നിറവയർ താങ്ങിപ്പിടിച്ച്, അമ്മയാകുന്ന നിമിഷത്തിനു വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന നന്മനിറഞ്ഞ പെൺമുഖങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കാറുണ്ട്. ഏറെ വാത്സല്യത്തോടെ വയറിലേയ്ക്കുള്ള അവരുടെ നോട്ടം അമ്മക്കരുതലിൽ അകത്തു കിടക്കുന്ന കുഞ്ഞിനെ നേരിൽ കാണുന്നതുപോലെയുള്ള അനുഭൂതി നിറയ്ക്കും. മറ്റേണിറ്റി ഫോട്ടോഷൂട്ട് പോലെ ഇപ്പോൾ മറ്റേണിറ്റി ഡാൻസ് വിഡിയോകളും ട്രെൻഡിങ്ങാണ്. ഒരു ഗർഭിണി പാട്ടിനൊപ്പം ആസ്വദിച്ചു ചുവടു വച്ചാൽ അവളെക്കാളേറെ ആശങ്ക അത് കാണുന്നവർക്കാണ്. അമ്മ കുഞ്ഞിനെ കരുതുന്നതു പോലെ മറ്റാർക്കെങ്കിലും കരുതാൻ കഴിയുമോ? അപ്പോൾ പിന്നെ ‘ശ്രദ്ധിക്കണം, ഈ നിറവയർ കൊണ്ട് ഇങ്ങനെയൊന്നും ചെയ്യരുത്, ഈ സമയത്താണോ പാട്ടും കൂത്തും’ തുടങ്ങിയ ഉപദേശങ്ങളുടെയും അനാവശ്യ വിമർശനങ്ങളുടെയും അടിസ്ഥാനമെന്താണ്. ഒൻപതാം മാസത്തിലും കൂളായി ഡാൻസ് ചെയ്ത അഭിനേത്രിയും അവതാരകയും സംഗീതസംവിധായകൻ ബാലഗോപാലിന്റെ ഭാര്യയുമായ പാർവതി ആർ.കൃഷ്ണ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായി. അനാവശ്യ വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണമെന്തെന്നു ചോദിക്കാനായി വിളിച്ചപ്പോൾ ഒരു ഗംഭീരനൃത്തം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു പാർവതി. എന്നി‍ട്ടും വളരെ എനർജിയോടെയും പ്രസരിപ്പോടെയുമായിരുന്നു പ്രതികരണം. ഫോൺ വയ്ക്കാൻ നേരം, നാളെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതെന്ന് ആശങ്കകൾ ഇല്ലാതെ അറിയിക്കുകയും ചെയ്തു. ഈ നൃത്തവും പാട്ടും ആസ്വാദനങ്ങളുമൊക്കെത്തന്നെയാണ് പാർവതിയെ ഇത്രയധികം ടെൻഷൻ ഫ്രീ ആക്കിയതെന്നുറപ്പ്. എന്തായാലും വിമർശനങ്ങൾക്കെതിരെയുള്ള നിലപാടും കൺമണിക്കായുള്ള കാത്തിരിപ്പിന്റെ അനുഭവവുമായി പാർവതി കൃഷ്ണ മനോരമ ഓൺലൈനിനൊപ്പം. 

ഒൻപതാം മാസത്തിലല്ല ആദ്യ വിഡിയോ

ഒൻപതാം മാസത്തിലാണ് ഞാൻ ഗർഭിണിയാണെന്ന കാര്യം മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്തിയത്. അതിനു മുൻപൊക്കെ ഞാൻ ഡാൻസ് ചെയ്യുകയും വിഡിയോകൾ പങ്കുവയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. അപ്പോഴൊക്കെ എന്റെ വയറിനു മുകളിലേയ്ക്കുള്ള ഭാഗം മാത്രമേ വിഡിയോയിൽ കാണിച്ചിരുന്നുള്ളു. മാത്രമല്ല കഴിവതും അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഞാൻ ഗർഭിണിയാണെന്ന കാര്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല. അന്നൊന്നും എന്റെ വിഡിയോകൾക്ക് അധികം കമന്റുകളും ലഭിച്ചിരുന്നില്ല. ഇപ്പോൾ പക്ഷേ ഈ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒരുപാട് പേർ അതു കാണാനായി എന്റെ അക്കൗണ്ടിൽ കയറി. പലരും കമന്റുകൾ ചെയ്തു. അത് ഒരു തരത്തിൽ നോക്കിയാൽ‌ എനിക്കു ഗുണകരമായി. കാരണം, എന്റെ അക്കൗണ്ട് കുറച്ചുകൂടി ആക്ടീവ് ആയി. പക്ഷേ ഒരിക്കലും ലൈക്കിനും ഷെയറിനും വേണ്ടിയല്ല ഞാൻ ഇതു ചെയ്തത്. 

