കാലമെത്ര കഴിഞ്ഞാലും ആദ്യ ചിത്രത്തിലെ അതേ മുഖമായിരിക്കും നമ്മള്‍ ആ മനുഷ്യര്‍ക്കു ചാര്‍ത്തിക്കൊടുക്കുക. അവരില്‍ വന്ന മാറ്റങ്ങളെ അതിശയത്തോടെയേ കാണൂ. മെജോ ജോസഫ് എന്ന സംഗീത സംവിധായകന്‍ നമുക്ക് അതുപോലെയാണ്. നോട്ട്ബുക്കിലെ പ്ലസ്ടുക്കാരനാണ് ഇദ്ദേഹം നമുക്കിപ്പോഴും. ആദ്യ ചിത്രത്തില്‍ത്തന്നെ അഭിനേതാവായും സംഗീത സംവിധായകനായും തുടക്കം കുറിച്ച മെജോയാണ് ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തില്‍ പാട്ടുകളൊരുക്കുന്നത്. മെജോ തീര്‍ത്ത ഗാനങ്ങള്‍ പോലെ ഹൃദ്യമാണ് അദ്ദേഹത്തിന്റെ വര്‍ത്തമാനവും. മെജോയ്‌ക്കൊപ്പം

വാരിക്കുഴിയിലെ പാട്ടുകള്‍

ആദ്യമായിട്ടാണ് ഒരു ഫോക്മൂഡിലുള്ള പാട്ടുകള്‍ ചെയ്യുന്നത്. എനിക്കു തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. മാത്രമല്ല സംവിധായകന്‍ രജിഷ് എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന അമിതും അടുത്ത സുഹൃത്താണ്. കൂട്ടുകാര്‍ക്കു നടുവില്‍ നിന്നു ചെയ്തതുകൊണ്ട് രസകരമായ അനുഭവമായിരുന്നു.

ശ്രേയയും കീരവാണി സാറും

നാലു പാട്ടുകളില്‍ രണ്ടെണ്ണം ഇവരാണ് പാടിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സന്തോഷം. അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അത് ഈ സിനിമയില്‍ സാധിക്കും എന്നു കരുതിയില്ല. അപ്രതീക്ഷിതമായിയിരുന്നു ശ്രേയയെ കൊണ്ടുപാടിക്കാം എന്നു തോന്നിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. അങ്ങനെയാണ് ശ്രേയയെ ബന്ധപ്പെടുന്നത്. അയച്ചു കൊടുത്ത ഈണം ഇഷ്ടമായതോടെ മുംബൈയില്‍ വച്ച് റെക്കോഡ് ചെയ്തു. വേഗം പഠിച്ച,് തനി മലയാളിയെപ്പോലെ അവര്‍ പാടി. അവിസ്മരണീയമായ നിമിഷമായിരുന്നു അത്. ശ്രേയയ്‌ക്കൊപ്പം കൗശിക് മേനോനും പാടിയ ഡ്യുയറ്റ് ഗാനമാണിത്.

അഞ്ജു ജോസഫും സംഘവും ബാഹുബലിയിലെ ധീവര എന്ന പാട്ടിന് ഒരുക്കിയ 'അക്കാപ്പെല്ല' ഞാനാണ് അറേഞ്ച് ചെയ്തത്. അത് കീരവാണി സര്‍ കേള്‍ക്കാനിടയായി. അന്നു മുതല്‍ക്കേ സാറുമായി സൗഹൃദമുണ്ട്. ഈ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തിയപ്പോള്‍, ഈ ഗാനം ആരു പാടുമെന്ന് ആലോചിച്ചിരിക്കെ രജിഷ് ആണ് സാറിന്റെ കാര്യം പറഞ്ഞത്. എന്തുകൊണ്ട് നമുക്ക് കീരവാണി സാറിനെ കൊണ്ട് പാടിച്ചു കൂടാ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് ഞാനും അതേപ്പറ്റി ആലോചിച്ചത്. അപ്പോള്‍ത്തന്നെ സാറിനു മെസേജ് അയച്ചു. ഈണം അയച്ചു കൊടുക്കൂ എന്ന് അദ്ദേഹം അപ്പോള്‍ തന്നെ മറുപടി തന്നു. അങ്ങനെയാണ് അദ്ദേഹം എന്റെ പാട്ടില്‍ ഗായകന്‍ ആകുന്നത്.

