യേശുദാസിനൊപ്പം ചെറുമകളും, സ്വാമിയുടെ സംഗീതം; അപൂർവ മധുരമായി ശ്യാമരാഗം
മലയാളി നെഞ്ചേറ്റി ലാളിക്കുന്ന സംഗീതപരമ്പരയിലെ നാലാം തലമുറയും പാട്ടിന്റെ വഴിയിലേക്ക്. അഗസ്‌റ്റിന്‍ ജോസഫില്‍ തുടങ്ങി മകന്‍ യേശുദാസിലൂടെയും വിജയ് യേശുദാസിലൂടെയും അമേയയിലെത്തി നില്‍ക്കുന്ന അദ്ഭുതാവഹമായ തുടര്‍ച്ചയ്ക്കു നിയോഗമാകുന്നത് ചിത്രകാരൻ കൂടിയായ സേതു ഇയ്യാലിന്‍റെ ആദ്യചിത്രമായ ശ്യാമരാഗമാണ്. ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പ്രിവ്യൂവില്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത് അഭിനന്ദനം അറിയിച്ചിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമി അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച സിനിമയെന്ന പ്രത്യേകതയും ശ്യാമരാഗത്തിനുണ്ട്.
സംവിധായകനായ സേതു ഇയ്യാല്‍ സംസാരിക്കുന്നു.
ദക്ഷിണാമൂര്‍ത്തി സ്വാമിയെന്ന അദ്ഭുതം
ആദ്യമായി ഒരു സിനിമ എന്ന് ആലോചിച്ചപ്പോള്‍ത്തന്നെ അത് ഒരു സംഗീതയാത്ര ആയിരിക്കണമെന്നും സംഗീതം ദക്ഷിണാമൂര്‍ത്തി സ്വാമിയായിരിക്കണമെന്നും മനസ്സില്‍ ഉറപ്പിച്ചിരുന്നു. അത്രയ്ക്ക് ആരാധനയും സ്നേഹവുമുണ്ട് അദ്ദേഹത്തോട്. ബാക്കി കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ താമസം വന്നപ്പോള്‍ സംഗീതം ആദ്യം ചെയ്തുവച്ചു. നാലു തലമുറയെ പാടിച്ച ആളാണ്. അങ്ങനെയൊരു പ്രതിഭാസം ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. അതൊരു ചരിത്രമാണ്. അഗസ്റ്റിന്‍ ജോസഫ്, ദാസേട്ടന്‍, വിജയ്, ഈ സിനിമയിലൂടെ ഇപ്പോള്‍ അമേയയും. മാത്രമല്ല, തൊണ്ണൂറ്റിനാലാം വയസ്സില്‍ സിനിമയ്ക്കുവേണ്ടി സംഗീതം ചെയ്തൊരാള്‍ മറ്റെങ്ങും ഉണ്ടെന്നും തോന്നുന്നില്ല. ദാസേട്ടന്‍ ഒരു ചടങ്ങില്‍ ഇതു പറഞ്ഞപ്പോഴാണ് ആ കാര്യത്തെക്കുറിച്ച് ആലോചിക്കുന്നത്.
ചിത്രം വരയ്ക്കാന്‍ നാടുവിട്ടു
ചെറുപ്പത്തില്‍, ചിത്രകാരനാകുന്നതും വലിയ ആളുകളുമായി അടുപ്പമുണ്ടാകുന്നതും ഒക്കെ സ്വപ്നം കണ്ടിരുന്നു. സ്വദേശമായ ഇയ്യാല്‍ കുന്നംകുളത്തിനടുത്തുള്ള ഒരു കുഗ്രാമമാണ്. പെയിന്റിങ്ങാണ് അന്നും മനസ്സില്‍. വെക്കേഷന് ചെന്നൈയിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടില്‍ പോകും. അവിടെ വലിയ കട്ടൗട്ടുകളൊക്കെ കാണുമ്പോള്‍ വല്ലാത്ത ഒരു സന്തോഷമാണ്. കൊതിയാകും. അന്ന് ഫ്ലക്സ് ഇല്ലല്ലോ. ഒന്‍പതാം ക്ലാസ്സില്‍ തോറ്റപ്പോള്‍ വീട്ടില്‍നിന്നിറങ്ങി ചെന്നൈയില്‍ എത്തി. എന്തുചെയ്യണമെന്ന് നിശ്ചയമില്ല. കട്ടൗട്ടുകളുടെ താഴെ അത് വരച്ചയാളുടെ പേരുണ്ടാവുമല്ലോ. അതു നോക്കി സ്വാമീസ് ആര്‍ട്ട് കണ്ടുപിടിച്ച് അവിടെയെത്തി. കയ്യില്‍ സ്കൂള്‍ ബാഗുണ്ട്. പുസ്തകവും ചോറ്റുപാത്രവുമൊക്കെ കണ്ടിട്ട് അദ്ദേഹം പറഞ്ഞു തിരിച്ചുപോവാന്‍. പൈസ തരാം പോയി പത്താം ക്ലാസ് ഒക്കെ പാസ്സായി തിരിച്ചു വരാന്‍. ഞാന്‍ പക്ഷേ പോയില്ല.
