മുഖം നിറയെ ടെന്‍ഷനുമായി പട്ടുപാവാടയൊക്കെ അണിഞ്ഞ് പേടിയോടെ വേദിയില്‍ നിന്നു അതിമനോഹരമായി പാടിയ ആള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മ്യൂസിക് ബാന്‍ഡുമായി തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി വേദികളെ ഇളക്കി മറിക്കുന്നു. അമൃത സുരേഷും അമൃതം ഗമയ എന്ന ബാന്‍ഡും ഇന്ന് ഏറെ സുപരിചിതമാണ് നമുക്ക്. ബാന്‍ഡു മാത്രമല്ല, ഫാഷന്‍ രംഗത്തും വ്‌ളോഗ് തുടങ്ങിയും പാട്ടിനപ്പുറമുള്ള കൂടുതല്‍ വര്‍ണാഭമായ ലോകത്തേക്ക് അമൃത തന്നെ തന്നെ കൊണ്ടുപോകുകയുമാണ്. അതിനിടയില്‍ ജൂണ്‍ എന്ന ചിത്രത്തില്‍ രജിഷയുടെ സ്വരമായി ഒരു പാട്ടും പാടിയിരിക്കുന്നു. അമൃതയുടെ വിശേഷങ്ങളിലേക്ക്

മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലൊരു പാട്ട്

സിനിമയില്‍ പാട്ടു പാടാനുള്ള അവസരം വന്നില്ല എന്നതാണ് സത്യം. ഒരുപാട്ടും ഞാന്‍ വേണ്ടെന്നു വച്ചതല്ല. അവസരങ്ങള്‍ കുറവാണ് എന്നുള്ളത് സത്യമാണ് അതുകൊണ്ടാണ് ഇടവേളകള്‍ വരുന്നത്്. അതുപക്ഷേ എന്റെ സംഗീത ജീവിതത്തിലല്ലെന്നു മാത്രം. സിനിമയില്‍ നിന്ന് പാട്ടുകള്‍ ലഭിക്കുന്നതില്‍ ഇടവേളകള്‍ വരുന്നുണ്ട്. അതില്‍ സങ്കടം ഉണ്ടോയെന്നു ചോദിച്ചാല്‍ ഉത്തരമില്ല. എല്ലാവര്‍ക്കും കാണുമല്ലോ അങ്ങനെയുള്ള സ്വപ്നം. ഏത് നല്ല പാട്ടു കേട്ടാലും അതെനിക്കു പാടാന്‍ കിട്ടിയില്ലല്ലോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ ഈ മൂന്നു വര്‍ഷവും വെറുതെ കളയുകയായിരുന്നില്ല. അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം ആയിരുന്നു ഞാനും അനുജത്തിയും. ഒരുപാട് ഷോകള്‍ ചെയ്തു. മ്യൂസിക് വിഡിയോകള്‍ പുറത്തിറക്കി. സ്ത്രീകള്‍ ലീഡ് ചെയ്യുന്ന മ്യൂസിക് ബാന്‍ഡുകള്‍ക്ക് സംഗീത ലോകത്ത് ശ്രദ്ധ നേടുക ശ്രമകരമാണ്. ഷോകള്‍ കിട്ടുന്നതിലുമൊക്കെ കുറേ കാലം വേണ്ടിവരും. മെയില്‍ ഗായകര്‍ ആരുമില്ലാതെ എങ്ങനെയാ...എന്ന ചോദ്യം കുറേ കേട്ടിട്ടുണ്ട്. ഈ മൂന്നു വര്‍ഷവും ആ ചോദ്യം ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങളില്ല, രണ്ടാളും കൂടിയല്ലേ വരിക എന്നായി മാറി അത്. രണ്ടര മണിക്കൂര്‍ ഞാനും അനുജത്തിയും മാത്രമാണ് ഷോ കൊണ്ടുപോകുന്നത്. അതുകൊണ്ട് സങ്കടങ്ങളൊന്നുമില്ല. സിനിമ ഗാനങ്ങള്‍ കിട്ടുന്നതിലെ ഇടവേള ഒരിക്കലും പാഴാക്കിയില്ല.

