'കിം ജോങ് ഉന്നും കിം കി ഡുക്കുമല്ല ഈ കിം'; ബി.കെ ഹരിനാരായണൻ പറയുന്നു
സന്തോഷ് ശിവൻ–മഞ്ജു വാര്യർ–സൗബിൻ ഷാഹിർ കോംബോയിൽ ഒരുങ്ങുന്ന ജാക്ക് ആന്റ് ജില്ലിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ ഇറങ്ങിയപ്പോൾ മുതൽ കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്റെ ഫോണിന് വിശ്രമമില്ല. എല്ലാവർക്കും അറിയേണ്ടത് എന്താണ് ഈ കിം കിം കിം? മേ മേ മേ? ഈണത്തിൽ പാടാനായി രസമുള്ള രണ്ടു ശബ്ദം ഉപയോഗിച്ചതായിരിക്കുമെന്ന് സ്വയം കണ്ടെത്തിയവരുണ്ടായിരുന്നു അക്കൂട്ടത്തിൽ. ചിലർ ഒരു പടി കൂടി കടന്ന് ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിനെയും ചലച്ചിത്രകാരൻ കിം കി ഡുക്കിനേയും പാട്ടിനൊപ്പം കൂട്ടിക്കെട്ടി.
മൈലാഞ്ചിക്കാടും സുജൂദും പോലെ ഓരോ കഥാപരിസരത്തു നിന്നും അതിമനോഹരമായ വാക്കുകൾ കണ്ടെത്തിയെടുക്കുന്നതിൽ വിരുതനായ ഹരിനാരായണന് ആരാധകരുടെ ഈ വായനകൾ രസിപ്പിച്ചെന്നത് സത്യം. എന്നാൽ, 'കിം ജോങ് ഉന്നും കിം കി ഡുക്കുമല്ല ഈ കിം' എന്നു പറയുകയാണ് മലയാളികളുടെ പ്രിയ പാട്ടെഴുത്തുകാരൻ. 'അതിനു പിന്നിൽ ഞാൻ നടത്തിയ ഒരു യാത്രയുണ്ട്,' ഹരിനാരായണൻ പറയുന്നു. മലയാളികൾ ചർച്ച ചെയ്യുന്ന ആ 'കിം കിം കിം-മേ മേ മേ' സമസ്യയ്ക്ക് ഉത്തരം മനോരമ ഓൺലൈനിലൂടെ ഹരിനാരായണൻ പങ്കുവയ്ക്കുന്നു.
അർത്ഥമിങ്ങനെ
കിം കിം കിം .... മേ മേ മേ... വെറും രണ്ടു വാക്കല്ല. അതു വെറുതെ വച്ചതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ വെറുതെ ഒരു രസത്തിന് ഇട്ട വാക്കുകളല്ല അത്. യഥാർത്ഥത്തിൽ 'കിം' എന്നാൽ 'എന്തേ' എന്നാണ് അർത്ഥം. 'മേ' എന്നാൽ എനിക്കുവേണ്ടി. 'എനിക്കുവേണ്ടി വരാത്തതെന്തേ കാന്താ' എന്നാണ് ആ വരിയുടെ ശരിയായ അർത്ഥം. ഇത് പൂർണമായും മണിപ്രവാളം ആണെന്ന് പറയാൻ പറ്റില്ല. മലയാളവും സംസ്കൃതവും ചേർത്തുവച്ചുണ്ടാക്കുന്ന ഒരു പരിപാടിയില്ലേ, അതാണ്. സംസ്കൃതവും മലയാളം ചേർത്തുപയോഗിച്ചിരുന്ന പാട്ടുകൾ പണ്ട് ധാരാളമായി ഉണ്ടായിരുന്നു.
ആ വാക്ക് വന്നത്
ഈ സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ച് എനിക്ക് അധിക കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ, ഈ പാട്ടുണ്ടാക്കുന്ന സമയത്ത് സന്തോഷേട്ടനായിട്ട് (സന്തോഷ് ശിവൻ) ചർച്ചകളിൽ പങ്കെടുത്തിരുന്നു. നല്ല രസമുള്ള സൗബിന്റെ ഒരു ക്യാരക്ടറുണ്ട്. ആള് പറയുന്ന ചില വാചകങ്ങൾ വേണമെന്നു പറഞ്ഞപ്പോഴാണ് 'കിം... കിം... കിം?' ... 'എന്തേ' എന്നു ചോദിക്കുന്ന രീതി ആയാലോ എന്ന ആശയം വന്നത്. ഈയൊരു രീതിയിൽ പഴയ പാട്ടുകളുടെ റഫറൻസ് കേട്ടു. ആ ചർച്ചയിലാണ് പഴയൊരു പാട്ടിനെക്കുറിച്ച് ഞാൻ പറഞ്ഞത്. അതിന്റെ വരികൾ ഇതായിരുന്നു.
കാന്താ തൂകുന്നു തൂമണം ഇതെങ്ങു നിന്ന് കാന്താ...