വളരെ കൂൾ, ഒപ്പം കരുതലും

പ്രസവത്തിനു മുൻപേ ചെറിയൊരു വ്യായാമം ചെയ്യുക എന്നത് വിദേശരാജ്യങ്ങളിലുൾപ്പെടെ ഒരുപാട് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒന്നാണ്. ഇവിടെ നമ്മുടെ നാട്ടിൽ മറ്റു പല ചിന്താഗതികളാണ് പലരും വച്ചു പുലർത്തുന്നത്. ചില സിനിമകളിലൊക്കൊ കാണുന്നതു പോലെ ശരീരം അധികം അനങ്ങാതെ എപ്പോഴും വയറു താങ്ങിപ്പിടിച്ചു നടക്കുക, പതിയെ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക എന്നിങ്ങനെയൊക്കെ. ഇതൊക്കെ എന്റെ അമ്മയും പറയാറുണ്ട്. അതു പക്ഷേ അവർ നമ്മളെ അത്രയധികം കരുതുന്നതിന്റെ തെളിവാണ്. എന്നാൽ ഇതൊക്കെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ടാൽ യാതൊരു പ്രശ്നങ്ങളും ഇല്ല. 

എന്റെ കുഞ്ഞ് എന്റെ വയറ്റിൽ അല്ലേ?

ഒരു നാണയത്തിന് രണ്ടു വശങ്ങൾ ഉണ്ടെന്നു പറയുന്നതു പോലെയാണ് ആളുകളുടെ ചിന്താഗതികളും. തുല്യമായ രീതിയിൽ നെഗറ്റീവും പോസിറ്റീവും ഉണ്ടെങ്കിലും പലർക്കും നെഗറ്റീവ് കാര്യങ്ങൾ കേൾക്കാനും അറിയാനുമാണ് കൂടുതൽ താത്പര്യം. ഡാൻസ് ചെയ്യുന്നതൊക്കെ അവർക്ക് ഇഷ്ടമാകുന്നുണ്ടെങ്കിലും വേഗം ചിന്തകൾ മാറി ഗർഭാവസ്ഥയിലെ ഡാൻസിനെക്കുറിച്ച് അവർ മറ്റു പല കാര്യങ്ങളും ചിന്തിച്ചു കൂട്ടുകയാണ്. വിഡിയോ കണ്ട് പലരും എനിക്കു വ്യക്തിപരമായി മെസേജുകൾ അയച്ചു, ഡാൻസ് നന്നായിട്ടുണ്ടെന്നും പക്ഷേ ശ്രദ്ധിക്കണം, സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു. അവരോടൊക്കെ ഞാൻ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു. എന്റെ കുഞ്ഞിനെ സൂക്ഷിക്കേണ്ടതു ഞാനാണ്. എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് എത്രത്തോളം സുരക്ഷിതത്വത്തിലാണെന്ന് എനിക്കറിയാനും മനസ്സിലാക്കാനും പറ്റുന്നതു പോലെ മറ്റാർക്കും പറ്റില്ല. കുഞ്ഞിനു യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന് അത്രത്തോളം ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് ഞാൻ ഇത്തരമൊരു കാര്യത്തിലേയ്ക്കു കടന്നത്. പ്രൊഫഷനലി ഞാൻ ഒരു എൻജിനീയർ ആണ്. പക്ഷേ ഇപ്പോൾ മാസങ്ങളായി ജോലിയ്ക്കു പോകുന്നില്ല. കാരണം, കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓഫിസിൽ പോയി ജോലി ചെയ്യുമ്പോഴും മറ്റും പലരുമായി സമ്പർക്കമുണ്ടായേക്കാം. അത് ഒരു തരത്തിലും എന്റെ കുഞ്ഞിനെ ബാധിക്കരുത്. അതുകൊണ്ടു തന്നെ എന്റെ കുഞ്ഞിനു വേണ്ടിയുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും ഞാൻ സ്വീകരിച്ചിട്ടുണ്ട്. 