ജൂണിലെ ഗാനം വന്നതിന്റെ ക്രെഡിറ്റ് പ്രൊഡ്യൂസര്‍ വിജയ് ബാബു ചേട്ടനാണ്. അദ്ദേഹത്തിന് എന്റെ ശബ്ദം ഇഷ്ടമാണ്. നല്ല പാട്ടാണ്, ഒന്നു ട്രൈ ചെയ്യൂ എന്നു പറഞ്ഞു. പതിനഞ്ച് വയസ്സുള്ള ഒരു കുട്ടിക്ക് വേണ്ടിയാണ് പാടുന്നത്. അപ്പോള്‍ ശബ്ദം അതിനനുസരിച്ച് മോഡുലേറ്റ് ചെയത്, കുറച്ച് കൊഞ്ചി പാടണമായിരുന്നു. അതായിരുന്നു അതിലെ വെല്ലുവിളി. നവാഗതനായ ഇഫ്തിയാണ് സംഗീത സംവിധാനം. പാട്ടിന് നല്ല പ്രതികരണമാണ് വന്നത്. ഇടവേള വരരുത് എന്നു തന്നെയാണ് ആഗ്രഹം. ഈ തുടക്കം ഈ വര്‍ഷം കുറേ നല്ല സിനിമ ഗാനങ്ങള്‍ തരണം എന്ന് ആഗ്രഹിക്കുന്നു.

അമൃതം ഗമയയും ഞാനും!

പാട്ടാണ് വഴി. പാട്ടും പാപ്പുവും(മകള്‍) മാത്രമായൊരിടത്തു നിന്നാണ് അനുജത്തിയോടൊപ്പം അമൃതം ഗമയയുമായി എത്തുന്നത്. എന്തൊക്കെ പറഞ്ഞാലും ആണുങ്ങള്‍ ലീഡ് ചെയ്യുന്ന ലോകം തന്നെയാണ് ബാന്‍ഡുകളുടേത്. അവിടേക്ക് രണ്ടു പെണ്‍കുട്ടികള്‍ ചേര്‍ന്നൊരു ബാന്‍ഡുമായി വരുമ്പോള്‍ സ്വാഭാവികമായും വെല്ലുവിളികള്‍ ഉണ്ടാകും. വന്ന പോലെ പോയതും നല്ല രീതിയില്‍ മുന്നേറിയിട്ട് നിന്നു പോയതുമായ കുറേ ബാന്‍ഡുകളുടെ ചരിത്രം മുന്നിലുള്ളപ്പോള്‍ എന്താകും എന്ന ചിന്ത ആദ്യമുണ്ടായിരുന്നു. പക്ഷേ ആദ്യ ഷോ കഴിഞ്ഞതിനു ശേഷം പിന്നാലെ അവസരങ്ങള്‍ വന്നപ്പോള്‍ ആത്മവിശ്വാസം കൈവന്നു. എങ്കിലും ഈ സംഗീത ലോകത്ത് അമൃതം ഗമയയ്ക്കും ഒരിടമുണ്ട് എന്ന ചിന്ത വന്നത് ഞങ്ങളുടെ ഇസ്രയേലി പാട്ട് പുറത്തു വന്നതിനു ശേഷമാണ്. വളരെ യാദൃശ്ചികമായാണ് ഒരു ഇസ്രയേലി ട്രെഡീഷണല്‍ ഗാനം കവര്‍ വേര്‍ഷനു വേണ്ടി തിരഞ്ഞെടുത്തത്. ഒട്ടും പ്രതീക്ഷിക്കാതെ ആ ഗാനം ഇസ്രയേലിലുള്ള ഒരു ചാനല്‍ അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ അത് പോസ്റ്റ് ചെയ്യുകയുമുണ്ടായി. അതിന് അവിടെ അന്നു തന്നെ 9 മില്യണോളം പ്രേക്ഷകരെ കിട്ടി. അതിനു ശേഷം ഇസ്രയേലില്‍ നിന്ന് ഔദ്യോഗികമായി ഞങ്ങള്‍ക്ക് ക്ഷണം വന്നു. അതോടൊപ്പം അവിടത്തെ കുറേ മാധ്യമങ്ങളും അമൃതം ഗമയയെ കുറിച്ച് എഴുതി. സഹോദരിമാര്‍ ലീഡ് ചെയ്യുന്ന സംഗീത സംഘം എന്നൊക്കെ പറഞ്ഞ്. അത് തന്നത് പ്രതീക്ഷകളാണ്.


കല്യാണം കഴിക്കേണ്ടെന്നു പറയാറുണ്ട്!