എത്ര വലിയ സംഗീത സംവിധായകനാണ് അദ്ദേഹം എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അത്രത്തോളം വലിയ ലാളിത്യവും ഉണ്ട്. ഞാന്‍ ഓകെ പറഞ്ഞാലും അദ്ദേഹം സമ്മതിക്കില്ല. ഒന്നുകൂടി നോക്കാം എന്നു പറഞ്ഞു പിന്നെയും പാടും. പാടിയും തിരുത്തിപ്പാടിയും എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള അനുഭവമാക്കി ആ റെക്കോഡിങ് അദ്ദേഹം മാറ്റി.

അമേരിക്കന്‍ സിങ്ങർ ഗ്രേഡി ലോങ് പാടിയൊരു പാട്ടും കൂടിയുണ്ട്. മലയാളം ഗാനമാണിത്. അദ്യമായിട്ടാകണം ഒരു അമേരിക്കന്‍ സിങ്ങർമലയാളം പാട്ട് പാടുന്നത്. ഗ്രേഡി ലോങ്ങിനെ പരിചയപ്പെട്ടതും ഈ പാട്ടു പാടിച്ചതും എനിക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. സൈറാ ബാനു സിനിമയുടെ സംവിധായകനായ ആന്റണി സോണി കാരണമാണ് അങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടായത്. ആന്റണി പറഞ്ഞപ്പോള്‍ അവര്‍ പാട്ടുകാരിയാണ് എന്നൊന്നും അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ ആകാംക്ഷയായി. കാരണം അവര്‍ അന്ന് പാടിയതൊക്കെയും മലയാളം പാട്ടുകളായിരുന്നു. അതില്‍ നോട്ട്ബുക്ക് എന്ന ചിത്രത്തിനു വേണ്ടി ഞാന്‍ ചിട്ടപ്പെടുത്തിയ ഹൃദയവും ഹൃദയവും... എന്ന പാട്ടും പാടിയിരുന്നു. ഞാനാണ് അതിന്റെ കമ്പോസര്‍ എന്നറിയാതെ ആയിരുന്നു പാടിയത്. അവര്‍ക്കിഷ്ടമുള്ള മലയാളം പാട്ടുകളുടെ കൂട്ടത്തില്‍ അതും ഉണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് ഈ പാട്ടില്‍ എത്തിച്ചത.്

നോട്ട്ബുക്ക്

അതിനും അപ്പുറം എന്നെ അടയാളപ്പെടുത്തിയ മറ്റൊന്നില്ല. 13 വര്‍ഷം മുന്‍പാണ് ആ സിനിമ ഇറങ്ങിയതെന്നു വിശ്വസിക്കാനാകുന്നില്ല. ഇപ്പോഴും ആളുകള്‍ എന്നെ കാണുന്നതും ആ ചിത്രത്തിലെ പയ്യനായിട്ടാണ്. വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ അച്ഛനായി. ഭാര്യ മെറിന്‍. നല്ല സപ്പോര്‍ട്ട് ആണ് ആള്. മൂന്നു കുട്ടികളില്‍ മൂത്തയാള്‍ യുകെജിയില്‍ പഠിക്കുന്നു. രണ്ടാമത്തെയാള്‍ക്ക് ഒന്നര വയസ്സ്. മൂന്നാമത്തെയാള്‍ക്ക് നാലു മാസം. കാലം വേഗമാണ് പോയത്. അതു പറയുമ്പോള്‍ പലര്‍ക്കും അതിശയമാണ്. 25 വയസ്സുള്ളപ്പോഴായിരുന്നു ആ സിനിമയില്‍ അഭിനയിക്കുന്നത്. ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തിന്റെ പേരു പറഞ്ഞാണ് വിളിക്കുന്നത്. സന്തോഷമുണ്ട് അത്തരമൊരു ചിത്രത്തിന്റെ ഭാഗമായതില്‍. സൗഹൃദത്തിന്റെ ഭംഗിയും നന്മയുമൊക്കെ എപ്പോഴും തരുന്നൊരു ചിത്രം. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനേക്കാളുപരി എന്റെ ആദ്യ ചിത്രം എന്ന രീതിയില്‍ ഗംഭീര തുടക്കം ആയിരുന്നു. നല്ല സംവിധായകന്‍, പി.വി. ഗംഗാധരനെ പോലെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവ് അങ്ങനെ പല ഘടകങ്ങളും ഒത്തിണങ്ങിയ ചിത്രം. ഇഷ്ടമായിരുന്നുവെങ്കിലും സിനിമയില്‍ വേഷം കിട്ടുമെന്നൊന്നും കരുതിയതല്ല. എന്റെ സഹോദരി ആന്‍സിയെ വിവാഹം കഴിച്ച ആളാണ് നോട്ട്ബുക്കിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അങ്ങനെയാണ് ആ ചിത്രത്തിന്റെ ഭാഗമാകുന്നത്. അദ്ദേഹം പറഞ്ഞതുപോലെ അഭിനയിച്ചു, അത്രേയുള്ളൂ. എന്നന്നേക്കുമുള്ള ഓര്‍മയായി അതു മാറുകയും ചെയ്തു. അന്ന് കൂടെ അഭിനയിച്ച പാര്‍വതി, റോമ, മരിയ, സൂരജ് മേനോനായി വേഷമിട്ട സ്‌കന്ദ അശോക് ഇവരുമൊക്കെയായി ഇപ്പോഴും സൗഹൃദമുണ്ട്. പക്ഷേ തിരക്കുകള്‍ കാരണം അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറൊന്നുമില്ല. ഏതെങ്കിലും പരിപാടിയിലോ മറ്റോ വച്ചു കണ്ടാല്‍ മിണ്ടാതെ പോകാറുമില്ല. മനസ്സിലിപ്പോഴും അവര്‍ അങ്ങനെ തന്നെയുണ്ട്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍

അന്നാണു പാട്ടാണ് എന്റെ വഴി എന്നു തീരുമാനിക്കുന്നത്. കുഞ്ഞിലേ മുതല്‍ പാട്ട് വലിയ ഇഷ്ടമായിരുന്നു. ബികോം കഴിഞ്ഞപ്പോള്‍ പാട്ടുകാരനാകണോ സംഗീത സംവിധാനം വേണോ എന്ന കണ്‍ഫ്യൂഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പപ്പ പറഞ്ഞു ഒരു പ്രഫഷനല്‍ ഡിഗ്രി ഉള്ളത് നല്ലതല്ലേ, എംബിഎ കൂടി പഠിക്ക് എന്ന്. അതു നന്നായി. കാരണം ബെംഗളൂരുവിലെ പഠനത്തിനിടയില്‍ മുത്തുസ്വാമി എന്നൊരു സംഗീതജ്ഞനു കീഴില്‍ സംഗീതം പഠിക്കാനായി. പിന്നെ വന്ന് സൗണ്ട് എൻജിനീയറിങ് ചെയ്തു. അതിനു ശേഷമാണ് ഇനിയും മൗനമോ എന്ന ആല്‍ബം ചെയ്യുന്നത്. ആ പാട്ട് എന്റെ അനുജത്തി ആന്‍സി തന്നെയാണ് എഴുതിയത്. അങ്ങനെയാണ് നോട്ട്ബുക്ക് എന്ന ചിത്രത്തിൽ സംഗീതം ചെയ്യാന്‍ അവസരം കിട്ടിയത്.

പാട്ടുകള്‍ ഹിറ്റ് ആക്കാന്‍!

സിനിമയുടെ പശ്ചാത്തലവും പാട്ടിന്റെ സ്വഭാവവും പറയുമ്പോള്‍ പെട്ടെന്നാണ് പലപ്പോഴും മനസ്സില്‍ സംഗീതം വരുന്നത്. ഒരുപാട് ആലോചിച്ചു കൂട്ടേണ്ട കാര്യം വരാറില്ല. ചിലപ്പോള്‍ യാത്രകള്‍ക്കിടയിലോ ആരെയെങ്കിലും കുറിച്ചോര്‍ക്കുമ്പോഴോ ഒക്കെയാണ് സംഗീതം വരിക. കീബോര്‍ഡ് മുന്‍പില്‍ വേണം എന്നില്ല. സംഗീതം എപ്പോഴും കൂടെയുള്ളതാണ്. കുടുംബം പോലെ അതും എപ്പോഴും മനസ്സിലുണ്ട്.