ഞാനും കുഞ്ഞും ഹാപ്പി

ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിനെ ഏറെ സ്വാധീനിക്കും. അമ്മ എപ്പോഴും ആക്ടീവ് ആയിരുന്നാൽ അല്ലെങ്കിൽ സന്തോഷത്തോടെയിരുന്നാൽ അത് കുഞ്ഞിന് വളരെ ഗുണകരമായി ഭവിക്കും. ഞാൻ സന്തോഷിച്ചാൽ എന്റെ കുഞ്ഞും അത്രയേറെ സന്തോഷിക്കും. ഇപ്പോൾ തന്നെ പലപ്പോഴും എനിക്കതു മനസ്സിലായിട്ടുണ്ട്. കാരണം, ചില പാട്ടുകൾ കേൾക്കുമ്പോൾ അല്ലെങ്കിൽ എന്റെ ഭർത്താവും മറ്റു കുടുംബാംഗങ്ങളും സംസാരിക്കുമ്പോഴുമൊക്കെ വളരെ നല്ല രീതിയിലാണ് കുഞ്ഞിന്റെ പ്രതികരണം. 

പ്രസവത്തലേന്നും സൂംബ

ഈ ഒൻപതാം മാസത്തിലും ഡാൻസ് ചെയ്യുന്നതിന് എന്റെ സൂംബ ഇൻസ്ട്രക്ടർ തിരുവനന്തപുരം സ്വദേശി അഞ്ജലി വലിയ പ്രേരണയായി. അവർ പ്രസവത്തിന്റെ തലേ ദിവസം വരെ സൂംബ ചെയ്തിരുന്നു. ദിവസവും രണ്ടു മണിക്കൂർ വീതം മുടങ്ങാതെ അഞ്ജലി സൂംബ ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ഡാൻസ് കണ്ടപ്പോൾ ബാലു ഏട്ടനോ അദ്ദേഹത്തിന്റെ അമ്മയ്ക്കോ ഇതൊരു പ്രശ്നമായി തോന്നിയില്ല. കാരണം, ഞങ്ങള്‍ കുടംബാംഗങ്ങളെല്ലാം ഒരുമിച്ചായിരുന്നു സൂംബയ്ക്കു പോയിരുന്നത്. 

ക്രിക്കറ്റ് കളിക്കാൻ പറഞ്ഞ ഡോക്ടർ

നിറവയറിൽ ഡാൻസ് ചെയ്യുമ്പോഴും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാവൂ. ഡാൻസ് ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഞാൻ എന്റെ ഡോക്ടറോടു പ്രത്യേകം ചോദിച്ചിരുന്നു. അപ്പോൾ യാതൊരു കുഴപ്പവുമില്ലെന്നു പറഞ്ഞതിനു പിന്നാലെ എന്നോടു ക്രിക്കറ്റ് കളിക്കണമെന്നു പോലും നിർദ്ദേശിക്കുകയുണ്ടായി. കാരണം അമ്മ അത്രയധികം ആക്ടീവ് ആയിരിക്കണം എന്നാണ് ഡോക്ടർമാർ പറയാറുള്ളത്. അതുകൊണ്ടു തന്നെ ഡാൻസ് ചെയ്യുന്ന കാര്യത്തിൽ എന്റെ കുടുംബാംഗങ്ങളുടെയും ഡോക്ടറുടെയും സൂംബ ഇൻസ്ട്രക്ടറുടെയുമൊക്കെ പരിപൂർണ പിന്തുണ എനിക്കു ലഭിച്ചിരുന്നു. 