എനിക്കെന്റെ പാപ്പു എങ്ങനെയാണോ അതുപോലെയാണ് അനുജത്തി അഭിരാമിയും. എനിക്ക് ആലോചിക്കാന്‍ തന്നെ കഴിയാറില്ല, അവളില്ലാത്ത ഒരു ദിവസത്തെ പറ്റി. എന്തു തീരുമാനം എടുക്കുമ്പോഴും എവിടെ പോകുമ്പോഴും സങ്കടം വന്നാലും സന്തോഷം വന്നാലും ചുറ്റിലും അവള്‍ വേണമെന്നാണ് ആഗ്രഹം. ഞാന്‍ അതുകൊണ്ട് തമാശക്കു പറയാറുണ്ട്, അഭീ നീ കല്യാണം കഴിച്ച് ദൂരേയ്‌ക്കൊന്നും പോകണ്ട, നമുക്കിങ്ങനെ പാട്ടും ഷോയും ഒക്കെയായി നടക്കാം എന്ന്. വെറുതെ പറയുന്നെയാ. പക്ഷേ പാട്ടിലായാലും ജീവിതത്തിലായാലും അവളാണ് ബെസ്റ്റ് ഫ്രണ്ടും സോള്‍ മേറ്റും എല്ലാം. അവള്‍ ഡിഗ്രി കഴിഞ്ഞ് പിജി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. സിനിമ ചെയ്യാനുള്ള ചര്‍ച്ചകളും നടക്കുന്നു.

ഇടനെഞ്ചില്‍ അച്ഛനും അമ്മയും

അച്ഛന്റേത് ഒരു സംഗീത കുടുംബമാണ്. ഞാന്‍ പാടുമെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഞാനും അതിലേക്കു തന്നെ വരണം എന്ന ആഗ്രഹം വന്നു അച്ഛനും അമ്മയ്ക്കും. രംണ്ടു പെണ്‍കുട്ടികളുള്ള, ഒരു സാധാരണ കുടുംബമാണെങ്കില്‍, പഠിച്ച് എന്തെങ്കിലും ജോലി വാങ്ങുക, എന്നിട്ട് അതിനോടൊപ്പം സൈഡ് ആയി പാട്ട് കൊണ്ടുപോകുക എന്നായിരിക്കുമല്ലോ അച്ഛനും അമ്മയും പറയുക. പക്ഷേ എന്റെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. പ്ലസ് ടു പരീക്ഷ പോലും ഒഴിവാക്കിയാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. പരീക്ഷ വേണോ പാട്ട് മതിയോ എന്നു ചോദിച്ചപ്പോള്‍ പാട്ട് മതി എന്നു പറയാന്‍ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടിയേ വന്നില്ല. അതുപോലെയുള്ള പിന്തുണ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവര്‍ തന്നത്.

ഇപ്പോഴാണെങ്കിലും ഷോകള്‍ക്കു പോകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടിയാണ് പോകുന്നത്. അച്ഛനും ഞങ്ങള്‍ക്കൊപ്പം വായിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ യാത്രയിലും സംഗീതം മാത്രമല്ല, ഒരിക്കലും നിന്നുപോകാത്ത സ്‌നേഹവും പിന്തുണയും കൂടിയാണ് ഒപ്പം വരുന്നത്. അതുകൊണ്ട് ഒട്ടുമേ ടെന്‍ഷന്‍ ഇല്ലാതെയാണ് ഓരോ ഷോകള്‍ക്കും പോകുക.

ഞാന്‍ എന്ന അമ്മ!

