സംഗീതത്തെ സ്നേഹിക്കുന്നവരെല്ലാം അതിനെ വിശേഷിപ്പിക്കുന്നത് സാഗരമെന്നാണ്. അതിൽ പലതരത്തിലുള്ള വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനുഭവപ്പെടും. ചിലർ തിരകൾക്കൊപ്പം നീന്തും. എന്നാൽ മറ്റു ചിലരുണ്ട്. തിരയ്ക്കൊപ്പം നീന്തുമ്പോൾത്തന്നെ അവർ സഞ്ചരിക്കുന്നതു വേറിട്ട വഴികളിലൂടെയായിരിക്കും. അങ്ങനെയൊരാളാണ് സംഗീത സംവിധായകൻ അൽഫോൺസ്. കുറച്ചു നല്ല പാട്ടുകൾ സമ്മാനിച്ച്, പിന്നെ ഏതാനും വർഷത്തേക്ക് ഈ സംഗീത സംവിധായകനെ മലയാളികൾ കണ്ടില്ല. ഇപ്പോഴിതാ 'ലോനപ്പന്റെ മാമ്മോദീസ' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാരംഗത്തു സജീവമാകുകയാണ് അൽഫോൺസ്. സിനിമയിൽനിന്നു മാറിനിന്ന വർഷങ്ങൾ എവിടെയായിരുന്നു അൽഫോൺസ്? സംഗീതത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന അൽഫോൺസിന്റെ പാട്ടു വിശേഷങ്ങൾ

ലോനപ്പന്റെ മാമ്മോദീസയിലേക്ക്‌

ചെറിയ ഇടവേളയ്ക്കു ശേഷമാണു വീണ്ടും സിനിമയിൽ സംഗീതം നൽകുന്നത്. മൂന്നു പാട്ടുകളുണ്ട് ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിൽ. രണ്ടു ഗാനങ്ങൾ കൂടി ചിട്ടപ്പെടുത്തിയിരുന്നു, ചിത്രത്തിന്റെ പ്രൊമോഷനായി. പടത്തിലെ പുണ്യറാസാ എന്ന പാട്ട് ട്രെൻഡിങ്ങായിരുന്നു. ബാൻഡ് മേളമെല്ലാം ലൈവായി എടുത്തു മിക്സ് ചെയ്തതാണ് ഈ പാട്ടിൽ. പല ട്രാക്കുകളായിട്ടാണ് എടുത്തിട്ടുള്ളത്. ബാൻഡ് ചെയ്തവർ റെക്കോർഡിങ് ആര്‍ട്ടിസ്റ്റുകളൊന്നുമായിരുന്നില്ല. പെരുന്നാളിനൊക്കെ ബാൻഡ് വായിക്കുന്ന ആളുകളാണ്. അതിന്റേതായ രസം ഉണ്ടായിരുന്നു. ആ പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്; എഴുതിയിരിക്കുന്നത് ഹരിനാരായണനാണനും. ചിങ്കാരിയാം എന്നു തുടങ്ങുന്നതാണ് രണ്ടാമത്തെ പാട്ട്. ജയറാമിന്റെ ബാല്യകാലം ചിത്രീകരിക്കുന്ന ഈ പാട്ടു പാടിയിരിക്കുന്നത് എന്റെ മകനാണ്. സിനിമയിലെ അവന്റെ ആദ്യ പാട്ടാണ്. ഒരു ഏഴാം ക്ലാസ്സുകാരന്റെ പ്രായത്തിലുള്ള മൂഡിലാണ് ആ പാട്ട് ചെയ്തിരിക്കുന്നത്. അതും ഹരി തന്നെയാണ് എഴുതിയത്. പുണ്യ റാസ എന്ന പാട്ട് ഇറങ്ങി അന്നു രാത്രി തന്നെ ഒന്നരലക്ഷത്തോളം പേർ അതുകേട്ടു. ഇത്രയും നല്ല സ്വീകരണം കിട്ടിയപ്പോൾ സന്തോഷം തോന്നി. ബാക്കിയുള്ള പാട്ടുകളും എല്ലാവരും സ്വീകരിച്ചു