വേണ്ടത് ലൈക്കും കമന്റും അല്ല

വിഡിയോ ഇത്രയങ്ങു വൈറലാ‍കുമെന്നു ഞാൻ കരുതിയതേയില്ല. ഇതുവരെ ഞാൻ അപ്‌ലോഡ് ചെയ്ത വിഡിയോകളിൽ ഏറ്റവുമധികം ആളുകൾ കണ്ടത് ഈ വിഡിയോ ആണ്. പക്ഷേ കാഴ്ചക്കാരുടെ എണ്ണം കൂട്ടണമെന്നുള്ള ചിന്ത കൊണ്ടയല്ല ഞാൻ ഇതു ചെയ്തത്. മറിച്ച് എന്റെ സമൂഹമാധ്യമ അക്കൗണ്ടു വഴി ഞാൻ പങ്കുവച്ച ഈ ഡാൻസ് വിഡിയോ ആർക്കെങ്കിലും പ്രചോദനം പകരുന്നത് നല്ല കാര്യമല്ലേ. അതുൾക്കൊണ്ട് അവരും മുന്നോട്ടു വരട്ടെ. ഇതു മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. അതെനിക്ക് ഒരുപാട് സന്തോഷവും നൽകുന്നു. ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്ന പലർക്കും മുന്നിൽ ഞാൻ ഒരു ഡാൻസ് ചലഞ്ച് വയ്ക്കുകയും പലരും അത് ഏറ്റെടുത്ത് ചുവടു വയ്ക്കുകയും ചെയ്തു. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം. കാരണം, എന്റെ വിഡിയോ കണ്ടിട്ട് അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പലരും ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ ആഗ്രഹമുണ്ടായിട്ടും മറ്റുള്ളവർ എന്തു പറയും എന്നാലോചിച്ച് ഉൾവലിഞ്ഞവരുമുണ്ട്. അതു പറഞ്ഞ് ഒരുപാട് പേർ എനിക്കു മെസേജുകൾ അയയ്ക്കുകയും ചെയ്തു. 

എനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ ചോദിക്കും

ബാലു ഏട്ടൻ ഇത്തരം കാര്യങ്ങൾക്കു വലിയ പിന്തുണയാണ് നൽകുന്നത്. പക്ഷേ വിഡിയോ പോസ്റ്റു ചെയ്തു കഴിയുമ്പോൾ എനിയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും നെഗറ്റീവ് കമന്റിട്ടാൽ ഞാൻ പ്രതികരിക്കും. എന്റെ ആ പ്രവണതയെ ബാലു ഏട്ടൻ പ്രോത്സാഹിപ്പിക്കാറില്ല. കമന്റു ചെയ്യുന്ന നൂറു പേരിൽ ഒരാൾക്കു മാത്രമായിരിക്കും എന്നെ അറിയാവുന്നത്. കാരണം, സീരിയലുകളിൽ നിന്നൊക്കെ ഞാൻ ഇടവേളയെടുത്തിട്ട് ഇപ്പോൾ മൂന്നുവർഷത്തിലധികമായി. ഇടയ്ക്കു വരുന്ന പരസ്യങ്ങള്‍ ചെയ്യുന്നു, അതുപോലെ അവതാരകയായും പ്രവർത്തിക്കുന്നു. മുഖ്യധാരയിൽ നിന്നും മാറി നിൽക്കുന്നതിനാൽ തന്നെ എന്നെ എല്ലാവർക്കും അറിയണമെന്നു യാതൊരു നിർബന്ധവുമില്ല. 

കാത്തിരിപ്പൂ കണ്മണീ...

എന്റെ വീട് പത്തനംതിട്ട കോന്നിയിലാണ്. നിലവിൽ ഞാൻ തിരുവനന്തപുരത്ത് ബാലു ഏട്ടന്റെ വീട്ടിലാണ്. എല്ലായ്പ്പോഴും ചേർത്തു പിടിച്ച് അദ്ദേഹവും കുടംബാംഗങ്ങളും ഒപ്പമുണ്ട്. നാളെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടത്. കുഞ്ഞിന്റെ വരവിനു വേണ്ടി ഞാൻ ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയും കാത്തിരിക്കുകയാണ്.  

English Summary: Actress Parvathy R Krishna opens up about her maternity dance video