മുൻപിതുപോൽ ഇമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല
കിം കിം കിം കിം കിം കിം കിം
മേ മേ മേ മേ മേ മേ മേ മേ സുഗന്ധം, കാന്താ
ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം
ഈ പാട്ടിന്റെ ഉത്ഭവത്തെപ്പറ്റി അന്വേഷിച്ചു. ഇത് ജഗന്നാഥൻ എന്ന നടൻ 'ഒരിടത്ത്' എന്ന സിനിമയിൽ പാടിയിട്ടുണ്ട്. ആ സിനിമയിൽ അഭിനയിച്ച നെടുമുടി വേണു ചേട്ടനോടു ഞാൻ ഇതിനെക്കുറിച്ച് അന്വേഷിച്ചു. ഇതൊരു നാടകത്തിലെ പാട്ടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. വൈക്കം എം മണി എന്നു പറയുന്ന പഴയകാല സംഗീതനാടകങ്ങളിലെ അനുഗ്രഹീതനായ അഭിനേതാവും ഗായകനുമായ വ്യക്തിയാണ് പാടിയത്. പഴയകാല സംഗീതനാടകങ്ങളിൽ അഭിനയിക്കുന്നതും പാടുന്നതും ഒരേ ആൾക്കാരാണ്. അതിൽ സംസ്കൃതവും മലയാളവും തമിഴും ഒക്കെ ചേർത്തൊരു ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ഈ പാട്ട് വൈക്കം മണി പാടിയത് അരവനിന്ദന് ഇഷ്ടപ്പെട്ടിട്ടാണ് ഒരിടത്ത് എന്ന സിനിമയിൽ എടുത്തതും ജഗന്നാഥൻ പാടുകയും ചെയ്തത്.
അച്ഛന്റെ പാട്ടിന് മകളുടെ ഉറപ്പ്
വൈക്കം എം മണി വലിയ നടനും ഗായകനുമായിരുന്നു. പണ്ട് നടന്മാർ തന്നെയാണല്ലോ പാടുക. ഇദ്ദേഹത്തിന്റെ മകളെയാണ് (രാജേശ്വരി) ശ്രീകുമാരൻ തമ്പി സർ വിവാഹം ചെയ്തത്. ഞാൻ രാജി ചേച്ചിയോട് (രാജേശ്വരി ഈ പാട്ടിനെക്കുറിച്ച് സംസാരിച്ചു. ഈ പാട്ട് അവർക്ക് ഓർമയുണ്ട്. 'പാരിജാത പുഷ്പാപഹരണം' എന്ന നാടകത്തിലാണ് അച്ഛൻ ഈ പാട്ട് പാടിയതെന്ന് ചേച്ചി പറഞ്ഞു തന്നു. ഇതൊരു തമാശപ്പാട്ടാണ്. അദ്ദേഹം പാടിയതാണ് എന്നല്ലാതെ ഇതിന്റെ രചനയെക്കുറിച്ചോ മറ്റു വിവരങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ, നാളെ അതു കണ്ടെത്താൻ കഴിഞ്ഞാൽ നല്ലത്. അതുകൊണ്ടാണ് കിട്ടാവുന്നത്ര വിവരം പാട്ടിന്റെ വിവരണത്തിൽ കൊടുത്തത്. ഈ പാട്ടിന്റെ ഉത്ഭവത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം കൊണ്ട് അതിനു പിന്നാലെ നടന്നതാണ്.
ആ കലാകാരന്മാർക്കുള്ള സമർപ്പണം
പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളിലാണ് ഇത്തരം സംഗീതനാടകങ്ങൾ നടന്നിരുന്നത്. മിക്കപ്പോഴും തറയിൽ തന്നെ കാലടി നൊന്ത് കളിക്കണം. പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല. മൈക്കില്ല, പാടാൻ പിന്നണിക്കാരില്ല. ഉച്ചത്തിൽ തൊണ്ട പൊട്ടി പാടണം! വലിയ ചലനങ്ങളോടെ ആടണം. കാരണം സദസിന്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നതും പറയുന്നതും കേൾക്കണമല്ലോ! നടനം മനസ്സിലാവണം. അതിന്, തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരൻമാർക്കും ജീവിതാവസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്! ആ ഒരു കാലത്തിന്, അന്നത്തെ കലാകാരൻമാർക്ക്, അവർ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നൽകിയുണ്ടാക്കിയ നാടകങ്ങൾക്ക് ഉള്ള എളിയ സമർപ്പണമാണ് ഈ ഗാനം.
ഇനിയൊരു സസ്പെൻസ്
പാരിജാത പുഷ്പാപഹരണം എന്ന നാടകത്തിൽ ഉപയോഗിച്ച പാട്ടിന്റെ ഈണമല്ല ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കിം കിം കിം, മേ മേ മേ എന്ന പ്രയോഗങ്ങളും 'കാന്താ' എന്ന വാക്കും മാത്രമാണ് പഴയതിൽ നിന്നു എടുത്തിരിക്കുന്നത്. ബാക്കി വരികൾ മാറ്റിയെഴുതി. ഇങ്ങനെയൊരു പാട്ടു വേണമെന്ന് സന്തോഷേട്ടനും ഉണ്ടായിരുന്നു. അതുകൊണ്ട് സംഭവിച്ച പാട്ടാണിത്. ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ അദ്ദേഹം കൂടെ നിന്നു പിന്തുണച്ചു. പിന്നെ, കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്നത് സസ്പെൻസ്. സിനിമയിൽ ഈ വാക്ക് വെറുതെ പാട്ടിൽ വന്നു പോകുന്നതല്ല. സിനിമയിൽ അതിനു കൃത്യമായ റോളുണ്ട്.