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി. അതിനു പിന്നാലെയായിരുന്നു വിവാഹം. പിന്നാലെ കുഞ്ഞു വന്നു. പക്ഷേ എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും എന്റെ മകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്നെ തിരിച്ചറിയില്ലായിരുന്നു. അമൃത എത്ര മാറിപ്പോയി, ബോള്‍ഡ് ആയി, നന്നായി സംസാരിക്കുന്നല്ലോ എന്നൊക്കെ കേള്‍ക്കാറുണ്ട്. അതെല്ലാം എന്റെ മകള്‍ക്കു വേണ്ടിയായിരുന്നു. കുറേ കരഞ്ഞു കൊണ്ടിരിക്കാനും എല്ലാം തകര്‍്ന്നല്ലോ, ഇനിയെന്ത് എന്നൊക്കെ ആലോചിച്ച് ഇരിക്കാനുള്ള കാരണങ്ങള്‍ എനിക്കേറെ ഉണ്ടായിരുന്നു. പക്ഷേ പാപ്പുവിന്റെ മുഖത്തു നോക്കുമ്പോള്‍ അതെല്ലാം മറന്നു പോകും. ഓരോ കുഞ്ഞുങ്ങളും ചിത്രശലഭങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകളും അങ്ങനെ പാറിനടക്കണം. അമ്മ എന്ന നിലയില്‍ അങ്ങനെയൊരു ലോകം അവള്‍ക്കു തീര്‍ക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നു തോന്നി. അവളുടെ അമ്മ വിഷാദയായ ഒരു കഴിവുമില്ലാത്ത ഒരാളാണ് എന്ന പറച്ചില്‍ കേട്ട് വളരരുത് എന്ന് തീരുമാനിച്ചു. അങ്ങനെയൊരു തോന്നല്‍ മാത്രമാണ് ജീവിതത്തിലേക്ക് മുന്നോട്ടു നയിച്ചത്. പിന്നെ അച്ഛനും അമ്മയും അനുജത്തിയും കുറേ നല്ല ബന്ധങ്ങളും കൂടി കൈപിടിച്ചപ്പോള്‍ മറ്റെല്ലാ പ്രതിസന്ധികളും സങ്കടങ്ങളും ഇല്ലാതെയായി.

പക്ഷേ എന്റെ അമ്മയുടെ അത്രയും നല്ല അമ്മയാണോ ഞാന്‍ എന്ന് എനിക്കു സംശയമുണ്ട്. അമ്മ അവളെ അത്ര നന്നായാണു നോക്കുന്നത്. അമ്മ പെട്ടെന്ന് ടെന്‍ഷനാകുന്ന കൂട്ടത്തിലാണ്. പക്ഷേ എന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രതീക്ഷകളെല്ലാം തെറ്റിച്ച് ധൈര്യ പൂര്‍വ്വം അമ്മ നിന്നു. ഇപ്പോള്‍ എന്റെ മകളെ അമ്മ നോക്കുന്നതും അതേ ധൈര്യത്തിലാണ്. അവള്‍ ഒരോ പ്രാര്‍ഥനയൊക്കെ ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് അതിശയം തോന്നും. അന്നേരം അമ്മമ്മ പഠിപ്പിച്ച് തന്നതാ എന്ന് എന്നോട് പറയും. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ കാല്‍തൊട്ട് വന്ദിച്ചിട്ടേ അവള്‍ സ്‌കൂളില്‍ പോകാറുള്ളൂ. അമ്മ പഠിപ്പിച്ചതാണ്. അങ്ങനെ വേണം എന്നു പറയും.

അനുജത്തിയുടെ കാര്യം പറഞ്ഞല്ലോ. അതുപോലെയാണ് അച്ഛനും. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി അച്ഛന്‍ സംഗീത രംഗത്തുണ്ട്. സുരേഷേട്ടന്റെ മകള്‍ എന്നു പറയുമ്പോള്‍ കിട്ടുന്ന വിലയുടെയും അഭിമാനത്തിന്റെയും അത്രയൊന്നും ഈ ജീവിതത്തില്‍ ഞാന്‍ എന്ത് നേടിയാലും എനിക്ക് അനുഭവപ്പെടില്ല. ആ അച്ഛന്റെ മകളായതു കൊണ്ടു തന്നെ മ്യൂസിക് വിഡിയോയുടെയും മറ്റും കാര്യത്തിന് എവിടെ പോയാലും നല്ല സ്വീകരണമാണ്.

ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു

പഠനം വേണ്ട എന്നു തീരുമാനിച്ചതാണ് പണ്ടേ. പാട്ടിനൊപ്പം അതും നടക്കില്ല എന്നു തോന്നി. പിന്നീട് ജീവിതം മാറിയപ്പോള്‍ ആ സ്വപ്‌നങ്ങളൊന്നും നടക്കില്ലെന്നു കരുതി. പക്ഷേ ഇപ്പോള്‍ ഞാന്‍ ബിബിഎയും എംബിഎയും എടുത്ത. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി ക്ലാസിക്കലിലും ഡിഗ്രിയും സ്വന്തമാക്കി. നടക്കും എന്നു കരുതിയതല്ല. പക്ഷേ സാധിച്ചു.