രാവിലെ തന്നെ അവിടെക്കാണും. ചില്ലറ പണിയൊക്കെ ചെയ്യും. അവിടെയുള്ള പൈപ്പില്‍ കുളിക്കും .ഓഫിസൊക്കെ അടിച്ചുവാരി വൃത്തിയാക്കും. ചായ വാങ്ങി കൊടുക്കും. പയ്യന്‍ കുഴപ്പമില്ലെന്നു കണ്ടിട്ടാവും അവിടെ നിര്‍ത്തി. ബാനര്‍ ഒക്കെ ചെയ്യിക്കും. അങ്ങനെ രണ്ടരക്കൊല്ലം അവിടെനിന്നു പണി പഠിച്ചു.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലൊക്കെ ചിത്രങ്ങള്‍ കാണുമല്ലോ. അത് കാണാന്‍ തഞ്ചാവൂരിൽ ചെന്നപ്പോഴാണ് ഞാന്‍ എന്‍റെ ഗുരുവിനെ കണ്ടെത്തുന്നത്, ഒരു സ്വാമിയും അമ്മയും മാത്രം. അവരുടെ കൂടെനിന്ന് പഠിച്ചു. അങ്ങനെ പതിയെ ബന്ധങ്ങള്‍ ഉണ്ടായിത്തുടങ്ങി.
സിനിമയിലേക്ക്
സംഗീതം ഒരുപാട് ഇഷ്ടമാണ്. സ്വാമിയോടൊപ്പം കുറേക്കാലം സംഗീതവും ചിത്രരചനയും ഒക്കെ ചേര്‍ന്നു നീങ്ങിയ സ്നേഹസമ്പന്നമായ ഒരു കാലത്താണ് ചില കഥകൾ മനസ്സിൽ ചേക്കേറിയത്. അങ്ങനെ സിനിമ അടുത്തുനിന്നു പഠിക്കണം എന്ന് തോന്നി. ലോഹിതദാസ് സാറിന്റെ സംവിധാന സഹായിയായി അഞ്ചു സിനിമകളില്‍ ഉണ്ടായിരുന്നു. സിനിമകള്‍ കണ്ട് ആരാധന തോന്നിയതാണ്. രണ്ടര വർഷം നടന്നു. എന്നിട്ടാണ് സാര്‍ കൂടെ കൂട്ടിയത്. കസ്തൂരിമാന്‍ മലയാളവും തമിഴും, നിവേദ്യം, ചക്രം, ചക്കരമുത്ത് എന്നീ സിനിമകളില്‍ കൂടെയുണ്ടായിരുന്നു. അതൊരു ഭാഗ്യമാണ്. എന്‍റെ അച്ഛനെ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടതാണ്. ആ സ്ഥാനവും സ്നേഹവുമാണ് എന്‍റെ മനസ്സില്‍ അദ്ദേഹത്തിനുള്ളത്.
ചിത്രം വരച്ചുണ്ടായ ഹൃദയബന്ധങ്ങള്‍
പടം വരയോട് ഇഷ്ടം കൂടിയുളള യാത്രയ്ക്കിടയിലാണ് സിനിമയും പാട്ടുകാരും ജീവിതത്തിന്റെ ഭാഗമാകുന്നത്. പണ്ടുമുതലേ ചെമ്പൈ സംഗീതോത്സവം കേൾക്കാൻ പോകുമായിരുന്നു. അങ്ങനെയാണ് ചെമ്പൈയുടെ ശിഷ്യൻ മണി ഭാഗവതരെ പരിചയപ്പെടുന്നത്. എനിക്ക് ഇരുപതു വയസ്സൊക്കെ ഉള്ളപ്പോഴാണത്. വരയ്ക്കുമെന്നറിഞ്ഞപ്പോള്‍ ഭാഗവതർ ഗുരുവിന്റെ ചിത്രം വരച്ചു നൽകാൻ പറഞ്ഞു. ചെമ്പൈ ഗ്രാമത്തിലെ ക്ഷേത്രത്തിലെ ആ ചിത്രം അനാച്ഛാദനം ചെയ്യാനെത്തിയത് യേശുദാസ് ആണെന്നത് മറ്റൊരു നിയോഗം. ചിത്രം കണ്ടിഷ്ടമായ ദാസേട്ടന്‍ പറഞ്ഞു, ‘ഇതുപോലൊരു പടം എനിക്കും വേണം ഗുരുവായൂരേക്ക്’. അന്നു മുതലാണ് ആ സ്നേഹബന്ധം തുടങ്ങുന്നത്. ദാസേട്ടന്റെ മദ്രാസിലെ വീട്ടിലുള്ള ചെമ്പൈയുടെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും ചിത്രങ്ങള്‍. പിന്നെ തരംഗിണി സ്റ്റുഡിയോയിലേക്കായി ദാസേട്ടന്റെ പത്തോളം ചിത്രങ്ങള്‍.
ചിത്ര ചേച്ചിയും ഒരു അനുജന്‍റെ സ്ഥാനം തന്നിട്ടുണ്ട്. വീട്ടിലെ പഴ്സനല്‍ ചിത്രങ്ങള്‍ വരച്ചു നല്‍കാന്‍ വിളിക്കാറുണ്ട്. ജയലളിത, കരുണാനിധി, ലീഡര്‍ കെ. കരുണാകരന്‍, ലതാ മങ്കേഷ്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ചിത്രങ്ങള്‍ വരച്ചു നല്‍കിയിട്ടുണ്ട്. ആർ. വെങ്കിട്ടരാമന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം രാഷ്‌ട്രപതി ഭവനിലേക്ക് ഗുരുവായൂരപ്പന്റെ ഒരു ചിത്രം വരച്ചു നല്‍കിയിരുന്നു.
അമേയയുടെ ആദ്യഗാനം
സിനിമയില്‍ ഒരു കുട്ടി കീര്‍ത്തനം പാടുന്ന രംഗമാണ്. അമേയ മനസ്സിലുണ്ടെങ്കിലും ദാസേട്ടനോടു ചോദിക്കാന്‍ പേടി. അങ്ങനെയിരിക്കെ ഞാന്‍ ആവശ്യപ്പെടാതെതന്നെ സ്വാമി ഒരു ദിവസം എന്നോടു പറഞ്ഞു, അത് വിജയ്ടെ മോള്‍ പാടട്ടെ എന്ന്. ദാസേട്ടനോട് ചോദിക്കാനുള്ള ധൈര്യക്കുറവു കാരണം വിജയ്‌യോടു പറഞ്ഞു. അപ്പയോടു ചോദിച്ചോളൂ എന്നു വിജയ്. അങ്ങനെ മടിച്ചു നില്‍ക്കുമ്പോ ഒരു ദിവസം ദാസേട്ടന്‍ ചോദിക്കുന്നു, എടാ എന്നാണ് അമേയയുടെ റെക്കോർഡിങ് എന്ന്. ചിലപ്പോ വിജയ് പറഞ്ഞു കാണും. എന്തായാലും എല്ലാം ദൈവാനുഗ്രഹം. മലയമാരുത രാഗത്തിലുള്ള ഒരു കീര്‍ത്തനമാണ് അമേയ പാടുന്നത്. ചിത്രത്തില്‍ ആറുഗാനങ്ങളുണ്ട്. ദാസേട്ടനും ചിത്രയും വിജയും അമേയയുമാണ് പാടിയിരിക്കുന്നത്. അമേയ പാടുന്നത് ദാസേട്ടനൊപ്പമാണ്. സിനിമയില്‍ ഗുരുവും ശിഷ്യയുമായ കഥാപാത്രങ്ങള്‍ പാടുന്ന രംഗത്തിനു പിന്നണിയാണ് ദാസേട്ടനും അമേയയും പാടുന്ന കീർത്തനം. റഫീഖ് അഹമ്മദും കൈതപ്രവുമാണ് ഗാനരചന.
രജനീകാന്തിന്‍റെ അഭിനന്ദനം
ചെന്നൈയില്‍ ഒരു സ്പെഷല്‍ പ്രിവ്യൂ നടത്തിയിരുന്നു. ഒരുപാടു പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ രജനി സാര്‍ കുടുംബസമേതമെത്തി. കണ്ടതിനുശേഷം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ടീമിനു കിട്ടിയ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ഭാര്യയും മകള്‍ ഐശ്വര്യയും നല്ല അഭിപ്രായം പറഞ്ഞു.
സംഗീതസാന്ദ്രമായ പ്രണയകഥ
ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് ശ്യാമരാഗം. രചന മാടമ്പ് കുഞ്ഞുകുട്ടന്‍. വൈ.ജി. മഹേന്ദ്രന്‍, ശാന്തികൃഷ്ണ, ശാന്തകുമാരി, പുതുമുഖങ്ങളായ പ്രണവ്, പ്രസീത എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. നൃത്തപ്രധാനമായ ഒരു വേഷത്തിലേക്ക് ശാന്തി കൃഷ്ണയുടെ തിരിച്ചുവരവു കൂടിയാണ് ഇതിലെ കഥാപാത്രം.
മറ്റൊരു മഹാഭാഗ്യം, ചിത്രത്തിലെ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രതിഭകളായ ധനഞ്ജയന്‍-ശാന്താ ധനഞ്ജയന്‍ ദമ്പതികളാണ്. മധു മാടശ്ശേരിയാണ് ക്യാമറ. ശ്യാമരാഗം ജനുവരി ആദ്യവാരം റിലീസ് ചെയ്യും.