ടുകളും ജനമനസുകളിൽ നിൽക്കുന്നത്.
സംഗീതത്തെക്കുറിച്ച് അറിവുള്ളവരോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷം തരുന്ന ഒന്നാണ്. സിനിമയിൽ എനിക്ക് ഏറ്റവും അടുപ്പമുള്ള രണ്ടുപേരാണ് ഇവർ. എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ളവർ. ഈ ഒരു കെമിസ്ട്രിയാണ് ഞങ്ങൾ ഒന്നിക്കുമ്പോഴുള്ള സംഗീതത്തിലും പ്രകടമാക്കുന്നത്. ഞാനും വികെപിയും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രാണ.
2016നു ശേഷം ഒരു ഗ്യാപ് വന്നത് എന്തുകൊണ്ടാണ്?
എല്ലാ കലാകാരന്മാരുടെയും ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുമല്ലോ? അതുപോലെയൊന്നാണ് എനിക്കും സംഭവിച്ചത്. സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിരുന്നു. ഈ സമയത്താണ് ഒരു തെലുങ്ക് ചിത്രം ചെയ്തത്. മലയാളം പോലെയല്ല അന്യഭാഷ ഒരുപാട് സമയം എടുക്കും. ഒരു വർഷത്തോളം സമയമെടുത്താണ് അവിടെ സംഗീതസംവിധാനം നിർവഹിച്ചത്. എന്നാൽ സിനിമ റിലീസ് ചെയ്തില്ല. അതോടെ വലിയൊരു ഗ്യാപ് മലയാളത്തിൽ വന്നു. തിരിച്ചുവരാൻ ഞാൻ എങ്ങും പോയിട്ടില്ലെങ്കിൽ പോലും എന്നെ സംബന്ധിച്ച് ഒരു ഉയർത്തെഴുന്നേൽപ്പാണ് പ്രാണ എന്ന ചിത്രം.
മഞ്ജുവാര്യർ പാടിയ മനോരമ ന്യൂസിന്റെ കേരള കാൻ ഗാനം ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. ആ ഒരു അനുഭവത്തെക്കുറിച്ച്?
ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ഒരുപാട് ആത്മസംതൃപ്തി തന്നെ ഒന്നാണ് കേരള കാൻ എന്ന ക്യാംപെയിന്റെ ഭാഗമായത്. അന്ന് ചെയ്ത 'പുതിയ പുലരി വരിയാണിതാ..' എന്ന ഗാനം കേട്ടിട്ട് നിരവധിപ്പേരാണ് വിളിച്ചത്. നല്ലൊരു കാര്യത്തിന് വേണ്ടി നടത്തുന്ന ക്യാംപെയ്ന്റെ ഭാഗമാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. 2019ൽ വീണ്ടും മഞ്ജു ചേച്ചിയുമൊത്ത് കേരള കാന്റെ ഭാഗമാകാൻ സാധിക്കുമെന്നാണ് വിശ്വാസം
ഏതൊക്കെയാണ് ഇനി വരാൻ പോകുന്ന ചിത്രങ്ങൾ?
ഇളയരാജ, വികെപി–അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കിങ്ങ്–ഫിഷ്, പിന്നെ ഒരു നവാഗത സംവിധായകന്റെ ചിത്രം. ഇങ്ങനെ ഒരുപിടി നല്ല പ്രോജക്ടുകളാണ് 2019ൽ ഉടൻ വരാനിരിക്കുന്നത്.