മകളുടെ ചിരി കണ്ട് ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ ആദ്യമൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ ഞാന്‍ എന്നെ തന്നെ കൂടുതല്‍ സ്‌നേഹിച്ചു തുടങ്ങിയപ്പോള്‍ ഓരോ ദിവസവും അമേസിങ് ആയി. എന്നെ തന്നെ അതിശയിപ്പിക്കുക എന്നതൊരു ഹരമായി മാറി. എനിക്ക് ഉയരം ഭയങ്കര പേടിയായിരുന്നു. ആ പേടി അടുത്തിടെ സ്‌കൈ ഡൈവിങ് ചെയ്ത് ഞാന്‍ തന്നെ മാറ്റിയെടുത്തു. അതുപോലെ വെള്ളവും പേടിയായിരുന്നു. അത് തായ്#ലന്‍ഡില്‍ പോയപ്പോള്‍ മാറ്റിയെടുത്തു. ഇതൊക്കെ മറ്റുള്ളവരുടെ കണ്ണില്‍ ചെറിയ കാര്യങ്ങളാകും. പക്ഷേ എന്നെ സംബന്ധിച്ച് അതെനിക്ക് എന്റെ ചെറിയ ജീവിതത്തിലെ വലിയ കാര്യങ്ങളാണ്. ഫാഷന്‍ ഷോയും ഈ അടുത്ത് വ്‌ളോഗ് തുടങ്ങിയതും ഇന്‍സ്റ്റഗ്രാമില്‍ ഒരു ക്യാംപെയ്ന്‍ തുടങ്ങിയതുമെല്ലാം അതിന്റെ ഭാഗമായാണ്. അമൃതം ഗമയയുടെയും എന്നെ തന്നെയും കൂടുതല്‍ എന്‍ഗേജ്ഡ് ആക്കാന്‍ ഞാന്‍ തന്നെ കണ്ടുപിടിച്ചതാണ് ഇതെല്ലാം.

സോഷ്യല്‍ മീഡിയയും ഞാനും

നൂറില്‍ തൊണ്ണൂറ്റിയഞ്ച് പേരില്‍ നിന്നും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം നേരിട്ടിട്ടുള്ള ആളുകളാണ്. എന്നെ രൂക്ഷമായി ചോദ്യം ചെയ്യുകയും ജീവിതത്തില്‍ ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത് വിമര്‍ശിക്കുന്നവരാണ് അധികവും. പക്ഷേ എന്നെയത് ഒരിക്കലും തളര്‍ത്തിയിട്ടില്ല. അവര്‍ക്കെന്നെ അറിയാത്തതു കൊണ്ടല്ലേ എന്നു കരുതും. അടുത്ത് ഒരു ടോക് ഷോയില്‍ സംസാരിച്ചിരുന്നു. എനിക്ക് സ്‌റ്റേജില്‍ കയറി നിന്ന് സംസാരിക്കുക വലിയ പേടിയുള്ള കാര്യമായിരുന്നു. അതിനെ അതിജീവിക്കാന്‍ കൂടിയാണ് അടുത്തിടെ ഒരു ടോക് ഷോയില്‍ സംസാരിച്ചത്. അതില്‍ ഞാന്‍ ഉദ്ദേശിക്കാത്തതോ പറയാത്തതോ ആയ കാര്യം വരെ വലിയ വാര്‍ത്തയായി. എന്തു പറഞ്ഞാലും അത് വാര്‍ത്തയാകുന്നതോര്‍ക്കുമ്പോള്‍ അഭിമുഖങ്ങളൊക്കെ കൊടുക്കാന്‍ പേടിയാണ്. ഞാന്‍ വിചാരിക്കാത്തതാണ് പലപ്പോഴും വരിക. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ പോസിറ്റിവ് ആയ പ്രതികരണമാണ് പലപ്പോഴും കിട്ടാറ്. അതുപോലെ വ്‌ളോഗ് തുട്ങ്ങിയപ്പോഴും ആളുകളുടെ സമീപനത്തില്‍ മാറ്റം വന്നു. വ്‌ളോഗില്‍ നമ്മള്‍ കുറേ കൂടി നമ്മളെ തുറന്നു കാണിക്കുകയാണ്. ശരിക്കും നമ്മുടെ ചിന്താഗതിയും ഇഷ്ടങ്ങളും നിലപാടുകളുമൊക്കെ വ്യക്തമാകുന്നതു കൊണ്ടാകാം. ആളുകളുടെ സോഷ്യല്‍ മീഡിയ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്.


ഇനി


അമൃതം ഗമയ തന്നെയാണു മുന്‍പില്‍. പ്രണാം എന്നൊരു മ്യൂസിക് വിഡിയോ സീരിസ് ആലോചനയിലാണ്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍.