സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംഗീതസംവിധായകനും ഗായകനുമാണ് രാഹുൽ സുബ്രഹ്മണ്യൻ. അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശന്റെ സഹോദരനാണ് രാഹുൽ. ആറുവർഷത്തോളമായി സംഗീതസംവിധാനത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് ഈ കലാകാരന്‍. 2013–ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. അതിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ പിന്നീട് ‘ജോ ആൻഡ് ദ് ബോയ്’ എന്ന ചിത്രത്തിനു വേണ്ടിയും ഗാനങ്ങൾ ഒരുക്കി. അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ‘സെയ്ഫ്’ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണിപ്പോൾ. രാഹുൽ സുബ്രഹ്മണ്യൻ തന്റെ സംഗീതജീവിതത്തിലെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുന്നു.   

സംഗീതസംവിധാനത്തിലേക്കുള്ള ചുവടുമാറ്റം

‘മങ്കി പെൻ’ ഒരു പരീക്ഷണമായിരുന്നു. ആ ചിത്രത്തിനു വേണ്ടി പാട്ടുകൾ ചെയ്യാൻ അവസരം ലഭിച്ചത് യാദൃച്ഛികമായിട്ടാണ്. ആദ്യമായി സംഗീതസംവിധാനത്തിലേക്കെത്തിയപ്പോൾ എനിക്കു പേടിയും ആശങ്കയും ഉണ്ടായിരുന്നു. കുട്ടിക്കാലം മുതൽ സിനിമ കാണുന്നുണ്ടെങ്കിലും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും അത് എങ്ങനെ പുറത്തിറങ്ങുന്നു എന്നതിനെക്കുറിച്ചുമൊന്നും അറിയില്ലായിരുന്നു. പിന്നെ സിനിമയുടെ ഓരോ ഘട്ടത്തെയും കുറിച്ചു പഠിച്ചു. പേടിയോടെയാണെങ്കിലും മങ്കി പെന്നിനു സംഗീതം പകർന്നു. ചിത്രം പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. നിരവധി പേർ അഭിന്ദനമറിയിക്കാൻ വിളിച്ചിരുന്നു. അതൊക്കെ വലിയ പ്രോത്സാഹനമായി. ഞാൻ പ്രതീക്ഷിച്ചതിനേക്കാളേറെ ആത്മവിശ്വാസം ആ സിനിമ എനിക്ക് തന്നു. 

ചേച്ചിയെ മനഃപൂർവം മാറ്റി നിർത്താറില്ല

ആദ്യ ചിത്രത്തിൽത്തന്നെ ചേച്ചിയെക്കൊണ്ടാണ് പാടിപ്പിച്ചത്. ഇപ്പോൾ മനഃപൂർവം മാറ്റി നിർത്തുന്നതല്ല. ചേച്ചിയെക്കൊണ്ട് പാടിപ്പിക്കാൻ ഒരു സാഹചര്യം കിട്ടാത്തതു കൊണ്ടാണ്. ഞാൻ ഒരു ആൽബം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ചേച്ചിയെക്കൊണ്ട് പാടിക്കണം എന്നു വിചാരിക്കുന്നു. പിന്നെ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചപ്പോഴൊക്കെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമായിരുന്നു. ചേച്ചി വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു. ഒരുപാട് നിർദ്ദേശങ്ങളൊന്നും വയ്ക്കാറില്ല. പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ തമ്മിൽ അങ്ങനെ എതിരഭിപ്രായങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ചേച്ചി തമിഴ്–മലയാള ചിത്രങ്ങളിൽ സജീവമായിത്തന്നെ മുന്നോട്ടു പോകുന്നു. ഞങ്ങൾ ഇടയ്ക്ക് ഒരു ഭക്തിഗാനം ചെയ്തിരുന്നു. 

മുൻകാല ജീവിതം

ബിരുദത്തിനു ശേഷം ഞാൻ ബെംഗളൂരുവിൽ ജോലിക്കു കയറി. അന്ന് പാടുന്നതിനോടായിരുന്നു കമ്പം. ഒരുപാടു പേരോട് പാടാൻ അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. യഥാർഥത്തിൽ സംഗീത മേഖലയിലുള്ളവരെ പരിചയപ്പെടാൻ വേണ്ടിയാണ് ഞാൻ ബെംഗളൂരുവിലേക്കു പോയത്. ഒരു വർഷം മാത്രം അവിടെ ജോലി ചെയ്തു. മനസ്സിൽ മുഴുവൻ സംഗീതം ആയിരുന്നത് കൊണ്ട് മറ്റൊരു മേഖലയിലേക്കും താത്പര്യം തോന്നിയില്ല. ജോലി ഉപേക്ഷിച്ച് പൂർണമായും സംഗീതത്തിലേക്കു തിരിഞ്ഞു. 

ആലാപനവും ചിട്ടപ്പെടുത്തലും

സ്വന്തമായി ഈണം പകർന്ന് ഗാനം ആലപിക്കണമെന്ന് എന്നോടു പലരും പറയാറുണ്ട്. ഞാൻ അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. പാടുന്നതിനോടു മാത്രം  താത്പര്യം  ഉണ്ടായിരുന്ന സമയത്ത് ഞാൻ എന്റെ ശബ്ദം വളരെ ശ്രദ്ധിച്ചിരുന്നു. തൊണ്ടയൊക്കെ അതിനനുസരിച്ച് പാകപ്പെടുത്തിയിരുന്നു.  സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞതോടെ ആലാപനത്തിലുള്ള ശ്രദ്ധ വളരെ കുറഞ്ഞു. ശരിക്കും അങ്ങനെ ചെയ്യാൻ പാടില്ല. മറ്റുള്ളവരെക്കൊണ്ടു പാടിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തമായി പാടുമ്പോൾ എനിക്ക് കുറേ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴും പാടണമെന്ന് ആഗ്രമുണ്ടെങ്കിലും മറ്റൊരാൾ പാടുന്നതു കേൾക്കാനാണ് കൂടുതൽ ഇഷ്ടം. 

സംഗീതോപകരണങ്ങളിലെ പ്രാവീണ്യം

ഒരു സംഗീത സംവിധായകന് തീർച്ചയായും സംഗീതോപകരണങ്ങളുമായി ബന്ധമുണ്ടാകും. തബല, ചെണ്ട, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഞാൻ കുട്ടിക്കാലം മുതൽ പഠിച്ചത്. അവ വർഷങ്ങളോളം പരിശീലിച്ചു. പക്ഷേ ഇവയൊക്കെ വച്ച് സ്വന്തമായി പാട്ടുകൾ ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഞാൻ പിയാനോ വായിക്കാറുണ്ട്. അത് ആരുടെയും കീഴില്ല, സ്വന്തമായി പഠിച്ചതാണ്.

കുടുംബം

വീട്ടിൽ ഞാനും ചേച്ചിയും മാത്രമേ പാടാറുള്ളു. അമ്മയും അച്ഛനും ആസ്വാദകരാണ്. എന്റെ പൂർവ്വികർ ആരെങ്കിലും സംഗീതവുമായി ബന്ധപ്പെട്ടവരാണോ എന്ന് അറിയില്ല. നിലവിൽ ഞങ്ങൾ മാത്രമേ ഉള്ളു. ‘ശ്രീഹരി മ്യൂസിക്കൽ അക്കാദമി’ എന്ന പേരിൽ അച്ഛൻ വീട്ടിൽത്തന്നെ ഒരു സംഗീതപരിശീലന കേന്ദ്രം നടത്തിയിരുന്നു. അന്ന് സംഗീതാധ്യാപകൻ വീട്ടിൽ വന്ന് പഠിപ്പിക്കുമായിരുന്നു. അതുകൊണ്ടുതന്നെ പോയിരുന്നു പഠിച്ചില്ലെങ്കിലും എല്ലാ ദിവസവും പാട്ടു കേട്ടിരുന്നു. അവിടെ ധാരാളം കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. അതിൽ നിഖിൽ എന്ന ആൾ ഇപ്പോൾ എം. ജയചന്ദ്രൻ സാറിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുന്നു. ഞാൻ ഒന്നാം ക്ലാസുമുതൽ സംഗീതം പഠിച്ചിരുന്നെങ്കിലും പാട്ടിനെ സീരിയസ് ആയി കാണാൻ തുടങ്ങിയത് പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ്. 

സംഗീത ഇഷ്ടങ്ങൾ

സംവിധായകൻ എത്തരത്തിലുള്ള പാട്ടുകളാണോ ആഗ്രഹിക്കുന്നത് അതു ചെയ്യാൻ സാധിക്കണം എന്നു വിചാരിക്കുന്ന ആളാണ് ഞാൻ. ഒരു പ്രത്യേക തരത്തിലുള്ള പാട്ടുകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നു ഞാൻ വാശി പിടിക്കാറില്ല. എനിക്ക് കൂടുതലായും മെലഡി കേൾക്കാനാണ് ഇഷ്ടം. ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് തുടങ്ങിയവരൊക്കെ എന്റെ സംഗീതജീവിത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ഭാവി സംഗീത ജീവിതം

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാൻ’ എന്ന  ചിത്രമാണ് ഇനി ഇറങ്ങാനുള്ളത്. വിഷ്ണു എന്നയാളാണ് സംവിധാ‌യകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണത്. ഒരുപാടു പുതുമുഖങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘കത്തനാർ’ എന്ന ചിത്രത്തിന് വേണ്ടിയും ഞാൻ ഗാനങ്ങൾ ഒരുക്കുന്നുണ്ട്. അതിനു പക്ഷേ കുറച്ച് കാര്യങ്ങൾ പഠിക്കാനുണ്ട്. മങ്കിപെന്നിലെ ടീം ഒരിക്കൽ കൂടി ഒരുമിക്കുന്ന ചിത്രമാണത്. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണത്.