മകൻ പാടിയപ്പോൾ

മോനെക്കോണ്ടു പാടിക്കാൻ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. നമ്മുടെ സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിനൊക്കെ അവൻ വന്നിരിക്കാറുണ്ട്. നമുക്കൊരു മ്യൂസിക് സ്കൂളുണ്ട്. സ്കൂളിന്റെ പ്രൊഡക്‌ഷന്‍സിനൊക്കെ അവൻ പാടിയിട്ടുണ്ട്. എന്റെ മനസ്സിൽ അവനെക്കൊണ്ടു പാടിക്കുക എന്നൊരു പ്ലാനൊന്നുമുണ്ടായിരുന്നില്ല. ഈ പടത്തിന്റെ റെക്കോർഡിങ് നടക്കുമ്പോൾ അവൻ സ്റ്റുഡിയോയിൽ വരാറുണ്ടായിരുന്നു. ഇങ്ങനെ ഒരവസരം വന്നപ്പോൾ എന്റെ അസിസ്റ്റൻസാണ് ആദ്യം ട്രാക്ക് പാടിച്ചത്. ഞാനതു കേട്ട് ഓകെ പറഞ്ഞു. വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അവൻ അത് കറക്ട് ഫീലോടു കൂടിത്തന്നെ പാടി. അവന് പാട്ടിലും കംപോസിങ്ങിലുമൊക്കെ അഭിരുചി ഉണ്ട്. പറഞ്ഞു കൊടുക്കുന്നതു പെട്ടെന്നു മനസ്സിലാക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. 

എന്തുകൊണ്ട് കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടുനിന്നു?

അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചെയ്യുമ്പോൾ അർഥവത്തായ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലമായിട്ടുണ്ടായിരുന്ന ആഗ്രഹമാണ് ഒരു മ്യൂസിക് സ്കൂൾ. അത് തുടങ്ങി, അതിന്റെ കാര്യത്തിൽ ഇൻവോൾവ്ഡ് ആയി. ഈ സമയത്തു മ്യൂസിക് റിയാലിറ്റി ഷോസിലുമൊക്കെ ഗ്രൂമിങ് ട്രെയിനിങ് നൽകിയിരുന്നു. മ്യൂസിക് പഠനത്തെപ്പറ്റി എനിക്ക് കുറച്ച് ഐഡിയ ഉണ്ട്.  അക്കാദമിക്കായി ഞങ്ങൾ കിന്റർഗാർട്ടൻ ഏജ് ഗ്രൂപ്പിലുള്ള കുട്ടികൾക്കുവേണ്ടി പുതിയൊരു സിലബസൊക്കെ തയാറാക്കിയിട്ടുണ്ട്. പരമ്പരാഗത രീതിയിൽനിന്നു മാറി പാട്ടുകളിലൂടെയും കളികളിലൂടെയും മ്യൂസിക്കിന്റെ ബാലപാഠങ്ങൾ അവർ പഠിക്കട്ടെ. ആ പ്രായത്തിലൊന്നും മ്യൂസിക് ഇൻസ്ട്രുമെന്റ്സിലൊന്നും തൊടാനുള്ള സമയമായിട്ടില്ല. അവരുടെ കൈകളൊന്നും അത്ര സ്ട്രോങ് ആയിട്ടില്ല. അപ്പോൾ അവർക്ക് താല്പര്യം തോന്നണം. സ്വരം, ശ്രുതി, താളം ഇതൊക്കെ മനസ്സിലാക്കുന്ന രീതിയിലുള്ള പുതിയൊരു സിലബസാണ്. അതിന്റെയൊക്കെയൊരു റിസർച്ചും ഡവലപ്മെന്റ്സുമെല്ലാം ആ കാലത്താണ് ചെയ്തത്. ലൈവ് പ്രോഗ്രാമുകളിൽ കൂടുതൽ ഫോക്കസ് ചെയ്തിരുന്നു. ആ രീതിയിലുള്ള തിരക്കുകളുണ്ടായിരുന്നു. വീണ്ടും മൂവി ചെയ്യണം എന്നു പറഞ്ഞപ്പോൾ ഇത്രയും നാൾ ചെയ്യാതിരുന്നിട്ട് വീണ്ടും ഫോക്കസ് ചെയ്തു വരാൻ പറ്റുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ലോനപ്പന്റെ മാമ്മോദീസയുടെ സംവിധായകൻ ലിയോ എന്റെ അടുത്ത സുഹൃത്താണ്. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടമാവുകയും ലിയോയുടെ പ്രോത്സാഹനവും ചേർന്നപ്പോൾ ചിത്രം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. 

പാട്ടെല്ലാം ഹിറ്റാകുന്നുണ്ടല്ലോ, പക്ഷേ സിനിമ?

ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന്റെ ബാക്ഗ്രൗണ്ട് സ്കോറും ചെയ്യാൻ എനിക്കു സാധിച്ചു. എല്ലാവരും നല്ല അഭിപ്രായമാണു പറഞ്ഞത്. കഥ പറയുന്നതിനിടയിലെ മ്യൂസിക് എല്ലാവര്‍ക്കും ഇഷ്ടമായി. സാധാരണ ഒരു പാട്ടു ചെയ്യുന്നതിൽ നിന്നു തികച്ചും വ്യത്യസ്തമായാണ് ബാക്ഗ്രൗണ്ട് സ്കോർ ചെയ്യുക. കാരണം അത് ഇമോഷൻസിന് അനുസരിച്ചാണല്ലോ വേണ്ടത്. ഇമോഷൻസ് സംഗീതത്തിലേക്ക് കൊണ്ടുവരുമ്പോൾ അൽപം ബുദ്ധിമുട്ടാകും. എങ്കിലും ഇത് നല്ല രീതിയിൽ .ചെയ്യാൻ സാധിച്ചു. എല്ലാവരും പറയാറുണ്ടായിരുന്നു. ചെയ്യുന്ന പടങ്ങളിൽ പാട്ടെല്ലാം ഹിറ്റാകാറുണ്ട് പക്ഷേ പടം ഹിറ്റാകാറില്ല എന്ന്.  എനിക്കതിൽ ഒന്നും ചെയ്യാനില്ലല്ലോ. നമ്മൾ പാട്ട് ചെയ്യുക എന്നു മാത്രമേ ഉള്ളൂ. പക്ഷേ ഈ പടത്തോടു കൂടി ആ ഒരു കാര്യം ബ്രേക്ക് ചെയ്യാൻ സാധിച്ചു. പാട്ടും പടവും ഒരു പോലെ ഹിറ്റായി. 

എന്റെ സംഗീത പരീക്ഷണങ്ങൾ

കുറച്ചുകാലം സിനിമയിൽനിന്നു വിട്ടുനിന്നത് പ്രോജക്ടുകൾ ഒഴിവാക്കിയതുകൊണ്ടല്ല. വരുന്ന വർക്കുകളിൽ ഞാൻ കഥയുടെ ഒരു പോസിറ്റിവിറ്റിയാണ് കൂടുതൽ നോക്കാറുള്ളത്. നെഗറ്റിവിറ്റി കൊണ്ടു വരുന്ന കാര്യങ്ങളാണെങ്കില്‍ ചെയ്യാൻ താല്പര്യമില്ല. പിന്നെ മ്യൂസിക് സ്കൂളിന്റെ കാര്യത്തിനാണ് ഇക്കാലയളവിൽ  പ്രാധാന്യം കൊടുത്തത്. നല്ല പ്രോജക്ട് വന്നാൽ ചെയ്യാൻ താല്പര്യമുണ്ടായിരുന്നു. അപ്പോൾ അത്തരം വർക്കുകളൊന്നും വന്നിരുന്നില്ല. നമ്മൾ ഫീൽഡിൽ സജീവമായി നിൽക്കുമ്പോഴാണല്ലോ വർക്കുകളും കിട്ടുന്നത്. ഞാൻ ആ സമയത്ത് സിനിമയിൽ സജീവമല്ലാതിരുന്നതാവാം ഒരു കാരണം. പക്ഷേ എനിക്ക് സംതൃപ്തി തരുന്ന ഒരുപാടു കാര്യങ്ങൾ ആ സമയത്ത് ചെയ്യാൻ പറ്റി. സ്കൂളിന്റെ കാര്യങ്ങളും മ്യൂസിക്കിൽ എക്സ്പിരിമെന്റായിട്ടുള്ള കാര്യങ്ങളുമൊക്കെ ചെയ്തു. അതിൽ പ്രധാനം ഗര്‍ഭിണികളിൽ നടത്തിയ മ്യൂസിക് എക്സ്പെരിമെന്റ് ആയിരുന്നു. അതൊരു വലിയ പ്രോജക്ട് ആയിരുന്നു. ശാസ്ത്രജ്ഞരും ഡോക്ടർമാരും ഞാനും ഉള്‍പ്പെട്ട ഒരു പ്രോജക്ട്. ചിലപ്പോൾ ഗർഭസ്ഥ ശിശുവിന് ചലനമില്ലാത്ത അവസ്ഥയുണ്ടാകും. അത്തരം കേസുകളിലായിരുന്നു ഈ എക്സ്പെരിമെന്റ് നടത്തിയത്. എന്താണ് കുഞ്ഞിന് അനക്കമില്ലാത്തതെന്ന് ആലോചിച്ച് ആ സമയത്ത് അമ്മയടക്കമുള്ളവർക്ക് വലിയ ആശങ്കയുണ്ടാകും. അത്തരം സന്ദർഭങ്ങളിൽ ചിലർ വൈബ്രേഷനുള്ള ഉപകരണങ്ങൾ വയറിൽ വച്ച് കുഞ്ഞിനെ ഉണർത്താൻ ശ്രമിക്കും. എന്നാല്‍, അത്  മറ്റൊരു തരത്തിൽ കുഞ്ഞിനെ ദോഷകരമായി ബാധിക്കും. പക്ഷേ, ഈ പരീക്ഷണത്തിൽ ഗർഭിണിയുടെ വയറിൽ ചില ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടാണ് ചെയ്തത്. ഇസിജിയൊക്കെ ഘടിപ്പിക്കുന്നതു പോലെ വയറിനകത്ത് ഇതൊക്കെ ഘടിപ്പിക്കും. അതിൽ നിന്നു കുട്ടിയുടെ ചലനങ്ങള്‍ കാണാൻ സാധിക്കും. കുട്ടിയുടെ മുഴുവൻ ചലനങ്ങളും അവർ റെക്കോർഡ്  െചയ്യും. ആദ്യം വരുന്നതു കുഞ്ഞിനെ ഉറക്കുന്ന ഒരു മ്യൂസിക്കാണ്. അതിനുശേഷം കുഞ്ഞിനെ ഉണർത്തുന്നത്, പിന്നെ എനർജെറ്റിക്കാക്കുന്നത്.  മൂന്ന് വ്യത്യസ്ത രാഗങ്ങൾ വ്യത്യസ്ത രീതിയിൽ അതിനായി ചിട്ടപ്പെടുത്തി. അതിന്റെ കൂടെ ചില ശബ്ദങ്ങളും. ഈ കടലിന്റെ ഉള്ളിലെ ശബ്ദം കുഞ്ഞിന് നല്ല ഒരു ഫീലിങ് ഉണ്ടാക്കുന്നു എന്നു മനസ്സിലായി. കാരണം കുഞ്ഞും വെള്ളത്തിനകത്താണല്ലോ കിടക്കുന്നത് അതായിരിക്കാം. അങ്ങനെ കുഞ്ഞിനു സന്തോഷം നൽകുന്ന കുറെ ശബ്ദങ്ങൾ. ഞാൻ ചെയ്തതിനകത്ത് ചില ശബ്ദങ്ങൾ ഡോക്ടർ പറഞ്ഞിട്ടു മാറ്റിയിരുന്നു. 

ദുബായിലുള്ള  ഡോ. ഡേവിസ് ആയിരുന്നു ഈ പ്രോജക്ടിനു നേതൃത്വം നൽകിയത്. മ്യുസിക് ഇഷ്ടമുള്ള ഒരാളാണ് അദ്ദേഹം. പ്രത്യേകിച്ചും കർണാടിക് മ്യൂസിക്. ഇരുപത്തഞ്ചോളം ഗർഭിണികളിലാണ് ഈ എക്സ്പിരിമെന്റ് നടത്തിയത്. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചില സൗണ്ടുകൾ ഞാൻ കംപോസ് ചെയ്തു കേൾപ്പിച്ചു അപ്പോൾ കുഞ്ഞുങ്ങൾ അതിനനുസരിച്ച് റെസ്പോണ്ട് ചെയ്തു. അതിനർഥം വയറിനുള്ളിൽ കിടക്കുമ്പോഴും കുഞ്ഞുങ്ങൾ മ്യൂസിക്കിനോട് പ്രതികരിക്കുന്നു എന്നാണ്. അങ്ങനെയൊരു പരീക്ഷണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. മറ്റൊരു പ്രോജക്ട് കൂടി അദ്ദേഹം ഇപ്പോള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഓർമ തിരിച്ചു കൊണ്ടുവരാനുള്ളതാണ് അത്. കോമ സ്റ്റേജിലായ രോഗികളിൽ, അവർ കേട്ടുമറന്ന സംഗീതത്തിലൂടെ ഓർമ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം. അതിന്റെ ചർച്ച നടന്നു വരികയാണ്. തുടർച്ചയായി ജോലിയിൽ നിന്നുണ്ടാകുന്ന മടുപ്പിൽനിന്നു പുറത്തു വരാൻ ഇതിലൂടെ സാധിച്ചു. സംഗീതത്തിലെ ഇത്തരം പരീക്ഷണങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്.